യാതൊരു യന്ത്ര സംവിധാനങ്ങളുമില്ലാതെ, ആയിരക്കണക്കിനു വർഷം മുൻപ് എങ്ങനെയാണ് ഈജിപ്തിലുള്ളവർ പിരമിഡ് നിർമിച്ചത്? ഇപ്പോഴും ഗവേഷകരെ കുഴക്കുന്ന ചോദ്യമാണത്. പടുകൂറ്റൻ കല്ലുകളാണ് പിരമിഡിനു വേണ്ടി ഉപയോഗിച്ചിരുന്നത്. ഈജിപ്തിലെ ഗിസയിലെ ഗ്രേറ്റ് പിരമിഡിന്റെ കാര്യം തന്നെയെടുക്കാം. 481 അടിയാണ് പിരമിഡിന്റെ ഉയരം. അത്രയും ഉയരത്തിലേക്ക് എങ്ങനെയാണ് പടുകൂറ്റൻ കല്ലുകൾ എത്തിച്ചത് എന്ന ചോദ്യത്തിന് ഉത്തരം ഇപ്പോഴും കിട്ടിയിട്ടില്ല. പക്ഷേ ദൂരദേശങ്ങളിൽനിന്ന് ഈജിപ്തിലെ മരുഭൂമിയിലേക്ക് വമ്പൻ കല്ലുകൾ എങ്ങനെയാണു കൊണ്ടുവന്നത് എന്നതു സംബന്ധിച്ച് ഗവേഷകർക്ക് ഇപ്പോഴൊരു സൂചന ലഭിച്ചിരിക്കുന്നു.
മരുഭൂമിയിലെ മണലിലൂടെ വേണമായിരുന്നു കല്ലുകൾ കൊണ്ടുവരാന്‍. ചക്രങ്ങളില്ലാത്തതിനാൽ വലിച്ചുകെട്ടി വേണം കൊണ്ടുവരാൻ. എന്നാൽ മരുഭൂമിയിലെ മണലിലൂടെ അത്തരത്തില്‍ വലിച്ചുനീക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള ജോലിയായിരുന്നു. ഓരോ തവണ വലിച്ചു നീക്കുമ്പോഴും മുന്നിലേക്ക് മണൽ കൂനയായി കുമിഞ്ഞുകൂടുന്നതായിരുന്നു പ്രശ്നം. ഇതിനെപ്പറ്റി ഗവേഷകരെല്ലാം തല പുകഞ്ഞ് ആലോചിച്ചു. അങ്ങനെയിരിക്കെയാണ് ഈജിപ്തിലെ പിരമിഡുകളിലൊന്നിൽനിന്ന് അവർക്ക് ഒരു ചുമർ ചിത്രം ലഭിച്ചത്. വമ്പനൊരു പ്രതിമ 172 പേർ ചേർന്ന് വലിച്ചു നീക്കുന്നതായിരുന്നു ചിത്രം. ബിസി 1900ത്തിലാണ് അതു വരച്ചിരിക്കുന്നതെന്നാണു ഗവേഷകർ തിരിച്ചറിഞ്ഞത്.
മഞ്ഞിലൂടെ സഞ്ചരിക്കാൻ ഉപയോഗിക്കുന്ന സ്ലെജ് പോലുള്ള ഒരു പലകയിൽ നിർത്തിയായിരുന്നു പ്രതിമ നീക്കിയത്. പ്രതിമയുടെ മുന്നിൽ ഒരാൾ കുടത്തിൽനിന്ന് വെള്ളം ഒഴിച്ചു കൊടുക്കുന്നുണ്ടായിരുന്നു. ഇത്രയും കാലം എല്ലാവരും കരുതിയിരുന്നത്, ആ വെള്ളമൊഴിക്കൽ ഒരു ആചാരമാണെന്നായിരുന്നു. പ്രതിമയുടെ വഴി ‘ശുദ്ധീകരിക്കാനുള്ള’ ആചാര രീതി. എന്നാൽ ചിത്രത്തെപ്പറ്റി വിശദമായി പഠിച്ച ഗവേഷകർ കണ്ടെത്തി, അതൊരു ആചാരമായിരുന്നില്ല, മറിച്ച് ശാസ്ത്രതത്വം പ്രയോഗിച്ച് പ്രതിമ നിരക്കി നീക്കുന്നതായിരുന്നു ചിത്രം. ആംസ്റ്റർഡാം സർവകലാശാലയിലെ ഗവേഷകൻ ഡാനിയൽ ബോൺ ഉൾപ്പെടെയുള്ളവരാണ് ആ വെള്ളമൊഴിക്കലിനു പിന്നിലെ ശാസ്ത്രസത്യം കണ്ടെത്തിയത്.
വെള്ളം ഒഴിക്കുമ്പോൾ മണലിന് എന്തു സംഭവിക്കുമെന്ന് അവർ പരിശോധിച്ചു. അതിനായി ആ പ്രതിമയുടെ ഒരു പതിപ്പും നിർമിച്ചെടുത്തു. ആദ്യം വരണ്ട മണലിലൂടെ പ്രതിമ വലിച്ചു നോക്കി– മണൽ കൂനകൂടിക്കിടന്ന് ഏറെ ബുദ്ധിമുട്ടിയാണ് പ്രതിമ വലിച്ചു നീക്കാനാവുകയെന്നു മനസ്സിലായി. പിന്നീട് കുറേ വെള്ളമൊഴിച്ചു, അതോടെ ചളിപിളിയായി പ്രതിമയുടെ യാത്ര പിന്നെയും തടസ്സപ്പെട്ടു. പിന്നീട് ഒരു നിശ്ചിത അളവിൽ വെള്ളം ഒഴിച്ചു. ആ അളവ് വെള്ളമാണ് ഒഴിക്കുന്നതെങ്കിൽ മണലിലൂടെ സ്ലെജ് അനായാസം നീങ്ങുന്നതായി കണ്ടെത്തി. വെള്ളത്തിന്റെ കൃത്യമായ അളവ് അറിയാവുന്ന ഒരാളാണ് പ്രതിമയ്ക്കു മുന്നിൽനിന്ന് വെള്ളമൊഴിച്ചു കൊണ്ടേയിരുന്നത്. പ്രതിമ മാത്രമല്ല, പിരമിഡിലേക്കുള്ള വമ്പൻ കല്ലുകളും ഇത്തരത്തിലാകാം എത്തിച്ചതെന്നാണ് ‘ഫിസിക്കൽ റിവ്യൂ ലെറ്റേഴ്സ്’ ജേണലിലെ പഠനത്തിൽ ഗവേഷകർ വ്യക്തമാക്കുന്നത്. വലിച്ചുനീക്കുന്നതിന്റെ ആയാസം 50 ശതമാനം വരെ കുറയ്ക്കുമത്രേ ഈ വെള്ളമൊഴിക്കൽ തന്ത്രം!
എന്താണ് പിരമിഡ്? (Pyramid)
കൂട്ടുകാർക്ക് എട്ടാം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിൽ പഠിക്കാനുണ്ട് പിരമിഡുകളെപ്പറ്റി. പുരാതന ഈജിപ്തിലെ രാജാക്കന്മാർ ഫറോവകൾ എന്നാണ് അറിയപ്പെട്ടിരുന്നത്. രാജാക്കന്മാരുടെയും രാജകുടുംബാംഗങ്ങളുടെയും മൃതദേഹം കേടുകൂടാതെ സൂക്ഷിക്കുന്ന രീതിയുണ്ടായിരുന്നു ഈജിപ്തിൽ. ഇത്തരത്തിൽ സൂക്ഷിക്കപ്പെട്ട മൃതദേഹം ‘മമ്മി’ എന്നാണ് അറിയപ്പെടുന്നത്. മമ്മികൾ സൂക്ഷിച്ചിരുന്ന വലിയ ശവകുടീരങ്ങളാണ് പിരമിഡുകൾ. മനുഷ്യാധ്വാനവും സമ്പത്തും വൻ തോതിൽ ഉപയോഗിച്ചിരുന്നതിന്റെ തെളിവാണ് പിരമിഡുകൾ.
English Summary: How Egyptians built the Pyramids? | Mkid Study Plus