ലോകത്തിലെ ആദ്യത്തെ ഒപ്പ് ബിസി 3100 ലെ സുമേറിയൻ കളിമൺ ശിലാഫലകത്തിൽ !

HIGHLIGHTS
  • നമുക്കും ഡിജിറ്റൽ ഒപ്പ്
  • എങ്ങനെ ഒപ്പിടും..?
history-of-signature
ആദ്യത്തെ ഒപ്പ് ആയി കണക്കാക്കപ്പെടുന്ന ശിലാഫലകം
SHARE

എന്തിനാണ് ഒപ്പ്..? എന്നു മുതലാണ് ഒപ്പിട്ടു തുടങ്ങിയത്..? എന്താണ് ഡിജിറ്റൽ ഒപ്പ്..? ഒപ്പുകളെക്കുറിച്ച് അറിയാം,  ചരിത്ര– ഐടി പാഠങ്ങളുടെ സഹായി

ചരിത്രത്തിലെ ഒപ്പ്

ഇന്നത്തെ ഒപ്പുകളുടേതിനു തുല്യമായി വ്യക്തികളെ തിരിച്ചറിയാൻ ബിസി 3000നു മുൻപുതന്നെ പുരാതന സുമേറിയക്കാരും ഈജിപ്തുകാരും ചിത്രങ്ങളും ചിഹ്നങ്ങളുമെല്ലാം ഉപയോഗിച്ചിരുന്നു. ലഭ്യമായ രേഖകൾ പ്രകാരം ബിസി 3100ൽ  സുമേറിയൻ കളിമൺ ശിലാഫലകത്തിലെ  Gar.Ama യുടെ പേരാണ്‌   ആദ്യത്തെ ഒപ്പ് ആയി കണക്കാക്കപ്പെടുന്നത്.  നാൽപതിലേറെ വ്യത്യസ്ത തൊഴിലുകളെ സൂചിപ്പിക്കുന്ന ചിത്രങ്ങൾ രേഖപ്പെടുത്തിയ  കളിമൺ ഫലകത്തിന്റെ മറുപുറത്താണ്  അതിന്റെ ശിൽപിയായ ഗർ അമയുടേതെന്നു  കരുതപ്പെടുന്ന പേരു രേഖപ്പെടുത്തിയിരിക്കുന്നത്. പുരാതന റോമക്കാർ സൃഷ്ടികളിൽ  ഇന്നത്തേതുപോലെ പേരുകളെ കുറിക്കുന്ന അക്ഷരങ്ങൾ ഒപ്പുകളുടെ രൂപത്തിൽ  ഉപയോഗിച്ചതായി രേഖകളുണ്ട്. 

ഒപ്പിന് നിയമം

ഒപ്പിനു നിയമപരമായ ആധികാരികത വന്നത് 1677 ൽ  ബ്രിട്ടിഷ് പാർലമെന്റ് പാസാക്കിയ  സ്റ്റാറ്റ്യൂട്ട്  ഓഫ് ഫ്രോഡ്  എന്ന പേരിൽ പ്രസിദ്ധമായ നിയമത്തിലൂടെ ആയിരുന്നു. തട്ടിപ്പുകൾ തടയുകയായിരുന്നു നിയമത്തിന്റെ ലക്ഷ്യം. എഴുതിത്തയാറാക്കുന്ന ഉടമ്പടികളിൽ വ്യക്തികൾ ഒപ്പിടണമെന്ന് ഈ നിയമത്തിൽ വ്യവസ്ഥ ചെയ്തു. അതിനു ശേഷം രേഖകളിലും ഉടമ്പടികളിലുമൊക്കെ ഒപ്പുകൾക്ക് വലിയ സ്ഥാനം ലഭിക്കാൻ തുടങ്ങി. 

ഇ– കാലത്തെ ഒപ്പ്

രേഖകളുടെ ഡിജിറ്റൽ പതിപ്പിനോടൊപ്പം തന്നെ അതിന്റെ കടലാസിൽ മഷികൊണ്ട് ഒപ്പിട്ട യഥാർഥ പ്രതി കൂടി സൂക്ഷിച്ച്  ഒപ്പിന്റെ ആധികാരികതയും നിയമ‌സാധുതയും ഉറപ്പുവരുത്തുന്ന രീതിയായിരുന്നു പൊതുവേ സ്വീകരിച്ചു വന്നിരുന്നതും ഇപ്പോഴും പലയിടത്തും തുടരുന്നതും.  കടലാസും പേനയും  പൂർണമായും ഒഴിവാക്കിക്കൊണ്ടും  രേഖകളിലെ ഒപ്പിന്റെ ഉടമസ്ഥനെ സംശയാതീതമായി തിരിച്ചറിയാൻ  കഴിയുന്ന രീതിയിലും ഒപ്പുവച്ച രേഖകളിൽ പിന്നീട്  തിരുത്തലുകൾ വരുത്താൻ കഴിയാത്ത രീതിയിൽ ആധികാരികമാക്കുന്നതാണ്‌  ഡിജിറ്റൽ സിഗ്നേച്ചറുകൾ എന്നറിയപ്പെടുന്ന ക്രിപ്റ്റോഗ്രാഫിക് സാങ്കേറ്റിക വിദ്യ. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ എല്ലാം തന്നെ ഡിജിറ്റൽ ഒപ്പുകൾക്ക്  പൂർണമായ നിയമസാധുത ഉണ്ട്. 

ഡിജിറ്റൽ സിഗ്നേച്ചർ

സാധാരണ കടലാസിൽ ഒപ്പിട്ട്  അതിന്റെ ഫോട്ടോ എടുത്തോ സ്കാൻ ചെയ്തോ ഡിജിറ്റൽ ഡോക്യുമെന്റുകളിൽ ഒപ്പിന്റെ സ്ഥാനത്ത്  ചേർക്കുന്ന ഒരു രീതിയും  അല്ലെങ്കിൽ ഗ്രാഫിക് പെൻ ഉപയോഗിച്ചോ ഗ്രാഫിക് ടാബ്‌‌ലറ്റുകൾ ഉപയോഗിച്ചോ ടച് സ്ക്രീനുള്ള ഉപകരണങ്ങളിൽ വിരലുകൊണ്ടോ  ഒക്കെ ഒപ്പ്  വരച്ചുചേർക്കുന്ന രീതിയുമുണ്ടല്ലോ. ഇതിനെ ഇ-സിഗ്നേച്ചർ എന്ന് വിളിക്കാറുണ്ട്. ഇത്  യഥാർഥത്തിലുള്ള ഡിജിറ്റൽ സിഗ്നേച്ചർ അല്ലെങ്കിലും ഇത്തരത്തിൽ ഒപ്പിട്ടിരിക്കുന്ന ആളെ തിരിച്ചറിയും വിധം മറ്റ് രേഖകളുമായി ഡിജിറ്റൽ ആയോ അല്ലാതെയോ‌ ബന്ധപ്പെടുത്തി  ആധികാരികത ഉറപ്പ് വരുത്തുന്നു. ഉദാഹരണത്തിന്‌  പരീക്ഷകളുടെ ഓൺലൈൻ അപേക്ഷകളിൽ ഒപ്പ് സ്കാൻ ചെയ്ത് അപ്​ലോഡ് ചെയ്യാറുണ്ടല്ലോ. ഈ ഒപ്പ്  പരീക്ഷ നടക്കുമ്പോഴും മറ്റും ഇൻവിജിലേറ്റേഴ്സ്  ഉദ്യോഗാർഥി പേനയുപയോഗിച്ച് കടലാസിൽ ഇടുന്ന ഒപ്പുമായി ഒത്തുനോക്കി അപേക്ഷകൻ തന്നെയാണോ പരീക്ഷ എഴുതുന്നത് എന്ന് ഉറപ്പുവരുത്താൻ ഉപയോഗിക്കുന്നു.

എന്താണ് വിദ്യ..?

പബ്ലിക് കീ ഇൻഫ്രാസ്ട്രക്ചർ എന്ന ക്രിപ്റ്റൊഗ്രാഫിക് സാങ്കേതിക വിദ്യയാണ്‌ ഡിജിറ്റൽ സിഗ്നേച്ചർ. ഒരു പ്രൈവറ്റ് കീയും അതിന്റെ ജോഡി ആയ പബ്ലിക് കീയും അടങ്ങുന്ന ഒരു സെറ്റ് ആണിത്.  രേഖകൾ പ്രൈവറ്റ് കീ ഉപയോഗിച്ച് ഒപ്പുവയ്ക്കുന്നു. ഒരാളുടെ ഡിജിറ്റൽ സിഗ്നേച്ചറിന്റെ പ്രൈവറ്റ് കീ  അയാൾക്ക് മാത്രം അറിയാവുന്നതും അയാളുടെ മാത്രം കൈവശമുള്ളതും ആണ്.  പ്രൈവറ്റ് കീ ഉപയോഗിച്ച് സൈൻ ചെയ്ത ഒരു രേഖയിലെ ഡിജിറ്റൽ ഒപ്പ്, ഒപ്പിട്ട ആളുടെ രഹസ്യ സ്വഭാവമില്ലാത്ത പബ്ലിക് കീ പയോഗിച്ച് ആർക്കും പരിശോധിക്കാം. 

എങ്ങനെ ഉറപ്പിക്കും..?

രണ്ടുപേർക്കിടയിൽ മാത്രം നടക്കുന്ന ആശയവിനിമയം ആണെങ്കിൽ പബ്ലിക് കീയുടെ ഉടമസ്ഥൻ ആരാണെന്ന് മനസ്സിലാക്കാൻ എളുപ്പമാണ്. പക്ഷേ പൊതു ഇടത്തിൽ പബ്ലിക് കീയുടെ ഉടമ ആരാണെന്ന് മനസ്സിലാക്കാൻ വിശ്വസനീയമായ ഒരു മൂന്നാം കക്ഷിയുടെ ആവശ്യമുണ്ട്. സർട്ടിഫിക്കേഷൻ അതോറിറ്റികൾ അല്ലെങ്കിൽ- റജിസ്ട്രേഷൻ അതൊറിറ്റികൾ എന്നൊരു മൂന്നാം കക്ഷി ആണ് ഇത്തരം സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പ് വരുത്തുന്നത്.  മിക്ക രാജ്യങ്ങളിലും സർക്കാർ ഏജൻസികൾ ആയിരിക്കും ഡിജിറ്റൽ സർട്ടിഫിക്കറ്റുകളൂടെ സർട്ടിഫിക്കേഷൻ അതോറിറ്റികൾ. ഇന്ത്യയിൽ ഐടി മന്ത്രാലയത്തിനു കീഴിലുള്ള കൺട്രോളർ ഓഫ് സർട്ടിഫിക്കേഷൻ അതോറിറ്റിക്കാണ്  ചുമതല. ഇതിനുകീഴിൽ സർട്ടിഫിക്കേഷൻ അതോറിറ്റികളായ സ്ഥാപനങ്ങൾ വരുന്നു. Safescrypt, E mudra, n Code solutions, Indian Army, Indian AirForce, CDAC തുടങ്ങി പതിനഞ്ചോളം സർട്ടിഫിക്കേഷൻ അതോറിറ്റികളുമുണ്ട്. ഇവയിൽ ഇന്ത്യൻ എയർഫോഴ്സ്, ആർമി തുടങ്ങിയ സർട്ടിഫിക്കേഷൻ അതോറിറ്റികൾ അവരുടെ സ്വകാര്യ ആവശ്യങ്ങൾക്കായി സർട്ടിഫിക്കറ്റുകൾ ഉപയോഗപ്പെടുത്തുമ്പോൾ . E-mudra, n code solutions തുടങ്ങിയ സ്ഥാപനങ്ങൾ പൊതുജനങ്ങൾക്കും ഡിജിറ്റൽ സർട്ടിഫിക്കേഷൻ സേവനങ്ങൾ നൽകാനുള്ള ലൈസൻസ് ഉള്ളവയാണ്‌.

എങ്ങനെ ഒപ്പിടും..?

മിക്ക ഓഫിസ് ആപ്ലിക്കേഷനുകളിലും ഡിജിറ്റൽ സിഗ്നേച്ചർ ഫീച്ചർ ഉണ്ട്. ഇ-ടോക്കൺ ഉപയോഗിച്ചോ അല്ലെങ്കിൽ കംപ്യൂട്ടറിൽ സ്റ്റോർ ചെയ്തിട്ടുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റ് ഉപയോഗിച്ചോ ഡോക്യുമെന്റുകൾ ഡിജിറ്റലി സൈൻയ്യാം. ഇത്തരത്തിൽ ഡിജിറ്റലി സൈൻ ചെയ്ത ഡോക്യുമെന്റുകൾ തിരുത്തൽ വരുത്താൻ കഴിയാത്തവിധം സുരക്ഷിതമായിരിക്കും. ഒപ്പിനൊപ്പം തീയതിയും സമയവും ഐപി വിലാസവുമെല്ലാം കൂടി ഓട്ടമാറ്റിക് ആയി ചേർക്കപ്പെടുന്നു.

നമുക്കും ഡിജിറ്റൽ ഒപ്പ്

നിശ്ചിത വരിസംഖ്യ നൽകി  ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ വാങ്ങാം. ഓരോ സർട്ടിഫിക്കറ്റിനും  കാലപരിധിയുണ്ട്. അതു കഴിഞ്ഞാൽ പണമടച്ച് പുതുക്കണം. ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ യുഎസ്ബി ഡ്രൈവുകളിൽ ഇ-ടോക്കണുകളുടെ രൂപത്തിലോ കംപ്യൂട്ടറിൽ സ്റ്റോർ ചെയ്യാൻ കഴിയുന്ന സർട്ടിഫിക്കറ്റുകളുടെ രൂപത്തിലോ ഒക്കെ ലഭിക്കുന്നു. 

English Summary : History of signature

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA