ADVERTISEMENT

തലച്ചോറിനു പ്രത്യേക പരിശീലനം കൊടുത്തു  പഠിപ്പിച്ചെടുക്കുന്നതാണ് വായന. അക്ഷരങ്ങളും വാക്കുകളും വാചകങ്ങളും വെറുതേ വായിച്ചാൽ പോരാ അത് എന്താണ് അർഥമാക്കുന്നത് എന്നു മനസ്സിലാക്കുകയും വേണം. തലച്ചോറിന്റെ പലഭാഗങ്ങളും പങ്കെടുക്കുന്ന കൂട്ടായ്മയിലൂടെയാണു വായിക്കുന്ന അക്ഷരങ്ങൾക്ക് അർഥം  ഉരുത്തിരിഞ്ഞുവരുന്നത്. അക്ഷരങ്ങളും വാക്കുകളും കൊണ്ടു നിർമിച്ച ഒരു വാചകം മുഴുവൻ വായിക്കാൻ പറ്റിയെങ്കിലും മറ്റൊരു ഭാഷയിലാണെങ്കിൽ ഒന്നും മനസ്സിലാകുകയില്ല. “അമി തുമാകേ ഭാലോ ഭാഷി”എന്ന വാചകം മുഴുവൻ വായിച്ചില്ലേ. പക്ഷേ, എന്താണെന്നു മനസ്സിലായോ..? അക്ഷരങ്ങൾ അറിഞ്ഞതുകൊണ്ടും അവ ചേർന്ന വാക്കുകൾ അറിഞ്ഞതുകൊണ്ടും വായന നടക്കില്ലെന്ന് സാരം.

അക്ഷരവും ഭാഷയും

അക്ഷരങ്ങൾ തന്നെയാണ് വായനയുടെ ആധാരം. ഭാഷയ്ക്ക് അക്ഷരങ്ങൾ വേണമെന്നില്ല താനും. ഒരാളുടെ സംസാരം മറ്റൊരാൾക്കു മനസ്സിലാക്കാൻ അത് എഴുതപ്പെടണമെന്നില്ലല്ലോ. നേരിട്ട് സംസാരിക്കുന്നതിന്റെ പരിമിതികൾ മറികടക്കാൻ നമ്മൾ എഴുതി വയ്ക്കുന്നു, അതു വായിച്ചു  മറ്റുള്ളവർ പൊരുൾ തിരിച്ചറിയുന്നു. ഒരു ഭാഷ എഴുതുക എന്നത് വാസ്തവത്തിൽ ചിത്രം വരയ്ക്കലാണ്. എഴുത്തിനും  മുൻപ് ചിത്രങ്ങൾ വരച്ചിരുന്നു ആദിമ മനുഷ്യർ. ഓരോ അക്ഷരവും വളവുപുളവുകളും നേർവരകളുമൊക്കെയുള്ള ചിത്രമാണ്. നമ്മുടെ തലച്ചോർ അങ്ങനെയാണ് അക്ഷരത്തെ പരിഗണിക്കുന്നത്. അക്ഷരങ്ങൾ ഒന്നിനു പിറകെ ഒന്നായി വരുമ്പോൾ തലച്ചോറിന്റെ ബാഹ്യഭാഗം-ധാരാളം മടക്കുകളുള്ള കോർടെക്സ്- ഒരു വാക്ക് എന്ന് പരിഗണിക്കുന്നു. ഒരേ പോലെയുള്ള ആകൃതി ഉള്ളവ ആണെങ്കിലും കൃത്യമായി ഇത് സാധിച്ചെടുക്കുന്നു. ഇംഗ്ലിഷിലെ ‘p’, ‘q’ , ‘b’, ‘d’ എന്നീ അക്ഷരങ്ങളൊക്കെ ഒരു വൃത്തത്തിന്റെ വശത്ത് ഒരു നേർവര കൂട്ടിച്ചേർത്തതാണ്. ‘ഫ’യും ‘ഥ’യും ഏകദേശം ഒരുപോലെയാണ്, ‘വ’യും  ‘പ’യും അങ്ങനെ തന്നെ. 

കാഴ്ചയും അർഥവും

കാഴ്ച്ചയുമായി ബന്ധപ്പെട്ടാണ് ‘വാക്ക്’ രൂപപ്പെട്ട് വരുന്നത്. ‘മാങ്ങ’ എന്ന് വായിക്കുമ്പോൾ തലച്ചോറിന്റെ ഏറ്റവും പിന്നിൽ ഉള്ള കാഴ്ചയുടെ കേന്ദ്രമാണ് ആ അക്ഷരാകൃതികൾ  തിരിച്ചറിയുന്നത്, ഈ വിവരം ചെവികളുടെ ഉൾഭാഗത്തായുള്ള ‘ടെംപോറൽ’ കോർടെക്സിൽ എത്തിക്കും. അവിടെ ഒരു വാക്ക് എന്ന പരിഗണന കിട്ടും.  ഇങ്ങനെ ‘വാക്ക് പെട്ടികൾ’ (word boxes)ധാരാളം ആ ഭാഗത്തുണ്ട്. പിന്നീട് നെറ്റിക്കു പിന്നിലായുള്ള തലച്ചോറിന്റെ ഭാഗം-  ഫ്രണ്ടൽ കോർടെക്സ് -അത് എന്ത് വസ്തുവാണ് എന്ന് തിരിച്ചറിയും. പണ്ട്  നിങ്ങൾ മാങ്ങ കണ്ടിട്ടുണ്ട്, അതിന്റെ ഒരു ചിത്രം ഓർമയിൽ സൂക്ഷിച്ചിട്ടുള്ളത് ഉടൻ പുറത്തെടുക്കും. ‘മാങ്ങ’ എന്ന് എഴുതിയിരിക്കുന്നത് വായിച്ച് അതിന് ഒരു അർഥം കൽപ്പിക്കപ്പെട്ടിരിക്കുന്നു ഇപ്പോൾ. എന്നാൽ ‘ങ്ങാമ’ എന്നാണ് എഴുതിയിട്ടുള്ളതെങ്കിൽ ടെപോറൽ കോർടെക്സ് അത് ഒരു വാക്ക്  ആയി പരിഗണിക്കുമെങ്കിലും ഫ്രണ്ടൽ കോർടെക്സ് അതിന് പ്രത്യേകിച്ച് അർഥമൊന്നും ഇല്ലെന്നു തീരുമാനിക്കും.  ടെംപോറൽ കോർടെക്സിൽത്തന്നെയാണ് ഭാഷയുടെയും സംസാരത്തിന്റെയും കേന്ദ്രങ്ങൾ എന്നത് ആകസ്മികമല്ല.  മൂന്നോ നാലോ തലച്ചോറിടങ്ങൾ ഒന്നിച്ചു കൂടി നിർമിച്ചെടുക്കുന്നതാണ് വാക്കും അതിന്റെ അർഥവും ഉൾപ്പെട്ട ‘വായന’.

വായിച്ചത് മനസ്സിലായോ?

ഒരുപാട് വാക്കുകൾ ഒന്നിച്ചു കൂടി ഒരു വാചകം  രൂപപ്പെടുമ്പോഴും ഇതു തന്നെയാണ് സംഭവിക്കുന്നത്. തലച്ചോറിന്റെ ഏറ്റവും പിന്നിൽ ആ വാചകത്തിലെ വാക്കുകൾ കാണുന്നു, ആ വിവരങ്ങൾ തലച്ചോറിലെ മറ്റ് ഇടങ്ങളിലേക്ക് സന്ദേശങ്ങളായി പായുന്നു, ആ വാചകത്തിന്റെ ആകപ്പാടെയുള്ള അർഥം ‘ഫ്രണ്ടൽ കോർടെക്സ്’ തിരിച്ചറിയുന്നു. ഇങ്ങനെ വായനാ സമയത്ത് തലച്ചോറിലെ ന്യൂറോണുകൾ സൃഷ്ടിക്കുന്ന ഹൈവേകളിലൂടെ സന്ദേശങ്ങൾ ഇടതടവില്ലാതെ പ്രവഹിക്കുന്നു. നിങ്ങൾക്ക് പെട്ടെന്ന് വായിച്ച് അർഥം പിടികിട്ടി എങ്കിൽ ഈ ഹൈവേകളിലൂടെ ഉള്ള ഓട്ടം ഗംഭീര സ്പീഡിലായിരുന്നു എന്നു മനസ്സിലാക്കാം. ചിലപ്പോൾ ഇത് കേൾവിയുമായി ബന്ധപ്പെട്ടതാണ്. നിങ്ങൾ ഉറക്കെ വായിച്ച് നിങ്ങൾ തന്നെ കേൾക്കുകയാണെങ്കിൽ ഈ മനസ്സിലാക്കലിന്റെ സ്പീഡ് കൂടും.

വായിച്ചു പഠിച്ചോ?

ഈ സന്ദേശവാഹക ഹൈവേകൾ എഴുതാനും വായിക്കാനും പഠിക്കുമ്പോൾ രൂപപ്പെട്ടു വരുന്നതാണ്. ആ പഠിച്ചെടുക്കൽ അത്ര എളുപ്പമല്ല താനും. അതുകൊണ്ടാണ് ആദ്യപാഠപുസ്തകത്തിൽ ഒരു വാക്കിനോടൊപ്പം അത് സൂചിപ്പിക്കുന്ന ചിത്രവും കൊടുക്കുന്നത്. ‘വായന’ എന്നത് പൂർത്തീകരിക്കാൻ തലച്ചോറിന്റെ മേൽപറഞ്ഞ ഭാഗങ്ങൾ എല്ലാം ഒരേ പോലെ ഊർജസ്വലമാകേണ്ടതുണ്ട്. തലച്ചോറിന്റെ ഒരു ഭാഗത്ത് ആഘാതം (stroke) സംഭവിച്ച ഒരാളുടെ കാര്യം എടുക്കുക–   ‘മരം’ എന്ന് എഴുതിയത് കാണിച്ചാൽ ആ അക്ഷരങ്ങൾ എന്താണെന്ന് അറിയാം, പക്ഷേ എന്താണ് സൂചിക്കപ്പെടുന്നത് എന്ന് അറിയാൻ പറ്റണമെന്നില്ല.

English Summary :  Brain facts - learning memory and language

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com