sections
MORE

ഗാലപ്പഗോസ് ദ്വീപ് സമൂഹവും 415 കിലോയിലധികം തൂക്കം വരുന്ന ഭീമൻ ആമയും!

HIGHLIGHTS
  • ലാവയാൽ നിർമിതമായ 19 ദ്വീപുകളുടെ കൂട്ടമാണിത്
  • ഭീമൻ കരയാമയുടെ പുറത്തുകയറി വേണമെങ്കിൽ 2 പേർക്കു യാത്ര ചെയ്യാം
galapagos-islands-and-giant-tortoise
SHARE

ഒട്ടേറെ സവിശേഷതകൾ ഉള്ള  ഗാലപ്പഗോസ് (Galapagos) ദ്വീപ് സമൂഹത്തിന്റെ വിശേഷങ്ങൾ അറിയാം. പരിണാമ സിദ്ധാന്തത്തിന്റെ പിതാവായ ചാൾസ് ഡാർവിന്റെ വാദഗതികൾക്ക് ഉപോൽബലകങ്ങളായ തെളിവുകൾ അവിടെ കാണാം. കൊളോണിയലിസത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ഫലമായി ഏകദേശം എല്ലാ വൻകരകളിലും തന്നെ വൻശക്തികൾ ആധിപത്യമുറപ്പിച്ചെങ്കിലും ഈ അധിനിവേശങ്ങളിൽനിന്നു രക്ഷപ്പെട്ടു നിന്ന ദ്വീപസമൂഹമാണ് ഗാലപ്പഗോസ്. അതുകൊണ്ടുതന്നെ വംശനാശ ഭീഷണി നേരിടുന്നതും മറ്റെങ്ങും കാണാത്തതുമായ സസ്യ– ജന്തു വർഗങ്ങളുടെ ജീവിതസങ്കേതമായി ഈ പ്രദേശം നിലനിൽക്കുന്നു.

തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ നിന്നു 973 കിലോമീറ്റർ വടക്കുപടിഞ്ഞാറായി പൂർവ– പസിഫിക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ദ്വീപസമൂഹമാണ് ഗാലപ്പഗോസ്. ഭൂകമ്പങ്ങളുടെയും സ്ഫോടനങ്ങളുടെയും ഫലമായുണ്ടായ ലാവയാൽ നിർമിതമായ 19  ദ്വീപുകളുടെ കൂട്ടമാണിത്. ഭൂമധ്യരേഖയോടു ചേർന്നു സ്ഥിതിചെയ്യുന്ന ഇവയിലെ സംസാരഭാഷ സ്പാനിഷ് ആണ്. ഇക്വഡോറിന്റെ ഭാഗമാണ് ഇപ്പോൾ ഈ ദ്വീപുകൾ. ഇക്വഡോർ ദേശീയോദ്യാനത്തിന്റെ ഭാഗമായ ഇവയെ 1978ൽ യുനെസ്കോ (UNESCO) ലോക പൈതൃക പ്രദേശമായി പ്രഖ്യാപിച്ചു. ഈ ദ്വീപുകളിൽ മാത്രം കാണുന്ന പ്രത്യേക ആവാസ വ്യവസ്ഥയും ജൈവ സാന്നിധ്യവുമാണ് ‘പ്രകൃതി നിർധാരണത്തിലൂടെയുള്ള പരിണാമം’ എന്ന സിദ്ധാന്തം ആവിഷ്കരിക്കാൻ ചാൾസ് ഡാർവിനെ പ്രേരിപ്പിച്ച സംഗതി. 22 വയസ്സുള്ളപ്പോൾ, 1835 സെപ്റ്റംബർ 15നു ഡാർവിൻ ഈ ദ്വീപുകളിലെത്തി ഗവേഷണങ്ങളാരംഭിച്ചു. ജീവോൽപത്തിയുമായി ബന്ധപ്പെട്ടു വിലയേറിയ സിദ്ധാന്തം ലോകത്തിനു സമ്മാനിക്കാനായി.

galapagos-islands-and-giant-tortoise
ഗാലപ്പഗോസിലെ സാന്താക്രൂസ് ദ്വീപ്.

ആമ ഭീമൻ (Giant Tortoise)

ഗാലപ്പഗോസ് എന്ന സ്പാനിഷ് വാക്കിന്റെ അർഥം തന്നെ വലിയ കരയാമ എന്നാണ്. ഉരഗ വർഗത്തിൽപെട്ട 415 കിലോയിലധികം തൂക്കം വരുന്ന ഈ ഭീമനാമയുടെ സാന്നിധ്യം ഇവിടെയുള്ളതിനാലാണ് ദ്വീപുകൾക്ക് ഈ പേരു വീണത്. ഇതു കൂടാതെ പച്ചക്കടലാമ, ഹാക്സ്ബിൽ, ഒലീവ് റിഡ്‌ലി എന്നിവയാണ് ഇവിടെ കാണപ്പെടുന്ന അപൂർവയിനം ആമകൾ. ഇഴഞ്ഞു നീങ്ങുന്ന ഈ ഭീമൻ കരയാമയുടെ പുറത്തുകയറി വേണമെങ്കിൽ 2 പേർക്കു യാത്ര ചെയ്യാമെന്നു പറയുമ്പോൾ വലുപ്പം ഊഹിക്കാമല്ലോ. ഭക്ഷണവും വെള്ളവുമില്ലാതെ ഒരു വർഷംവരെ ജീവിക്കാനാകുന്ന ഇവയ്ക്ക് 200 വർഷം വരെ ആയുസ്സുണ്ട്. കള്ളിച്ചെടികളാണു പ്രധാന ആഹാരം.

English Summary : Galapagos islands and giant tortoise

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA