ADVERTISEMENT

ശത്രുക്കളുടെ കണ്ണിൽപെടാതെ രക്ഷപ്പെടാൻ പട്ടാളക്കാർ ചെയ്യുന്ന  വേഷംമാറ്റൽ പരിപാടിയാണ്  കാമഫ്ലാഷ്. പല പ്രാണികളും പരിണാമത്തിലൂടെ  ഈ അനുകൂലനം നേടി അദ്ഭുത രൂപങ്ങളിൽ ജീവിക്കുന്നവരാണ്. ചുറ്റുപാടുകളിൽ നിന്ന് മറഞ്ഞുനിൽക്കാൻ സഹായിക്കുന്ന ശരീര രൂപം, നിറം എന്നിവയാണ് പലതിനും സഹായം. ചിലത് ശത്രുക്കളെ തെറ്റിദ്ധരിപ്പിച്ചും ആശയക്കുഴപ്പം ഉണ്ടാക്കിയും രക്ഷപ്പെടും.

മികച്ച വേഷംമാറ്റക്കാരാണു ചുള്ളിപ്രാണികൾ‌. ചെടികളുടെ കമ്പിന്റെ രൂപസാദൃശ്യമുള്ള ശരീരാകൃതി മൂലം ഇരപിടിയന്മാരുടെ കണക്കിൽപെടാതെ ഇവർ  രക്ഷപ്പെടും. സൂക്ഷിച്ച് നോക്കിയില്ലെങ്കിൽ ഉണങ്ങിയ ഒരു മരക്കൊമ്പ്, അല്ലെങ്കിൽ പച്ചത്തണ്ട് എന്നൊക്കെയേ തോന്നൂ. 

ഇത്ര ശ്രദ്ധയോടെ ഒളിച്ചു കഴിഞ്ഞിട്ടും അബദ്ധത്തിൽ ശത്രു പിടിച്ചാൽ രക്ഷപ്പെടാൻ പല വഴികളും ഇവർക്കുണ്ട്. പല്ലികൾ വാലുമുറിച്ച് രക്ഷപ്പെടും പോലെ കാലുകൾ മുറിച്ചു വീഴ്ത്തി ശത്രുവിന്റെ  ശ്രദ്ധ തെറ്റിച്ചു രക്ഷപ്പെടാറുണ്ട്. ഓട്ടോട്ടമി(autotomy) എന്നാണ് ഇതിനു പറയുക. പൂർണ വളർച്ചയെത്താത്ത നിംഫുകൾക്ക്  അടുത്ത  ഉറ പൊഴിക്കൽ നടക്കുമ്പോൾ നഷ്ടമായ  കാൽ തിരിച്ചുകിട്ടും. കാലുപോയ മുതിർന്നവർ ആഞ്ഞുപിടിച്ച് സ്വയം  ഒന്നുകൂടി ഉറപൊഴിച്ച് നഷ്ടപ്പെട്ട കാലുകൾ തിരിച്ചു നേടും. 

ശത്രുവിന്റെ മുന്നിൽ പെട്ടാൽ കൈവിട്ട് നിലത്തു വീണു ചത്തതുപോലെ അഭിനയിച്ചു കിടക്കുന്നവർ ഉണ്ട്. ചില ഇനങ്ങൾ രൂക്ഷഗന്ധവും പൊള്ളലും ഉണ്ടാക്കുന്ന ദ്രാവകം തുപ്പി  ശത്രുവിനെ ഓടിക്കാൻ ശ്രമിക്കും. കൂടെ  ശബ്ദങ്ങൾ ഉണ്ടാക്കി പേടിപ്പിക്കാനും നോക്കും.

ഇവരെപ്പോലെ വ്യത്യസ്ത ഇല രൂപങ്ങളിൽ ഒളിച്ചുകഴിയുന്ന ഇലപ്രാണികളും കൂടി ഫാസ്മറ്റൊഡെ (Phasmatodea) എന്ന ഓർഡറിൽ (ഫാസ്​മിഡ് എന്നും പേരുണ്ട്)  ലോകത്ത് മൂവായിരത്തോളം ഇനങ്ങൾ ഉണ്ട്. ചുള്ളിപ്രാണികൾ  ‘നടക്കുന്ന ചുള്ളിക്കമ്പ്’ (Walking stick ) ചെകുത്താൻ പ്രാണി, എന്ന പേരിലൊക്കെ അറിയപ്പെടുന്നുണ്ട്. 

