2014ലായിരുന്നു ആ അമ്പരപ്പിക്കുന്ന വാർത്ത ലോകം കേട്ടത്. ലണ്ടനിലെ അംബരചുംബിയായ ഒരു കെട്ടിടത്തിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ പല ഭാഗങ്ങളും ഉരുകിപ്പോയി. ആരും തീയിട്ടതൊന്നുമല്ല, സൂര്യപ്രകാശം പതിച്ചിട്ടാണ്. ‘അമ്പമ്പോ എന്തൊരു നുണ’ എന്നൊന്നും ചിന്തിച്ചേക്കല്ലേ. സംഗതി സത്യമാണ്. ലണ്ടനിലെ ഫെൻചർച്ച് സ്ട്രീറ്റിലാണ് 525 അടി നീളമുള്ള ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. അതായത്, ആറു തെങ്ങിനേക്കാൾ ഉയരമുള്ള കെട്ടിടം. അതിന്റെ ആകൃതി ഏറെ പ്രത്യേകതയുള്ളതായിരുന്നു. ദൂരക്കാഴ്ചയിൽ ഒരു വാക്കി ടോക്കി ഹാൻഡ്‌സെറ്റ് പോലെ തോന്നും. അതിനാൽത്തന്നെ വാക്കി ടോക്കി ബിൽഡിങ് എന്നാണ് ഇതിന്റെ ഓമനപ്പേര്. 20 ഫെൻചർച്ച് സ്ട്രീറ്റ് എന്ന് ഔദ്യോഗിക പേരും.
കോൺകേവ് ആകൃതിയിലായിരുന്നു കെട്ടിടത്തിന്റെ മുൻവശത്ത് ചില്ലുകൾ പതിച്ചിരുന്നത്. അതിലേക്ക് സൂര്യപ്രകാശം പതിച്ചാൽ വളരെ ശക്തമായി, ഒരു നിശ്ചിത പോയിന്റിലേക്ക് ആ പ്രകാശത്തെ പ്രതിഫലിപ്പിക്കും. ആ പ്രതിഫലിക്കുന്ന പ്രകാശം വന്നുവീഴുന്ന ഇടത്തിൽ എന്തെങ്കിലുമുണ്ടെങ്കിൽ ഉരുകിയതുതന്നെ. അതാണ് വാക്കി ടോക്കിയിലും സംഭവിച്ചത്. 37 നിലകളുള്ള കെട്ടിടത്തിന്റെ മുൻപിലാകെ ഗ്ലാസ് ആയിരുന്നു. അതിനാൽത്തന്നെ സൂര്യപ്രകാശം പതിച്ചപ്പോൾ ഒരു ‘ദാക്ഷിണ്യവുമില്ലാതെ’ കെട്ടിടം അതിനെ മുന്നിലെ തെരുവിലേക്ക് പ്രതിഫലിപ്പിച്ചു. ഒരു വേനലിൽ കെട്ടിടത്തിനു മുന്നിൽ നിർത്തിയിട്ട ജാഗ്വാർ കാർ വരെ ഉരുകിപ്പോയെന്ന് മാർട്ടിൻ ലിൻഡ്സേ എന്ന വ്യക്തി അവകാശപ്പെട്ടിരുന്നു. ഒരു മണിക്കൂറോളമാണ് കാർ നിർത്തിയിട്ടിരുന്നത്. അതിനാൽത്തന്നെ മിറർ വച്ചിരിക്കുന്ന ഭാഗമായിരുന്നു ഉരുകിയത്. കാറിന്റെ പല ഭാഗങ്ങളും ചളുങ്ങിയ അവസ്ഥയായിരുന്നു. കാറിനടുത്തെത്തിയപ്പോൾ കരിഞ്ഞ പ്ലാസ്റ്റിക്കിന്റെ മണവും!
സമീപത്തെ സ്റ്റോറുകളും ഈ കെട്ടിടം കാരണം സൂര്യന്റെ ചൂടറിഞ്ഞു. ഒരു മാധ്യമപ്രവർത്തകൻ ആ സൂര്യപ്രകാശത്തിൽ മുട്ട പൊരിച്ചതു പോലും വാർത്തയായി! സ്റ്റോറുകളിലെ വരുമാനത്തെ വരെ ഈ വാക്കി ടോക്കി ബാധിക്കുമെന്നായതോടെ സ്റ്റോർ ഉടമകളും ‘ചൂടാകാൻ’ തുടങ്ങി. പലരും നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെട്ടിട ഉടമകളെ സമീപിക്കാൻ തീരുമാനിച്ചു. പക്ഷേ പ്രശ്നം ഗുരുതരമാകും മുൻപ് കെട്ടിടത്തിനു മുൻപിൽ ഒരു വമ്പൻ സൺഷേഡ് സ്ഥാപിച്ച് പരിഹാരം കണ്ടു. ഏകദേശം 1900 കോടി രൂപ ചെലവിട്ടു നിർമിച്ച കെട്ടിടത്തിനു മുന്നിൽ അങ്ങനെ ഒരു സൺ ഷേഡും പ്രത്യക്ഷപ്പെട്ടു, പ്രശ്നവും പരിഹരിക്കപ്പെട്ടു.
ഈ കോൺകേവ് ദർപ്പണ പ്രതിഭാസത്തെപ്പറ്റി കൂട്ടുകാർക്ക് സ്കൂളിലും പഠിക്കാനുണ്ട്.
എന്താണ് കോൺകേവ്?
പ്രകാശം പ്രതിപതിക്കുന്ന (reflection) പ്രതലം ഉള്ളിലേക്കു വളഞ്ഞതാണ് കോൺകേവ് ദർപ്പണം. ടോർച്ചിലെ റിഫ്ലക്ടറുകളിൽ ഇതാണ് ഉപയോഗിക്കുന്നത്. അതു കാരണം വലിയ പ്രതിബിംബം സൃഷ്ടിക്കാനാകും. ‘വാക്കി ടോക്കി’ കെട്ടിടത്തിലെ കോൺകേവിനു സമാനമായി മറ്റൊരു കഥയുമുണ്ട്. അതും കോൺകേവ് ദർപ്പണം ഉപയോഗിച്ച് ചിലത് ചുട്ടു കരിച്ചതിനെപ്പറ്റിയാണ്. പുരാതന ഗ്രീസിലെ മഹാന്മാരായ ശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു ആർക്കിമിഡീസ്. ബിസി 287നും 212നും ഇടയിലായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്. ഗണിത ശാസ്ത്രത്തിനു പുറമേ ഊർജതന്ത്രത്തിലും ജ്യോതിശാസ്ത്രത്തിലുമെല്ലാം അതുല്യമായ കണ്ടുപിടിത്തങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്.
ബിസി 214–212 കാലത്ത് റോമൻ സൈന്യം ആർക്കിമിഡീസിന്റെ പട്ടണമായ സിറാകൂസിനെ ആക്രമിച്ചു. കടൽവഴിയായിരുന്നു ആക്രമണം. ദൂരെനിന്ന് കപ്പൽ പട പാഞ്ഞു വരുന്നു. ആർക്കിമിഡീസ് അന്ന് വലിയൊരു കോൺകേവ് ദർപ്പണം തീരത്തുകൊണ്ടു വച്ചു. അതുപയോഗിച്ച് സൂര്യരശ്മി കേന്ദ്രീകരിച്ച് ശത്രുക്കളുടെ കപ്പലുകളെല്ലാം കരിച്ചു കളഞ്ഞത്രേ! ഇതെല്ലാം പാഠപുസ്തകത്തിൽ പറയുന്നുണ്ട്.ഈ ആയുധം സത്യമായിരുന്നോ എന്നറിയാൻ ഇറ്റാലിയൻ ഗവേഷകനായ സീസര്‍ റോസി 2010ൽ ഒരു ശ്രമം നടത്തി. അത്തരമൊരു ആയുധം സാധ്യമാകുമെന്നായിരുന്നു അദ്ദേഹവും കണ്ടെത്തിയത്. പക്ഷേ കോൺകേവ് ദർപ്പണത്തിൽ ചില മാറ്റങ്ങളും കൂട്ടിച്ചേർക്കലും വേണമെന്നു മാത്രം. നേപ്പിൾസ് സർവകലാശാല ഗവേഷകനായിരുന്നു സീസർ റോസി.
English Summary: London Skyscraper which Melted Cars and the Secrets of Concave Mirror