ADVERTISEMENT

കോവിഡ്–19 മഹാമാരി ലോകത്താകെ പടരുമ്പോൾ, അതിനെതിരെയുള്ള യുദ്ധത്തിൽ ഏറ്റവും ഫലപ്രദമായ ആയുധമായി മാറേണ്ട ഒരു വാക്സീൻ നിർമിക്കാനുള്ള തീവ്രശ്രമത്തിലാണു ലോകരാജ്യങ്ങൾ. നമ്മുടെ രാജ്യത്തുള്ള മുപ്പതോളം കമ്പനികൾ അതിനുള്ള ശ്രമം തുടങ്ങിയെങ്കിലും പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള 7 എണ്ണത്തിനാണു ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭ്യമായിട്ടുള്ളത്. രോഗപ്രതിരോധ സംവിധാനത്തിൽ മഹത്തായ സ്ഥാനമുള്ള വാക്സീനുകളെക്കുറിച്ചു കൂട്ടുകാർക്ക് എന്തറിയാം?

പ്രാചീന കാലം മുതൽ പല തരം രോഗപ്രതിരോധ രീതികൾ ലോകത്തു നിലനിന്നിരുന്നു. വിവിധ സംസ്കാരകാലഘട്ടങ്ങളിൽ രോഗം വരാതിരിക്കാനുള്ള പലതരം മരുന്നുകൾ ഉപയോഗിച്ചിരുന്നതിനു തെളിവുണ്ട്. ആധുനിക ലോകത്തിന്റെ രോഗപ്രതിരോധക്കോട്ടയാണു വാക്സീനുകൾ. പലതരം ‘സ്വഭാവരീതി’കളുള്ള വാക്സീനുകളെ നമുക്ക് പരിചയപ്പെടാം. എല്ലാറ്റിന്റെയും ലക്ഷ്യം ഒന്നു തന്നെ; രോഗാണുക്കൾക്കെതിരെ പോരാടാൻ ശരീരത്തെ സജ്ജമാക്കുക. 

‘ജീവനുള്ള’ വാക്സീനുകൾ (Live-attenuated vaccines)

ഏതു രോഗത്തെയാണോ പ്രതിരോധിക്കേണ്ടത് ആ രോഗത്തിന്റെ ജീവനുള്ള അണുവിനെ അതിന്റെ ‘വീര്യം കുറച്ച്’ അഥവാ രോഗകാരണമാകുന്ന സ്വഭാവത്തിന്റെ ശക്തി ഇല്ലാതാക്കി  ശരീരത്തിൽ കുത്തിവയ്ക്കുന്നു. ഈ അണുവിനെതിരെയുള്ള പ്രതിരോധഘടകങ്ങൾ (ആന്റിബോഡി) ശരീരം ഉൽപാദിപ്പിക്കുകയും അതു ശരീരത്തിൽ സൂക്ഷിക്കപ്പെടുകയും ചെയ്യുന്നു. രോഗശേഷിയുള്ള അണുക്കൾ എത്തിയാൽ ഈ ആന്റിബോഡി അതിനെ പ്രതിരോധിച്ച് ശരീരത്തെ സുരക്ഷിതമാക്കുന്നു. മീസിൽസ്, മംമ്സ്, റുബെല്ല (എംഎംആർ), റൊട്ടാവൈറസ്, ചിക്കൻ പോക്സ് തുടങ്ങിയവയെ ചെറുക്കാൻ ലൈവ് വാക്സീനുകളാണ് ഉപയോഗിക്കുന്നത്. 

‘ജീവനില്ലാത്ത’ വാക്സീനുകൾ  (Inactivated Vaccines)

രോഗകാരണമായ അണുക്കളെ പ്രത്യേക ലബോറട്ടറിയിൽ വളർത്തിയെടുത്തശേഷം നിർജീവമാക്കി മാറ്റുന്നു. ജീവനില്ലെങ്കിലും രോഗാണുവിന്റെ എല്ലാ സ്വഭാവങ്ങളും ഉള്ള ഈ അണുക്കൾക്കെതിരെ ശരീരം രോഗപ്രതിരോധ ശേഷി ആർജിക്കുന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനം. ഇത്തരം വാക്സീനുകൾ ഒന്നിലധികം ഡോസ് ആയാണു പലപ്പോഴും കൊടുക്കുക. ഹെപ്പറ്റൈറ്റിസ് എ, ഇൻഫ്ലുവൻസ, പോളിയോ  തുടങ്ങിയ രോഗങ്ങൾക്ക് ഇതുപയോഗിക്കുന്നു.

ടോക്സോയ്ഡ് വാക്സീനുകൾ

രോഗാണു ഉൽപാദിപ്പിക്കുന്ന രോഗകാരണമായ വിഷം വേർതിരിച്ച് ശരീരത്തിൽ ഉപദ്രവരഹിതമായ രീതിയിൽ നൽകുകയും പ്രതിരോധശേഷി സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത്തരം വാക്സീനുകൾ. ടെറ്റനസ്, ഡിഫ്ത്തീരിയ തുടങ്ങിയ രോഗങ്ങൾക്കെതിരെ ഉപയോഗിക്കുന്നു. 

