മൂന്നു കോടി വർഷം മുൻപ് ഭൂമിയിലുണ്ടായിരുന്നു ഒരു പൂവിനെ പുത്തൻ പുതിയതു പോലെ കൂട്ടുകാർക്കു കാണാനാകുമോ? ഉവ്വ, കഴിഞ്ഞ ദിവസം മുറ്റത്തു കിടക്കുന്നുണ്ടായിരുന്ന ചെമ്പരത്തിപ്പൂവു തന്നെ ഇപ്പോൾ അഴുകി മണ്ണിനോടു ചേർന്നിട്ടുണ്ടാകും, അപ്പോഴാണ് മൂന്നു കോടി വർഷം മുൻപത്തെ പൂവ്!. പക്ഷേ ഗവേഷകർക്ക് അതിനും ഭാഗ്യം കിട്ടി. കരീബിയൻ രാജ്യമായ ഡൊമിനിക്കൻ റിപബ്ലിക്കിലെ കാട്ടിൽനിന്ന് വർഷങ്ങൾക്കു മുൻപാണ് ഗവേഷകർക്ക് ഈ ചെടി കിട്ടിയത്. മഞ്ഞക്കുന്തിരിക്കത്തിനുള്ളിൽ (amber) കുടുങ്ങിയ നിലയിലായിരുന്നു ഈ കുഞ്ഞൻ ചെടി. കൂട്ടിന് ഒരു കടന്നലുമുണ്ടായിരുന്നു.
ഒരിനം മരത്തിന്റെ കറയാണ് കുന്തിരിക്കമാകുന്നത്. കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപ് ആ കറയ്ക്കുള്ളിൽ കുടുങ്ങിപ്പോകുന്ന ജീവികൾക്കും ചെടികൾക്കും യാതൊരു കുഴപ്പവും സംഭവിക്കില്ല. ജൂറാസിക് പാർക്ക് സിനിമയിൽ ദിനോസറുകളെ വീണ്ടും ജനിപ്പിക്കുന്നതു തന്നെ ഇത്തരത്തിലൊരു മരത്തിന്റെ കറയിൽ കുടുങ്ങിപ്പോയ കൊതുകിൽനിന്നാണ്. ദിനോസറുകൾക്കൊപ്പം കഴിഞ്ഞിരുന്ന ആ കൊതുക് കുടിച്ച ചോരയിൽനിന്ന് ഡിഎൻഎ വേർതിരിച്ചെടുത്തായിരുന്നു ജുറാസിക് പാർക്കിലെ ഗവേഷണം. നമ്മൾ പക്ഷേ പറഞ്ഞുകൊണ്ടിരിക്കുന്നത് വമ്പൻ ദിനോസറുകളെപ്പറ്റിയല്ല, ഒരു കുഞ്ഞൻ ചെടിയെപ്പറ്റിയാണ്.
മരക്കറയ്ക്കുള്ളിൽ ഗവേഷകർ കണ്ടെത്തിയ ചെടിയുടെ പേര് Plukenetia minima. യൂഫോർബിയേസിയൈ കുടുംബത്തിൽപ്പെട്ടതായിരുന്നു ഇത്. ഈ കുടുംബത്തിൽപ്പെട്ട ഒട്ടേറെ ചെടികൾ ഇന്നുമുണ്ട്. നമ്മുടെ നാട്ടിൽ കാണുന്ന ആവണക്ക് ഈ കുടുംബത്തിൽപ്പെട്ട ചെടിയാണ്. മരക്കറയിൽ കുടുങ്ങിയ ചെടിക്കു മാത്രമല്ല, ആ മരക്കറ ഉൽപാദിപ്പിച്ച ചെടിക്കുമുണ്ട് പ്രത്യേകത. ഡൊമിനിക്കൻ റിപബ്ലിക്കിലെ ഖനിപ്രദേശങ്ങളോടു ചേർന്നുള്ള കാട്ടുപ്രദേശത്താണ് ഈ ചെടി കാണപ്പെടാറുള്ളത്. ഒരു ചെറുമരമായിത്തന്നെ ഇതു വളരും. ഹൈമനയ്യ പ്രോട്ടിയ (Hymenaea protera) എന്നു ശാസ്ത്രനാമമുള്ള ഈ ചെടിക്കു പക്ഷേ വംശനാശം സംഭവിച്ചു. എങ്കിലും ഇതുൽപാദിപ്പിക്കുന്ന കറയ്ക്കുള്ളിൽനിന്ന് ഒട്ടേറെ പ്രാചീന ഫോസിലുകൾ ഗവേഷകർക്കു ലഭിച്ചിട്ടുണ്ട്. ലെഗ്യൂമിനസ് സ്പീഷീസിൽപ്പെട്ടതാണ് ഈ മരം. അതെന്താണ് ലെഗ്യൂമിനസ്? അതിനെപ്പറ്റി കൂട്ടുകാർക്ക് ഏഴാം ക്ലാസിലെ പരിസര പഠനത്തിൽ പഠിക്കാനുണ്ട്.
എന്താണ് ലെഗ്യൂമിനസ്?
സസ്യങ്ങളുടെ വളർച്ചയ്ക്ക് വളരെ അത്യാവശ്യമായ മൂലകമാണ് നൈട്രജൻ. അന്തരീക്ഷത്തിൽ കാണപ്പെടുന്ന നൈട്രജനെ പക്ഷേ നേരിട്ടു വലിച്ചെടുക്കാൻ സസ്യങ്ങൾക്കു കഴിവില്ല. ജലത്തിൽ അലിഞ്ഞു ചേർന്ന നൈട്രേറ്റ് ലവണങ്ങളാണ് സസ്യങ്ങൾ വലിച്ചെടുക്കുന്നത്. എന്നാൽ ചില ബാക്ടീരിയകൾക്ക് അന്തരീക്ഷ നൈട്രജനെ നൈട്രേറ്റാക്കി മാറ്റാൻ കഴിവുണ്ട്. ഇത്തരം ബാക്ടീരിയകളിലൊന്നാണ് റൈസോബിയം. പയർ, തൊട്ടാവാടി, കൊഴിഞ്ഞിൽ, മുതിര, ഉഴുന്ന് തുടങ്ങിയ ‘ലെഗ്യൂമിനസ്’ സസ്യങ്ങളുടെ വേരില്‍ ഇവ താമസിച്ച് അന്തരീക്ഷ നൈട്രജനെ വലിച്ചെടുക്കും. ഈ സസ്യങ്ങൾ നശിക്കുമ്പോഴാകട്ടെ നൈട്രേറ്റ് അടക്കമുള്ള സസ്യപോഷകങ്ങൾ മണ്ണിൽ ചേരുകയും ചെയ്യും.
English Summary: 30 Million Year Old Plants Found in Amber; What is Leguminous Plant?