ADVERTISEMENT

രസതന്ത്ര പാഠങ്ങളിൽ കൂട്ടുകാർ കൊബാൾട്ടിനെക്കുറിച്ച് പഠിച്ചിട്ടുണ്ടല്ലോ. ഇതാ കുറച്ച് കൊബാൾട്ട് വിശേഷങ്ങൾ. ആരുടെ കൈവശമാണോ കൂടുതൽ കൊബാൾട്ട് ഉള്ളത്, അവരായിരിക്കും ഭാവിലോകത്തെ വിപണി നിയന്ത്രിക്കുക.

അറ്റോമിക് സംഖ്യ 27 ഉള്ള മൂലകമായ കൊബാൾട്ട് തിളങ്ങുന്ന വെള്ളിനിറമുള്ള കടുപ്പമുള്ളൊരു ലോഹമാണ്. പുരാതനകാലം മുതൽ ഇതിന്റെ സംയുക്തങ്ങൾ ഗ്ലാസുകളിലും കോപ്പകളിലും ആഭരണങ്ങളിലും നീലയും പച്ചയും നിറം കൊടുക്കാൻ ഉപയോഗിച്ചിരുന്നു. കൊബാൾട്ട് 60 ഐസോടോപ് കാൻസർ ചികിത്സയ്ക്കടക്കം ഉപയോഗിക്കുന്നു. ജീവജാലങ്ങൾക്കെല്ലാം ഒഴിച്ചുകൂടാനാവാത്ത വൈറ്റമിൻ ബി-12 ന്റെ പ്രധാന ഘടകങ്ങളിൽ ഒന്നാണ് കൊബാൾട്ട്. 1735-ൽ ആദ്യമായി കൊബാൾട്ട് അതിന്റെ സംയുക്തങ്ങളിൽനിന്നു വേർതിരിച്ചെടുത്തു.

കൊബാൾട്ടും കോംഗോയും

ലോകത്തെ കൊബാൾട്ട് ധാതുശേഖരത്തിന്റെ പകുതിയും ഉൽപാദനത്തിന്റെ മൂന്നിൽ രണ്ടും ആഫ്രിക്കൻ രാജ്യമായ കോംഗോയിലാണ്. പ്രധാനമായും നിക്കലും ചെമ്പും ഖനനം ചെയ്യുന്നിടത്തുനിന്നുതന്നെയാണ് കൊബാൾട്ടിന്റെ അയിരും ലഭിക്കുന്നത്. 2030 ആകുമ്പോഴേക്കും ലോകത്തെ വൈദ്യുതവാഹനങ്ങളുടെ ബാറ്ററി ആവശ്യങ്ങൾക്ക് ഇന്നുള്ളതിന്റെ അൻപതു മടങ്ങ് കൊബാൾട്ട് വേണ്ടിവരുമെന്നാണു കണക്ക്. അതായത്, കൊബാൾട്ടിന്റെ ലഭ്യതയാവും വൈദ്യുതവാഹനങ്ങൾ എത്രത്തോളം നിരത്തിലിറക്കാൻ സാധിക്കുമെന്നതിന്റെയും എത്രയാവും അവയുടെ വില എന്നതിന്റെയും മാനദണ്ഡം. കോംഗോയിൽ കൊബാൾട്ട് ഖനനം ചെയ്യുന്ന പല കമ്പനികളെയും ചൈന വാങ്ങിക്കഴിഞ്ഞു. 

ഇവിടെ മറ്റൊരു വലിയ പ്രശ്നം കൂടിയുണ്ട്. കോംഗോയിലെ കൊബാൾട്ട് ഖനനത്തിന്റെ നാലിലൊന്നോളം നടക്കുന്നത് അനധികൃതമായാണ്. അതു ചെയ്യുന്ന മനുഷ്യരാകട്ടെ, ചെറിയ ഉപകരണങ്ങളും കൈയും ഉപയോഗിച്ച് മണ്ണുമാന്തിയാണ് ഈ പ്രവൃത്തി ചെയ്യുന്നത്. കോംഗോയിൽ മാത്രം ഈ മേഖലയിൽ പണിയെടുക്കുന്ന രണ്ടര ലക്ഷത്തിലേറെയുള്ള ആൾക്കാരിൽ 40,000 പേരും കുട്ടികളാണ്.  കോംഗോയിലെ 14  കുടുംബങ്ങൾ യുഎസിലെ ഒരു കോടതിയിൽ നൽകിയ കേസിൽ ആപ്പിൾ, ഗൂഗിൾ, ടെസ്‌ല, മൈക്രോസോഫ്റ്റ് മുതലായ കമ്പനികൾ തങ്ങളുടെ ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന ബാറ്ററികളിലെ കൊബാൾട്ട് കോംഗോയിൽ കുട്ടികളെക്കൊണ്ട് പണിയെടുപ്പിച്ച് ഉണ്ടാക്കുന്നതാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഉപയോഗിക്കുന്നതെന്ന് ആരോപിച്ചിട്ടുണ്ട്. 