സബ് യൂണിറ്റ്, റീ കോംബിനന്റ്, പോളി സാക്കറൈഡ്, കോൺജുഗേറ്റ്

ഇത്തരം  വാക്സീനുകൾക്കായി രോഗാണുവിന്റെ പ്രത്യേക ജൈവഘടകങ്ങൾ (പ്രോട്ടീൻ, ഷുഗർ മോളിക്യൂളുകൾ  അല്ലെങ്കിൽ അണുവിന്റെ കേസിങ് അഥവാ പുറം കവചം ) ആണുപയോഗിക്കുന്നത്. ഹെപ്പറ്റൈറ്റിസ് ബി, ഹ്യൂമൻ പാപ്പിലോമ വൈറസ് എന്നിവയ്ക്കെതിരെ ഉപയോഗിക്കുന്നു. 

വാക്സീനുകൾ എങ്ങനെ ഉണ്ടാകുന്നു

ഗവേഷണത്തിനും വാക്സീൻ നിർമാണ പരീക്ഷണങ്ങളിലേക്കും കടക്കുന്നതു തന്നെ അതതു രാജ്യങ്ങളിലെ നിശ്ചിത ആരോഗ്യവിഭാഗങ്ങളുടെ അനുമതിയോടെയാകണം. രാജ്യാന്തര തലത്തിൽ അനുമതി തേടാനും സംവിധാനമുണ്ട്. ഉദാഹരണത്തിന്, ലോകാരോഗ്യസംഘടനയുടെ നിബന്ധനകൾ പാലിച്ച് അനുമതി തേടി വാക്സീൻ ഗവേഷണങ്ങളിലേക്കു കടക്കാം

ഘട്ടം 1 - ഗവേഷണം (എക്സ്പ്ലൊറേറ്ററി സ്റ്റേജ്) 

രോഗത്തെയും രോഗാണുവിനെയും കുറിച്ചു വിശദമായ പഠനം. എങ്ങനെ പ്രതിരോധിക്കാമെന്നതിന്റെ ഗവേഷണം. 

ഘട്ടം 2 - പ്രി ക്ലിനിക്കൽ 

ഗവേഷണഫലങ്ങളെ മുൻനിർത്തി നിർമിക്കുന്ന മരുന്നുഘടകങ്ങൾ പല രീതിയിൽ പരീക്ഷിക്കുന്നു. മൃഗങ്ങളിലെ പരീക്ഷണമാണു പ്രധാന ഘട്ടം. മരുന്നിന്റെ ശേഷി വിലയിരുത്തുകയാണിതിൽ മുഖ്യം. 

ഘട്ടം 3 - ക്ലിനിക്കൽ

പ്രി ക്ലിനിക്കൽ ഘട്ടം വിജയകരമായി പൂർത്തിയാക്കിയാൽ നിശ്ചിത അനുമതിയോടെ മാത്രം ഏറ്റവും നിർണായകമായ ക്ലിനിക്കൽ ഘട്ടത്തിലേക്ക്. വാക്സീൻ മനുഷ്യരിൽ പരീക്ഷിക്കുന്ന സുപ്രധാന ഘട്ടമാണിത്. 

ഇതിന് 3 ഭാഗങ്ങൾ

1. ആരോഗ്യമുള്ളവരുടെ ചെറുഗ്രൂപ്പുകളിൽ ആദ്യ പരീക്ഷണം. 20 മുതൽ 100ൽ താഴെ പേർക്കു വാക്സീൻ നൽകുന്നു. ഈ ഘട്ടത്തിൽ വിലയിരുത്തുന്നത് 1) വാക്സീൻ സുരക്ഷിതമാണോ 2) ഉദ്ദേശിച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടോ 3) ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാകുന്നുണ്ടോ 4) ഡോസ് കൃത്യമാണോ. ഈ ഘട്ടത്തിൽ വിജയിച്ചാൽ മാത്രം അടുത്ത ഘട്ടത്തിലേക്ക്. അതും ഈ ഘട്ടത്തിൽ കുറവുകളോ പിഴവുകളോ കണ്ടെത്തിയിട്ടുണ്ടെങ്കിൽ അതു തിരുത്തിയ ശേഷം. 

2. ഈ ഘട്ടത്തിൽ നൂറുകണക്കിനു പേർക്കു വാക്സീൻ നൽകും. വിലയിരുത്തുന്നത് 1) പ്രതിരോധ സംവിധാനം വാക്സീനോടു പ്രതികരിക്കുന്നത് എങ്ങനെ? 2) പാർശ്വഫലങ്ങൾ എങ്ങനെ ബാധിക്കുന്നു? 3) എന്തൊക്കെയാണു പൊതുവെ ഉണ്ടാകാനിടയുള്ള പാർശ്വഫലങ്ങൾ.

3.   അനേകരിലേക്കു നീളുന്ന പരീക്ഷണം. ആയിരങ്ങൾക്കു വാക്സീൻ നൽകുന്നു. വിലയിരുത്തുന്നത് 1) കുത്തിവയ്പ് എടുത്തവർക്കും അല്ലാത്തവർക്കും ഉള്ള വ്യത്യാസം 2) വാക്സീൻ സുരക്ഷിതമാണോ 3) ഫലപ്രദമാണോ 4) പൊതു പാർശ്വഫലങ്ങൾ.  

∙ ഈ ഘട്ടങ്ങൾക്കെല്ലാം പലതരം നിയമാനുമതികൾ നേടണം. മരുന്ന് സുരക്ഷിതവും ഫലപ്രദവുമാണെങ്കിൽ മാത്രമേ നിർമാണാനുമതി കിട്ടൂ. പിന്നീട് ലൈസൻസ് എടുക്കുകയും വിപണിയിൽ മരുന്ന് എത്തിക്കുകയും ചെയ്യാം. വിപണിയിലെത്തിയാലും വാക്സീന്റെ ശേഷി നിരന്തരം വിലയിരുത്തും. 

English Summary : Vaccines and immunization

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com