തിമിംഗലത്തെ അടിച്ചു കൊല്ലും, കടലിലെ ക്രൂരൻ; 9 വയസ്സുകാരിക്ക് കിട്ടിയത് ‘അദ്ഭുതപ്പല്ല്

HIGHLIGHTS
  • നട്ടെല്ലുള്ള ജീവികളെപ്പറ്റി (vertebrate) പഠിക്കുമ്പോൾ അറിഞ്ഞിരിക്കാം ഈ കൗതുകഭീമന്റെയും കഥ
nine-year-old-finds-megalodon-tooth-what-is-so-special-about-it
താൻ കണ്ടെത്തിയ മെഗലഡോണിന്റെ പല്ലുമായി മോളി.
SHARE

‘മോൾക്ക് എന്താണ് ഇത്തവണ ക്രിസ്മസ് സമ്മാനമായി വേണ്ടത്..?’

മോളി സാംസനെന്ന ഒൻപതു വയസ്സുകാരിയോടായിരുന്നു അച്ഛൻ ബ്രൂസിന്റെയും അമ്മ അലീഷ്യയുടെയും ചോദ്യം. ഒട്ടും ആലോചിക്കേണ്ടി വന്നില്ല മോളിക്ക്. ആ കുട്ടി പറഞ്ഞു– ‘എനിക്കൊരു വേഡർ മതി’. ബാക്കിയെല്ലാവരും വമ്പൻ സമ്മാനങ്ങൾ ചോദിക്കുമ്പോഴാണ് മോളിയുടെ ഇത്തരമൊരു ‘സിംപിൾ’ ആവശ്യം. ഏതു കൊടുംതണുപ്പിലും വെള്ളത്തിലേക്കിറങ്ങിയാൽ ശരീരത്തിന് ഒട്ടും തണുപ്പേൽക്കാതിരിക്കാൻ സഹായിക്കുന്നതാണ് വേഡർ ഡ്രസ്. എന്തായാലും മാതാപിതാക്കൾ മോളിക്ക് അതുതന്നെ വാങ്ങിക്കൊടുത്തു. അതും ധരിച്ച് അവൾ നേരെ പോയത് യുഎസിലെ മേരിലാൻഡിലെ വീടിനടുത്തുള്ള കടൽ തീരത്തേക്കാണ്. കൊടുംതണുപ്പായിട്ടും വേഡർ ധരിച്ച് മോളി സിംപിളായി കടലിലേക്കിറങ്ങി. തിരിച്ചു കയറിയത് ഒരുഗ്രൻ കണ്ടെത്തലുമായിട്ടായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്രാവിന്റെ പല്ലുമായിട്ടായിരുന്നു ആ വരവ്. 

megalodon-jaw-2
കടൽത്തീരത്തുനിന്നു കണ്ടെത്തിയ മെഗലഡോണിന്റെ പല്ലുമായി മോളി.

ഏകദേശം 12 സെന്റിമീറ്ററായിരുന്നു ആ പല്ലിന്റെ വലുപ്പം. ഇത്രയും വലിയ പല്ലുള്ള സ്രാവുകൾ നിറഞ്ഞ കടലിലേക്കാണോ മോളി ഇറങ്ങിപ്പോയത് എന്ന് അന്തംവിടാൻ വരട്ടെ. മോളിക്കുട്ടി കണ്ടെത്തിയ ആ പല്ലിന്റെ ഉടമ ഇപ്പോൾ ഈ ലോകത്തുതന്നെയില്ല. മെഗലഡോൺ എന്ന പ്രാചീന കാല സ്രാവിന്റെയായിരുന്നു ആ പല്ല്. അതിന്റെ വലുപ്പമാകട്ടെ ഏകദേശം 50 അടി നീളം കാണും. ലക്ഷക്കണക്കിനു വർഷം മുൻപ് ഭൂമിയിലെ കടലുകളെ വിറപ്പിച്ചു വാണിരുന്ന ഭീകരനാണ് ഈ സ്രാവ്. 

മേരിലാൻഡിലെ കടൽത്തീരത്തുനിന്ന് പലതരത്തിലുള്ള സ്രാവുകളുടെ പല്ലുകൾ നേരത്തേയും കിട്ടിയിട്ടുണ്ട്. നാനൂറോളം പല്ലുകൾ മോളി തന്നെ കണ്ടെത്തിയിട്ടുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും ബെസ്റ്റായിരുന്നു ഇത്. മോളിയും ചേച്ചിയും അച്ഛനുമെല്ലാം ഇത്തരത്തിൽ ഫോസിൽ വേട്ടക്കാരാണ്. കടൽത്തീരത്തെ ഈ തിരച്ചിലിലൂടെ ഒരേസമയം ജീവശാസ്ത്ര പാഠങ്ങളും പഠിക്കാം, ഉഗ്രൻ ഹോബിയുമാണ്. അതുകൊണ്ടാണ് അച്ഛൻ ബ്രൂസിനൊപ്പം സമയം കിട്ടുമ്പോഴെല്ലാം മോളിയും ചേച്ചി നതാലിയും കടൽത്തീരത്തേക്ക് ഓടുന്നത്. തനിക്കു കിട്ടിയ പല്ലിന്റെ വലുപ്പം കണ്ടപ്പോൾതന്നെ മോളി സന്തോഷംകൊണ്ട് തുള്ളിച്ചാടുകയായിരുന്നു. തനിക്കു കിട്ടിയ ഫോസിൽ പല്ല് മേരിലാൻഡിലെ കാൾവെർട്ട് മറൈൻ മ്യൂസിയത്തിലേക്കാണ് മോളി നൽകിയത്. അവർ അത് മെഗലഡോണിന്റെയാണെന്ന് ഉറപ്പാക്കുകയും ചെയ്തു. പല്ല് മ്യൂസിയത്തിലാണെങ്കിലും എപ്പോൾ വേണമെങ്കിലും അതു വന്ന് കാണാനുള്ള അനുവാദം നൽകിയിട്ടുണ്ട് മോളിക്ക്. സന്തോഷിക്കാൻ വേറെന്തു വേണമല്ലേ? 

ഇനി മെഗലഡോണിനെപ്പറ്റി കുറച്ച് കാര്യങ്ങൾ. ‘ദ് മെഗ്’ എന്ന സിനിമയിലൂടെ കുട്ടികൾക്കുൾപ്പെടെ സുപരിചിതമാണ് മെഗലഡോൺ. പ്രാചീന കാലത്തെ ഒരു വമ്പൻ സ്രാവ് കടലിന്റെ ആഴങ്ങളിൽ ഒളിച്ചിരുന്ന് മനുഷ്യരെ ആക്രമിക്കുന്നതാണ് 2018ലിറങ്ങിയ ‘ദ് മെഗി’ന്റെ കഥ. 1843ൽ, സ്വിസ് നാച്വറലിസ്റ്റ് ലൂയി അഗാസിയാണ് ഈ വമ്പൻ സ്രാവിന് അതിന്റെ ശാസ്ത്രീയനാമമായ കാർക്കേറൊഡോൺ മെഗലഡോൺ നൽകിയത്. വമ്പൻ പല്ല് എന്നാണ് മെഗലഡോൺ എന്ന വാക്കിന്റെ അർഥം. സത്യം പറഞ്ഞാൽ മെഗലഡോണിന് എത്ര വലുപ്പമുണ്ടെന്നത് ഇന്നേവരെ കൃത്യമായി കണ്ടെത്താൻ ഗവേഷകര്‍ക്കു സാധിച്ചിട്ടില്ല. ആ സ്രാവിന്റെ പൂർണമായ ഒരു ഫോസിൽ അസ്ഥികൂടം ഇന്നേവരെ കിട്ടിയിട്ടില്ല എന്നതാണു കാരണം. ആകെ കിട്ടിയിരിക്കുന്നത് നട്ടെല്ലിന്റെയും ത്രികോണാകൃതിയിലുള്ള പല്ലുകളുടെയും ഫോസിലാണ്. അതുപയോഗിച്ചാണ് നിലവിലെ ഏകദേശം രൂപം തയാറാക്കിയെടുത്തത്. സ്രാവിനു പേരിട്ട് ഒരു നൂറ്റാണ്ടു കഴിഞ്ഞിട്ടും മെഗലഡോണിന്റെ രൂപമെന്തായിരുന്നുവെന്ന് ആലോചിച്ച് തല പുണ്ണാക്കുകയാണ് ഗവേഷകരെന്നു ചുരുക്കം. 

megalodon-jaw-1
മെഗലഡോണിന്റെ പല്ല് കാൾവെർട്ട് മറൈൻ മ്യൂസിയത്തിനു മോളി കൈമാറിയപ്പോൾ.

പ്രശസ്ത ഫോസിൽ ‘വേട്ടക്കാരൻ’ വിറ്റൊ ബെർട്ടൂച്ചിയാണ് ലോകത്തിലാദ്യമായി ഒരു മെഗലഡോണിന്റെ താടിയെല്ല് പുനഃസൃഷ്ടിച്ചത്. പലയിടത്തുനിന്നായി അദ്ദേഹം ശേഖരിച്ച 182 ഫോസിൽ പല്ലുകൾ ചേർത്തു വച്ചായിരുന്നു അത്. യുഎസിലെ ലോങ് ഐലൻഡ് സ്വദേശിയായ അദ്ദേഹം ആ പല്ലുകൾ തേടി അലഞ്ഞത് 20 വർഷത്തോളമാണ്. എന്തായാലും കഷ്ടപ്പാട് ഫലം കണ്ടു. ഇന്ന് ‘ദ് മെഗലഡോൺ മാൻ’ എന്നാണ് ബെർട്ടൂച്ചിയെ ലോകം വിളിക്കുന്നത്. 2004ൽ അദ്ദേഹം അന്തരിച്ചു. ബെർട്ടൂച്ചി തയാറാക്കിയ മെഗലഡോണിന്റെ താടിയെല്ലിന് വിലങ്ങനെ 11 അടിയായിരുന്നു നീളം. അതിന്റെ ഉയരമാകട്ടെ 9 അടിയും. അതായത് ഒരു മനുഷ്യൻ വരെ സിംപിളായി ആ വായ്ക്കകത്തേക്ക് കയറിപ്പോകും! ഈ താടിയെല്ലു വച്ച് ഇടിച്ചാണ് തിമിംഗലങ്ങളെ വരെ മെഗലഡോൺ വേട്ടയാടിയിരുന്നത്.

English Summary: Nine Year Old Finds Megalodon Tooth; What is So Special About it?

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS