പോർച്ചുഗീസ് നാവികനായ ഫെർഡിനൻഡ് മെഗല്ലനാണ് ഭൂമി ഉരുണ്ടതാണെന്ന്, തന്റെ കപ്പൽയാത്രയിലൂടെ ആദ്യമായി തെളിയിച്ചത്. എന്നാല്‍ അദ്ദേഹത്തിനും മുൻപേതന്നെ, ഗ്രീക്ക് തത്വചിന്തകരായ പൈഥഗോറസും അരിസ്റ്റോട്ടിലും ഭൂമിക്ക് ഗോളാകൃതിയാണെന്ന് സ്ഥാപിച്ചിരുന്നു. ഈ ആശയത്തെ ശക്തമായി പിന്താങ്ങിയ ഗവേഷകനായിരുന്നു കോപ്പർ നിക്കസ്. ഇന്ത്യയുടെ സ്വന്തം ജ്യോതിശാസ്ത്ര വിദഗ്ധൻ ആര്യഭടനും ഭൂമിക്ക് ഗോളാകൃതിയാണെന്നു കണ്ടെത്തിയിരുന്നു. ഇതൊക്കെ പണ്ട്. പണ്ടെന്നു പറഞ്ഞാൽ വളരെ വളരെ പണ്ട്. പിന്നീട് അത്യാധുനിക ശാസ്ത്ര സംവിധാനങ്ങളുടെ സഹായത്തോടെ, ഭൂമി ഉരുണ്ടതാണെന്നു തന്നെ നാം സ്ഥിരീകരിച്ചു. അപ്പോഴും സാഹസിക യാത്രികർക്ക് ഭൂമിയോടുള്ള പ്രിയം അവസാനിച്ചിരുന്നില്ല.
2000ത്തിൽ ഒരു സംഭവം നടന്നു. കാനഡക്കാരനായ ജീൻ ബലിവോ എന്ന സാഹസിക സഞ്ചാരി കാൽനടയായി ഒരു യാത്ര ആരംഭിച്ചു. ഭൂമിയെ വലംവച്ചു തിരിച്ചെത്തുകയായിരുന്നു ലക്ഷ്യം. അതിനായി കപ്പലുകളെയും അദ്ദേഹം ആശ്രയിച്ചു. അദ്ദേഹത്തെപ്പറ്റി ആറാം ക്ലാസിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിൽ പറയുന്നുണ്ട്. പക്ഷേ വിശദമായി ഇല്ല. കക്ഷിയെ വിശദമായിത്തന്നെ പരിചയപ്പെടേണ്ടതാണ്. ഭൂമിയെ, നടന്നും കപ്പൽ യാത്ര ചെയ്തും ഒറ്റത്തവണ വലംവയ്ക്കാൻ എത്ര ദിവസമെടുക്കും? നൂറോ ആയിരമോ? ബലിവോയോടു ചോദിച്ചാൽ അദ്ദേഹം കൃത്യം ഉത്തരം നൽകും– 11 വർഷം! സത്യമാണത്. 2000 ഓഗസ്റ്റ് 18ന് അദ്ദേഹം ആരംഭിച്ച യാത്ര അവസാനിച്ചത് 2011 ഒക്ടോബർ 16നാണ്.
നിയോൺ ബൾബ് കമ്പനിയായിരുന്നു ബലിവോയ്ക്ക്. പക്ഷേ ഒരു ദിവസം മനസ്സിലൊരു ബൾബ് കത്തി. എന്നുമിങ്ങനെ ജീവിച്ചു പോയാല്‍ മതിയോ? എന്തെങ്കിലും ‘വെറൈറ്റി’യായിട്ടൊക്കെ ചെയ്യണ്ടേ!. അങ്ങനെയാണ് അദ്ദേഹം ലോകം ചുറ്റാൻ തീരുമാനിച്ചത്. എന്തായാലും യാത്ര പോവുകയല്ലേ, ഒരു സന്ദേശം കൂടി കൂടെക്കൂട്ടാമെന്ന് അദ്ദേഹം കരുതി. ലോകസമാധാനത്തിനു വേണ്ടിയും കുട്ടികളോടുള്ള ക്രൂരത തടയാനും വേണ്ടിയാണ് തന്റെ യാത്രയെന്നു പ്രഖ്യാപിച്ചായിരുന്നു നാൽപത്തിയഞ്ചാം വയസ്സിൽ ബലിവോ ഇറങ്ങിപ്പുറപ്പെട്ടത്. കാനഡയിലെ മോൺട്രിയലിൽനിന്നായിരുന്നു യാത്രയുടെ തുടക്കം. ആദ്യം വടക്കു നോക്കി യന്ത്രമെടുത്തു. പിന്നെ തെക്കോട്ടു വച്ചു പിടിച്ചു, കോസ്റ്റ റിക്കയിലേക്ക്. ഒരു വർഷമെടുത്തു ഈ യാത്രയ്ക്ക്. ചിലെയിലേക്കായിരുന്നു തൊട്ടടുത്ത വർഷത്തെ യാത്ര. അവിടെനിന്ന് ദക്ഷിണാഫ്രിക്കൻ നഗരമായ പോർട്ട് എലിസബത്തിലേക്ക് ഒരു ബോട്ടിൽ. ദക്ഷിണാഫ്രിക്കയിലൂടെ വടക്കു ദിശ ലക്ഷ്യമിട്ടായിരുന്നു യാത്ര. അതിനെടുത്തു രണ്ടു വർഷം.
2006ൽ ബലിവോ ഇംഗ്ലണ്ടിലേക്കു കപ്പൽ കയറി. പിന്നീടുള്ള മൂന്നു വർഷം ഇന്തൊനീഷ്യയിലേക്കുള്ള യാത്രയിലായിരുന്നു. പിന്നീട് ഓസ്ട്രേലിയയിൽനിന്ന് കാനഡയിലെ വാൻകൂവറിലേക്ക് യാത്ര തിരിച്ചു. 2011ൽ സെർപന്റ് നദി കടന്ന് സ്വന്തം വീട്ടിൽ തിരിച്ചെത്തി. കാര്യം ഇങ്ങനെ നിസ്സാരമായി പറഞ്ഞു തീർത്തെങ്കിലും ഇക്കാലയളവിൽ ബലിവോ പിന്നിട്ടത് 64 രാജ്യങ്ങളായിരുന്നു. അതിൽ ഇന്ത്യയും ഇറാനും ഈജിപ്തും മൊറാക്കോയും ബ്രസീലും യൂറോപ്യന്‍ രാജ്യങ്ങളുമെല്ലാമുണ്ട്. ആറു ഭൂഖണ്ഡങ്ങൾ താണ്ടി. നടന്നു തീർത്തതാകട്ടെ 75,500 കിലോമീറ്ററും. 56 ഷൂവുകളാണു യാത്രയ്ക്കിടെ തേഞ്ഞു തീർന്നത്.

മൂന്നു ചക്രങ്ങളുള്ള ഒരു സ്ട്രോളർ മാത്രമായിരുന്നു ഈ യാത്രയിലുടനീളം ബലിവോയ്ക്കൊപ്പമുണ്ടായിരുന്നത്. അതിലായിരുന്നു ഭക്ഷണവും വെള്ളവും വസ്ത്രങ്ങളും സൂക്ഷിച്ചത്. ഒപ്പം ഒരു ഫസ്റ്റ് എയ്ഡ് കിറ്റും താമസിക്കാനുള്ള ടെന്റും സ്ലീപ്പിങ് ബാഗും. ദക്ഷിണാഫ്രിക്കയിലും അമേരിക്കയിലും കുറച്ചു നാൾ ജയിലിൽ കിടന്നതൊഴിച്ചാൽ യാത്ര രസകരമായിരുന്നെന്നാണ് ബലിവോ തന്റെ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്. ഓസ്ട്രേലിയയുടെ വടക്കൻ മേഖലയിലൂടെയുള്ള യാത്ര പക്ഷേ അൽപം വിയർപ്പിച്ചു. കിലോമീറ്ററുകളോളം മനുഷ്യർ ആരുമില്ല, ഒപ്പം കൊടുംചൂടും. പക്ഷേ യാത്രയ്ക്കിടെ പലരും ബലിവോയ്ക്കു വെള്ളം നൽകി രക്ഷിച്ചു– അതൊരു നല്ല അനുഭവമല്ലേയെന്നും അദ്ദേഹം ചോദിക്കുന്നു. നീണ്ട യാത്രയ്ക്കിടെ പല തരം ആളുകളെ കാണാൻ പറ്റി. അക്കൂട്ടത്തിൽ ഗ്വാട്ടിമാലയിലെ മാഫിയ സംഘാംഗങ്ങൾ വരെയുണ്ടായിരുന്നു. അവർ അദ്ദേഹത്തിന് യാത്രയ്ക്കുള്ള പണവും നൽകി.
ദക്ഷിണാഫ്രിക്കയിൽ വച്ച് നെൽസൻ മണ്ടേലയെയും കണ്ടുമുട്ടി. യാത്രയ്ക്കിടയിൽ അമ്പലങ്ങളിലും പള്ളികളിലും സ്കൂളുകളിലും കാട്ടിലും പാർക്കുകളിലുമൊക്കെയായിരുന്നു അദ്ദേഹത്തിന്റെ താമസം. പലയിടത്തും അപരിചിതരായ കുടുംബങ്ങൾ അദ്ദേഹത്തിനു താമസിക്കാൻ ഇടം നൽകി. അങ്ങനെ 1600 വീടുകളിലെങ്കിലും താൻ തങ്ങിയിട്ടുണ്ടാകണമെന്നും ബലിവോ പറയുന്നു. ഇതാദ്യമായി, യാത്ര തടസ്സപ്പെടാതെ ഭൂമിയെ കാൽനടയായി ചുറ്റിയതിന്റെ റെക്കോർഡും ബലിവോയ്ക്കു സ്വന്തമാണ്. ഈ യാത്രയ്ക്കു പുറപ്പെടും മുൻപ് അദ്ദേഹത്തിന്റെ കയ്യിൽ എത്ര കാശുണ്ടായിരുന്നെന്നോ? 4000 കനേഡിയൻ ഡോളർ. അതു കൊടുത്തതാകട്ടെ അദ്ദേഹത്തിന്റെ ഭാര്യ ലൂസിയും. പിന്നീട് പല രാജ്യങ്ങളിലെയും പലരും പണം നൽകി ബലിവോയെ സഹായിച്ചു. 11 വർഷത്തിനിടെ ഭർത്താവിനെ കാണാൻ വിവിധ രാജ്യങ്ങളിലേക്ക് 11 തവണ ലൂസിയുമെത്തിയിരുന്നു. ഇടയ്ക്ക് അച്ഛനൊപ്പം രണ്ട് ആൺ മക്കളും യാത്രയ്ക്കു കൂടി. അങ്ങനെ, ശരിക്കും പറഞ്ഞാൽ ഭൂമിയെച്ചുറ്റി ഒരു കുടുംബ യാത്ര തന്നെയാണ് ബലിവോ നടത്തിയത്.
English Summary: Unbelievable Journey of Jean Beliveau around the World in 11 Years