കൊല്ലുന്ന മെർക്കുറി നദി; ശവക്കല്ലറ തുറന്നാൽ പാഞ്ഞെത്തും വിഷം പുരട്ടിയ അസ്ത്രങ്ങള്‍

HIGHLIGHTS
  • ചൈനയുടെ ആദ്യ ചക്രവർത്തിയുടെ ചരിത്രം പഠിക്കാം, ഒപ്പം ഒരു അസാധാരണ കഥയും
the-secret-tomb-of-chinas-first-emperor-why-archeologists-are-scared-to-open-it
ചൈനയിലെ കീൻ ഷി ഹ്വാങ് രാജാവിന്റെ ടെറാക്കോട്ട ആർമിയിലെ കളിമൺ സൈനികരിലൊരാൾ. ചിത്രം: Reuters
SHARE

ആ ശവക്കല്ലറ തുറക്കുന്നവർക്കു നേരെ എവിടെനിന്നെന്നില്ലാതെ ശരങ്ങൾ പാഞ്ഞു വരും. ഒന്നോടി മാറും മുന്‍പേ, വിഷം പുരട്ടിയ അസ്ത്രങ്ങൾ അവരുടെ ജീവനെടുക്കും. അതിനെ മറികടന്നും അകത്തേക്കു പോകുന്നവരെ കാത്തിരിക്കുന്നത് മെർക്കുറിയുടെ ചെറു ‘നദി’കളാണ്. ഒഴുകിയെത്തുന്ന ആ വിഷദ്രാവകത്തിൽ കുടുങ്ങി ശേഷിക്കുന്നവരും മരിക്കും– ഏതെങ്കിലും ഒരു സിനിമയുടെ കഥയല്ല പറയുന്നത്. ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ഒരു ശവകുടീരത്തിൽ കയറിയാൽ സംഭവിക്കുന്ന കാര്യങ്ങളാണ്. ബിസി 221 മുതൽ 210 വരെ ചൈന ഭരിച്ചിരുന്ന കീൻ ഷി ഹ്വാങ് രാജാവിന്റെ ശവകുടീരത്തിലാണ് ആളെക്കൊല്ലുന്ന കെണികൾ ഒളിഞ്ഞിരിക്കുന്നത്. അതിനാൽത്തന്നെ പുരാവസ്തു ഗവേഷകർ കണ്ടെത്തി ഇത്രയേറെ വർഷം കഴിഞ്ഞിട്ടും ആ കല്ലറയിലേക്ക് ഇന്നേവരെ ഒരാൾക്കു പോലും കയറാൻ കഴിഞ്ഞിട്ടില്ല. 

quin-shi-huang-army-1
ചൈനയിലെ കീൻ ഷി ഹ്വാങ് രാജാവിന്റെ ടെറാക്കോട്ട ആർമി മ്യൂസിയത്തിൽനിന്ന്. ചിത്രം: Reuters/Charles Platiau

എന്നാൽ ഈ കല്ലറയോടു ചേർന്നുള്ള മറ്റൊരു കാഴ്ച ഏവർക്കും സുപരിചിതമാണ്. ആയിരക്കണക്കിന് സൈനികരുടെയും മൃഗങ്ങളുടെയും കളിമൺ പ്രതിമകൾ നിരന്നു നിൽക്കുന്ന ചൈനീസ് അദ്ഭുതമാണത്. 1974ൽ ഒരു കൂട്ടം കർഷകരാണ് ഷാൻഷി പ്രവിശ്യയിൽ ആ അദ്ഭുതം കണ്ടെത്തിയത്. കൃഷിക്കായി കുഴിയെടുക്കുമ്പോൾ ആദ്യം കണ്ടെത്തിയത് തലയുടെയും കൈകാലുകളുടെയുമെല്ലാം അവശിഷ്ടമായിരുന്നു. പക്ഷേ എല്ലാം കളിമൺ നിർമിതം. അധികൃതരെ വിളിച്ച് കാര്യമറിയിച്ചു. അവിടമാകെ സൂക്ഷ്മതയോടെ ഉദ്ഖനനം നടത്തിയപ്പോൾ തുറന്നതാകട്ടെ അമ്പരപ്പിക്കുന്ന ലോകവും. 

കീൻ ഷി ഹ്വാങ് രാജാവ് മരിച്ചപ്പോൾ അദ്ദേഹത്തിന്റെ കുടീരത്തിനു സമീപം നിർമിച്ചതാണ് സൈനികരുടെ കളിമണ്‍ പ്രതിമകളുടെ വലിയ നിര. ഒപ്പം കുതിരകളും മറ്റു മൃഗങ്ങളുമെല്ലാമുണ്ടായിരുന്നു. സ്വർഗത്തിലേക്കു പോകുന്ന രാജാവിന് പോരാടാൻ വേണ്ടിയായിരുന്നത്രേ ഇതെല്ലാം. അതല്ല രാജാവിന്റെ കല്ലറ സംരക്ഷിക്കാനായി നിയോഗിച്ചതാണ് അവ‌യെയെന്നും പറയപ്പെടുന്നു. സൈനികർക്കായി പലതരം ആയുധങ്ങളും കളിമണ്ണിൽ നിർമിച്ചിരുന്നു. ആദ്യം കരുതിയത്, ജീവനുള്ള മനുഷ്യനു പുറത്ത് കളിമണ്ണ് പുരട്ടിയാണ് പ്രതിമകളുണ്ടാക്കിയതെന്നായിരുന്നു. പക്ഷേ അതിന്റെ തെളിവുകളൊന്നും ലഭിക്കാതിരുന്നത് ആശ്വാസമായി. 

249 അടിയോളം ഉയരമുള്ള ഒരു പിരമിഡിനു സമാനമായ നിർമിതിക്കു താഴെയാണ് രാജാവിന്റെ കല്ലറ. അതു കണ്ടെത്തിയ കൃഷിസ്ഥലവും അവിടുത്തെ പ്രതിമകളുമെല്ലാം ചൈനീസ് പുരാവസ്തു വകുപ്പ് സ്വന്തമാക്കി. ഇന്നവിടെ ഏറെ പ്രശസ്തമായ മ്യൂസിയമാണ്. എന്നാൽ ഈ മ്യൂസിയത്തോടു ചേർന്നുള്ള കീൻ ഷി ഹ്വാങ് രാജാവിന്റെ ശവക്കല്ലറ തുറക്കാൻ മാത്രം ഗവേഷകർക്ക് ഇതുവരെ ധൈര്യമുണ്ടായിട്ടില്ല. കൃത്യമായിപ്പറഞ്ഞാൽ, കഴിഞ്ഞ 2000 വർഷമായി ഒരു മനുഷ്യക്കുഞ്ഞു പോലും കല്ലറയിലേക്കു കയറിയിട്ടില്ല. അതിനു കാരണം ചൈനീസ് ചരിത്രകാരനായ സിമ ക്വിയാൻ എഴുതിയ ചില കുറിപ്പാണ്. രാജാവിന്റെ കല്ലറയിൽ എന്തെല്ലാമാണ് ഉള്ളതെന്ന് അദ്ദേഹം എഴുതി വച്ചിട്ടുണ്ട്. അതിലാണ് കല്ലറ തുറന്നാൽ പാഞ്ഞു വരുന്ന അസ്ത്രങ്ങളും മെർക്കുറിക്കെണിയുമെല്ലാമുള്ളത്. മറ്റു പലതരം കെണികളെപ്പറ്റിയും അദ്ദേഹം വിശദമാക്കിയിട്ടുണ്ട്. 

പലപ്പോഴായി ഗവേഷകർ നടത്തിയ പരിശോധനയിലാകട്ടെ കല്ലറയ്ക്കു ചുറ്റുമുള്ള മണ്ണില്‍ അസാധാരണമാംവിധം മെർക്കുറിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇടയ്ക്ക് എക്സ് റേയ്ക്കു സമാനമായ സാങ്കേതികവിദ്യയിലൂടെ, പ്രത്യേക തരം കോസ്മിക് രശ്മികൾ കടത്തിവിട്ട് കല്ലറയുടെ ഉൾവശം പരിശോധിക്കാൻ ശ്രമം നടന്നെങ്കിലും വിജയം കണ്ടില്ല. അതേസമയം കല്ലറയ്ക്കുള്ളിലെ വസ്തുക്കളെപ്പറ്റി ഇപ്പോഴും കണ്ണഞ്ചിപ്പിക്കുന്ന കഥകളുണ്ട്. കോടിക്കണക്കിനു രൂപ മൂല്യമുള്ള ആഭരണങ്ങളും കൗതുകവസ്തുക്കളും നിറഞ്ഞതാണ് കല്ലറയെന്നാണ് പറയപ്പെടുന്നത്. സിമ ക്വിയാന്റെ കുറിപ്പിലും ഇക്കാര്യം പറയുന്നുണ്ട്. ഈ നിധി ആരും മോഷ്ടിക്കാതിരിക്കാൻ കൂടിയാണ് പലതരം കെണികൾ കല്ലറയിൽ ഒരുക്കിയിരിക്കുന്നതെന്നും പറയപ്പെടുന്നു. ഈജിപ്തിലെ മമ്മികളുടെ പിരമിഡിൽ കയറിയാൽ ഫറവോമാരുടെ ശാപമേൽക്കുമെന്നു പറയുംപോലുള്ള കഥയല്ല ചൈനയിലേത്. അവിടെ എല്ലാറ്റിനും ബലംപകരുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ട്. 

quin-shi-huang-army
ചൈനയിലെ കീൻ ഷി ഹ്വാങ് രാജാവിന്റെ ടെറാക്കോട്ട ആർമി മ്യൂസിയത്തിൽനിന്ന്. ചിത്രം: Reuters/Charles Platiau

കീൻ രാജാവിന്റെ പതിമൂന്നാം വയസ്സിൽത്തന്നെ കല്ലറയുടെ നിർമാണം ആരംഭിച്ചതായാണ് ചരിത്ര സൂചനകൾ. ആയിരക്കണക്കിനു തൊഴിലാളികള്‍ 38 വർഷത്തോളം പണിയെടുത്താണ് ഇത്രയേറെ മൂല്യമേറിയ കല്ലറ പണിതുയർത്തിയതും. ഗവേഷകർക്ക് മറ്റൊരു ആശങ്കയുമുണ്ട്– ചൈനയിലെ ഇപ്പോഴത്തെ അന്തരീക്ഷവുമായി കല്ലറയിലെ വസ്തുക്കൾ കൂടിച്ചേർന്നാൽ അവ ചിലപ്പോൾ പൊടിഞ്ഞു വരെ പോയേക്കാം. പലതിന്റെയും നിറവും ഭംഗിയും നഷ്ടപ്പെടും. 2000ത്തിലേറെ വർഷം പഴക്കമുള്ള അമൂല്യസ്വത്ത് എന്തായാലും അത്തരമൊരു കയ്യബദ്ധത്താൽ നശിപ്പിക്കാൻ അവർ ആഗ്രഹിക്കുന്നുണ്ടാകില്ല. കീൻ ഷി ഹ്വാങ് രാജാവിന്റെ കല്ലറയിലെ നിഗൂഢതകൾ ഒരു നാൾ പുറംലോകമറിയുമെന്നു തന്നെയാണ് ഗവേഷകരുടെ വിശ്വാസം. ശാസ്ത്രം അതിനൊരു വഴി കണ്ടെത്തിത്തരുമെന്നും. ദ് മമ്മി, ഇന്ത്യാന ജോൺസ് തുടങ്ങിയ ആക്‌ഷൻ സിനിമാ സീരീസുകള്‍ക്കും വിഷയമായിട്ടുണ്ട് ചൈനയിലെ ഈ ടെറക്കോട്ട പട്ടാളവും കീൻ ഷി ഹ്വാങ് രാജാവും.

English Summary: The Secret Tomb of China's First Emperor: Why Archeologists are Scared to Open it?

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS