12–ാം വയസ്സിൽ കംപ്യൂട്ടർ ഗെയിം വികസിപ്പിച്ചു, ഇന്ന് 567,808 കോടി രൂപ സമ്പാദ്യം ; മസ്‌കിന്റെ ജീവിത കഥ

HIGHLIGHTS
  • ബഹിരാകാശത്തു കറങ്ങിനടക്കുന്ന സ്റ്റാർമാനും കാറും ഏറെ ശ്രദ്ധിക്കപ്പട്ടു
  • മസ്‌കിന് എന്തോ കുഴപ്പമുണ്ടെന്നു കരുതി രക്ഷിതാക്കൾ വൈദ്യപരിശോധന വരെ നടത്തി
elon-musk-success-story
SHARE

നാസാ യാത്രികരെ ബഹിരാകാശത്തെത്തിച്ച് തിരിച്ചു കൊണ്ടുവന്ന ആദ്യ സ്വകാര്യ കമ്പനി.....ചരിത്രം രചിച്ചിരിക്കുകയാണ്  സ്‌പേസ് എക്‌സ്. എന്നാൽ സ്‌പേസ് എക്‌സിനെക്കാൾ പ്രശസ്തനാണ് കമ്പനിയുടെ ഉടമസ്ഥൻ ഇലോൺ മസ്‌ക്. നൂതന സാങ്കേതികവിദ്യയും അതിരുകളില്ലാത്ത ഭാവനയും തന്റെ ഇന്ധനമാക്കിയ മസ്‌കിന്റെ  ജീവിത കഥ.

സ്വപ്‌ന സഞ്ചാരി

ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിൽ 1971 ജൂൺ 28നാണു മസ്‌ക് ജനിച്ചത്. പകൽ സ്വപ്നങ്ങളിൽ മുഴുകിയ ബാല്യം, മസ്‌കിനെ സ്‌കൂളിലെ മറ്റു വിദ്യാർഥികൾക്കിടയിൽ പരിഹാസപാത്രമാക്കി. മസ്‌കിന് എന്തോ കുഴപ്പമുണ്ടെന്നു കരുതി രക്ഷിതാക്കൾ വൈദ്യപരിശോധന വരെ നടത്തി. വായന ഒരു ശീലമാക്കി മാറ്റിയ മസ്‌ക് ഹൈസ്‌ക്കൂളെത്തിയപ്പോഴേക്കും പരിഹാസം കേട്ടു മടുത്തു. കൂടുതൽ ശുഭാപ്തിവിശ്വാസം നേടാനായി ഈ സമയത്ത് കരാട്ടെയും ഗുസ്തിയും പഠിച്ചു.

റിയൽ സ്റ്റാർക്ക്

അയൺമാൻ സിനിമകളിലൂടെ പ്രശസ്തനായ ശതകോടീശ്വരൻ ടോണി സ്റ്റാർക്കിനെ കൂട്ടുകാർക്കറിയുമല്ലോ.വേറാരും ചിന്തിക്കാത്ത കാര്യങ്ങൾ ചിന്തിക്കുന്നതിനാലും അതിനായി പരിശ്രമിക്കുന്നതിനാലും ഇലോൺ മസ്‌കിനെ ടോണി സ്റ്റാർക്കുമായി ഉപമിക്കുന്നവരുണ്ട്. 

ടെസ്‌ല

മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് വാഹന കമ്പനിയാണ് ടെസ്‌ല. പ്രകടനം കൊണ്ട് വാഹനപ്രേമികളുടെ ശ്രദ്ധയാകർഷിച്ച റോഡ്‌സ്റ്റർ കാറുകൾ കമ്പനിയുടെ ഉത്പന്നമാണ്. വ്യത്യസ്തമായ ഡിസൈൻ കൊണ്ടു പ്രശസ്തമായ സൈബർ ട്രക്കുകളും ടെസ്‌ലയുടേതായുണ്ട്. 

കടൽകടന്ന്

1989. മസ്‌ക് 18 വയസ്സുകാരൻ യുവാവായി. അന്നു ദക്ഷിണാഫ്രിക്കയിലെ നിയമമനുസരിച്ചു യുവാക്കൾ നിർബന്ധിത സൈനികസേവനത്തിൽ ചേരണം. ഇതു താൽപര്യമില്ലാതെ അദ്ദേഹം കാനഡയിലേക്കു ഡിഗ്രി പഠിക്കാനായി യാത്രയായി. തുടർന്ന് 1992ൽ തന്റെ സ്വപ്‌നരാജ്യമായ യുഎസിൽ എത്തിച്ചേരുകയും അവിടെ പെൻസിൽവേനിയ സർവകലാശാലയിൽ പഠനം പൂർത്തിയാക്കുകയും ചെയ്തു.

$1

യുഎസിലെ പഠനനാളുകളിൽ പ്രതിദിനം ഒരു ഡോളർ മാത്രമായിരുന്നു മസ്ക്  ചെലവാക്കിയത്. ഓറഞ്ചുകളായിരുന്നു പ്രധാന ആഹാരം.

ബിസിനസ്മാൻ

ഒട്ടേറെ വിപ്ലവകരമായ സാങ്കേതികവിദ്യകൾക്കു മസ്‌ക് പണം മുടക്കിയിട്ടുണ്ട്. അതിൽ പ്രധാനമാണ് ഹൈപ്പർ ലൂപ്പ്. മണിക്കൂറിൽ 1000 കിലോമീറ്റർ വരെ വേഗം കൈവരിക്കുമെന്നു കരുതപ്പെടുന്ന ട്യൂബ് ഗതാഗത സംവിധാനമാണിത്. നിർമിതബുദ്ധിയുടെ വികാസത്തിനായി ന്യൂറലിങ്ക്, വൻകിട ഡ്രെജിങ് ജോലികൾക്കായി ബോറിങ് എന്നീ കമ്പനികളും മസ്‌കിന്റെ ഉടമസ്ഥതയിലുണ്ട്.

ആദ്യസംരംഭം

തുടർന്നു വിഖ്യാതമായ സ്റ്റാൻഫഡ് സർവകലാശാലയിൽ മസ്‌ക് പിഎച്ച്ഡി പഠനത്തിനു ചേർന്നു. അതേ സമയത്താണ് ലോകം ഇന്റർനെറ്റ് ബൂമിലേക്കു കടന്നത്. ചേർന്നതിനു രണ്ടു ദിവസം കഴിഞ്ഞു മസ്‌ക് പിഎച്ച്ഡി പഠനം ഉപേക്ഷിച്ചു. 1995ൽ, സഹോദരൻ കിംബലിനൊപ്പം തന്റെ ആദ്യ സംരംഭമായ സിപ്2 കോർപറേഷൻ തുടങ്ങി. ഈ കമ്പനിയെ പിന്നീടു കോംപാക് കംപ്യൂട്ടർ കോർപറേഷൻ ഏറ്റെടുത്തു.

567808

567,808 കോടി രൂപയാണ് മസ്കിന്റെ സമ്പാദ്യം. ലോകത്തെ ഏഴാമത്തെ സമ്പന്നൻ

X ഫാക്ടർ

സിപ്2 കോർപറേഷൻ വിറ്റുകിട്ടിയ സമ്പത്തുപയോഗിച്ച്   എക്സ്.കോം എന്ന കമ്പനി മസ്‌ക് തുടങ്ങി. പിന്നീടു പേയ്പാൽ എന്ന പേരിൽ പ്രശസ്തമായ ഈ കമ്പനി മസ്‌കിലെ വ്യവസായിയെ ശക്തനാക്കി. 2002ൽ ഈ കമ്പനി ഇബേ ഏറ്റെടുത്തു. തുടർന്നു മസ്‌ക് ബഹിരാകാശമേഖലയിലെ സംരംഭകത്വത്തിനായി സ്‌പേസ് എക്‌സ് കമ്പനി സ്ഥാപിച്ചു. 2008ൽ നാസ തങ്ങളുടെ സേവനങ്ങൾക്കായി സ്‌പേസ് എക്‌സിനെ   ആശ്രയിച്ചു തുടങ്ങി. 2018ൽ അതിശക്തമായ ഫാൽക്കൺ ഹെവി എന്ന റോക്കറ്റ് സ്പേസ് എക്സ് വിക്ഷേപിച്ചു.

12 വയസ്സുള്ളപ്പോൾ മസ്‌ക് ബ്ലാസ്റ്റാർ എന്ന കംപ്യൂട്ടർ ഗെയിം വികസിപ്പിക്കുകയും ഇതു വിൽക്കാൻ തുടങ്ങുകയും ചെയ്തു

മസ്ക്  കുസൃതികൾ

2018ൽ നടന്ന ഫാൽക്കൺ ഹെവി റോക്കറ്റിന്‌റെ വിക്ഷേപണം എക്കാലവും എല്ലാവരും ഓർത്തിരിക്കും. ആ റോക്കറ്റിനൊപ്പം ഒരു പുതിയ ടെസ്‌ല റോഡ്‌സ്റ്റർ കാർ മസ്‌ക് അയച്ചതാണ് കാരണം. അതിനൊപ്പം സ്റ്റാർമാൻ എന്ന ഒരു പാവയുമുണ്ടായിരുന്നു. ബഹിരാകാശത്തു കറങ്ങിനടക്കുന്ന സ്റ്റാർമാനും കാറും ഏറെ ശ്രദ്ധിക്കപ്പട്ടു. 

ബിഎഫ്ആർ എന്ന പേരിൽ ഒരുങ്ങുന്ന വൻ റോക്കറ്റാണ് മറ്റൊരു ആകർഷണം. ചൊവ്വയിലേക്കും ചന്ദ്രനിലേക്കും മനുഷ്യനെ എത്തിച്ചു കോളനികൾ സ്ഥാപിക്കാനുള്ള സ്വപ്‌നത്തിന്റെ തുടക്കമാണ് ബിഎഫ്ആറെന്നു വിലയിരുത്തപ്പെടുന്നു. റോബട്ടുകൾ ഓടിക്കുന്ന റോബോടാക്‌സികൾ വികസിപ്പിക്കുന്ന പദ്ധതിയും മസ്‌കിനുണ്ട്. അടുത്തവർഷത്തോടെ ഇതു യാഥാർഥ്യമാകുമെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം.

English Summary :Elon Musk's life story:

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA