ADVERTISEMENT

ആഹാ, വായിൽ അലിഞ്ഞിറങ്ങുന്ന മധുര ചോക്ലേറ്റ്, കയ്പൻ ഡാർക് ചോക്ലേറ്റ്, അണ്ടിപ്പരിപ്പിന്റെയും ബദാമിന്റെയും ഹേസൽ  നട്സിന്റെയും കൂടെച്ചേർന്ന കറുമുറു ചോക്ലേറ്റ്– രുചി നിറച്ച് ഉരുണ്ടും നീണ്ടും പരന്നുമിങ്ങനെ കിടക്കുന്ന ചോക്ലേറ്റിന്റെ കുറച്ചു വിശേഷങ്ങൾ അറിഞ്ഞാലോ?

ജൂലൈ 7; ചോക്ലേറ്റ് രുചി ആഘോഷിക്കാൻ തന്നെ ഈ ലോകദിനം. ഇതിനു പുറമേ, വിവിധ രാജ്യങ്ങളിൽ അവരുടേതായ ദേശീയ ചോക്ലേറ്റ് ദിനങ്ങളും ഉണ്ട്.  1500കളിൽ യൂറോപ്പിൽ ആദ്യമായി ഈ മധുര രുചി എത്തിയതിന്റെ ഓർമയ്ക്കായാണു ജൂലൈ 7 തിരഞ്ഞെടുത്തതെന്നു പറയുന്നു.

ആയിരക്കണക്കിനു വർഷം മുൻപ് ആമസോൺ കാടുകളിലാണ് കക്കാവോ അഥവാ കൊക്കോ (Thermobroma  Cacao) മരങ്ങൾ ഉദ്ഭവിച്ചതത്രേ. ഇവയുടെ കായിൽ നിന്നാണല്ലോ ചോക്ലേറ്റ് ഉണ്ടാക്കുന്നത്. 1500 ബിസിയിൽ ഓൽമെക് സംസ്കാരത്തിന്റെ കാലത്താണ് ആദ്യമായി കൊക്കോ കൃഷി ചെയ്യുന്നതും അവയുടെ കായ് ശേഖരിക്കുന്നതും പാനീയമായി കുറുക്കി ചൂടോടെ കുടിക്കുന്നതും. 

പിന്നീടു വന്ന മായൻ സംസ്കാരകാലത്തെ മനുഷ്യരും ഈ കൃഷി ഏറ്റെടുത്തു. കയ്പ് പാനീയം എന്നു മായൻ ഭാഷയിൽ അർഥമുള്ള xocoatl എന്ന വാക്കിൽ നിന്നാണു ചോക്ലേറ്റ് എന്ന പേര്. ദൈവത്തിന്റെ സമ്മാനമായി ഇതിനെ കരുതിയ ആസ്ടെക് ജനമാകട്ടെ കൊക്കോ പാനീയം സ്വർണക്കപ്പിലേ കുടിക്കുമായിരുന്നുള്ളൂ. അതിനിടെ, കൊക്കോ കായ്കൾ അന്നത്തെ കറൻസിയുമായി!

ആസ്ടെക്കുകളാണ് കയ്പു പാനീയത്തിലേക്ക് ചില സുഗന്ധദ്രവ്യങ്ങൾ ചേർത്ത് ആദ്യം പരീക്ഷണം നടത്തിയത്; ഒപ്പം ചില ധാന്യക്കൂട്ടുകളും.  കൊക്കോയ്ക്ക് അവർ നികുതിയും ഏർപ്പെടുത്തി! ആയുസ്സ് കൂട്ടാനും ഉന്മേഷം വളർത്താനുമെന്ന നിലയിൽ താരപരിവേഷത്തോടെ ഈ പാനീയം വിളമ്പി വന്നു.

