കൂട്ടുകാർക്കറിയാമോ, 14 കോടി വർഷം മുൻപു വരെ ഭൂമിയിൽ പൂക്കളുണ്ടായിരുന്നില്ല. പിന്നീടാണ് കൊച്ചുകൊച്ചു പൂക്കൾ രൂപപ്പെടുന്നത്. അധികം വൈകിയില്ല, അവയാകെ പൂത്തുലഞ്ഞ് ലോകം കീഴടക്കി. പക്ഷേ ഈ പൂക്കളെല്ലാം എവിടെനിന്നാണുണ്ടായത്? ഏതു ചെടിയിൽനിന്നാണ് ലോകത്ത് ആദ്യമായി പൂവുണ്ടായത്? ഇതെല്ലാം അന്വേഷിച്ചാൽ നമ്മൾ ചെറുതായൊന്നു വിയര്‍ക്കും. കാരണം, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പൂവിന്റെ ഫോസിലൊന്നും അത്ര എളുപ്പത്തിൽ കണ്ടുകിട്ടില്ല. അപ്പോൾപ്പിന്നെ എന്താണൊരു വഴി? കിട്ടിയ പൂക്കളുടെ ഫോസിലുകളെല്ലാം പരിശോധിച്ച്, അവയുടെ ജനിതക ഘടനയൊക്കെ വിലയിരുത്തി ഒരു നിഗമനത്തിലെത്തുക. വിയന്ന സർവകലാശാലയിലെ ഗവേഷകർ 2017ൽ ചെയ്തതും അതുതന്നെയായിരുന്നു.
അവർ 792 ഇനങ്ങളിൽപ്പെട്ട ചെടികളുടെ ജനിതക ഡേറ്റ വിശകലനം ചെയ്തു. ഓരോ ചെടിയിൽനിന്നും പിറകോട്ടു പോയി. ഓരോ കാലഘട്ടത്തിലും ചെടികളിലുണ്ടാകുന്ന മാറ്റങ്ങൾ പഠിച്ചു. ആ മാറ്റത്തിന് എത്ര സമയമെടുത്തെന്നും നോക്കി. അങ്ങനെ പിന്നിലോട്ടു സഞ്ചരിച്ച് സഞ്ചരിച്ച് അവർ എത്തിയത് 14 കോടി വർഷം പിന്നിലേക്കായിരുന്നു. ലഭിച്ച ജനിതക ഡേറ്റ ഉപയോഗിച്ച് അവർ ഒരു പൂവിന്റെ ത്രീഡി രൂപവും തയാറാക്കി. അതാണത്രേ ലോകത്തിലെ ഏറ്റവും ആദ്യത്തെ പൂവ്! ഒറ്റനോട്ടത്തിൽ ഒരു വാട്ടർ ലില്ലിപ്പൂ പോലെ തോന്നിപ്പിക്കും. വെളുത്ത നിറം, നിറയെ ഇതളുകൾ, നടുവിലായി പൂമ്പൊടി നിറഞ്ഞ, മുഴച്ചു നിൽക്കുന്ന ഭാഗം.
ഒരു പൂവിനകത്തു തന്നെ ജനിപുടവും (Carpels) കേസരപുടവും (Stamens). അതായത്, ബൈസെക്ഷ്വലായിരുന്നു (Bisexual) ഈ പൂവ്. ദ്വിലിംഗ പുഷ്പമെന്നു വിളിക്കും. അഞ്ചിലേറെ ജനിപുടവും പത്തിലേറെ കേസരപുടവുമാണ് ഈ പൂവിൽ ഉണ്ടായിരുന്നതെന്നാണു കരുതുന്നത്. ചെമ്പരത്തിപ്പൂവും സൂര്യകാന്തിപ്പൂവുമെല്ലാം ദ്വിലിംഗ പുഷ്പങ്ങളാണ്. കേസരപുടവും ജനിപുടവും വെവ്വേറെ പൂക്കളിൽ കാണുന്നതാണ് ഏകലിംഗ പുഷ്പം (Unisexual). പടവലം, മത്തൻ, പാവയ്ക്ക എന്നിവയുടെ പൂക്കളാണ് ഉദാഹരണം. കേസരപുടം മാത്രമുള്ള പൂക്കളാണ് ആൺപൂക്കൾ. ജനിപുടം മാത്രമുള്ള പൂക്കൾ പെൺപൂക്കളും. ജനിപുടത്തെയും കേസരപുടത്തെയും അടയാളപ്പെടുത്തിയ ആറാം ക്ലാസിലെ അടിസ്ഥാന ശാസ്ത്രം പാഠപുസ്തകത്തിലെ ചിത്രമാണ് ചുവടെ (കടപ്പാട്: എസ്.സി.ഇ.ആർ.ടി).

ഇനി ടീച്ചർ ക്ലാസെടുക്കുമ്പോൾ പറയാമല്ലോ, ലോകത്തിൽ ആദ്യമായി രൂപംകൊണ്ട പൂവും ഒരു ദ്വിലിംഗപുഷ്പമായിരുന്നെന്ന്. ഈ പൂവിനെക്കുറിച്ചുള്ള വിശേഷങ്ങളടങ്ങിയ പഠനം നേച്ചർ കമ്യൂണിക്കേഷൻസ് എന്ന ബ്രിട്ടിഷ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
English Summary: World's Oldest Flower is a Bisexual | MKid Study Plus