‘ബ്രിട്ടിഷുകാർ ഇന്ത്യ വിടുക’ എന്ന മുദ്രാവാക്യമുയർത്തി ജനലക്ഷങ്ങൾ അണിനിരന്ന ആ സമരപോരാട്ടം

HIGHLIGHTS
  • പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക
  • ഇന്ത്യയാകെ ഒരേ സമയം ആഞ്ഞടിച്ച പ്രക്ഷോഭമായിരുന്നു
quit-india-movement-day
SHARE

ഇന്ത്യയിലെ ബ്രിട്ടിഷ് ഭരണം അവസാനിപ്പിക്കുന്നതു വരെ നീണ്ട അത്യുജ്വല സ്വാതന്ത്ര്യസമര പോരാട്ടത്തിന് ഇന്ധനം നൽകിയ മുന്നേറ്റമാണ് ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം. ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ എന്ന ആഹ്വാനത്തിൽ തന്നെയുണ്ട് ആ സമരത്തിന്റെ വീറും വാശിയും.  ഭരണത്തിലെ ഇന്ത്യൻ പങ്കാളിത്തം സംബന്ധിച്ച് പല ചിന്താധാരകളിൽനിന്നവർ ‘ബ്രിട്ടിഷുകാർ ഇന്ത്യ വിടുക തന്നെ വേണം, അതിൽ കുറഞ്ഞതൊന്നും സ്വീകാര്യമല്ല’ എന്നു പ്രഖ്യാപിച്ച സമരം. ഇന്ത്യയാകെ ഒരേ സമയം ആഞ്ഞടിച്ച പ്രക്ഷോഭമായിരുന്നു അത്. രണ്ടാം ലോക മഹായുദ്ധത്തിനിടയ്ക്ക്, ഒരു രാജ്യത്തെ ജനങ്ങൾ സ്വയംഭരണമാവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭത്തെ ദീർഘകാലത്തേക്ക് അവഗണിക്കാൻ കഴിയില്ലെന്ന് ബ്രിട്ടിഷുകാർക്ക് ബോധ്യമായി. പലരായി പിരിഞ്ഞല്ല, ഒന്നായി നിന്നാണ് ഭാവിയിലേക്കു കടക്കണ്ടതെന്ന ബോധം ഇന്ത്യക്കാർക്കിടയിൽ വേരുറപ്പിച്ചു. 1942 ഓഗസ്റ്റ് 8ന് തുടക്കം കുറിച്ചതായതിനാൽ ഓഗസ്റ്റ് പ്രക്ഷോഭമെന്നും (ഓഗസ്റ്റ് ക്രാന്തി) ഇതിനു പേരുണ്ട്. 

‘പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക’

ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ ബോംബെ  സമ്മേളത്തിന്റെ തീരുമാനപ്രകാരമാണ് ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം ആരംഭിക്കുന്നത്. 1942 ജൂലൈ 14ന് വാർധയിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി ഇന്ത്യക്ക് സമ്പൂർണ സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെടുകയും അതിനു വേണ്ടി നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കുകയും ചെയ്തതിന്റെ തുടർച്ചയായിരുന്നു ബോംബെ സമ്മേളനം.  രണ്ടാം ലോക മഹായുദ്ധത്തിൽ ബ്രിട്ടന് ഇന്ത്യയിലെ സ്വാതന്ത്ര്യസമര നേതാക്കളുടെ പിന്തുണ തേടി നടന്ന ക്രിപ്സ് ദൗത്യം (സ്റ്റാഫോർഡ് ക്രിപ്സിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾ) പരാജയപ്പെട്ടതോടെയാണ് ക്വിറ്റ് ഇന്ത്യ സമരത്തിന് അരങ്ങൊരുങ്ങിയത്. ഗോവാലിയ ടാങ്ക് (ക്രാന്തി മൈതാൻ) മൈതാനത്ത് നടത്തിയ പ്രക്ഷോഭാഹ്വാനത്തിൽ ‘പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക’ എന്ന മുദ്രാവാക്യം ഗാന്ധിജി മുന്നോട്ടുവച്ചു. രണ്ടാം ലോകമഹായുദ്ധത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ബ്രിട്ടൻ പ്രക്ഷോഭത്തെ മാന്യമായി നേരിടും എന്നാണ് കരുതിയിരുന്നെങ്കിലും തെറ്റി. സമരപ്രഖ്യാപനത്തിനു പിന്നാലെ  മഹാത്മാ ഗാന്ധി, അബുൽ കലാം ആസാദ്, ജവാഹർ ലാൽ നെഹ്റു, സർദാർ വല്ലഭായി പട്ടേൽ തുടങ്ങി കോൺഗ്രസ് നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്തു ജയിലിലടച്ചു. പലരും പുറംലോകം കാണുന്നത് രണ്ടാം ലോകമഹായുദ്ധം അവസാനിച്ച 1945ലാണ്. പതിനായിരങ്ങൾ അറസ്റ്റിലായി. നേതാക്കളും സ്വാതന്ത്ര്യസമരഭടൻമാരും തമ്മിലുള്ള ബന്ധം വിച്ഛേദിക്കാൻ ബ്രിട്ടിഷുകാർക്ക് സാധിച്ചെങ്കിലും സമരം തുടർ‌ന്നു. അതിക്രൂരമായി സമരഭടൻമാരെ സൈന്യം നേരിട്ടു. പ്രക്ഷോഭം അടിച്ചൊതുക്കി. യുദ്ധം അവസാനിച്ചാൽ മാത്രമേ ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകുന്ന കാര്യം ആലോചിക്കാൻ കഴിയൂവെന്ന് ബ്രിട്ടിഷ് ഭരണകൂടം വ്യക്തമാക്കി. വിൻസ്റ്റൺ ചർച്ചിലാണ് അന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി. ഒരർഥത്തിൽ ക്വിറ്റ് സമരത്തെ പരാജയമെന്നു വിശേഷിപ്പിക്കാമെങ്കിലും അതുണ്ടാക്കിയ ആവേശം ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതു വരെയുള്ള പോരാട്ടത്തിന് ആവേശം പകർന്നു. രണ്ടാംലോക മഹായുദ്ധം അവസാനിക്കുന്നതോടെ ഇന്ത്യ വിടുന്നതിനെക്കുറിച്ച് ബ്രിട്ടൻ ആലോചിച്ചു തുടങ്ങുകയും ചെയ്തു.

quit-india-movement-day

ആളിക്കത്തിയസമരം

പ്രക്ഷോഭം ആളിക്കത്തിയപ്പോൾ പല പ്രാദേശികമേഖലകളിൽനിന്നും ബ്രിട്ടിഷുകാർക്ക് പിൻവാങ്ങേണ്ടി വന്നു. ബംഗാളിലെ മിഡ്നാപുർ ജില്ലയിലെ 2 സബ്‌ഡിവിഷനുകളിൽ സമരക്കാർ സ്വയംഭരണം പ്രഖ്യാപിച്ചു. ഉത്തർപ്രദേശിലെ ബല്ലിയയിൽ ജില്ലാഭരണകൂടത്തെ പുറത്താക്കി പ്രക്ഷോഭകർ ഭരണം പിടിച്ചു. ജയിലിൽനിന്ന് കോൺഗ്രസ് നേതാക്കളെ മോചിപ്പിച്ചു. മഹാരാഷ്ട്രയിലും ഒഡീഷയിലും മധ്യപ്രദേശിലുമെല്ലാം ഇത്തരത്തിൽ കരുത്താർന്ന സമരമാണ് നടന്നത്. 

 രണ്ടാം ലോകയുദ്ധത്തിന്റെ പല ഘടകങ്ങളും ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തെയും അതിനെ അടിച്ചമർത്തുന്നതിനെയും സ്വാധീനിച്ചിട്ടുണ്ട്. ഒരു ലക്ഷം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടാകുമെന്നാണ് കണക്ക്. ബ്രിട്ടിഷ് വെടിവയ്പിലും അടിച്ചൊതുക്കലിലും നൂറുകണക്കിനാളുകൾ രക്തസാക്ഷികളായി. ഒളിവിലിരുന്നും നേതാക്കൾ സമരത്തീ കെടാതെ കാത്തു. കോൺഗ്രസ് നേതാക്കളെ വിദേശത്തേക്കു നാടുകടത്തുന്നതു പോലും ആദ്യഘട്ടത്തിൽ ബ്രിട്ടിഷുകാർ ആലോചിച്ചു. സമരം ഏതുവഴിക്കുമെന്നു തിരിയുമെന്ന് ഉറപ്പില്ലാതായതോടെ നീക്കം ഉപേക്ഷിച്ചു. പക്ഷേ, അവരെ പൊതുജനബന്ധമില്ലാതെ മൂന്നും നാലും വർഷം തടവിൽ വയ്ക്കുന്നതിൽ ബ്രിട്ടിഷ് ഭരണകൂടം വിജയിച്ചു. ഇന്ത്യയിലെ ചില സംഘടനകൾ സമരത്തിൽനിന്നു വിട്ടുനിന്നതും ശ്രദ്ധേയമാണ്

ഇന്ത്യയുടെ യുവശക്തി 

മഹാത്മാഗാന്ധി, അബുൽ കലാം ആസാദ്, അശോക് മേത്ത, ജയപ്രകാശ് നാരായണൻ, ജവാഹർ ലാൽ നെഹ്റു, സർദാർ വല്ലഭായ് പട്ടേൽ, ഡോ. എസ്.രാജേന്ദ്രപ്രസാദ്, സി.രാജഗോപാലാചാരി എന്നിവരെല്ലാം ക്വിറ്റ് സമരവുമായി നേരിട്ടുബന്ധമുള്ള നേതാക്കളാണ്. ആയിരക്കണക്കിന് യുവാക്കളാണ് തെരുവിലിറങ്ങുകയും സ്വാതന്ത്ര്യസമരപ്പോരാട്ടത്തിന്റെ അടുത്ത ഘട്ടത്തിൽ സജീവമായി പങ്കെടുക്കുകയും ചെയ്തത്. പ്രക്ഷോഭത്തിനിടെ നേതാക്കളെല്ലാം അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ ബോംബെയിൽ ഗാന്ധിജി സമരാഹ്വാനം നടത്തിയ അതേ മൈതാനത്ത് അരുണ അസഫലി എന്ന യുവതി ദേശീയപതാക ഉയർത്തുകയും കോൺഗ്രസ് യോഗത്തിൽ ആധ്യക്ഷ്യം വഹിക്കുകയും ചെയ്തത് 1942 ഓഗസ്റ്റ് 9ന് ആണ്.

 English Summary : Quit India movement day

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA