ചൊവ്വയിലും മനുഷ്യൻ ‘പണി’ തുടങ്ങിയോ? ഈ ചിത്രം തരും ഉത്തരം!

HIGHLIGHTS
  • വാർത്ത വായിക്കാം, പാഠപുസ്തകത്തിലെ പ്രപഞ്ച അറിവും മിനുക്കാം
  • ചൊവ്വയിലെ വിശേഷങ്ങളുമായി എംകിഡ് സ്റ്റഡി പ്ലസ്
perseverance-rover-and-the-mars-pollution-mkid-study-plus
ചൊവ്വയിൽ കണ്ടെത്തിയ ഫോയിൽ. ചിത്രം: Twitter/NASA
SHARE

‘പ്രപഞ്ചം എന്ന മഹാദ്ഭുതം’– അഞ്ചാം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിലെ ഒരു പാഠത്തിന്റെ പേര് ഇങ്ങനെയാണ്. ആ പേരു പോലെത്തന്നെ അദ്ഭുതങ്ങളേറെയുണ്ട് പ്രപഞ്ചത്തിൽ. ഓരോ നിമിഷവും അപ്രതീക്ഷിതങ്ങളായ ഒട്ടേറെ കാര്യങ്ങളാണ് പ്രപഞ്ചം നമുക്കു മുന്നിലെത്തിക്കുന്നത്. അതിൽ മിക്കതിന്റെയും പിന്നിലെ രഹസ്യം പോലും ഇന്നും അജ്ഞാതം. 

സ്വയം കറങ്ങുന്നതിനൊപ്പം സൂര്യനെ വലംവയ്ക്കുകയും ചെയ്യുന്ന ആകാശ ഗോളങ്ങളാണ് ഗ്രഹങ്ങൾ (Planet) എന്നു നേരത്തേ എംകിഡ് സ്റ്റഡി പ്ലസ് പറഞ്ഞുതന്നിട്ടില്ലേ. ഈ ഗ്രഹങ്ങളെ വലം വയ്ക്കുന്ന ആകാശഗോളങ്ങളുമുണ്ട്. അവയാണ് ഉപഗ്രഹങ്ങൾ (Satellites). ഭൂമിക്കുമുണ്ട് ഒരു ഉപഗ്രഹം, അതാണു ചന്ദ്രൻ. ഭൂമിക്ക് അടുത്തുള്ള ചൊവ്വാ ഗ്രഹത്തിന് രണ്ട് ഉപഗ്രഹങ്ങളുണ്ട്. ചൊവ്വയിൽ പണ്ട് ജലം ഒഴുകിയിരുന്നതിന്റെ സൂചനകളും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ വെള്ളം മാത്രമല്ല, ഭൂമിയുടെ ഈ അയൽക്കാരൻ ഒട്ടേറെ നിഗൂഢതകള്‍ ഒളിപ്പിച്ചാണ് ചുറ്റിക്കറങ്ങുന്നത്. ഇതെല്ലാം കണ്ടുപിടിക്കാൻ പലപ്പോഴായി പേടകങ്ങളും അയച്ചിട്ടുണ്ട് നമ്മൾ. അത്തരത്തിൽ അയച്ച ‘പെഴ്സിവെറൻസ്’ എന്ന പേടകം ഇപ്പോഴും ചൊവ്വയില്‍നിന്ന് പലതരം ചിത്രങ്ങൾ അയയ്ക്കുന്നുണ്ട്. 

2020 ജൂലൈയിലാണ് ഈ പേടകം വിക്ഷേപിച്ചത്. ചൊവ്വയിൽ ഇടിച്ചിറങ്ങി, സ്വയം പ്രവർത്തിക്കാൻ ശേഷിയുള്ളതാണ് ഈ പേടകം. അടുത്തിടെ തികച്ചും അപ്രതീക്ഷിതമായ ഒരു കാര്യം ഈ പേടകം ചൊവ്വയിൽ കണ്ടെത്തി. പാറകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ഒരു ഫോയിൽ കഷ്ണമായിരുന്നു അത്. നേരത്തേ ഇൻജെന്വിറ്റി എന്ന ഹെലികോപ്ടറും സമാനമായ കാഴ്ച കണ്ടെത്തിയിരുന്നു (അതിനു മുൻപ് ഇൻജെന്വിറ്റി എന്താണെന്നു പറയാം– ഹെലികോപ്ടർ പോലെ കറങ്ങി പറക്കാനാകുന്ന ഒരു കുഞ്ഞൻ റോബട്ടാണിത്. ചൊവ്വയിൽ ഒരു നിശ്ചിത പ്രദേശത്ത് പറന്നുയർന്നു ചിത്രം പകർത്തുകയാണ് ലക്ഷ്യം. പെഴ്സിവെറന്‍സ് പേടകത്തിന്റെ അകത്തിരുന്നാണ് ഈ റോബട്ട് ചൊവ്വയിലെത്തിയതും സ്വയം എൻജിൻ ജ്വലിപ്പിച്ചു പറന്നതും–വിഡിയോ കാണുക) 

ഇൻജെന്വിറ്റിയെയും പെഴ്‌സിവറന്‍സിനെയും നിലത്തിറങ്ങാൻ സഹായിച്ച ലാൻഡിങ് ഗിയറിന്റെ ചിത്രവും നേരത്തേ ഇൻജെന്വിറ്റി തന്നെ പകർത്തിയിരുന്നു. നേരത്തേ കണ്ടെത്തിയ ഫോയിലും ഈ ലാൻഡിങ് ഗിയറുമെല്ലാം ഉപയോഗശൂന്യമായ വസ്തുക്കളാണ്. അതായത് മാലിന്യങ്ങൾ. മനുഷ്യൻ ഭൂമിയെ മാത്രമല്ല, സകല ഗ്രഹങ്ങളെയും ഇത്തരത്തിൽ മലിനപ്പെടുത്തുകയാണെന്നാണ് ഇക്കാഴ്ചകൾ കണ്ട ഒരു വിഭാഗം പറയുന്നത്. സംഗതി തമാശയാണെങ്കിലും കാര്യമാണെങ്കിലും ഗവേഷകരെ കുഴക്കുന്ന ഒരു കാര്യമുണ്ട്. എങ്ങനെയാണ് ഈ ഫോയിൽ പേടകത്തിനു സമീപത്തുനിന്നു മാറി ദൂരെയെത്തിയതെന്നത്. ഇൻജെന്വിറ്റി ഇറങ്ങിയതിനും 2 കിലോമീറ്റർ അകലെയായിരുന്നു ഫോയിൽ. 

പേടകം ചൊവ്വയിലേക്ക് ഇറങ്ങുമ്പോൾ ചൂടിൽനിന്നു രക്ഷിക്കാനാണ് ഈ ഫോയിൽ ഉപയോഗിക്കുന്നത്. ബോപെറ്റ് (BoPET (Biaxially-oriented polyethylene terephthalate) എന്നു വിളിക്കുന്ന ഈ വസ്തു ചൂടിനെ പ്രതിരോധിക്കുന്ന ഒരു തെർമൽ ബ്ലാങ്കറ്റ് അഥവാ പുതപ്പാണ്. അതിന്റെ കഷ്ണമാണ് ചൊവ്വയിൽ കണ്ടെത്തിയത്. ഒരു പക്ഷേ ചൊവ്വയിലെ അതിശക്തമായ കാറ്റിൽ (Martian winds) പാറിപ്പറന്നു പോയതാകാം ഈ ഫോയിൽ. പക്ഷേ ഇതൊന്നുമല്ല ഗവേഷകർക്ക് അറിയേണ്ടത്. പെഴ്‍സിവെറൻസ് ഇറങ്ങിയത് ഒരു പ്രത്യേക വിള്ളൽ (Jezero Crater) പ്രദേശത്താണ്. അവിടെ നൂറ്റാണ്ടുകൾക്കു മുൻപു വെള്ളമുണ്ടായിരുന്നോ എന്നറിയണം. അതിനുള്ള ഗവേഷണം അവർ തുടരുകയാണ്. അതിനിടെയായിരുന്നു ഈ ‘മലിനീകരണ’ പ്രശ്നം ചർച്ചയായത്.

English Summary : Perseverance Rover and the Mars Pollution - MKid Study Plus

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS