ADVERTISEMENT

ഹൈസ്കൂൾ ക്ലാസ്സുകളിൽ ബ്യൂട്ടെയ്ൻ പഠിക്കാനുണ്ടല്ലോ.... നമ്മുടെ അടുക്കളയിൽ ഉപയോഗിക്കുന്ന പാചകവാതകത്തിലെ മുഖ്യ ഘടകമാണു ബ്യൂട്ടെയ്ൻ. കെമിസ്ട്രി എളുപ്പത്തിൽ മനസ്സിലാക്കാനും ഓർത്തിരിക്കാനും ഈ കുറിപ്പ് വായിക്കൂ

‘അച്ഛാ, ഒരു സംശയം ചോദിച്ചോട്ടെ?’ അനുവിന്റെ ചോദ്യം.

‘യെസ്, എത്ര വേണമെങ്കിലും ചോദിച്ചോളൂ. ഞാൻ ഫ്രീയാണ്.’

അനു: ‘ബ്യൂട്ടെയ്ൻ വാതകത്തെപ്പറ്റി ഈ പുസ്തകത്തിൽ പറയുന്നത് നോക്കൂ.ഞാൻ വായിക്കാം’ – നാലു കാർബൺ ആറ്റങ്ങൾ അടങ്ങിയ ഏകബന്ധനം മാത്രമുള്ള ഹൈഡ്രോ കാർബൺ ആയതിനാലാണ് ഇതിന് ബ്യൂട്ടെയ്ൻ എന്ന പേരു നൽകപ്പെട്ടിരിക്കുന്നത്. സാധാരണ അന്തരീക്ഷ താപനിലയിൽ വാതകരൂപത്തിലുള്ള ബ്യൂട്ടെയ്ൻ നിറമില്ലാത്തതും മണമില്ലാത്തതും ആയ വാതകമാണ്. ദ്രവീകൃത രൂപത്തിലുള്ള ബ്യൂട്ടെയ്ൻ ആണ് നാം സാധാരണയായി പാചകവാതകമായി ഉപയോഗിക്കുന്ന ‘ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ്’ അഥവാ ‘ദ്രവീകൃത പെട്രോളിയം വാതകത്തിലെ (LPG)' മുഖ്യ ഘടകം.

‘ഇതിലെന്താ സംശയത്തിന് വക’?

അനു: പക്ഷേ, അച്ഛാ, പാചകവാതകത്തിന് ഗന്ധം ഉണ്ടല്ലോ. ഗ്യാസൊക്കെ തുറന്നാൽ ഒരു ദുർഗന്ധമല്ലേ അനുഭവപ്പെടുക.

‘ഓ, അതാണോ കാര്യം. ബ്യൂട്ടെയ്ൻ ഗന്ധമില്ലാത്ത വാതകം തന്നെയാണ്. ഇതാണ് LPGയിലെ മുഖ്യഘടകവും. സാമാന്യം ഉയർന്ന മർദത്തിൽ, അന്തരീക്ഷ താപനിലയിൽ ദ്രവീകരിക്കാൻ കഴിയുന്ന ഈ വാതകം തന്നെയാണ് ഗ്യാസ് സിലിണ്ടറുകളിലുള്ളത്. സിലിണ്ടറുകളിൽ ദ്രവീകൃത രൂപത്തിലുള്ള ഈ വാതകം നോസിലിലൂടെ തുറന്നു വിടുമ്പോൾ വാതകമായി മാറുന്നു. ഇതാണ് നാം ഗ്യാസ് സ്റ്റൗ ഉപയോഗിച്ച് കത്തിക്കുന്നത്.

‘അത് OK. ഇപ്പൊ ഒരു പുതിയ സംശയം കൂടി– എന്തിനാ ഇങ്ങനെ ദ്രാവകമാക്കുന്നത്? 

‘പറയാം. അതിനു മുൻപ് LPG ദ്രാവകരൂപമാണെന്ന് നിനക്ക് ഉറപ്പുണ്ടോ?’

‘ഉണ്ട്. ഗ്യാസ് സിലിണ്ടർ കുലുക്കി നോക്കിയാൽ അത് ഫീൽ ചെയ്യും. ഒരു ദ്രാവകം ഇളകുന്നതുപോലെ. പക്ഷേ, എന്തിനാ ദ്രാവകമാക്കുന്നത്?

