ADVERTISEMENT

വാഹനമിടിച്ചു മരിച്ചു, വിമാനാപകടത്തിൽ മരിച്ചു, ട്രെയിനിടിച്ചു മരിച്ചു... സങ്കടപ്പെടുത്തുന്ന ഒട്ടേറെ മരണ വാർത്തകൾ കേൾക്കാം ദിവസവും. എന്നാൽ ‘ഉൽക്കയിടിച്ചു’ മരിച്ചു എന്ന വാർത്ത ഇന്നേവരെ ആരും കേട്ടിട്ടില്ല. ബഹിരാകാശത്തുനിന്നു ഭൂമിയിലേക്കെത്തുന്ന ഉൽക്കകളിൽ ഏറെയും ആകാശത്തുതന്നെ കത്തിത്തീരുകയാണു പതിവ്. ചിലതു മാത്രം ഭൂമിയിൽ പതിക്കും. അതിലേറെയും കടലിലോ തടാകങ്ങളിലോ ഒക്കെയായിരിക്കും. മനുഷ്യർക്ക് ജീവഹാനിയുണ്ടാക്കിയ ഉൽക്കാപതനം ഇന്നേവരെ രേഖപ്പെടുത്തിയിട്ടില്ല. പക്ഷേ ലോകത്ത്  ആദ്യമായി ഉൽക്ക പതിച്ചു മരിച്ച ഒരാളുടെ കാര്യം ചരിത്രത്തിൽ രേഖപ്പെടുത്തിയത് അടുത്തിടെ ചരിത്രഗവേഷകർ കണ്ടെത്തിയതു വൻ സംഭവമായി. 

132 വർഷം മുൻപായിരുന്നു ആ അമ്പരപ്പിക്കുന്ന മരണം സംഭവിച്ചത്. കൃത്യമായിപ്പറഞ്ഞാൽ 1888 ഓഗസ്റ്റ് 22ന്. തുർക്കിയിലെ സ്റ്റേറ്റ് ആർക്കൈവിൽ സൂക്ഷിച്ച ചരിത്രരേഖകളിൽനിന്നായിരുന്നു ഇതു സംബന്ധിച്ച വിവരം ലഭിച്ചത്. 1914ലെ ഒന്നാം ലോകമഹായുദ്ധത്തിനു മുന്‍പ് ഒട്ടോമൻ സാമ്രാജ്യത്തിനു കീഴിലായിരുന്നു ഇന്നത്തെ ഇറാഖും തുർക്കിയും ഉൾപ്പെടെയുള്ള പല രാജ്യങ്ങളും. ഇറാഖിലെ കുർദിസ്ഥാൻ മേഖലയിലായിരുന്നു ഉൽക്കാപതനം. ഇതിനു കിഴക്കായുള്ള സുലൈമാനിയ പ്രദേശത്ത് ഒരാൾ ഉൽക്ക പതിച്ചു മരിക്കുകയും മറ്റൊരാൾക്കു പരുക്കേൽക്കുകയും ചെയ്തുവെന്നായിരുന്നു രേഖയിലെ വിവരം. ലോകത്ത് ആദ്യമായി ഒരാൾ ഉൽക്ക പതിച്ചു മരിച്ചതിന്റെ ഔദ്യോഗിക രേഖ കൂടിയായി അത്. 

എന്നാൽ ഈയൊരൊറ്റ സംഭവം മാത്രമല്ല ഇത്തരത്തിലുണ്ടായതെന്നാണു രേഖയിലെ വിവരങ്ങൾ സൂചിപ്പിക്കുന്നത്. അതിനാൽത്തന്നെ ആർക്കൈവിലെ മറ്റു ഫയലുകളും പരിശോധിക്കാനിരിക്കുകയാണു ഗവേഷകർ. ഓരോ ദിവസവും ദശലക്ഷക്കണക്കിന് ഉൽക്കകൾ ഭൂമിയിലേക്കു പതിക്കുന്നുണ്ടെന്നാണു കണക്ക്. ഭൂമിയുടെ അന്തരീക്ഷവുമായുള്ള ഘർഷണത്തിൽ ഇവ കത്തിത്തീരുകയാണു പതിവ്. ഉൽക്കകളെപ്പറ്റിയുടെ നാസയുടെ കണക്കുകൾ പ്രകാരം 1988 മുതൽ ഏകദേശം 822 ഉൽക്കകൾ കത്തിത്തീരാതെ ഭൗമോപരിതലത്തിനു തൊട്ടുമുകളിലെത്തി ചിതറിത്തെറിച്ചിണ്ട്. 2013ൽ റഷ്യയിലുണ്ടായ ഒരു പൊട്ടിത്തെറിയിൽ ഏകദേശം 654 കിലോഗ്രാം ഭാരമുള്ള ഉൽക്കാശിലകളാണു ഭൂമിയിൽ പതിച്ചത്. അന്നുപക്ഷേ ആർക്കും ജീവഹാനിയുണ്ടായില്ല. 2016ൽ ഇന്ത്യയിൽ ഒരാൾ മരിച്ചത് ഉൽക്ക പതിച്ചാണെന്നു വാദമുണ്ടായെങ്കിലും നാസയുടെ പരിശോധനയിൽ അല്ലെന്നു തെളിഞ്ഞിരുന്നു. 

1954ൽ യുഎസിലെ അലബാമയിൽ വീട് തകർത്ത് പതിച്ച ഉൽക്കാശില ഇടുപ്പിൽകൊണ്ട് ആൻ ഹോജസ് എന്ന യുവതിക്ക് പരുക്കേറ്റിരുന്നു. ലോകത്ത് ഉൽക്ക പതിച്ച് മനുഷ്യനു പരുക്കേറ്റതായി രേഖപ്പെടുത്തിയ ഒരേയൊരു സംഭവവും ഇതാണ്. അന്ന് ആനിന്റെ മുറിയിൽനിന്ന് ഉൽക്ക കണ്ടെത്തുകയും ചെയ്തു. ദിവസവും കുറഞ്ഞത് 17 ഉൽക്കകളെങ്കിലും ഭൗമോപരിതലത്തില്‍ പതിക്കുന്നുണ്ടെന്നാണു ഗവേഷകർ പറയുന്നത്. അതിനാൽത്തന്നെ ഇക്കാലത്തിനിടയ്ക്കു പലപ്പോഴായി പലരും ഉൽക്കാപതനത്തിൽ മരിച്ചിരിക്കാനും സാധ്യതയുണ്ട്. ഇക്കാര്യം എവിടെയും രേഖപ്പെടുത്തിയിട്ടില്ലെന്നു മാത്രം. ഈ സാഹചര്യത്തിലാണ് തുർക്കിയിൽനിന്നു ലഭിച്ച രേഖ പ്രസക്തമാകുന്നത്. 

വായിച്ചെടുക്കാൻ പ്രയാസമേറിയ ഒട്ടോമൻ ടർക്കിഷ് ഭാഷയിലായിരുന്നു മൂന്നു രേഖകൾ. അടുത്തിടെ ഡിജിറ്റലായി ഇവ സംരക്ഷിക്കുന്നതിന്റെ ഭാഗമായി വിവർത്തനത്തിനു വിധേയമാക്കിയപ്പോഴായിരുന്നു ‘ഉൽക്കാമരണ’ത്തിന്റെ വിവരം ലഭിക്കുന്നത്. പ്രാദേശിക ഭരണകൂടം അബ്ദുൽ ഹാമിദ് രണ്ടാമൻ സുൽത്താന് കൈ കൊണ്ടെഴുതി അയച്ച കത്തിലായിരുന്നു മരണത്തിന്റെ വിവരങ്ങൾ. ഒട്ടോമൻ സാമ്രാജ്യത്തിന്റെ 34–ാം സുൽത്താനായിരുന്നു അദ്ദേഹം. ‘1888 ഓഗസ്റ്റ് 22ന് രാത്രി 8.30ന് ആകാശത്ത് അസാധാരണമായ തീഗോളം കണ്ടു. അതിനു പിന്നാലെ മഴ പെയ്യുന്നതു പോലെ ആകാശത്തുനിന്ന് എന്തൊക്കെയോ വീണുകൊണ്ടേയിരുന്നു. പത്തുമിനിറ്റോളം ഇത് തുടർന്നു. ഗ്രാമത്തിലെ ഒരാൾ ആ ശിലാപതനത്തിൽ മരിച്ചു, ഒരാൾക്കു ഗുരുതര പരുക്കേറ്റു. ഒട്ടേറെ വിളകളും നശിച്ചു...’ കത്തിൽ പറയുന്നു. എവിടെനിന്നാണ് ഉൽക്ക വന്നത്, എത്രമാത്രം വേഗത്തിലാണു വന്നത്, എത്ര വലുപ്പമുണ്ടായിരുന്നു? ഒന്നും ഗവേഷകർക്കറിയില്ല. 

കത്തിലെ ഏകദേശ വിവരങ്ങളനുസരിച്ച് തെക്കുകിഴക്കൻ ഭാഗത്തുനിന്നായിരുന്നു ഉൽക്കയുടെ വരവെന്ന് ഗവേഷകർ ഊഹിച്ചെടുത്തു. സുലൈമാനിയയിലെ പിരമിഡ് ആകൃതിയിലുള്ള ഒരു കുന്നിനു മുകളിലായിരുന്നു ഉൽക്കമഴ. സർക്കാർ രേഖയായതിനാൽത്തന്നെ ഇതിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യേണ്ടതില്ലെന്നു ഗവേഷകർ പറയുന്നു. കത്തിന് സുൽത്താൻ എന്തു മറുപടിയാണു നൽകിയതെന്നും വ്യക്തമല്ല. ഇതിന്മേലുള്ള വിശദീകരണം മറ്റു ഫയലുകളിലുണ്ടാകുമെന്നാണു കരുതുന്നത്. ഇംഗ്ലിഷിലല്ലാതെയുള്ള മറ്റു ചരിത്രരേഖകളും വിശദമായി വായിച്ചു മനസ്സിലാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നതെന്നും ഗവേഷകർ പറയുന്നു. ഈ സാഹചര്യത്തിൽ ലോകമെമ്പാടുമുള്ള ചരിത്രകാരന്മാരും ലേബ്രേറിയന്മാരും വിവർത്തകരുമെല്ലാം ചേർന്ന് ഒരു പ്രോജക്ട് തയാറാക്കേണ്ടതാണെന്നും ‘മീറ്റിയോറിറ്റിക്സ് ആൻഡ് പ്ലാനറ്ററി സയൻസ്’ ജേണലിലെ പഠനത്തിൽ നിർദേശിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com