ജനിതക പരിശോധന നടത്തിയ ഗവേഷകരും അമ്പരന്നു: ‘എവിടെയായിരുന്നു ഇത്രയും കാലം’

HIGHLIGHTS
  • വാർത്ത വായിക്കാം, പാഠപുസ്തകത്തിലെ പരിസ്ഥിതി അറിവും മിനുക്കാം
  • എങ്ങിനെയാണ് ചില മത്തങ്ങകൾക്ക് ആന വലുപ്പമുണ്ടാകുന്നത്?
  • എന്താണ് വർഗസങ്കരണം? അറിയാനിതാ എംകിഡ് സ്റ്റഡി പ്ലസിൽ ഒരു ശാസ്ത്രകഥ
new-species-flower
ജനിതക സീക്വന്‍സിങ്ങിലൂടെ തിരിച്ചറിഞ്ഞ പുതിയ ഇനം ചെടിയുടെ പൂവ്. ചിത്രം: Australian Botanic Garden Mount Annan
SHARE

1990കളിലാണ് ഓസ്ട്രേലിയയുടെ വടക്കു പടിഞ്ഞാറൻ മേഖലയിലെ നഗരപ്രദേശത്ത് ഒരിനം കുറ്റിച്ചെടി കണ്ടെത്തിയത്. ഒറ്റ നോട്ടത്തിൽ യൂക്കാലിപ്റ്റസ് ചെടി. പക്ഷേ മരം പോലെ വളരെ ഉയരത്തിൽ വളരുന്നില്ല, പകരം നിറയെ ശാഖകളായി പടർന്ന് കുറ്റിച്ചെടിയായാണു വളർച്ച. ചില ചെടികൾ മാത്രം ഒരു ചെറുമരത്തിന്റെ വലുപ്പത്തിലേക്കെത്തും. കണ്ടവർ കരുതി ഇത് യൂക്കാലിപ്റ്റസ് കുടുംബത്തിൽപ്പെട്ട ഏതെങ്കിലും ഇനമായിരിക്കുമെന്ന്. ഗവേഷകരും അതു തന്നെ വിചാരിച്ചു. അതിനു കാരണവുമുണ്ട്. വർഗസങ്കരണം അഥവാ ഹൈബ്രിഡൈസേഷന് ഏറ്റവും സാധ്യതയുള്ള ചെടികളിലൊന്നാണ് യൂക്കാലിപ്റ്റസ്. എന്താണീ വർഗ സങ്കരണം എന്നല്ലേ? അതു കൂട്ടുകാർക്ക് ഏഴാം ക്ലാസിലെ പരിസര പഠനത്തിൽ പഠിക്കാനുണ്ട്. ആദ്യം അതെന്താണെന്നു നോക്കാം.

എന്താണ് വർഗസങ്കരണം? (Hybridisation)

ഒരേ വർഗത്തിൽപ്പെട്ടതും എന്നാൽ വ്യത്യസ്ത സ്വഭാവ സവിശേഷതകൾ ഉള്ളതുമായ ചെടികൾ തമ്മിൽ കൃത്രിമ പരാഗണം നടത്തി പുതിയ വിത്തുകൾ ഉൽപാദിപ്പിക്കുന്ന രീതിയാണ് വർഗസങ്കരണം. ഇങ്ങനെയുണ്ടാകുന്ന വിത്തുകളിൽ ചിലതിൽ രണ്ടിനത്തിന്റെയും ഗുണങ്ങളുണ്ടാകാം. ചിലപ്പോൾ രണ്ടിനത്തിന്റെയും ദോഷങ്ങളുമുണ്ടാകാം. ഇതും പോരാതെ ഗുണവും ദോഷവും ഉൾപ്പെട്ട ‘സമ്മിശ്ര’ വിത്തുകളും ഉണ്ടാകാം. ഇവയെല്ലാം പരിശോധിച്ച് ഏറ്റവും അനുഗുണമായ സങ്കര ഇനം (hybrid) വിത്തുകൾ തിരഞ്ഞെടുത്ത് കർഷകർക്കായി നൽകുകയാണു ചെയ്യുക. അത്യുൽപാദന ശേഷിയുള്ള പല ഇനങ്ങളെയും ഇത്തരത്തിൽ ഉൽപാദിപ്പിച്ചെടുക്കാം. സാധാരണ മത്തങ്ങയേക്കാളും മാങ്ങയേക്കാളും വലുപ്പമുള്ള ഇനങ്ങളെ കണ്ടിട്ടില്ലേ? അവയൊക്കെ ഇത്തരത്തിൽ ഉൽപാദിപ്പിക്കുന്നതാണ്.

new-species-1
ജനിതക സീക്വന്‍സിങ്ങിലൂടെ തിരിച്ചറിഞ്ഞ പുതിയ ഇനം ചെടി കൂടുതൽ വളർന്ന നിലയിൽ. സാധാരണ കുറ്റിച്ചെടിയായാണ് ഇവയുടെ വളർച്ച. ചിത്രം: Australian Botanic Garden Mount Annan

ഇനി നമുക്ക് ഓസ്ട്രേലിയയിലേക്കു തിരികെ പോകാം. 

