ഭൂമിയെ ‘ചൂടാക്കുന്ന’ കൊടുംഭീകരനെ തേടി ഹെലികോപ്റ്റർ: എന്താണ് പമിയനിൽ സംഭവിക്കുന്നത്?

Mail This Article
ഏക്കറുകളോളം പരന്നു കിടക്കുന്ന ഒരു പ്രദേശം. കോടിക്കണക്കിന് വർഷങ്ങൾക്കു മുൻപ് അതൊരു സമുദ്രത്തിന്റെ അടിത്തട്ടായിരുന്നു. എന്നാൽ ഇപ്പോഴവിടെ നിറയെ പുകക്കുഴലുകളും കെട്ടിടങ്ങളും ജോലിക്കാരുമൊക്കെയാണ്. അവിടേക്ക് അമേരിക്ക കുറച്ച് ഹെലികോപ്റ്ററുകള്‍ വിടാനൊരുങ്ങുകയാണ്. ലക്ഷ്യം, ഒരു വാതകത്തെ ‘കണ്ടുപിടിക്കുക’. യുഎസിലെ ടെക്സസ്–ന്യൂ മെക്സിക്കോ അതിർത്തിയിലാണ് ഏകദേശം 250 മൈൽ ദൂരത്തിൽ പരന്നു കിടക്കുന്ന പമിയൻ ബേസിൻ (Permian Basin) എന്ന ഈ പ്രദേശം. യുഎസിനാവശ്യമായ പെട്രോളിയം, പ്രകൃതിവാതകം, പൊട്ടാസ്യം എന്നിവ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്നത് ഇവിടെനിന്നാണ്. അതിനു വേണ്ടിത്തന്നെ അഞ്ഞൂറിലേറെ ഉൽപാദക കേന്ദ്രങ്ങളുണ്ട് ഇവിടെ. സംഗതി സാമ്പത്തികപരമായി യുഎസിനെ ഏറെ സഹായിക്കുന്നതാണ്. പക്ഷേ യുഎസിനെയും ലോകത്തെയും ഒരുപോലെ വിരട്ടാൻ ശേഷിയുള്ള ഒരു ‘വില്ലന്‍’ പമിയൻ നദീതടത്തിൽ ഒളിച്ചിരിപ്പുണ്ട്. അതിന്റെ പേരാണ് മീഥെയ്ൻ വാതകം. ഹരിത ഗൃഹവാതകങ്ങളിലെ ഏറ്റവും പ്രശ്നക്കാരിൽ ഒന്നാണത്.

അന്തരീക്ഷത്തിലെ ഹരിതഗൃഹപ്രഭാവം ജീവന്റെ നിലനിൽപ്പിന് അനിവാര്യമാണ്. പക്ഷേ ഹരിതഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിൽ ക്രമാതീതമായി വർധിച്ചാൽ പണി കിട്ടും. അതോടെ ഭൂമിയിൽ നിന്നുയരുന്ന ഭൗമവികിരണം അന്തരീക്ഷത്തിൽ കുടുങ്ങിക്കിടന്ന് താപനില വൻതോതിൽ വർധിക്കും, നമ്മൾ വിയർത്തു കുളിക്കും. ഇക്കാരണത്താലാണ് ഹരിതഗൃഹവാതകങ്ങൾ അന്തരീക്ഷത്തിലേക്കു പുറന്തള്ളുന്നത് കുറയ്ക്കണമെന്ന് പരിസ്ഥിതി സംഘടനകൾ നിരന്തരം ആവശ്യപ്പെടുന്നത്.
പമിയൻ നദീതടത്തിലേക്ക് ഹെലികോപ്റ്ററുകൾ വിടാനുള്ള കാരണവും ഈ ‘ചൂടൻ’ പ്രശ്നമാണ്. പമിയനിലെ 533 ഇന്ധന–പ്രകൃതിവാതക ഉൽപാദക കേന്ദ്രങ്ങളിൽനിന്ന് വൻതോതില്‍ മീഥെയ്ൻ പുറന്തള്ളപ്പെടുന്നുവെന്ന റിപ്പോർട്ട് അടുത്തിടെയാണു പുറത്തുവന്നത്. ഈ വാതകത്തിന് നിറവുമില്ല, മണവുമില്ല. അതിനാൽ ഹെലികോപ്റ്ററിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണങ്ങളുടെ സഹായത്തോടെയാകും പരിശോധന. മീഥെയ്ൻ വില്ലനാണെന്നു പറയുന്നത് എന്തുകൊണ്ടാണെന്നല്ലേ? 20 കൊല്ലം കൊണ്ട് കാർബൺ ഡയോക്സൈഡിന് അന്തരീക്ഷത്തിൽ എത്രയേറെ ചൂടിനെ നിലനിർത്താനാകുമോ അതിന്റെ 83 ഇരട്ടിയായി മീഥെയ്നു സാധിക്കും. അതിനാൽത്തന്നെ ലോകരാജ്യങ്ങളെല്ലാം ഇതിന്റെ ഉൽപാദനം കർശനമായി നിരീക്ഷിക്കുകയാണ്. പമിയനിൽ എവിടെനിന്നാണ് ഇത്രയേറെ മീഥെയ്ൻ വരുന്നതെന്നു കണ്ടെത്താൻ യുഎസിലെ എൻവയോണ്മെന്റൽ പ്രൊട്ടക്‌ഷൻ ഏജൻസിയാണ് ഇപ്പോൾ ഹെലികോപ്റ്റർ നിരീക്ഷണത്തിനൊരുങ്ങുന്നത്.
English Summary: US Helicopters to look for methane in Permian Basin | Green House Gases | Mid Study Plus