ADVERTISEMENT

കൂട്ടുകാർ അങ്കോർ വാട്ട് എന്നു കേട്ടിട്ടില്ലേ? ചരിത്ര പുസ്തകങ്ങളിൽ പഠിച്ചിട്ടുമുണ്ടാകും. ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയമാണിത്. ഏകദേശം 400 ഏക്കറിൽ പരന്നു കിടക്കുന്ന ഈ ക്ഷേത്രം കംബോഡിയയിലെ അങ്കോറിലാണു സ്ഥിതി ചെയ്യുന്നത്. പ്രാദേശിക ഭാഷയിൽ ‘വാട്ട്’ എന്നു പറഞ്ഞാൽ ക്ഷേത്രം. അങ്കോറിലെ ഈ ക്ഷേത്രം ഒരു കാലത്ത് ഖമേ (khmer) രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു. എഡി 802ലാണ് ഖമേ രാജവംശത്തിന്റെ തുടക്കമെന്നാണു കരുതുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിലാണ് സൂര്യവർമന്‍ രണ്ടാമൻ രാജാവ് അങ്കോർ വാട്ട് ക്ഷേത്രം നിർമിക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ടിൽ അങ്കോറിന്റെ തകർച്ചയോടെ രാജവംശവും ഇല്ലാതായി. 

600 വർഷത്തിലേറെക്കാലം സകല പ്രൗഢിയോടെയും നിന്ന് എപ്രകാരമാണ് ഈ രാജവംശം തകർന്നടിഞ്ഞതെന്ന് പുരാവസ്തു ഗവേഷകർക്ക് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്. എഡി 1431ൽ തായ്‌ലൻഡ് സൈന്യം നടത്തിയ ആക്രമണമാണ് അങ്കോറിനെ തകർത്തതെന്നാണ് ഒരു വാദം. എന്നാൽ അങ്കോറിന്റെ തകർച്ചയ്ക്കു കാരണം രാജവംശം നടപ്പാക്കിയ പരിഷ്കാരങ്ങൾ തന്നെയാണെന്നാണ് അടുത്തിടെ  പ്രസിദ്ധീകരിച്ച ബ്രിട്ടിഷ്–ഫ്രഞ്ച് ഗവേഷകരുടെ പഠനം പറയുന്നത്. അങ്കോറിലെ കൃഷിക്കാരുടെ ഭൂമി പിടിച്ചെടുത്ത് നടപ്പാക്കിയ പരിഷ്കാരമാണ് തിരിച്ചടിയായത്. 

the-fall-of-the-khmer-empire-and-angkor-wat2

കർഷകർ അവർക്കിഷ്ടമുള്ള വിള കൃഷി ചെയ്യുന്ന സംവിധാനമായിരുന്നു രാജ്യത്ത്. മധ്യ വർഗമായിരുന്നു പ്രധാനമായും കൃഷിക്കാർ. എന്നാൽ ഭൂമി ഉന്നത വിഭാഗക്കാർക്കു മാത്രമായി നിജപ്പെടുത്തിയതോടെ കൃഷിയിലും മാറ്റം വന്നു. രാജാവ് നിശ്ചയിക്കുന്നതു പ്രകാരം കൃഷി ചെയ്യണമെന്ന രീതി കൂടിയായതോടെ തിരിച്ചടി പൂർണം. ജനങ്ങൾക്കു മുഴുവന്‍ ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പരിഷ്കാരം. എന്നാൽ കാലാവസ്ഥയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളെ നേരിടാൻ ഇതിനു സാധിച്ചില്ല. അപ്രതീക്ഷിതമായെത്തുന്ന മഴയും വരൾച്ചയുമായിരുന്നു പ്രധാന ഭീഷണി. ഓരോരോ പ്രദേശങ്ങളിലല്ലാതെ അങ്കോറിനു മുഴുവനുമായുള്ള കൃഷി എന്നതായിരുന്നു രാജാവിന്റെ രീതി. ഒരു മഴയിൽ മൊത്തം കൃഷി നശിച്ചാൽ അത് അങ്കോറിലെ മൊത്തം ജനങ്ങളെ ബാധിക്കുമെന്നു ചുരുക്കം. 