അവിടുത്തെ ഓസ്ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബൊട്ടാണിക്കൽ സയൻസിന് ആയിടെ ഒരു സംശയം വന്നു. സിഡ്നി നഗരത്തിൽ ഉൾപ്പെടെ പലയിടത്തും ഈ ചെടി കാണുന്നുണ്ട്. പക്ഷേ മരമായി വളരുന്നുമില്ല. ഇനി ഇതു പുതിയ ഇനം ചെടി വല്ലതുമായിരിക്കുമോ? എങ്ങനെ കണ്ടെത്തും? അങ്ങനെ ആ ചെടിയിൽ ജീനോമിക് സീക്വൻസിങ് എന്നൊരു പരിപാടി നടത്താൻ തീരുമാനിച്ചു. യൂക്കാലിപ്റ്റസ് മരത്തിന്റെ ജീനുകളുമായി താരതമ്യം ചെയ്യാൻ ഈ കുറ്റിച്ചെടിയുടെ ജനിതക സീക്വൻസിങ് നടത്തുന്നതായിരുന്നു രീതി. ഫലം വന്നപ്പോഴാണ് ഗവേഷകർ അമ്പരന്ന്. അതൊരു സങ്കര ഇനം ചെടിയായിരുന്നില്ല. മറിച്ച് ലോകത്ത് ഇന്നേവരെ കണ്ടെത്താത്ത പുതിയ ഇനത്തിൽപ്പെട്ട ചെടിയായിരുന്നു. യൂക്കാലിപ്റ്റസുമായി ഒരു ബന്ധവുമില്ല!.

അങ്ങനെ ആമസോൺ ഉൾക്കാട്ടിലോ കാലിഡോണിയൻ കാട്ടിലോ ഒന്നും പോകാതെ തന്നെ, വീട്ടുമുറ്റത്ത് ഒരു പുതിയ ചെടിയിനത്തെ കണ്ടെത്തിയിരിക്കുന്നു ഗവേഷകർ. 1999ൽ ഈ ചെടിയെ വംശനാശ ഭീഷണിയുള്ളവയുടെ പട്ടികയിൽ ഉൾപ്പെടുത്തുമ്പോൾ Eucalyptus sp.Cattai എന്നായിരുന്നു പേര്. 2005ൽ ഇത് കൂടുതൽ വംശനാശ ഭീഷണിയുള്ള വിഭാഗത്തിലേക്കു മാറി. പുതിയ ഗവേഷണം എന്തായാലും ചെടിക്ക് വലിയ ഗുണം ചെയ്യും. ചെടിക്ക് ഇനി സ്വന്തമായി പേരും കുടുംബനാമവും ശാസ്ത്രനാമവുമൊക്കെ കിട്ടും. മാത്രവുമല്ല, സർക്കാരിന്റെയും ഗവേഷകരുടെയും കൂടുതൽ പരിഗണനയും. ഇവയുടെ ചെടികൾ ഇപ്പോൾത്തന്നെ വൻതോതിൽ ഉൽപാദിപ്പിച്ചു തുടങ്ങി ഗവേഷകർ. അങ്ങനെയങ്ങ് വംശനാശത്തിനു വിട്ടുകൊടുക്കാൻ പാടില്ലല്ലോ!

(ഇവിടെപ്പറഞ്ഞ കൃത്രിമ പരാഗണത്തെപ്പറ്റിയും ജനിതകസീക്വൻസിങ്ങിനെപ്പറ്റിയുമെല്ലാം കൂട്ടുകാർക്കു പഠിക്കാനുണ്ട്. അതിന്റെ വിശേഷവും പിന്നാലെ എംകിഡ് പ്ലസില്‍ വായിക്കാം കേട്ടോ, കാത്തിരിക്കുക)

English Summary: Not Eucalypt; A New Species of Plant Identified in Australia!

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}