ഇന്ത്യയിൽനിന്ന് ബ്രിട്ടിഷുകാർ കടത്തിക്കൊണ്ടു പോയ ഏറ്റവും വിലയേറിയ വസ്തു എന്തായിരിക്കും? കോഹിനൂർ രത്നമാണെന്ന് യാതൊരു സംശയവും കൂടാതെ പറയാം. എന്നാൽ ബ്രിട്ടിഷുകാർ ഇന്ത്യയിൽനിന്നു കടത്തിയ ഏറ്റവും വലിയ പുരാവസ്തു എന്തായിരിക്കും? ഒരൊറ്റ ഉത്തരമേയുള്ളൂ അതിന്. അമരാവതിയിലെ വെൺശിലകൾ (Amaravati Marbles). വലുപ്പമേറിയ വസ്തുക്കളായതിനാൽത്തന്നെ ഇന്ത്യയിൽനിന്ന് ബ്രിട്ടിഷുകാർ നടത്തിയ ‘ഏറ്റവും വലിയ’ കള്ളക്കടത്ത് എന്ന വിശേഷണവും ഈ ശിലകളുടെ മോഷണത്തിനുണ്ട്. എന്താണ് അമരാവതിയിലെ ശിലാഫലകങ്ങൾ? എങ്ങനെയാണ് വമ്പനൊരു സ്തൂപം അഥവാ നിർമിതി അൽപാൽപമായി പൊളിച്ചെടുത്ത് ബ്രിട്ടിഷുകാർ ലണ്ടനിലേക്കു കടത്തിയത്?
ബുദ്ധമതത്തിന്റെ പാതയിലേക്കു മാറിയ അശോക ചക്രവർത്തി തന്റെ മൗര്യ സാമ്രാജ്യത്തിനു കീഴെ ഒട്ടേറേ സ്തൂപങ്ങൾ നിർമിച്ചിരുന്നു. ബുദ്ധമത പ്രചാരണത്തിനു വേണ്ടിയായിരുന്നു ഈ സ്തൂപങ്ങളെല്ലാം. ബിസി മൂന്നാം നൂറ്റാണ്ടിൽ, ഇന്നത്തെ ആന്ധ്ര പ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ അമരാവതിയിലും അത്തരമൊരു സ്തൂപം ഉയർന്നു. താഴികക്കൂടം പോലെ ഉയർന്ന ഭാഗമുള്ള വലിയ നിർമിതിയായിരുന്നു സ്തൂപം എന്നറിയപ്പെട്ടിരുന്നത്. കാഴ്ചയിൽ ഒരു കുന്നു പോലെ തോന്നിപ്പിക്കും. എന്നാൽ പലതരം ശിൽപങ്ങളും കൊത്തുപണികളുംകൊണ്ടു നിറഞ്ഞിരിക്കും സ്തൂപത്തിലെ ശിലകളെല്ലാം. ചില സ്തൂപങ്ങൾ ചുണ്ണാമ്പുകല്ലുകൊണ്ടായിരുന്നു നിർമിച്ചിരുന്നത്. അമരാവതിയിലേത് ഇത്തരത്തിലുള്ള വെൺശിലയായിരുന്നു ഏറെയും. ശിൽപഭംഗികൊണ്ട് ഇന്നും അദ്ഭുതപ്പെടുത്തുന്നതാണ് ഈ ശിലകൾ. അത്രയേറെ മനോഹരമാണ് കൊത്തുപണികൾ.

എഡി പതിനാലാം നൂറ്റാണ്ടു വരെ അമരാവതി സ്തൂപം ബുദ്ധസന്യാസിമാരുടെ കേന്ദ്രമായിരുന്നു. എന്നാല്‍ കാലക്രമേണ ഇതു തകർന്നടിഞ്ഞ്, കാടുകയറി, മണ്ണോടു ചേർന്നു. ആരുമറിയാതെ കിടന്ന ഈ സ്തൂപം 1796ലാണ് പിന്നീട് കണ്ടെത്തുന്നത്. ചിന്റപ്പള്ളി നാട്ടുരാജ്യത്തെ രാജാവിന്റെ അനുചരന്മാർ ക്ഷേത്ര നിർമാണത്തിനു വേണ്ടി കാടു വെട്ടിത്തെളിക്കുന്നതിനിടെ വെൺഫലകങ്ങൾ ശ്രദ്ധയിൽപ്പെടുകയായിരുന്നു. പ്രദേശമാകെ വൃത്തിയാക്കിയെടുത്തപ്പോൾ ഇത്തരത്തിലുള്ള ഒട്ടേറെ ശിലകൾ കണ്ടെത്തി. ക്ഷേത്ര നിർമാണത്തില്‍ അവ ഉപയോഗിക്കുകയും ചെയ്തു.
ഈ സംഭവം നാട്ടിലാകെ പരന്നു. 1797ല്‍ കോളിൻ മക്കെൻസി എന്ന സൈനികോദ്യോഗസ്ഥൻ അങ്ങനെയാണ് അവിടെയെത്തുന്നത്. അദ്ദേഹവും ഈ അവശിഷ്ടങ്ങൾ വിശദമായി പരിശോധിച്ചു. അങ്ങനെയാണ് അതൊരു സ്തൂപത്തിന്റെ അവശിഷ്ടമാണെന്നു തിരിച്ചറിഞ്ഞത്. ഒരു കുന്നുപോലെ തോന്നിച്ചതിനാൽത്തന്നെ ‘വിളക്കുകളുടെ കുന്ന്’ എന്നായിരുന്നു അമരാവതി സ്തൂപത്തെ മക്കെന്‍സി വിശേഷിപ്പിച്ചത്. ദൈവത്തിന്റെ വാസസ്ഥാനമെന്നായിരുന്നു മറ്റൊരു പേര്. അമരാവതി സ്തൂപത്തിന്റെ സ്കെച്ചുകൾ തയാറാക്കി, അവയെപ്പറ്റിയുള്ള പരമാവധി വിവരങ്ങൾ മക്കെൻസി രേഖപ്പെടുത്തി. എന്നാൽ അതൊന്നും ഔദ്യോഗികമാക്കി സൂക്ഷിച്ചിരുന്നില്ല.
പിന്നീട് 1816ലാണ് അദ്ദേഹം തിരിച്ചു വരുന്നത്. അവിടെനിന്നുള്ള വെൺഫലകങ്ങൾ കൊണ്ടുപോകുകയായിരുന്നു ലക്ഷ്യം. കുറേ ഫലകം ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാളിനു കൈമാറി. ഇന്ത്യ ഉൾപ്പെടെയുള്ള പൗരസ്ത്യ രാജ്യങ്ങളുടെ ചരിത്രവും ഭാഷയുമെല്ലാം പഠിക്കാനായി 1784ൽ സർ വില്യം ജോൺസ് രൂപീകരിച്ചതാണ് ഈ സൊസൈറ്റി. ഇവിടേക്കു നൽകിയ ഫലകങ്ങൾ കൂടാതെ ഒട്ടേറെ ശിലകളും ശിൽപങ്ങളും മക്കെൻസി ലണ്ടനിലേക്കും കടത്തി. ഈ ഫലകങ്ങളുടെ വിവരങ്ങൾ ഔദ്യോഗികമായി രേഖപ്പെടുത്താത്തതിനാൽത്തന്നെ ഇന്ത്യയുടെ നഷ്ടത്തിന്റെ തോത് ഇപ്പോഴും അവ്യക്തമാണ്.

1830ൽ മസൂലി പട്ടണം കലക്ടറായിരുന്ന എഫ്.ഡബ്ല്യു. റോബട്സണിന്റേതായിരുന്നു അടുത്ത ഊഴം. അമരാവതിയിൽനിന്ന് അദ്ദേഹം ചില ശില്‍പങ്ങളും ഫലകങ്ങളും കണ്ടെടുത്തു. അവയിൽ 33 എണ്ണം ചന്തയിൽ വിൽപനയ്ക്കു വച്ചു. ബ്രിട്ടിഷ് ഓഫിസറായിരുന്നു ആർ.അലക്സാണ്ടർ അതിൽ ചിലത് വാങ്ങിയത് പൂന്തോട്ടം മോടിപിടിപ്പിക്കാനായിരുന്നു. അവയ്ക്ക് എന്തു സംഭവിച്ചുവെന്നത് ഇന്നും അജ്ഞാതമായ കാര്യം. പിന്നീടാണ് ഗുണ്ടൂർ കമ്മിഷണറായ സർ വാൾട്ടർ ഏലിയട്ടിന്റെ വരവ്. പുരാവസ്തുക്കളെപ്പറ്റി മക്കെൻസിയെപ്പോലെ യാതൊരു പിടിയുമില്ലാത്ത ആളായിരുന്നു ഏലിയട്ട്. പക്ഷേ വിശേഷപ്പെട്ടതെന്തോ ആണ് അമരാവതിയിലുള്ളതെന്ന് അദ്ദേഹത്തിനു മനസ്സിലായി. അങ്ങനെ 1845ൽ പ്രദേശമാകെ ഉഴുതുമറിച്ചു ഏലിയട്ട്.