ദിനംതോറും കൊബാൾട്ടിന്റെ വില കുതിച്ചുകയറുകയാണ്. കൂടുതൽ കൊബാൾട്ട് കയ്യിലുള്ളവരാണ് സ്മാർട് വിപണിയിൽ മുന്നിലെത്തുക; അതിപ്പോൾ ഫോൺ ആയാലും വൈദ്യുതവാഹനമായാലും. 2030 ആകുമ്പോഴേക്കും കാറുകൾ മുഴുവൻ വൈദ്യുതി ഉപയോഗിച്ചാകണം ഓടുന്നതെന്ന് ഇന്ത്യയും പദ്ധതിയിട്ടിട്ടുണ്ട്. പക്ഷേ, ഒക്കെ നിശ്ചയിക്കുക ലിഥിയത്തിന്റെയും കൊബാൾട്ടിന്റെയും ലഭ്യതയാണ്. ഒരു വൈദ്യുതവാഹനത്തിന്റെ വിലയുടെ പകുതിയും അതിലെ ബാറ്ററിയുടേതാണ്. എത്രത്തോളം അതിന്റെ വില ഉയരാമെന്നതിനെപ്പറ്റി ആർക്കും വലിയ അറിവൊന്നുമില്ല താനും. കോംഗോയിലെ കൊബാൾട്ട് കമ്പനികളെ സ്വന്തമാക്കിയതുകൂടാതെ പഴയ ബാറ്ററികളിൽ നിന്നു കൊബാൾട്ടിനെ വേർതിരിച്ചെടുക്കുന്നതിലും ചൈനയാണുമുന്നിൽ. പുനരുപയോഗിക്കുന്ന കൊബാൾട്ടിന്റെ പകുതിയിലേറെയും ചൈനയാണു നിർമിക്കുന്നത്.

പെട്രോളിയം ഖനനം കുറച്ച് പരിസ്ഥിതിസൗഹൃദമായ വൈദ്യുതവാഹനങ്ങൾ നിരത്തിലിറക്കാൻ കൊബാൾട്ടിനു പകരമായോ അല്ലെങ്കിൽ അതിന്റെ അളവു കുറച്ചോ മറ്റു കാഥോഡുകൾ ഉണ്ടാക്കാമോ എന്ന ഗവേഷണത്തിലാണ് ലോകത്തെ എല്ലാ വൈദ്യുതവാഹന കമ്പനികളും.

ബാറ്ററികളുടെ മുഖ്യഘടകം

വളരെ പരിമിതമായ ഉപയോഗങ്ങൾ മാത്രമുണ്ടായിരുന്ന കൊബാൾട്ട്, ലിഥിയം അയോൺ ബാറ്ററികളുടെ വരവോടെ ഫോണിലും വാഹനങ്ങളിലും റീചാർജ് ബാറ്ററികൾ ആവശ്യമായി വന്നപ്പോൾ ലോകത്തെങ്ങും അത്യാവശ്യമായൊരു ലോഹമായി മാറി. ലിഥിയം അയോൺ ബാറ്ററികളിലെ ഒരു സുപ്രധാന ഘടകമാണ് കൊബാൾട്ട്. ഒരു സ്മാർട് ഫോണിൽ ആവശ്യമുള്ള കൊബാൾട്ടിന്റെ അളവ് കേവലം 10 മുതൽ 20 ഗ്രാം വരെ മാത്രമാകുമ്പോൾ ഒരു കാറിലെ ബാറ്ററിയിലേക്ക് ഏകദേശം 10 മുതൽ 20 കിലോഗ്രാം വരെ കൊബാൾട്ട് ആവശ്യമുണ്ട്. പല രാജ്യങ്ങളും പെട്രോളിയം ഇന്ധനം ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളുടെ വിൽപന അവസാനിപ്പിക്കാനുള്ള സമയക്രമം പ്രഖ്യാപിച്ചുകഴിഞ്ഞതോടെ വൈദ്യുതവാഹനങ്ങൾ ധാരാളമായി നിർമിക്കേണ്ടിവരും.

 Englisg Summary : Element, information, properties and uses of Cobalt 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com