തെളിഞ്ഞ ആകാശമുള്ള രാത്രികളിൽ അതിവേഗം ആകാശത്തുകൂടി മിന്നിമറയുന്ന പ്രകാശം കണ്ടിട്ടുണ്ടോ? കണ്ണുചിമ്മിത്തുറക്കും മുന്‍പ് അതു മാഞ്ഞു പോകും. ഇവയാണ് ഉൽക്കകൾ അഥവാ Meteoroids. ബഹിരാകാശത്ത് പല തരം വസ്തുക്കൾ ചുറ്റിക്കറങ്ങുന്നുണ്ട്.

അക്കൂട്ടത്തിൽ പല വലുപ്പത്തിലുള്ള പാറക്കഷ്ണങ്ങളും ഉള്‍പ്പെടും. ഇവ ചിലപ്പോഴൊക്കെ ഭൂമിയുടെ അന്തരീക്ഷത്തിലേക്കും കടക്കും. അപ്പോൾ ഭൂമിയിലെ വായുവുമായി ഉരഞ്ഞ് അഥവാ ഘർഷണം സംഭവിച്ച് അവ കത്തും. അതാണ് ആകാശത്തു നാം കാണുന്ന, മിന്നിമറയുന്ന പ്രകാശം. ഇത്തരം മിക്ക വസ്തുക്കളും ഭൂമിയിലേക്കു പതിക്കും മുൻപ് കത്തിത്തീരുകയാണു പതിവ്.

പക്ഷേ അപൂർവമായി ചില പാറക്കഷ്ണങ്ങൾ (ഇവയിൽ പലതരം ലോഹങ്ങളും മൂലകങ്ങളുമെല്ലാം അടങ്ങിയിട്ടുണ്ടാകും) കത്തിത്തീരാതെ ഭൂമിയിലേക്കു വീഴും. അത്തരത്തിൽ വീഴുന്ന ഉൽക്കകളുടെ അവശിഷ്ടങ്ങളാണ് ഉൽക്കാശിലകൾ അഥവാ Meteorites. ഭൂമിയിൽ പലയിടത്തുനിന്നും ഇത്തരം ഉൽക്കാശിലകൾ കണ്ടെത്തിയിട്ടുണ്ട്.

ചൊവ്വാഗ്രഹത്തിന്റെ കഷ്ണങ്ങൾ വരെ ഇത്തരത്തിൽ ഉൽക്കാശിലയായി ഭൂമിയിൽ എത്തിയിട്ടുണ്ടെന്നു പറഞ്ഞാൽ അതു വിശ്വസിക്കാൻ അൽപം ബുദ്ധിമുട്ടാണല്ലേ! പക്ഷേ അതും സംഭവിച്ചിട്ടുണ്ട്. എൻഡബ്ല്യുഎ 7034 എന്ന ഉൽക്കാശിലയാണ് അത്തരത്തിൽ ചൊവ്വയിൽനിന്നു വന്നു ഭൂമിയിൽ പതിച്ചതിൽ ഏറ്റവും പഴക്കമേറിയത്.

ചൊവ്വാഗ്രഹം രൂപീകരിക്കപ്പെടുന്ന സമയത്ത്, ഏകദേശം 450 കോടി വർഷം മുൻപ് രൂപപ്പെട്ടതാണ് ഈ ഉൽക്കാശില. വടക്കു പടിഞ്ഞാറൻ ആഫ്രിക്കയിൽനിന്നാണ് ഈ ശില ഗവേഷകർക്കു ലഭിച്ചത്. അങ്ങനെയാണ് എൻഡബ്ല്യുഎ (NWA-North West Africa) എന്ന പേരു കിട്ടിയത്.

അത്യപൂർവമാണ് ഈ പാറക്കഷ്ണം എന്നതിനാൽത്തന്നെ കറുത്ത സുന്ദരി അഥവാ ബ്ലാക്ക് ബ്യൂട്ടി എന്ന പേരായിരുന്നു ഗവേഷകർ ഇതിനു നൽകിയത്. ‘ബ്ലാക്ക് ബ്യൂട്ടി’ ഒരു ഉൽക്കാശിലയാണെന്ന് ഗവേഷകർക്ക് അതിന്റെ രാസഘടന പരിശോധിച്ചതിൽനിന്നു തന്നെ മനസ്സിലായിരുന്നു.

ചൊവ്വയിൽനിന്നാണു വരവെന്നും ഏറെക്കുറെ ഉറപ്പായി. പക്ഷേ അതിനു തെളിവു വേണം. ആ തെളിവ് കണ്ടെത്താൻ 11 വർഷമെടുത്തു. ഒരു സൂപ്പർ കംപ്യൂട്ടറിൽ, മെഷീൻ ലേണിങ്ങിന്റെ സഹായത്തോടെ ലക്ഷക്കണക്കിനു വരുന്ന ചിത്രങ്ങളും മറ്റു വിവരങ്ങളും അടങ്ങിയ ഡേറ്റ അപഗ്രഥിച്ചാണ് ചൊവ്വയിൽനിന്നാണ് ‘ബ്ലാക്ക് ബ്യൂട്ടി’യുടെ വരവെന്നു തിരിച്ചറിഞ്ഞത്. ആ കഥയിങ്ങനെ.

