രണ്ടു നഗരങ്ങളെ ചുട്ടെരിച്ച, മനുഷ്യരാശിയെ നടുക്കിയ ആ സ്ഫോടനങ്ങൾ !

HIGHLIGHTS
  • രാവിലെ 8.15നു ഹിരോഷിമ നഗരത്തിൽ ബോംബ് വീണു.
  • ലക്ഷക്കണക്കിനു മനുഷ്യർക്ക് അണുവികിരണമേറ്റ് മാരകരോഗങ്ങൾ പിടിപെട്ടു
hiroshima-atomic-bomb-75th-anniversary
SHARE

വിനാശം വിതയ്ക്കുകയെന്ന പ്രയോഗത്തിനു  തീവ്രതയേറിയത്  ഹിരോഷിമയിലും നാഗസാക്കിയിലും യുഎസ് അണുബോംബ്  വർഷിച്ചതിനു ശേഷമാണ്. രണ്ടു നഗരങ്ങളെ ചുട്ടെരിച്ച, മനുഷ്യരാശിയെ  നടുക്കിയ ആ സ്ഫോടനങ്ങൾ നടന്നിട്ട്  നാളെ 75 വർഷം.

നരകത്തിന്റെ നേർക്കാഴ്ച

ആറുകഥാപാത്രങ്ങളൂടെ അനുഭവങ്ങൾ പിന്തുടർന്ന് 31,000 വാക്കുകളിൽ ജോൺ ഹേഴ്സി ഹിരോഷിമയുടെ കഥ പറഞ്ഞപ്പോൾ അതു ‘ന്യൂജേണലിസ’ത്തിന്റെ തുടക്കമായി. വാർത്തയെഴുത്തിന്റെ കണിശതയ്ക്കൊപ്പം നോവലെഴുത്തിന്റെ ആഖ്യാനതന്ത്രങ്ങളും കൂടിച്ചേർന്നപ്പോൾ അതു വായനക്കാരെ നടുക്കി. അണുബോംബിന്റെ പേരിൽ അഭിമാനിച്ചിരുന്നവർ നാണക്കേടിൽ മുഖം പൂഴ്ത്തി. ഹേഴ്സിയെന്ന യുദ്ധകാര്യലേഖകനോട് ഹിരോഷിമയെക്കുറിച്ച് എഴുതാൻ ആവശ്യപ്പെട്ടത് വിഖ്യാതമായ ന്യൂയോർക്കർ മാഗസിനായിരുന്നു. നാലുലക്കങ്ങളിൽ പരമ്പരയായി കൊടുക്കാനായിരുന്നു തീരുമാനം. എന്നാൽ അതിവർണനകളില്ലാതെ നരകത്തെ എഴുതിയ ആ റിപ്പോർട്ടിന്റെ പ്രഹരശേഷി കണ്ട് ന്യൂയോർക്കർ 1946 ഓഗസ്റ്റ് 31ന്റെ ലക്കം മുഴുവനായും അതു പ്രസിദ്ധീകരിച്ചു. 1945 ഓഗസ്റ്റ് 6നു രാവിലെ 8.15 മുതലുള്ള ജീവിതമ‍ാണ് ഹേഴ്സി എഴുതിയത്. മാസങ്ങൾക്കുള്ളിൽ പുസ്തകമായി മാറിയ ‘ഹിരോഷിമ’യുടെ ദശലക്ഷക്കണക്കിനു പ്രതികൾ വിറ്റഴിഞ്ഞു. മലയാളമടക്കമുള്ള ഭാഷകളിലേക്കു മൊഴിമാറ്റങ്ങളുണ്ടായി. യുഎസ് മനുഷ്യരാശിയോടു ചെയ്തതെന്ത് എന്നതിന്റെ സാക്ഷ്യമായി ആ പുസ്തകം മറവിയെ അതിജീവിക്കുന്നു. 

ആണവഭീഷണിയിൽ എക്കാലവും ജീവിക്കാൻ വിധിക്കപ്പെട്ട ലോകത്തിന് ഓർമപ്പെടുത്തലുകളുമായെത്തുന്ന രണ്ടു ദിനങ്ങളാണ്, ഓഗസ്റ്റ് ആറിലെ ഹിരോഷിമ ദിനവും ഒൻപതിലെ നാഗസാക്കി ദിനവും. രണ്ടാംലോക മഹായുദ്ധത്തിൽ ജപ്പാനെ അടിയറവു പറയിക്കാൻ യുഎസ് അണുബോംബിട്ട് രണ്ടു നഗരങ്ങളെ ചാമ്പലാക്കിയത് ആ ദിവസങ്ങളിലായിരുന്നു.

കത്തിത്തീർന്ന പതിനായിരങ്ങൾ

ജർമനി പരാജയപ്പെട്ടിട്ടും ജപ്പാൻ തോൽവി സമ്മതിക്കാതെ ആക്രമണം തുടർന്നതോടെ കനത്ത തിരിച്ചടികൾക്ക് യുഎസ് ഒരുങ്ങി. തിരിച്ചടികളിൽ കൂസാതെ പോരാടിയ ജപ്പാനെ മുട്ടുകുത്തിക്കാൻ പുറത്തെടുത്തത് അണുബോംബുകളായിരുന്നു. 

1945 ഓഗസ്റ്റ് ആറിന് പുലർച്ചെ 2.45ന് പസിഫിക് സമുദ്രത്തിലെ ടിനിയൻ ദ്വീപിൽ നിന്ന് ഇനോല ഗേ എന്ന ബോംബർ വിമാനം പറന്നുയർന്നു. ‘ലിറ്റിൽ ബോയ്’ എന്നു വിശേഷിപ്പിക്കപ്പെട്ട അണുബോംബുണ്ടായിരുന്നു അതിൽ. രാവിലെ 8.15നു ഹിരോഷിമ നഗരത്തിൽ ബോംബ് വീണു. നിമിഷങ്ങൾ കൊണ്ട് പതിനായിരക്കണക്കിനു മനുഷ്യർ കരിഞ്ഞുപോയി. ലക്ഷക്കണക്കിനു മനുഷ്യർക്ക് അണുവികിരണമേറ്റ് മാരകരോഗങ്ങൾ പിടിപെട്ടു. പതിറ്റാണ്ടുകൾ അതിന്റെ കെടുതികൾ പിന്തുടർന്നു. ഹിരോഷിമയിൽ സംഭവിച്ചത് അറിയാൻ ലോകം വൈകി. ചാരം മൂടിയ നഗരദൃശ്യം ലോകത്തെ നടുക്കി. പക്ഷേ, യുഎസ് അവിടം കൊണ്ട് അവസാനിപ്പിച്ചില്ല. മൂന്നു ദിവസത്തിനു ശേഷം ‘ഫാറ്റ്മാൻ’ എന്ന‍ു വിളിപ്പേരുള്ള അണുബോംബ് നാഗസാക്കിയിൽ പതിച്ചു. ഹിരോഷിമയിലെ അനുഭവം  തീവ്രതയോടെ ആവർത്തിക്കപ്പെട്ടു. ഓഗസ്റ്റ് 14ന് കീഴടങ്ങിയതായി ജപ്പാൻ പ്രഖ്യാപിച്ചു. 

കൈവിട്ടുപോയ കണ്ടുപിടിത്തം

അണുവിഘടനം ന്യൂട്രോണുകളെ ഉൽപാദിപ്പിക്കുമെന്നും അതു ശൃംഖലാ പ്രവർത്തനമാകാൻ സാധ്യതയുണ്ടെന്നും ആദ്യമായി അനുമാനിച്ച ലിയോ സിലാർഡ് ഇത് അണുവായുധങ്ങൾ നിർമിക്കുന്നതിലേക്ക് എത്തുമോയെന്നു ഭയന്നിരുന്നു. യുദ്ധകാലത്ത് ആണവഗവേഷണം തുടരരുതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാൽ, എൻറികോ ഫെർമിയെപ്പോലുള്ള ശാസ്ത്രജ്ഞർ ആണവഗവേഷണത്തിനു വേണ്ടി വാദിച്ചു. 

അഡോൾഫ് ഹിറ്റ്ലറുടെ കീഴിൽ ജർമനിയിൽ അണുബോംബ് നിർമാണത്തിനു വേണ്ട  ഒരുക്കങ്ങൾ നടക്കുന്നതായി അമേരിക്കയിലെ ഒട്ടേറെ ശാസ്ത്രജ്ഞർ കരുതിയിരുന്നു. സിലാർഡും അതു വിശ്വസിച്ചു. ‘ഫ്യൂറർക്ക് അണുബോംബ് കിട്ടിയാൽ ഞാൻ ആത്മഹത്യ ചെയ്യും’ എന്നുപറഞ്ഞ ഓട്ടോഹാനെപ്പോലുള്ള അപ്രിയരെ ഒഴിവാക്കിക്കൊണ്ട് നാത്‌സികൾ അണുപരീക്ഷണങ്ങൾ നടത്തിയിരുന്നെങ്കിലും അതു ബോംബിലേക്ക് എത്തിയിരുന്നില്ല. വെർണർ ഹൈസൻബെർഗിനെപ്പോലെ അതുല്യനായ ഒരു ശാസ്ത്രജ്ഞന്റെ ജർമനിയിലെ സാന്നിധ്യം സിലാർഡിനെപ്പോലുള്ളവരുടെ ആശങ്കയേറ്റി. ഹൈസൻബെർഗിനെ യുഎസിൽ നിർത്താൻ ശ്രമങ്ങൾ നടന്നെങ്കിലും അദ്ദേഹം ജർ‌മനിയിലേക്കു മടങ്ങുകയും യുദ്ധകാലത്ത് കൈസർ വില്യം ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലവനായി പ്രവർത്തിക്കുകയും ചെയ്തു. ‘ഹിറ്റ്ലർ തോൽക്കുമെന്ന് എനിക്കുറപ്പാണ്. എന്നാൽ തകർച്ചയുടെ കാലത്ത് രാജ്യത്തെ കൈവിട്ടുകൂടാ. മൂല്യമുള്ളതെന്തെങ്കിലും അവിടെ ശേഷിക്കുന്നെങ്കിൽ അവ സംരക്ഷിക്കാൻ ഞാൻ അവിടെയുണ്ടാകണം’ എന്നായിരുന്നു ഹൈസൻബെർഗ് പറഞ്ഞത്.    

ആണവഗവേഷണത്തിന് യുഎസ് സർക്കാരിനെ പ്രേരിപ്പിക്കാനായി പ്രസിഡന്റ് റൂസ്‌വെൽറ്റിന് ശാസ്ത്രജ്ഞരെഴുതിയ കത്തിൽ ഒപ്പുവച്ചവരിൽ ആൽബർട്ട് ഐൻസ്റ്റൈനുമുണ്ടായിരുന്നു. വിനാശകരമായ ആയുധത്തിന്റെ നിർമാണത്തിനു പ്രേരകശക്തിയായതിൽ പിൽക്കാലത്ത് അദ്ദേഹം പശ്ചാത്തപിച്ചു. ജർമനിയുടെ പക്കൽ അണുബോംബില്ലെന്നറിഞ്ഞിട്ടും മൻഹാറ്റൻ പ്രോജക്ടുമായി യുഎസ് മുന്നോട്ടുപോയി. സിലാർഡ്, ഫെർമിയുമൊത്ത് നിയന്ത്രിത ശൃംഖലാ പ്രവർത്തനം നടത്താനുള്ള ശ്രമത്തിൽ മുഴുകി. 1942 ഡിസംബർ 2ന് അവർ അതിൽ വിജയിക്കുകയും ചെയ്തു. ആണവായുധം അസാധ്യതയല്ലെന്ന് അതോടെ ഉറപ്പായി. 