‘പദാർഥത്തിന് വാതകരൂപത്തിൽ സ്ഥിതി ചെയ്യാൻ ഒരുപാട് സ്ഥലം വേണം. വാതകത്തെ ദ്രവീകരിച്ചാൽ ഇത് ഒരു ചെറിയ സ്ഥലത്ത് ഒതുക്കാൻ കഴിയും.അതിനാൽ തന്നെ പല സന്ദർഭങ്ങളിലും വാതകങ്ങളെ ഉയർന്ന മർദത്തിൽ ദ്രവീകരിച്ച് ഉപയോഗിക്കാറുണ്ട്.’

‘Yes. സിഗാർ ലൈറ്ററുകളിൽ ഇത് ഞാൻ കണ്ടിട്ടുണ്ട്. ലൈറ്ററിനുള്ളിൽ വെള്ളം പോലെ ഒരു ദ്രാവകമാണ് കാണുന്നതെങ്കിലും ട്രിഗർ അമർത്തിപ്പിടിച്ചാൽ അതിൽ നിന്നു വാതകമാണ്  പുറത്തുവരിക.’

‘സിഗാർ ലൈറ്ററുകളിൽ മാത്രമല്ല, ചിലയിനം സുഗന്ധ സ്പ്രേകളിലും മറ്റ് അനേകം സന്ദർഭങ്ങളിലും ഇത് ഉപയോഗിക്കുന്നു.’

‘അച്ഛാ, അപ്പോഴും എന്റെ സംശയം ബാക്കി. എന്താ ഈ LPGക്ക് ദുർഗന്ധം?’

‘അതിലേക്ക് വരാം. ബ്യൂട്ടെയ്ൻ വാതകവും കൂടെയുള്ള വാതക ഹൈഡ്രോകാർബണുകളും മാത്രമാണ് LPGയിലെ ഘടകങ്ങൾ എന്ന് കരുതുക. ഇവ നിറച്ചിരിക്കുന്ന LPG ലീക്ക് ചെയ്തു എന്നിരിക്കട്ടെ. അടുക്കളയിൽ നിൽക്കുന്ന നിന്റെ പ്രതികരണമെന്തായിരിക്കും?

‘എന്തു പറയാനാ...ഞാൻ അതൊന്നുമറിയാതെ അങ്ങനെ നിൽക്കും.’

‘അതിനിടയ്ക്ക് ഒരു സ്വിച്ചിടുകയോ തീപ്പെട്ടിയുരയ്ക്കുകയോ ചെയ്ത് ഒരു തീപ്പൊരി ഉണ്ടായാൽ...’

‘അയ്യോ, പേടിപ്പിക്കല്ലേ...വീട് തന്നെ കത്തിപ്പോകും. പിന്നെ ഞാനും അമ്മയും അച്ഛനുമെല്ലാം...’ അനുവിനു കരച്ചിലാണ് വന്നത്. പക്ഷേ, അച്ഛൻ അപ്പോഴും കൂൾ.

‘അതെ. അതൊഴിവാക്കാൻ. ഗ്യാസ് ലീക്ക് എളുപ്പം തിരിച്ചറിയാനും കരുതൽ സ്വീകരിക്കുവാനുമാണ് LPGയ്ക്ക് ദുർഗന്ധം നൽകിയിരിക്കുന്നത്. എൽപിജിയിലെ വാതകങ്ങൾക്കൊപ്പം ദുർഗന്ധമുള്ളതും അധികം വിഷാംശം ഇല്ലാത്തതുമായ മെർകാപ്റ്റൻ (ഈഥൈൽ മെർകാപ്റ്റൻ) എന്ന രാസവസ്തു കൂടി LPGയോടൊപ്പം ചേർക്കുന്നു.

അപ്പോൾ ഗ്യാസ് ലീക്കായാൽ കടുത്ത ദുർഗന്ധം അനുഭവപ്പെടുകയും നാം ഗ്യാസ് ഓഫ് െചയ്യുകയോ. മുൻകരുതലുകൾ സ്വീകരിക്കുകയോ ചെയ്യും. വ്യക്തമായോ?

‘യെസ്. ക്ലിയർ.’

‘ഇനി എന്തെങ്കിലും?’

‘ഒരു കാര്യം കൂടി. LPG സിലിണ്ടറുകളിൽ ചില എഴുത്തുകൾ കാണുന്നുണ്ടല്ലോ. അവ എന്താ?’

‘ഒന്ന് അതിനകത്തെ ദ്രവീകൃത വാതകത്തിന്റെ തൂക്കം (മാസ്) NETT WT 14.2 kg, 12 kg etc എന്നൊക്കെ രേഖപ്പെടുത്തും. ഇത് കൂടാതെ സിലിണ്ടറിന്റെ സീരിയൽ നമ്പർ, നിർമിത വർഷം, ആകെ തൂക്കം അങ്ങനെ പലതും മാഞ്ഞുപോകാത്തവിധം രേഖപ്പെടുത്തും.’

‘ഇതൊക്കെ നമ്മെ സംബന്ധിച്ച് പ്രധാനമാണോ?’

‘അങ്ങനെ ചോദിച്ചാൽ പ്രധാനം തന്നെ. പക്ഷേ, അതിനെക്കാളൊക്കെ പ്രധാനപ്പെട്ട ഒരു രേഖപ്പെടുത്തൽ കൂടിയുണ്ട്. ഈ ഗ്യാസ് സിലിണ്ടർ ഏത് കാലാവധി വരെ ഉപയോഗിക്കാമെന്നതാണിത്. സിലിണ്ടറിന്റെ വട്ടത്തിലുള്ള പിടിയുടെ വശങ്ങളിലായുള്ള മൂന്നു പ്ലേറ്റുകളിൽ ചിലതിന്റെ അകത്താണിത് കാണാൻ കഴിയുക.’

‘എന്താണവിടെ എഴുതിയിട്ടുണ്ടാവുക?’

‘ശരിക്കും നീ പോയ് നോക്കുകയാണ് വേണ്ടത്. എന്തായാലും ഇപ്പോ ഞാൻ പറയാം.’

A, B, C, D എന്നിങ്ങനെയുള്ള അക്ഷരങ്ങൾക്കൊപ്പം വർഷത്തിന്റെ അവസാന രണ്ട് അക്കങ്ങൾ കൂടിയാണ് അവിടെയുണ്ടാവുക.’

'A, B, C, D എന്നിവ വർഷത്തിന്റെ നാലു ക്വാർട്ടറുകളെ (മൂന്ന് മാസങ്ങൾ) സൂചിപ്പിക്കുന്നു.

A എന്നാൽ ജനുവരി, ഫെബ്രുവരി, മാർച്ച് (ജനുവരി – മാർച്ച്). B എന്നത് ഏപ്രിൽ മുതൽ ജൂൺ വരെ എന്നിങ്ങനെ. ഉദാഹരണത്തിന് C-20 എന്നാൽ 2020 ജൂലൈ മുതൽ സെപ്റ്റംബർ വരെ എന്നർഥം. അതായത് ഇതിന്റെ നിയമാനുസൃത, അനുവദനീയ കാലാവധി 2020 സെപ്റ്റംബർ വരെയാണ്.

അനു– 'Just a Second. ‍ഞാനൊന്നു നോക്കി വരട്ടെ...

Yes, ഞാൻ നോക്കി. നമ്മുടെ സിലിണ്ടറിൽ രേഖപ്പെടുത്തിയത് D-22 എന്നാണ്.’

‘എന്താ അതിന്റെ അർഥം, അനൂ?’

‘2022 ഒക്ടോബർ മുതൽ ഡിസംബർ വരെ എന്നല്ലേ. അതായത് 2022 ഡിസംബറിൽ കാലാവധി തീരുമെന്ന്.’

‘ഗുഡ്’ 

വെറുതെ ഈ വിവരങ്ങൾ നോക്കിയാൽ മാത്രം പോരാ. LPG സപ്ലൈ ചെയ്യുന്ന കമ്പനികൾ നൽകുന്ന സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിക്കുകയും സുരക്ഷയുമായി ബന്ധപ്പെട്ട കാലാകാലങ്ങളിൽ നടത്തേണ്ട പരിശോധനകൾ നടത്തുകയും, റഗുലേറ്റർ, കണക്ടിങ് ട്യൂബ് എന്നിവ പരിശോധിച്ച് ആവശ്യമെങ്കിൽ മാറ്റുകയും വേണം. അല്ലാത്തപക്ഷം അപകടസാധ്യതയുണ്ട് എന്നോർക്കണം.’

English Summary : Important facts about Gas Cylinder that you should Know

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com