ഖമേ നാഗരികതയിൽനിന്ന് ജനം കൊഴിഞ്ഞുപോകാൻ തുടങ്ങിയത് അങ്ങനെയാണെന്നാണു പുതിയ കണ്ടെത്തൽ. അത്രയേറെ കൃഷിയെ ആശ്രയിച്ചു ജീവിക്കുകയും പുത്തൻ കൃഷിരീതികൾ വികസിപ്പിച്ചെടുക്കുകയും ചെയ്ത വിഭാഗമായിരുന്നു അവർ. രാജവംശം പോലും നിലനിന്നു പോയിരുന്നത് കാർഷിക വരുമാനംകൊണ്ടായിരുന്നു. മാറി വന്ന രാജാക്കന്മാരും കൃഷിയെ സഹായിക്കാൻ ജലസേചന മാർഗങ്ങളും മറ്റുമൊരുക്കാൻ വൻതോതിൽ പണവും ചെലവഴിച്ചിരുന്നു. ഖമേ രാജവംശത്തിന്റെ അവസാന നാളുകളിൽ പ്രദേശത്തെ കൃഷി രീതിയും ജലസേചനവും ഭൂമിയുടെ ഉപയോഗവുമൊക്കെ എപ്രകാരമായിരുന്നെന്ന് പഠിച്ചാണ് ഗവേഷകർ നിഗമനത്തിലെത്തിയത്. 

the-fall-of-the-khmer-empire-and-angkor-wat

ആകാശത്തുനിന്ന് ലേസർ രശ്മികൾ പ്രയോഗിച്ച് മണ്ണിനടിയിൽ പുതഞ്ഞു പോയ കൃഷിഭൂമിയുടെയും കനാലുകളുടെയും അവശിഷ്ടങ്ങളുടെ ത്രീഡി ഘടന തയാറാക്കിയായിരുന്നു നിരീക്ഷണം. അങ്ങനെയാണ് 20 കി.മീ നീളവും 40–60 മീ. വീതിയുമുള്ള കനാലുകൾ കണ്ടെത്തിയത്. ചുറ്റിലും മതിൽകെട്ടി ഏക്കറുകളോളം പ്രദേശത്തു വെള്ളം കെട്ടിനിർത്തിയുള്ള നെൽകൃഷി രീതിയും നിലനിന്നിരുന്നെന്നും കണ്ടെത്തി. ചെറിയ ക്ഷേത്രങ്ങളോടു ചേർന്നായിരുന്നു ആദ്യകാലത്ത് കൃഷിഭൂമി വികസിച്ചിരുന്നത്. അന്ന് മധ്യവർഗത്തിനായിരുന്നു കൃഷിയിൽ സ്വാധീനം. എന്നാൽ അങ്കോർ വാട്ടിന്റെ നിർമാണ സമയമായപ്പോഴേക്കും ക്ഷേത്രങ്ങൾക്കു സമീപത്തെ കൃഷിരീതി മാറി. അക്കാലത്താണ് ഉയർന്ന വിഭാഗത്തിലേക്ക് കൃഷി ഭൂമിയുടെ അധികാരം കൈമാറ്റം ചെയ്യപ്പെടുന്നത്. 

ക്ഷേത്ര നിർമാണം അവസാനിച്ച സമയത്ത് രാജവംശം കൂടുതലായി കൃഷിയിൽ ഇടപെടുന്നെന്നും സൗകര്യങ്ങളൊരുക്കുന്നെന്നും കണ്ടെത്തി. അതോടെയാണ് കൃഷി രാജവംശത്തിലേക്കു കേന്ദ്രീകരിച്ചെന്നു വ്യക്തമായത്. ഇതിനിടെ വരൾച്ചയും മഴയും അപ്രതീക്ഷിത തിരിച്ചടികളുമായി വന്നു. അതുവരെ തുടർന്നുവന്ന കൃഷിരീതിയില്‍നിന്നു മാറിയതിനാൽ അങ്കോറിന് കാലാവസ്ഥാ മാറ്റങ്ങളെയും നേരിടാനായില്ല. ഫലമോ രാജവംശവും ജനങ്ങളും പതിയെ തകർന്നടിയാൻ തുടങ്ങി. ആന്ത്രപ്പോളജിക്കൽ ആർക്കിയോളജി ജേണലിലുണ്ട് ഇതു സംബന്ധിച്ച വിശദ പഠനം. ഇന്ന് യുനെസ്കോയുടെ പൈതൃക കേന്ദ്രങ്ങളിലൊന്നു കൂടിയാണ് അങ്കോർ വാട്ട് ക്ഷേത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com