1945ന്റെ തുടക്കത്തിൽ തന്നെ ജർമനിയുടെ കയ്യിൽ ആണവായുധ ശേഷിയില്ലെന്ന് സിലാർഡ് അടക്കമുള്ള ശാസ്ത്രജ്ഞർക്കു ബോധ്യമായി. അണുബോംബ് യുഎസ് വിനാശത്തിന് ഉപയോഗിക്കുമോയെന്ന ഭയം സിലാർഡിനെ പിടികൂടി. ഇതിൽ നിന്നു സർക്കാരിനെ പിന്തിരിപ്പിക്കാൻ അദ്ദേഹം ഐൻസ്റ്റൈന്റെ സഹായം തേടി. പ്രസിഡന്റ് റൂസ്‌വെൽറ്റിന്റെ അപ്രതീക്ഷിത മരണത്തോടെ ആ വാതിൽ അടഞ്ഞു. അണുബോംബിന്റെ ആഘാതശേഷി ജപ്പാനെ ബോധ്യപ്പെടുത്തിയിട്ടും അവർ കൂസുന്നില്ലെങ്കിൽ മാത്രമേ, അതു പ്രയോഗിക്കാവൂ എന്ന ജയിംസ് ഫ്രാങ്ക് സമിതിയുടെ റിപ്പോർട്ടിനെ റോബർട്ട് ഓപ്പൺഹൈമറും എൻറികോ ഫെർമിയുമടക്കമുള്ളവർ തള്ളി. സിലാർഡിന്റെ വനരോദനത്തിന് യുഎസ് ചെവികൊടുത്തില്ല. അങ്ങനെ ഹിരോഷിമയും നാഗസാക്കിയും സംഭവിച്ചു. 

സഡാക്കോയുടെ കൊക്കുകൾ

യുദ്ധങ്ങൾക്കും കലാപങ്ങൾക്കുമെതിരായി ലോകമെങ്ങുമുള്ള മനുഷ്യരുടെ പ്രചോദനമാണ് സഡാക്കോ സസാകി എന്ന ജാപ്പനീസ് പെൺകുട്ടിയും അവളുടെ കടലാസ് കൊക്കുകളും. അവൾക്കു 2 വയസ്സുള്ളപ്പോഴായിരുന്നു ഹിരോഷിമ ബോംബാക്രമണം. മരണത്തിൽ നിന്നു രക്ഷപ്പെട്ടെങ്കിലും അണുവികിരണം മൂലം സഡാക്കോയ്ക്ക് രക്താർബുദം ബാധിച്ചു. 1000 കടലാസു കൊക്കുകളുണ്ടാക്കി പ്രാർഥിച്ചാൽ ആഗ്രഹിക്കുന്നതു നടക്കുമെന്ന ജാപ്പനീസ് വിശ്വാസപ്രകാരം സഡാക്കോ ആശുപത്രിക്കിടക്കയിലിരുന്നു കൊക്കുകളെയുണ്ടാക്കി. 

മരണത്തിനു മുൻപ് 644 കൊക്കുകളെ മാത്രമേ സഡാക്കോയ്ക്ക് ഉണ്ടാക്കാനായുള്ളൂ എന്നും കൂട്ടുകാരികളാണ് ബാക്കിയുള്ള കൊക്കുകളെ ഉണ്ടാക്കിയതെന്നുമാണ് പ്രചരിക്കുന്ന കഥ. സഡാക്കോ ആൻഡ് ദ് തൗസൻഡ് പേപ്പർ ക്രെയിൻസ് എന്ന നോവലിലെ ഭാവന സത്യമായി ആളുകൾ തെറ്റിദ്ധരിക്കുകയായിരുന്നു. ഹിരോഷിമ പീസ് മെമ്മോറിയൽ മ്യൂസിയത്തിലെ രേഖകൾ പ്രകാരം 1955 ഓഗസ്റ്റ് അവസാനമായപ്പോഴേക്കും സഡാക്കോ ആയിരം കൊക്കുകളെ ഉണ്ടാക്കിയിരുന്നു. സഡാക്കോയുടെ സഹോദരൻ മസാഹിറോ സസാക്കിയെഴുതിയ ദ് കംപ്ലീറ്റ് സ്റ്റോറി ഓഫ് സഡാക്കോ സസാക്കി എന്ന പുസ്തകത്തിൽ ഇക്കാര്യം പറയുന്നുണ്ട്.

 English Summary : Hiroshima atomic bomb 75th anniversary

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA