ADVERTISEMENT

സെറിൻഡിപ്പിറ്റി (serendipity) എന്താണെന്നു കൂട്ടുകാർക്ക് അറിയാമോ..? പരീക്ഷണങ്ങൾക്കിടയിൽ നമുക്ക് പ്രയോജനമുള്ള എന്തെങ്കിലും കാര്യങ്ങൾ അപ്രതീക്ഷിതമായി കണ്ടുപിടിക്കുന്നതിനെ സെറിൻഡിപ്പിറ്റി എന്നു പറയാം. ഇങ്ങനെ നൂറു കണക്കിനു കണ്ടുപിടിത്തങ്ങൾ ഉണ്ടായിട്ടുണ്ട്. അത്തരം കണ്ടുപിടിത്തങ്ങളെക്കുറിച്ച് വായിക്കാം– ‘അങ്ങനെ ഇങ്ങനെയായി’

വുർത്‌സ്‌ബെർഗിലെ പരീക്ഷണശാലയിൽ ഡിസ്ചാർജ് ട്യൂബ് പരീക്ഷണങ്ങളിൽ മുഴുകിയിരിക്കുകയായിരുന്നു ആ ജർമൻ ഭൗതികശാസ്ത്രജ്ഞൻ. കാഥോഡ് കിരണങ്ങളുടെ സവിശേഷത പഠിക്കാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. ഡിസ്ചാർജ് ട്യൂബിൽ വളരെ താഴ്ന്ന മർദത്തിൽ വാതകം നിറച്ച് അതിലൂടെ വൈദ്യുതി കടത്തിവിട്ടുകൊണ്ടായിരുന്നു പരീക്ഷണം. ഡിസ്ചാർജ് ട്യൂബ് കട്ടിയുള്ള ഒരു കറുത്ത കാർഡ്ബോഡ് കൊണ്ടു പൊതിഞ്ഞിരുന്നു. റൂമിലെ വെളിച്ചവും അണച്ചു. അതിനിടെ  വിചിത്രമായൊരു കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഡിസ്ചാർജ് ട്യൂബിൽ നിന്ന് അൽപം ദൂരെ വച്ചിരുന്ന ബേരിയം പ്ലാറ്റിനോ സയനൈഡ് പൂശിയ സ്ക്രീനിൽ അതാ ഒരു പച്ച വെളിച്ചം. ഡിസ്ചാർജ് ട്യൂബിൽ നിന്നുള്ള ഏതോ രശ്മി ആ സ്ക്രീനിൽ പതിച്ചതാവാം തിളക്കത്തിനു  കാരണമെന്ന് അദ്ദേഹം ഊഹിച്ചു. അത് കാഥോഡ് കിരണങ്ങളല്ലെന്നുറപ്പ്. ആ അജ്ഞാത കിരണങ്ങളെ എക്സ് കിരണങ്ങൾ (എക്സ്-റേ) എന്നാണ് അദ്ദേഹം വിളിച്ചത്. ഇപ്പോൾ ആ ശാസ്ത്രജ്ഞൻ ആരെന്നു മനസ്സിലായിക്കാണുമല്ലോ അല്ലേ? അതെ വില്ല്യം കോൺറാഡ് റോൺ‌ട്ജൻ തന്നെ.

1895 നവംബർ-8 നായിരുന്നു തികച്ചും യാദൃച്ഛികമായ ഈ കണ്ടുപിടിത്തം. അതാവട്ടെ ശാസ്ത്രചരിത്രത്തിലെ തന്നെ നിർണായക നേട്ടമാവുകയും ചെയ്തു. ഈ അജ്ഞാത രശ്മികളെക്കുറിച്ച് വിശദമായി പഠിക്കാൻ  റോൺട്ജൻ രാവും പകലും പരീക്ഷണങ്ങളിൽ മുഴുകി. ആ അത്ഭുത രശ്മികളുടെ പാതയിൽ വിവിധ വസ്തുക്കൾ വച്ചു നിരീക്ഷിച്ചു. അങ്ങനെ എക്സ് കിരണങ്ങൾക്ക് വിവിധ വസ്തുക്കളിലൂടെ കടന്നുപോവാനുള്ള കഴിവുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി. ഒരു ദിവസം എക്സ് റേയുടെ പാതയിൽ ഭാര്യ അന്ന ബെർത്തയുടെ  കൈ വച്ച് അതിന്റെ ചിത്രം ഫോട്ടോഗ്രാഫിക് പ്ലേറ്റിൽ പകർത്തിയ റോൺട്ജൻ അത്ഭുതം കൊണ്ടു വാ പൊളിച്ചു പോയി. കാരണമെന്തെന്നോ? ആ ചിത്രത്തിൽ കൈയിലെ എല്ലുകളും വിരലിലെ ഒരു മോതിരവുമേ ഉണ്ടായിരുന്നുള്ളൂ! എക്സ്-റേ ഉപയോഗിച്ച് കൈയുടെ ചിത്രമെടുത്ത് അദ്ദേഹം ആൾക്കാരെ അമ്പരപ്പിച്ചു. എല്ലുകൾ മാത്രം തെളിഞ്ഞു കാണുന്ന ആ ചിത്രത്തെ ചെകുത്താന്റെ കൈ എന്നാണ് അക്കാലത്ത് പലരും വിശേഷിപ്പിച്ചത്.

പേരും പ്രശസ്തിയും  വേണ്ടേ വേണ്ട

ദൃശ്യപ്രകാശത്തെക്കാൾ ആവൃത്തി കൂടിയ വൈദ്യുത കാന്തിക വികിരണങ്ങളാണ് എക്സ്റേ. വൈദ്യുത കാന്തിക സ്പെക്ട്രത്തിൽ അൾട്രാവയലറ്റ് കിരണങ്ങൾക്കു ശേഷം വരുന്ന ഭാഗമാണിത്. ഉയർന്ന വേഗത്തിൽ സഞ്ചരിക്കുന്ന ഉന്നത ഊർജമുള്ള ഇലക്ട്രോണുകളെ അനുയോജ്യമായ ലോഹങ്ങളുമായി കൂട്ടിമുട്ടിച്ചാണ് സാധാരണയായി എക്സ്റേ ഉത്പാദിപ്പിക്കുന്നത്. എക്സ്റേ ഉപയോഗിച്ച് ആന്തരാവയവങ്ങളുടെ ചിത്രമെടുക്കാം എന്നു തെളിഞ്ഞതോടെ വൈദ്യശാസ്ത്രരംഗത്തു വൻ കുതിച്ചുചാട്ടമാണുണ്ടായത്. വ്യാവസായിക രംഗത്തും ക്രിസ്റ്റലോഗ്രഫിയിലും ബഹിരാകാശ ഗവേഷണമടക്കം വിവിധ ഗവേഷണ മേഖലകളിലും എക്സ് റേ വിപ്ലവം സൃഷ്ടിച്ചു. എക്സ്റേയുടെ കണ്ടുപിടിത്തത്തിന് 1901-ൽ ആദ്യത്തെ ഊർജതന്ത്ര നൊബേൽ സമ്മാനവും റോൺട്‌ജനെ തേടിയെത്തി. ആ തുക മുഴുവൻ അദ്ദേഹം വുർത്‌സ്‌ബെർഗ് സർവകലാശാലയ്ക്ക് സംഭാവന ചെയ്തു. എക്സ്‌ റേയ്ക്ക് റോൺട്‌ജൻ കിരണങ്ങൾ എന്നു പേരു നൽകാനുള്ള ശ്രമത്തെപ്പോലും അദ്ദേഹം അനുകൂലിച്ചില്ല. ശാസ്ത്രനേട്ടങ്ങൾ മാനവരാശിയുടെ നന്മയ്ക്കു വേണ്ടിയാണെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന ആ ശാസ്ത്രജ്ഞൻ തന്റെ കണ്ടുപിടിത്തത്തിനു പേറ്റന്റ് എടുക്കാനോ അതിലൂടെ കോടികൾ സമ്പാദിക്കാനോ ഒന്നും ശ്രമിച്ചില്ല.

 English Summary : Invention of X-ray technology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com