റഷ്യയിലെ സൈബീരിയയിൽ ഒരു വമ്പന്‍ തടാകമുണ്ട്. പേര് ബായ്ക്കാൽ. അതിന് ഗവേഷകർ ഒരു വിശേഷണവും നൽകിയിട്ടുണ്ട്– റഷ്യയുടെ ഗാലപ്പഗോസ്! ഗാലപ്പഗോസോ അതെന്താണ്? ശാസ്ത്രകുതുകികളായ ഒരാളും മറക്കാനിടയില്ല ആ പേര്. മനുഷ്യന്റെ പരിണാമവുമായി അത്രയേറെ ബന്ധപ്പെട്ടിരിക്കുന്നു ശാന്തസമുദ്രത്തിൽ (പസിഫിക്) സ്ഥിതി ചെയ്യുന്ന ഈ ദ്വീപസമൂഹം. പര്യവേക്ഷകൻ ചാൾസ് ഡാർവിന് പരിണാമവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ സമ്മാനിച്ചത് ഈ ദ്വീപസമൂഹമായിരുന്നു. ലോകത്തെ മറ്റു ഭാഗങ്ങളിൽനിന്ന് വേറിട്ടു നിൽക്കുന്നതായിരുന്നു ഗാലപ്പഗോസിലെ ജൈവവൈവിധ്യം. അവിടെയുള്ള മിക്ക മൃഗങ്ങളും സസ്യങ്ങളും പ്രാണികളും പക്ഷികളുമെല്ലാം ലോകത്ത് മറ്റൊരിടത്തും കാണാനാവുകയില്ല. ജീവിവർഗം എങ്ങനെയാണു പരിണാമം ചെയ്ത് ഇന്നത്തെ രൂപത്തിലേക്ക് എത്തിയതെന്നു കണ്ടെത്താൻ സഹായിക്കുന്ന ജീവിക്കുന്ന തെളിവുകൾ വരെ അവിടെയുണ്ടായിരുന്നു. സമാനമായ കാരണങ്ങളാലാണ് ബായ്ക്കാൽ തടാകത്തെയും ‘ഗാലപ്പഗോസ് ഓഫ് റഷ്യ’ എന്നു വിശേഷിപ്പിക്കുന്നത്. ഈ തടാകത്തിൽ കാണപ്പെടുന്ന ജീവജാലങ്ങളിൽ 80 ശതമാനത്തെയും ലോകത്തിന്റെ മറ്റൊരു ഭാഗത്തും കാണാനാകില്ല. അത്രയേറെ വൈവിധ്യങ്ങളാർന്ന ജീവജാലങ്ങളാണ് തടാകത്തിന്റെ ആഴങ്ങളിൽ ഒളിച്ചിരിക്കുന്നത്. ആഴത്തെപ്പറ്റി പ്രത്യേകം എടുത്തുപറയാനും കാരണമുണ്ട്, ലോകത്തിലെ ഏറ്റവും ആഴമേറിയ തടാകവും ബായ്ക്കാൽ തന്നെയാണ്. തടാകത്തിന്റെ ചില ഭാഗങ്ങളിൽ ആഴം 5600 അടി വരെയാണ്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തടാകവും ഇതു തന്നെ. തെക്കുകിഴക്കൻ സൈബീരിയയിൽ സ്ഥിതി ചെയ്യുന്ന ബായ്ക്കാലിന്റെ പ്രായം ഏകദേശം 2.5 കോടി വർഷം വരും.
ലോകത്ത് ആകെയുള്ള ശുദ്ധജലശേഖരത്തിന്റെ ഏറിയ പങ്കും കട്ടിയായ മഞ്ഞിന്റെ രൂപത്തിലാണ്. എന്നാൽ അങ്ങനെയല്ലാത്ത ശുദ്ധജലശേഖരവും ഉണ്ട്. അവകൊണ്ടാണ് മനുഷ്യജീവൻ നിലനിന്നു പോകുന്നതു തന്നെ. അത്തരത്തിൽ, ലോകത്ത് കട്ടിയായിപ്പോകാത്ത ശുദ്ധ ജലശേഖരത്തിന്റെ 20 ശതമാനവും ബായ്ക്കാലിലാണ്. എന്നാൽ വർഷത്തിൽ അഞ്ചുമാസം ഈ തടാകത്തിനു മുകളിൽ മഞ്ഞിന്റെ ഒരു വലിയ പാളി വന്നു മൂടും. ജനുവരി മുതൽ മേയ് വരെയുള്ള മഞ്ഞുകാലത്തിലാണ് ശരാശരി 1.6 അടി മുതൽ 4.6 അടി വരെ ഉയരത്തിൽ മഞ്ഞു മൂടുക. ചിലയിടത്ത് ഇത് 6.6 അടി വരെ ഉയരത്തിലുണ്ടാകും. അതായത് ഒത്ത ഒരു മനുഷ്യന്റെ ഉയരത്തിൽ മഞ്ഞ്. ശരിക്കും ഐസിന്റെ ഒരു കൂട്ടിലിട്ടിരിക്കുന്നതു പോലെ വെള്ളം കാണാം. കണ്ണാടി പോലെ തെളിഞ്ഞ മഞ്ഞുതടാകമായി മാറുന്നതിനാൽ, മഞ്ഞുകാലത്ത് ഒട്ടേറെ സഞ്ചാരികളാണ് ബായ്ക്കാലിലെത്തുക. ടൂറിസം വഴി വലിയ വരുമാനവും ലഭിക്കുന്നുണ്ട്.
ഭൂമിയിലെ ഈ വമ്പൻ തടാകത്തിന്റെ രഹസ്യം ബഹിരാകാശത്തിരുന്നു കണ്ടെത്തിയ കഥയും പറയാനുണ്ട് ഗവേഷകർക്ക്. സാറ്റലൈറ്റുകൾ വഴി ബായ്ക്കാലിന്റെയും ചിത്രങ്ങൾ ബഹിരാകാശത്തുനിന്നു പകർത്തുന്ന പതിവുണ്ടായിരുന്നു. എന്നാൽ മഞ്ഞുകാലത്തെ ഫോട്ടോകളെടുത്ത ഗവേഷകർ ഒരു കാര്യം കണ്ടെത്തി. തടാകത്തിൽ പലയിടത്തും മഞ്ഞുപാളികൾക്കു മേൽ വമ്പൻ വൃത്തങ്ങൾ രൂപപ്പെടുന്നു. പലതിനും ഒരു ചുഴിയുടെ ആകൃതിയായിരുന്നു. ബഹിരാകാശത്തുനിന്നു വരെ കാണാവുന്ന ഈ ‘ഐസ് റിങ്’ എങ്ങനെ രൂപപ്പെട്ടു? വർഷങ്ങളോളം ഗവേഷകർ ഇതിനെപ്പറ്റി അന്വേഷിച്ചു. ഒടുവിൽ 2020ലാണ് ഉത്തരം കണ്ടെത്തിയത്. അതിനു സഹായിച്ചതാകട്ടെ നാസയും. അവർ ചില സെൻസറുകൾ തടാകത്തിലേക്കിറക്കി പരിശോധിച്ചു. സാറ്റലൈറ്റ് ചിത്രങ്ങളും നിരന്തരം പരിശോധിച്ചു. അങ്ങനെയാണ്, തടാകത്തിൽ മഞ്ഞുമൂടിക്കിടക്കുന്ന സമയത്ത് പലയിടത്തും മഞ്ഞുപാളികൾക്കു താഴെ ഉഷ്ണജലപ്രവാഹം രൂപപ്പെടുന്നുണ്ടെന്നു മനസ്സിലായത്.

വൃത്താകൃതിയിലാണ് ഈ പ്രവാഹം. ശരിക്കും ഒരു ചുഴി പോലെ. എന്നാൽ ചുഴിയുടെ നടുവിലേക്കു പോകും തോറും പ്രവാഹത്തിന്റെ ശക്തി കുറഞ്ഞുകൊണ്ടേയിരുന്നു. അവിടങ്ങളിലെല്ലാം, അതായത് മധ്യഭാഗത്ത്, വെള്ളത്തിനു മുകളിലെ മഞ്ഞുപാളി തണുത്തുറഞ്ഞു തന്നെ കിടന്നു. എന്നാൽ ചുഴിയുടെ ഏറ്റവും പുറംഭാഗത്ത് മഞ്ഞിനെ വരെ അലിയിക്കാൻ ശേഷിയുള്ള ഉഷ്ണജല പ്രവാഹമായിരുന്നു. എത്ര കഠിനമായ മഞ്ഞുകാലത്തും ഇത്തരത്തിൽ ചുഴി രൂപപ്പെടാൻ ഈ പ്രവാഹം കാരണമായി. ഈ ചുഴികളുള്ള ഭാഗങ്ങളിലെല്ലാം മഞ്ഞ് അതീവ ദുർബലമായിരിക്കും. ഇവയെ മഞ്ഞുപാളികൾക്കു മുകളിലൂടെ പോകുന്നവർക്കു പെട്ടെന്നു തിരിച്ചറിയാനും സാധിക്കില്ല. ആകാശത്തുനിന്നു നോക്കുമ്പോൾ മാത്രമേ ഇവയുടെ രൂപം മനസ്സിലാകൂ. ഇത്തരം റിങ്ങുകൾക്കു മുകളിലൂടെ പോകുന്ന വാഹനങ്ങൾക്കും മനുഷ്യർക്കും ‘ചുഴി’ ഭീഷണിയായി. ചുഴിയിൽപ്പെട്ടാൽ തടാകത്തിന്റെ ആഴങ്ങളിലേക്കായിരിക്കും വലിച്ചെടുക്കപ്പെടുക. ഇതു മനസ്സിലാക്കി ഗവേഷകർ ബായ്ക്കാൽ പ്രദേശത്ത് എവിടെയെല്ലാം ഐസ് റിങ്ങുകൾ രൂപപ്പെടുന്നുവെന്ന് ഓരോ നിമിഷവും പരിശോധിച്ച് ഒരു മാപ്പിൽ അപ്ഡേറ്റ് ചെയ്യുന്നുണ്ട്. അതുവഴി അപകടം മനസ്സിലാക്കുകയും ചെയ്യാം.
English Summary: Baikal the 'Galapagos of Russia' and the Mysterious Ice Rings