പെൺ പ്രാണികളെക്കാൾ ചെറുതാണ് ആൺ പ്രാണികൾ. 200 മുതൽ 1200 വരെ മുട്ടകൾ ഇടും. ഒറ്റ ഒറ്റയായാണ് മുട്ട ഇടുക. പല സ്ഥലങ്ങളിലായി മണ്ണിൽ ഇലകൾ മൂടി  മുട്ട കിടക്കും. ഇങ്ങനെ പലയിടങ്ങളിലായി ഇടുന്നതിനാൽ മുട്ട തീനികൾ കണ്ടെത്തി മൊത്തം അടിച്ചു മാറ്റുന്നതു തടയാൻ പറ്റും. കാൽസ്യം ഓക്സലെറ്റിന്റെ ഒരുപാളി ഉള്ളതിനാൽ പക്ഷികൾ കൊത്തിത്തിന്നാലും അതിന്റെ വയറ്റിൽ കുഴപ്പം ഒന്നും പറ്റാതെ കാഷ്ഠത്തിലൂടെ പുറത്തുവരും. മുട്ടകൾ  കാഴ്ചയിൽ ഏതോ ചെടിയുടെ, പുറംഭാഗം മാംസളമായ കുരുപോലെ ആണു തോന്നിക്കുക. അതിനാൽ മാംസഭുക്കുകളായ തീറ്റക്കാർ ഇത് ഉപേക്ഷിക്കും. ചില ഇനങ്ങളുടെ മുട്ടകൾ  ഉറുമ്പുകൾ  എന്തോ പഴം ആണെന്ന ചിന്തയിൽ കൂട്ടിൽ  കൊണ്ടുപോകും. പുറം അടരുകൾ തിന്ന് ബാക്കി കൂട്ടിലെ അവശിഷ്ടങ്ങൾ കൊണ്ടിടുന്ന സ്ഥലത്ത് ഉപേക്ഷിക്കും. മുട്ട അവിടെ സുരക്ഷിതമായി ഏറെ നാൾ കഴിയും. മാസങ്ങളും ചിലപ്പോൾ വർഷം തന്നെയും എടുക്കും മുട്ട വിരിയാൻ. മുട്ട വിരിഞ്ഞ് ചുള്ളിപ്രാണി നിംഫുകൾ ഉണ്ടാകും. കാഴ്ചയിൽ ഉറുമ്പുകളെപ്പോലെ ഉള്ളതിനാൽ അവയെ തിരിച്ചറിയുകയും ഇല്ല. പതുക്കെ അവ ഉറുമ്പിൻ കൂട്ടിൽനിന്നു പുറത്തിറങ്ങി  സ്ഥലം കാലിയാക്കും. 

പല തവണ പുറം കവചം പൊഴിച്ചു കളഞ്ഞാണ് നിംഫുകൾ വളർച്ച പൂർത്തിയാക്കുക.  ഉറ പൊഴിച്ചിട്ട  പഴയ ശരീരരൂപം ഉടൻ സ്വയം തിന്നുതീർക്കും. അല്ലെങ്കിൽ അതുകണ്ട് ശത്രുക്കൾക്കു സാന്നിധ്യ സൂചന ലഭിക്കുമെന്ന് അവർക്കറിയാം. വളർച്ചയ്ക്ക്  ആവശ്യമായ പോഷകമായും  പൊഴിച്ചിട്ട ഉടുപ്പു തീറ്റ സഹായിക്കും. വളരെ നീളമുള്ള സ്പർശനികളാണ് ഇവയ്ക്ക് ഉണ്ടാകുക. നേർത്ത മൂന്നു ജോടി നീളൻ കാലുകൾ ഉപയോഗിച്ച് പ്രത്യേക രീതിയിലാണു  നടക്കുക. ശരാശരി ആയുർദൈർഘ്യം 3 വർഷം.

 English Summary : Fascinating facts about stick insects

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com