∙ രഹസ്യങ്ങളിലേക്കൊരു ഗവേഷണയാത്ര
ചൊവ്വയിൽ ദശലക്ഷക്കണക്കിന് ഗർത്തങ്ങളും വിള്ളലുകളുമാണുള്ളത്. അതിനെക്കുറിച്ചുള്ള വിവരങ്ങൾ ഗവേഷകർ ആദ്യം തേടിപ്പിടിച്ചു. ഗ്രഹത്തിൽ 9.4 കോടി ഗർത്തങ്ങൾ രൂപപ്പെട്ടത് ഉൽക്കകൾ വന്നിടിച്ചിട്ടാണെന്നു കണ്ടെത്തി. പക്ഷേ ചൊവ്വയിൽ ഒരു ഉൽക്ക വന്നിടിച്ച് അതിന്റെ ഒരു കഷ്ണം അടർന്നു പോകണമെങ്കിൽ ആ ഇടിക്ക് അത്രയേറെ ശക്തിയുണ്ടാകണം. എന്നാൽ മാത്രമേ ബഹിരാകാശത്തേക്കു തെറിച്ചു പോകാൻ തക്ക വേഗത ചൊവ്വാഗ്രഹത്തിൽനിന്നു തെറിച്ചു പോയ ശിലയ്ക്കു കൈവരിക്കാൻസാധിക്കൂ.

മാത്രവുമല്ല, അങ്ങനെയൊരു ഇടിയുണ്ടായാൽ ഏകദേശം മൂന്നു കിലോമീറ്റര്‍ വരുന്ന വിള്ളലെങ്കിലും ചൊവ്വയിൽ രൂപപ്പെട്ടിട്ടുമുണ്ടാകും. അത്തരം വിള്ളലുകളും ഗർത്തങ്ങളുമാണ് സൂപ്പർ കംപ്യൂട്ടറിന്റെ സഹായത്താൽ ഗവേഷകർ വേർതിരിച്ചെടുത്തത്.

അങ്ങനെ 19 വിള്ളലുകൾ കണ്ടെത്തി. അവയിൽ ഓരോന്നിന്റെയും രാസഘടന കണ്ടെത്തി. തോറിയം, അയണ്‍, പൊട്ടാസ്യം എന്നിവയുടെ സാന്നിധ്യമുള്ള ഒരു വിള്ളലിലേക്ക് അങ്ങനെയാണു ഗവേഷകരെത്തിയത്. അതുമായി ബ്ലാക്ക് ബ്യൂട്ടിയിലെ മൂലകങ്ങളുടെ രാസഘടന കൂടി താരതമ്യം ചെയ്തതോടെ സംഗതി ‘ക്ലിയറാ’യി. വിള്ളലിൽ കണ്ടതും ബ്ലാക്ക് ബ്യൂട്ടിയിൽ കണ്ടതും ഒരേ മൂലകങ്ങൾ. ആ വിള്ളലിന് ഗവേഷകർ ഒരു പേരുമിട്ടു– കറാത്ത. പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ഒരു നഗരത്തിന്റെ പേരായിരുന്നു അത്.

ഇത്രയേറെ കഷ്ടപ്പെട്ട് ബ്ലാക്ക് ബ്യൂട്ടിയുടെ ഉദ്ഭവസ്ഥാനം കണ്ടെത്തിയതിനു പിന്നിൽ മറ്റൊരു ലക്ഷ്യവുമുണ്ട്. ചൊവ്വയിലെ ഏറ്റവും കട്ടിയേറിയ ഭാഗത്താണ് കറാത്ത വിള്ളൽ. അതായത് ചൊവ്വ രൂപീകരിക്കപ്പെട്ട സമയത്തുള്ള വിവരങ്ങൾ ആ ഭാഗത്തെ ശിലകളിലുണ്ടാകും. ചൊവ്വ എങ്ങനെ രൂപപ്പെട്ടു എന്നറിയാനായാൽ അതുമായി ഭൂമിയുടെ രൂപീകരണത്തെയും താരതമ്യം ചെയ്യാം.

ഭൂമിയുടെയും ചൊവ്വയുടെയും ഉദ്ഭവം സംബന്ധിച്ച ഒട്ടേറെ രഹസ്യങ്ങളാണ് ബ്ലാക്ക് ബ്യൂട്ടി ഒളിപ്പിച്ചു വച്ചിരിക്കുന്നതെന്നു ചുരുക്കം. ആ കഥ നമുക്കു പറഞ്ഞു തരാനായിട്ടാകണം, 18.52 കോടി കിലോമീറ്റർ അകലെയുള്ള ചൊവ്വയിൽനിന്ന് ആ ഉൽക്കാശില ഭൂമിയിലേക്കു പറന്നിറങ്ങിയത്!
English summary : Home Of The Oldest Known Martian Meteorite | MKid Study Plus