മധുര സമ്പദ്‌വ്യവസ്ഥ

അമേരിക്കൻ മേഖലയിൽ നിന്നു പര്യവേക്ഷകൻ കൊളംബസ് സ്പെയിൻ രാജാവിനു കൊക്കോ കായ്കൾ സമ്മാനിച്ചെങ്കിലും അവർക്കതിന്റെ ഗുണം മനസ്സിലായില്ല. പിന്നീട് 1500 കളുടെ തുടക്കത്തിൽ മെക്സിക്കൻ മേഖലയിൽ എത്തിയ സ്പാനിഷ് യാത്രികൻ ഹെർമൻ കോർടിസ് ആണ് ആസ്ടെക്കുകളിൽ നിന്ന് കൊക്കോ കൃഷി പഠിച്ചതും സ്പെയിനിനു വേണ്ടി വലിയ പ്ലാന്റേഷനുകൾ ആരംഭിച്ചതും. 

കോർടിസ് വഴി സ്പെയിനിലെത്തിയ ചോക്ലേറ്റ് പാനീയക്കൂട്ട് അവിടെയും ഹിറ്റായി. വനിലയും പഞ്ചസാരയും തേനും കറുവപ്പട്ടയുമെല്ലാം ചോക്ലേറ്റ് ദ്രവത്തിലേക്കു ചേർത്തുള്ള രഹസ്യക്കൂട്ടുമായി സ്പെയിൻകാർ ഒരു പിടിപിടിച്ചപ്പോൾ അതു സൂപ്പർ ഹിറ്റ്. വർഷങ്ങളോളം സ്പെയിനിനായിരുന്നു ചോക്ലേറ്റ് വിപണിയുടെ കുത്തക. അവരും അതു കറൻസിയാക്കി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ആണിക്കല്ലുകളിലൊന്നായി കൊക്കോ ബിസിനസും. പക്ഷേ, രഹസ്യക്കൂട്ട് ഒരിക്കൽ പുറത്തായതോടെ യൂറോപ്പ് മുഴുവൻ ചോക്ലേറ്റ് ഹരത്തിലായി.

ഒരു കാര്യം കൂടി കേട്ടോളൂ, 1704ൽ ജർമനിയിൽ ആദ്യമായി ചോക്ലേറ്റ് എത്തിയപ്പോൾ അതു കഴിക്കണമെങ്കിൽ പ്രത്യേക നികുതി അടച്ച് അനുമതി വാങ്ങണമായിരുന്നു! ഇന്നത്തേതു പോലെ കട്ടിയുള്ള ചോക്ലേറ്റ് ബാർ ആദ്യമായി തയാറാക്കിയത് (1847) ബ്രിട്ടനിലെ ജെ.എസ്.ഫ്രൈ ആൻഡ് സൺസ് ആണ്. ആദ്യത്തെ മിൽക് ചോക്ലേറ്റ് (1875) സ്വിറ്റ്സർലൻഡിലെ ഡാനിയർ പീറ്ററുടെ വക. 

യുദ്ധത്തിലും ‘പങ്കെടുത്ത്

രണ്ടാം ലോകയുദ്ധകാലത്ത് തങ്ങളുടെ സൈനികർക്ക് യുഎസ് അധികൃതർ ക്ഷീണമകറ്റാൻ ചോക്ലേറ്റ് എത്തിച്ചു നൽകിയിരുന്നു. ബഹിരാകാശ സഞ്ചാരികളുടെ ഡയറ്റിൽ ഉൾപ്പെടുത്തി രാജ്യാന്തര നിലയങ്ങളിലേക്കും ചോക്ലേറ്റ് കുതിച്ചു. 

2019ലെ കണക്കനുസരിച്ച് ഏറ്റവും കൂടുതൽ ചോക്ലേറ്റ്  ഉൽപാദിപ്പിക്കുന്ന 10 രാജ്യങ്ങൾ

ജർമനി, ബൽജിയം, ഇറ്റലി, നെതർലൻഡ്സ്, പോളണ്ട്, യുഎസ്, കാനഡ, ഫ്രാൻസ്, യുകെ, സ്വിറ്റ്സർലൻഡ് 

73 % ചോക്ലേറ്റ് കയറ്റുമതിയും യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് 

ഏറ്റവും കൂടുതൽ ചോക്ലേറ്റ് കഴിക്കുന്നതാരെന്നോ– സ്വിറ്റ്സർലൻഡുകാർ

English Summary :  History of chocolates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com