സ്തൂപത്തിന്റെ പടിഞ്ഞാറെ വാതിൽ കണ്ടെത്തുന്നത് ആ തിരച്ചിലിലാണ്. 1860 ആയപ്പോഴേക്കും നൂറിലേറെ ശിൽപങ്ങളും വെൺഫലകങ്ങളും ലണ്ടനിലേക്കു കടത്തിക്കഴിഞ്ഞിരുന്നു ഏലിയട്ട്. ഇവയാണ് ഇന്നും ബ്രിട്ടിഷ് മ്യൂസിയത്തിലുള്ളത്. ഏലിയട്ട് മാർബിൾസ് എന്നൊരു പേരും ഇവയ്ക്കുണ്ട്. ഈ പേരിനു പിന്നിലും ഒരു കഥയുണ്ട്. എൽഗിൻ മാർബിൾസ് എന്നു കേട്ടിട്ടുണ്ടോ? ഗ്രീസിലെ പാർഥിനോൺ ക്ഷേത്രത്തിൽനിന്നുൾപ്പെടെ ബ്രിട്ടിഷുകാർ കടത്തിക്കൊണ്ടുപോയ ശിൽപങ്ങള്‍ക്കും വെൺശിലകൾക്കും പൊതുവായി പറയുന്ന പേരാണിത്. എൽഗിനിലെ പ്രഭുവായിരുന്ന തോമസ് ബ്രൂസ് ആയിരുന്നു ഏതൻസിൽനിന്ന് ഇവ ലണ്ടനിലേക്ക് കടത്തിയത്. അങ്ങനെ അവയ്ക്ക് എൽഗിൻ വെൺഫലകങ്ങളെന്ന പേരും കിട്ടി. ഇതേ മാതൃകയില്‍, അമരാവതിയിൽനിന്ന് കടത്തിയ വെൺഫലകങ്ങൾക്ക് ഏലിയട്ടിന്റെ പേരും കിട്ടി.
ബ്രിട്ടിഷ് സർവേയറായിരുന്ന ജയിംസ് ഫെർഗൂസൻ അമരാവതി ഫലകങ്ങൾ പാരിസിൽ പ്രദർശിപ്പിച്ചതോടെ രാജ്യാന്തരതലത്തിലും ഇത് ശ്രദ്ധിക്കപ്പെട്ടു. അതിനിടെ റോബർട്ട് സീവെൽ എന്ന കലക്ടറും തന്നെക്കൊണ്ടാകും വിധം ശിൽപങ്ങളും മറ്റും അമരാവതിയില്‍നിന്നു കടത്തി. പ്രദേശത്തു നടന്ന ഉദ്ഖനനത്തിനൊടുവിൽ ബാക്കി വന്നവയായിരുന്നു അതെല്ലാം. കുറേയെല്ലാം മദ്രാസ് മ്യൂസിയത്തിനും കൈമാറി. 1880ൽ നടത്തിയ ഒരു പരിശോധനയിൽ പക്ഷേ ലഭിച്ചത് വിലപ്പെട്ട ഒന്നായിരുന്നു. ഒരു ചെറിയ പേടകത്തിൽ പല്ലും ഏതാനും എല്ലുകളുമായിരുന്നു അത്. കലക്ടറായിരുന്ന ജെ.ജി.ഹോർസ്‌ഫാളിനായിരുന്നു അവ ലഭിച്ചത്. സ്തൂപങ്ങളിൽ ശ്രീബുദ്ധന്റെ മൃതദേഹാവശിഷ്ടങ്ങളോ അദ്ദേഹം ഉപയോഗിച്ച വസ്തുക്കളോ വയ്ക്കുന്നതായിരുന്നു അശോക ചക്രവർത്തിയുടെ രീതി. അമരാവതിയിൽ ലഭിച്ചത് അത്തരത്തിൽ എന്തെങ്കിലുമാണോയെന്നു പോലും അറിയാത്ത വിധം അവയും നഷ്ടപ്പെട്ടു പോയി.
പക്ഷേ 1882 ആയപ്പോഴേക്കും അമരാവതി സ്തൂപത്തിൽനിന്നുള്ള മോഷണത്തിന് അവസാനമായി. ഇന്ത്യയിലെ പുരാതന സ്മാരകങ്ങളുടെ ക്യുറേറ്റർ ആയിരുന്ന എച്ച്.എച്ച്.കോൾ ആണ് അതിലേക്കു വഴിതെളിച്ചത്. ഈ സ്തൂപം സംരക്ഷിക്കേണ്ടതിന്റെ ആവശ്യം അദ്ദേഹം ബ്രിട്ടിഷ് സർക്കാരിനു മുന്നിൽ സമർപ്പിച്ചു. അതു ഫലം കണ്ടു. സ്തൂപത്തിനു സമീപം ഒരു ചെറിയ മ്യൂസിയം നിർമിച്ച് ശേഷിച്ച ശിൽപങ്ങളും ഫലകങ്ങളും അവിടേക്കു മാറ്റി. ഇന്നും ആ മ്യൂസിയം അവിടെയുണ്ട്. ഇന്ന് ആന്ധ്രയിലെ പ്രശസ്തമായ ടൂറിസം കേന്ദ്രം കൂടിയാണ് അമരാവതി. ബ്രിട്ടിഷുകാർ മോഷ്ടിച്ചുകൊണ്ടുപോയ അമരാവതി വെൺഫലകങ്ങൾ തിരികെ തരണമെന്ന ആവശ്യം ഇപ്പോഴും ഉയരുന്നുണ്ട്. പക്ഷേ ബ്രിട്ടിഷ് മ്യൂസിയത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായ അവ തിരിച്ചുതരുന്നതിനെപ്പറ്റി ഇന്നേവരെ ബ്രിട്ടൻ ഒരക്ഷരം പോലും മിണ്ടിയിട്ടില്ലെന്നു മാത്രം.
Content Highlight: The Greatest British Robbery | Amaravati Marbles | British antiquities smuggler | Amaravati tablets | Amaravati sculptures | British Museum | MKid