മഞ്ഞുരുകിയപ്പോൾ കണ്ടത് ടൺകണക്കിന് അപ്രതീക്ഷിത ‘നിധി’; പക്ഷേ...

HIGHLIGHTS
  • വാർത്ത വായിക്കാം, പാഠപുസ്തകത്തിലെ പാരിസ്ഥിതിക അറിവും മിനുക്കാം
  • എന്താണ് ഗ്രീൻലൻഡ് ദ്വീപിന്റെ പ്രത്യേകത? അവിടെ എന്താണു സംഭവിക്കുന്നത്?
GREENLAND-ICEBERGS-ENVIRONMENT-NATURE-CLIMATE
പടിഞ്ഞാറൻ ഗ്രീൻലൻഡിലെ കാഴ്ച. ഉരുകുന്ന മഞ്ഞും ഒഴുകുന്ന മഞ്ഞുപാളികളും കാണാം. ചിത്രം: Odd ANDERSEN / AFP
SHARE

ആകെയുള്ള കര ഭാഗത്തിന്റെ 80 ശതമാനവും മഞ്ഞും മഞ്ഞുപാളികളുംകൊണ്ടു മൂടിയ ഒരു ദ്വീപ്. ഏകദേശം 21.66 ലക്ഷം ചതുരശ്ര കിലോമീറ്റർ വരും ഗ്രീൻലൻഡിന്റെ വലുപ്പം. നമ്മുടെ കൊച്ചുകേരളത്തിന്റെ വലുപ്പം 38,864 ചതുരശ്ര കിലോമീറ്ററേയുള്ളൂ എന്നു പറയുമ്പോഴറിയാം ഗ്രീൻലൻഡിന്റെ ‘ഗാംഭീര്യം’. ലോകത്തിലെ ഏറ്റവും വലിയ ദ്വീപെന്നാണു വിശേഷണമെങ്കിലും അവിടുത്തെ ജനസംഖ്യ അരലക്ഷത്തോളമേയുള്ളൂ. കേരളത്തിലെ ജനസംഖ്യയോ? ഏകദേശം 3.46 കോടി! അമ്പമ്പോ എന്നു മൂക്കത്തു വിരൽ വയ്ക്കാൻ വരട്ടെ. ഗ്രീൻലൻഡിലെ കാര്യങ്ങളെല്ലാം ആകെ കുഴപ്പത്തിലാണ്. 

GREENLAND-ICEBERGS-ENVIRONMENT-NATURE-CLIMATE
ഡ്രോൺ ഉപയോഗിച്ചെടുത്ത ഗ്രീൻലൻഡിന്റെ ചിത്രം: Odd ANDERSEN / AFP

ലോകത്തിലെ ശുദ്ധജലസ്രോതസ്സുകളിലേക്കാവശ്യമായ ഭൂരിഭാഗം ജലവും എത്തുന്നത് ഗ്രീൻലൻഡിൽനിന്നാണ്. പക്ഷേ ആഗോളതാപനം കാര്യങ്ങളെല്ലാം തകിടം മറിക്കുകയാണ്. കോടിക്കണക്കിനു ടൺ മഞ്ഞാണ് ഗ്രീൻലൻഡിലെ വമ്പൻ മഞ്ഞുമലകളിൽനിന്ന് ചൂടു കാരണം ഓരോ വർഷവും ഉരുകിയൊലിച്ചു നഷ്ടമാകുന്നത്. ഇനി നാമെല്ലാം ഒത്തുപിടിച്ച് ആഗോളതാപനം മൊത്തമായി നിർത്തിയാലും ഓരോ വർഷവും ആഗോള സമുദ്രജലനിരപ്പ് ഒരടിയെങ്കിലും ഉയർത്താനുള്ളത്ര വെള്ളം ഗ്രീൻലൻഡിൽനിന്നു നഷ്ടമാകുമെന്നാണു കണക്ക്. ഈ വെള്ളമിങ്ങനെ ഉരുകിയൊലിക്കും തോറും മഞ്ഞുപാളികൾക്കടിയിലുള്ള പാറക്കൂട്ടം തെളിഞ്ഞു വരും. പക്ഷേ ഇപ്പോൾ ഗ്രീൻലൻഡിൽ തെളിഞ്ഞു വന്നിരിക്കുന്നത് ടൺ കണക്കിന് ‘നിധി’യാണ്. ലോകത്ത് ഏറ്റവും കൂടുതൽ ആവശ്യമുള്ള, ഇനിയങ്ങോട്ടു പോകുംതോറും ആവശ്യവും വിലയും ഏറി വരുന്ന നിധി; കോടിക്കണക്കിനു ടൺ മണൽ.

ഞെരിഞ്ഞമർന്ന ‘നിധി’

ഗ്രീൻലൻഡിലെ മഞ്ഞുപാളികൾക്ക് നാലു മുതൽ എട്ടു ലക്ഷം വരെ വർഷം പഴക്കമുണ്ടെന്നാണു കണക്ക്. ഇക്കാലമത്രയും മഞ്ഞുപാളികൾക്കടിയിൽ ‍ഞെരിഞ്ഞമർന്നിരിക്കുകയായിരുന്നു പാറക്കെട്ടുകൾ. മഞ്ഞിന്റെ ഭാരവും ഞെരിക്കലും താങ്ങാനാകാതെ പലയിടത്തും പാറകൾ തകർന്നടിഞ്ഞു. അവ മണലും ചരലുമൊക്കെയായി. ഇപ്പോൾ മഞ്ഞു മുഴുവൻ വെള്ളമായപ്പോള്‍ ആ മണലും ചരലുമെല്ലാം പുറത്തെത്തി. ലോകത്തിന്റെ നിർമാണ ആവശ്യങ്ങൾക്കു വേണ്ടത്ര മണൽ. 

FILES-GREENLAND-ARCTIC-CLIMATE-TOURISM
ഗ്രീൻലൻഡിലൂടെ ഒരുകി നീങ്ങുന്ന മഞ്ഞുപാളി. ചിത്രം: Odd ANDERSEN / AFP

മരുഭൂമിയിലെ മണൽ പോലെ ഉരുണ്ട, ഉപയോഗശൂന്യമായ മണൽ അല്ല ഇത്. മറിച്ച് ത്രികോണാകൃതിയിലാണ് ഈ മണൽത്തരിയുടെ രൂപം. അതിനാൽത്തന്നെ കോൺക്രീറ്റിൽ ചേർക്കാൻ പറ്റിയ രൂപവും! അനൗദ്യോഗിക കണക്കനുസരിച്ച് 1000 കോടി ടണ്ണിലേറെയാണ് ഓരോ വർഷവും ഉൽപാദിപ്പിക്കുന്ന കോൺക്രീറ്റിന്റെ കണക്ക്. ഇതിലൊരു നിർണായക ഭാഗം മണലാണ്. ഗ്രീൻലൻഡിലാകട്ടെ, 1980ൽ സംഭവിച്ചതിനേക്കാളും ആറിരട്ടിയായാണ് ഇപ്പോൾ മഞ്ഞുരുകുന്നത്. അതോടെ പല തീരങ്ങളിലും മണൽനിക്ഷേപം രൂപപ്പെട്ടു കഴിഞ്ഞു. 

GREENLAND-ENVIRONMENT-CLIMATE
ഗ്രീൻലൻഡിലെ വീടുകൾ. ചിത്രം: Odd ANDERSEN / AFP

ഗ്രീൻലൻഡിനു തന്നെ വൻതോതിൽ മണൽ ആവശ്യമുള്ള സമയവുമാണിത്. 2050 ആകുമ്പോഴേക്കും അവിടുത്തെ ജനസംഖ്യ 25 ശതമാനമെങ്കിലും വർധിക്കുമെന്നാണു കരുതുന്നത്. മാത്രവുമല്ല, ഡെന്മാർക്ക് തരുന്ന ബജറ്റ് വിഹിതവും മത്സ്യക്കയറ്റുമതിയിലൂടെ ലഭിക്കുന്ന തുകയും ടൂറിസത്തിലൂടെ ലഭിക്കുന്ന പണവുമാണ് ഗ്രീൻലൻഡിന്റെ പ്രധാന വരുമാന മാർഗങ്ങൾ. ടൂറിസം പ്രോത്സാഹിപ്പിക്കാൻ പുതിയ വിമാനത്താവളത്തിനു വരെ ഗ്രീൻലൻഡ് ശ്രമം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ കെട്ടിടസൗകര്യങ്ങൾ ടൂറിസ്റ്റുകൾക്കായി ഒരുക്കാനും ഒരുങ്ങുമ്പോഴാണ് ഈ മണൽനിധി കണ്ടെത്തിയത്. 

പക്ഷേ ഒരു പ്രശ്നമുണ്ട്. വൻതോതിൽ മണലെടുത്തുകൊണ്ടു പോയാൽ അത് വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കും. പുറത്തുനിന്നു കപ്പലുകൾ മണൽ കയറ്റിക്കൊണ്ടു പോകാൻ വരുന്നത് ജൈവഘടനയെ ബാധിക്കും. കപ്പലിന്റെ ബാലൻസ് നിലനിർത്താനായി നിറയ്ക്കുന്ന ജലം ഗ്രീൻലൻഡിൽ തള്ളിയാൽ പുറമേനിന്നുള്ള പുതിയ തരം ജീവികളും ആൽഗെകളും ഇവിടെ നിറയും, പരിസ്ഥിതി താളം തെറ്റും. ഗ്രീൻലൻഡിലെ മഞ്ഞുപാളികൾക്കിടയിൽ ഇഗ്ലൂ വീടു വച്ച്, വേട്ടയാടി ജീവിക്കുന്ന തദ്ദേശ ജനവിഭാഗത്തെയും ‘മണൽക്കൊളള’ ബാധിക്കും. 

പണ്ടൊരിക്കൽ ഇന്തൊനീഷ്യയിലെ ഇരുപത്തിനാലോളം ദ്വീപുകളാണ് മണൽമാഫിയ അനധികൃതമായി ഖനനം ചെയ്ത് ഇല്ലാതാക്കിയത്. നമ്മുടെ കേരളത്തിൽ പോലും മണൽമാഫിയയുടെ എത്രയെത്ര പേടിപ്പെടുത്തുന്ന കഥകളുണ്ട്. ഗ്രീൻലൻഡിലെ മഞ്ഞുരുകി മണൽ പുറത്തുകാണുന്നത് പരിസ്ഥിയെ സംബന്ധിച്ചിടത്തോളം ഒരിക്കലും നല്ല വാർത്തയുമല്ല. ഒരു വശത്ത് വികസനം, മറുവശത്ത് പരിസ്ഥി–എന്തു ചെയ്യും ഗ്രീൻലൻഡ്? കോടികൾ ചെലവിട്ട് മണലെടുക്കാൻ ഏതെങ്കിലും കമ്പനി രംഗത്തെത്തുമോ? ചർച്ചകൾ കൊഴുക്കുകയാണ്.

English Summary: Mkid Study Plus: Melting Greenland and Revealing Sand 'Treasure'

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}