ADVERTISEMENT

പ്ലസ് ടു ഫലം പുറത്ത് വന്നപ്പോൾ സന്തോഷം കൊണ്ട് അക്ഷരാർത്ഥത്തിൽ കരഞ്ഞു പോയി കോട്ടയ്ക്കൽ സ്വദേശിയായ ജയസൂര്യ. കൊമേഴ്‌സ് വിഭാഗത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങി പ്ലസ് ടുവിനു മിന്നുന്ന വിജയം സ്വന്തമാക്കുമ്പോൾ ജയസൂര്യ തന്റെ പണി സ്ഥലത്ത് സിമന്റും മണ്ണും സമം ചേർത്ത് കുഴയ്ക്കുന്ന തിരക്കിലായിരുന്നു. വളരെ ചെറിയ പ്രായത്തിൽ തന്നെ ജീവിത പ്രാരാബ്ധങ്ങൾ ഏറ്റെടുക്കേണ്ടി വന്ന ജയസൂര്യയ്ക്ക് ഹയർ സെക്കണ്ടറി ഫലം വരുന്നതിനും ഏറെ മുൻപായി തന്നെ ജോലി തേടി ഇറങ്ങേണ്ടി വന്നു. 

കോട്ടയ്ക്കൽ രാജാസ് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയാണ് പ്ലസ്ടുവിന് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ജയസൂര്യ. സ്‌കൂളിനടുത്തുതന്നെയുള്ള ക്വാർട്ടേഴ്‌സിലാണ് അച്ഛൻ രാജാകണ്ണനും അമ്മ ഗോവിന്ദമ്മയ്ക്കുമൊപ്പം ജയസൂര്യ താമസിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലെത്തിയവരാണ് ജയസൂര്യയും കുടുംബവും. 

ജയസൂര്യയ്ക്ക് രണ്ട് വയസ് മാത്രം പ്രായമുള്ളപ്പോൾ അച്ഛൻ രാജകണ്ണനു ഒരപകടം സംഭവിക്കുകയും കിടപ്പിലാകുകയും ചെയ്തു. അതിനു ശേഷം ഏകമകനായ ജയസൂര്യയുടെയും കുടുംബത്തിന്റെയും ചുമതല അമ്മക്ക് മാത്രമായി. വരുമാനത്തിനായി 'അമ്മ കണ്ടെത്തിയ മാർഗം ആക്രിക്കച്ചവടമായിരുന്നു. 17 വർഷമായി എഴുന്നേൽക്കാൻ ആവാതെ കിടക്കുകയാണ് അച്ഛൻ. ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും 'അമ്മ മകനെ പഠിപ്പിച്ചു. 

ഇതിനിടയ്ക്ക് അമ്മയ്‌ക്കൊപ്പം ആക്രി പെറുക്കാനായി ജയസൂര്യയും ചേർന്നെങ്കിലും ആ തൊഴിലിൽ തുടരാൻ 'അമ്മ സമ്മതിച്ചില്ല. പിന്നീട് താമസിക്കുന്ന കോട്ടേഴ്‌സിന്റെ വാടകയും അച്ഛന്റെ ചികിത്സ ചെലവും വീട്ടു ചെലവും എല്ലാം കൂടി അമ്മയ്ക്ക് താങ്ങാനാവാത്ത അവസ്ഥ വന്നപ്പോഴാണ് ജയസൂര്യ വാർക്കപ്പണിക്ക് ഇറങ്ങിയത്. അവധിദിവസങ്ങളിലൊക്കെ കൂലിപ്പണിക്കുപോകും. സ്‌കൂളിൽ പോകുന്നതിനുമുമ്പും രാത്രിയിലുമാണ് പഠനം.  അങ്ങനെ പഠിച്ചു നേടിയ വിജയമാണിത്. 

റിസൾട്ട് വരുമ്പോൾ ജയസൂര്യ ജോലിത്തിരക്കിൽ ആയിരുന്നു. അതിനാൽ പിന്നീട് ഊണ് കഴിക്കാനായി ഇരുന്നപ്പോഴാണ് ഫലം പരിശോധിച്ചത് . എല്ലാത്തിനും എ പ്ലസ് ഉണ്ടെന്നറിഞ്ഞപ്പോൾ ഒരു വറ്റ്‌ പോലും ഇറക്കാൻ ആവാത്ത വിധത്തിൽ ജയസൂര്യയുടെ കണ്ണും മനസും നിറഞ്ഞു. പിന്നീട് നേരെ ഓടിയത് അമ്മയുടെ അടുത്തേക്കാണ്. നല്ല മാർക്ക് കിട്ടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു എങ്കിലും ഇത്തരത്തിൽ ഒരു വിജയം പ്രതീക്ഷിച്ചിരുന്നില്ല എന്ന് ജയസൂര്യ പറയുന്നു. 

എട്ടുമുതൽ രാജാസിൽ ആയിരുന്നു പഠനം. പ്ലസ്ടുവിന് കൊമേഴ്‌സാണ് എടുത്തത്. അവധിദിവസങ്ങളിലൊക്കെ കൂലിപ്പണിക്കുപോകും. സ്‌കൂളിൽപോകുന്നതിനുമുമ്പും രാത്രിയിലുമാണ് പഠനം. ജയസൂര്യയുടെ കഷ്ടപ്പാടുകൾ എല്ലാം തന്നെ സ്‌കൂളിലെ അധ്യാപകർക്ക് അറിയാം. അതിനാൽ തന്നെ  അധ്യാപകർ ഈ വിദ്യാർത്ഥിക്ക് മികച്ച പിന്തുണയാണ് നൽകിയത്. ഭാവിയിൽ പഠിച്ച് ഒരു കോളേജ് അധ്യാപകനാകണം എന്നതാണ് ജയസൂര്യയുടെ ആഗ്രഹം. 

 

English Summary : Inspiring story of Jjayasurya who scored full A+

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com