ആൽഫ്രഡ് ബി. നൊബേിന്റെ ഒസ്യത്തിൽ ഒളിപ്പിച്ചിരുന്ന ആ അത്ഭുതം !

HIGHLIGHTS
  • നൊബേ‍ൽ സമ്മാനത്തിന് ആളുകളെ തിരഞ്ഞെടുക്കുന്നത് എങ്ങനെ
  • നീണ്ട പ്രക്രിയയിലൂടെയാണ് നൊബേൽ ജേതാക്കളെ കണ്ടെത്തുന്നത്
history-of-nobel-prize
SHARE

അടുത്ത മാസം ആദ്യം നൊബേൽ പുരസ്കാരങ്ങൾ പ്രഖ്യാപിക്കും. കൂട്ടുകാർക്ക് ആരെയെങ്കിലും നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്യാൻ പറ്റുമോ?  നൊബേ‍ൽ സമ്മാനത്തിന് ആളുകളെ തിരഞ്ഞെടുക്കുന്നത്  എങ്ങനെയാണ് ?

ഡൈനമിറ്റെന്ന സ്ഫോടകവസ്തുവിലൂടെ ലോകത്തെ നടുക്കിയ ആൽഫ്രഡ് ബി. നൊബേൽ 1895 നവംബർ 27ന് പാരിസിൽ തയാറാക്കിയ ഒസ്യത്ത് സ്റ്റോക്കോമിലെ ഒരു ബാങ്കിലാണു സൂക്ഷിച്ചിരുന്നത്. അദ്ദേഹത്തിന്റെ മരണാനന്തരം ബന്ധുക്കൾ അതു പുറത്തെടുത്തു. അതിൽ ഒരദ്ഭുതം ഒളിപ്പിച്ചിട്ടുണ്ടായിരുന്നു. വൻ സമ്പാദ്യത്തിലേറെയും മാറ്റിവച്ചത് ഏതാനും പുരസ്കാരങ്ങൾ നൽകാനായിരുന്നു–അങ്ങനെയാണ് ലോകത്തെ ഏറ്റവും മൂല്യമേറിയ നൊബേൽ പുരസ്കാരങ്ങൾ പിറന്നത്. 

ഈ ഒസ്യത്തു പ്രകാരം ഭൗതികശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം, സാഹിത്യം, സമാധാനം എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലാണു പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്. സ്വീഡന്റെ കേന്ദ്ര ബാങ്കായ Sveriges Riksbank  മുന്നൂറാം വാർഷികത്തിന്റെ ഭാഗമായി നൽകിയ തുക ഉപയോഗിച്ച് 1969 മുതൽ സാമ്പത്തികശാസ്ത്രത്തിലും പുരസ്കാരം നൽകാൻ തുടങ്ങി. സാങ്കേതികമായി ഇതു നൊബേൽ പുരസ്കാരമല്ലെങ്കിലും നൊബേൽ പുരസ്കാര സമർപ്പണച്ചടങ്ങിലാണ് ഇതും സമ്മാനിക്കപ്പെടുന്നത്. 

എക്കാലത്തും കൗതുകവും വിവാദങ്ങളും സൃഷ്ടിച്ചിരുന്നു, നൊബേൽ പുരസ്കാരത്തിന്റെ വിധിനിർണയം. ഗാന്ധിജിക്കു നൽകാത്ത സമാധാന പുരസ്കാരത്തിന്റെയും ലിയോ ടോൾസ്റ്റോയ‍ിക്കു നൽകാത്ത സാഹിത്യ പുരസ്കാരത്തിന്റെയും പേരിൽ നൊബേൽ സമിതി ഇപ്പോഴും പഴി കേൾക്കുന്നു. എങ്ങനെയാണ് നൊബേൽ പുരസ്കാരങ്ങൾ തീരുമാനിക്കുന്നതെന്നു നോക്കാം

4 സ്ഥാപനങ്ങൾ, 6 പുരസ്കാരങ്ങൾ

ആൽഫ്രഡ് നൊബേൽ നാലു സ്ഥാപനങ്ങളെയാണ് പുരസ്കാര ജേതാക്കളെ കണ്ടെത്താനായി ഒസ്യത്തിൽ നിർദേശിച്ചിരുന്നത്. സ്വീഡനിലെ സ്റ്റോക്കോമിലുള്ള റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസാണ് ഭൗതികശാസ്ത്രം, രസതന്ത്രം, സാമ്പത്തികശാസ്ത്രം എന്നിവയിലെ പുരസ്കാര ജേതാക്കളെ തീരുമാനിക്കുന്നത്. സ്വീഡിഷ് അക്കാദമിയാണ് സാഹിത്യത്തിൽ അർഹരെ കണ്ടെത്തുന്നത്. വൈദ്യശാസ്ത്ര നൊബേൽ തീരുമാനിക്കുന്നത് കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടാണ്. ഓസ്‌ലോയിലെ നോർവീജിയൻ നൊബേൽ സമിതിയാണ് സമാധാന പുരസ്കാര ജേതാവിനെ കണ്ടെത്തുന്നത്. ഈ സ്ഥാപനങ്ങളെയെല്ലാം ഏകോപിപ്പിക്കുന്നത് 1900ൽ സ്ഥാപിതമായ നൊബേൽ ഫൗണ്ടേഷനാണ്. നൊബേലിന്റെ ഒസ്യത്തിൽ പറയുന്ന കാര്യങ്ങൾ ഫലപ്രദമായി നടപ്പാക്കുകയും പുരസ്കാരത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുകയുമാണ് ഫൗണ്ടേഷന്റെ ലക്ഷ്യം. എന്നാൽ, നൊബേൽ ജേതാക്കളെ തീരുമാനിക്കുന്നത് അതതു സ്ഥാപനങ്ങളാണ്. ഫൗണ്ടേഷന് ഇതിൽ കാര്യമായ പങ്കില്ല.

കഠിനവഴികൾ പിന്നിട്ട ്

നീണ്ട പ്രക്രിയയിലൂടെയാണ് നൊബേൽ ജേതാക്കളെ കണ്ടെത്തുന്നത്. ഓരോ വർഷവും സെപ്റ്റംബറിൽ അടുത്ത വർഷത്തെ വിധിനിർണയത്തിന് ഒരുക്കങ്ങൾ തുടങ്ങും. പുരസ്കാരങ്ങളുടെ ചുമതലയുള്ള സ്ഥാപനങ്ങൾ ഓരോ വിഭാഗത്തിലെയും പ്രഗല്ഭരിൽനിന്നു നാമനിർദേശം ക്ഷണിക്കുന്നു. ലോകമെമ്പാടുമായി ഏകദേശം 3000 പേരെയാണ് ഓരോ വിഷയത്തിലും നാമനിർദേശം നൽകാനായി തിരഞ്ഞെടുക്കുക. അക്കാദമിക വിദഗ്ധർ, മുൻ വർഷങ്ങളിലെ ജേതാക്കൾ, ശാസ്ത്രജ്ഞർ, പാർലമെന്റ് അംഗങ്ങൾ തുടങ്ങിയവരിൽ നിന്നാണു നാമനിർദേശം ക്ഷണിക്കുക. ഇവർക്കെല്ലാം വ്യക്തിപരമായി കത്തുകൾ അയയ്ക്കും. എന്നാൽ, സമാധാന നൊബേലിന് നാമനിർദേശം നടത്താൻ ഈ കത്തിന്റെ ആവശ്യമില്ല. നൊബേൽ ഫൗണ്ടേഷന്റെ ചട്ടങ്ങളിൽ പറയുന്ന യോഗ്യതയുള്ള ആർക്കും നിർദേശങ്ങൾ സമർപ്പിക്കാം. 

നിർദേശിക്കരുത്, സ്വന്തം പേര്

ഒരാളെത്തന്നെ ഒന്നിലേറെപ്പേർ നിർേദശിക്കുന്നുണ്ടാകും. 100 മുതൽ 250 വരെ വ്യക്തികൾ ഓരോ പുരസ്കാരത്തിനും നാമനിർദേശം ചെയ്യപ്പെടും. എന്തുകൊണ്ട് ഈ വ്യക്തിയെ നൊബേൽ സമ്മാനത്തിനു നിർദേശിക്കുന്നു എന്നു വ്യക്തമാക്കുന്ന കുറിപ്പും ഒപ്പമുണ്ടാകണം. ജനുവരി 31നോ അതിനു മുൻപോ നൊബേൽ സമിതികൾക്കു നാമനിർദേശം ലഭിച്ചിരിക്കണം. വൈകിക്കിട്ടുന്ന നിർദേശങ്ങൾ അടുത്ത വർഷമാകും പരിഗണിക്കുക. ഒരാൾക്കും സ്വന്തം പേര് പുരസ്കാരത്തിനായി നിർദേശിക്കാനാവില്ലെന്നും വ്യവസ്ഥയുണ്ട്. നാമനിർദേശം, വിലയിരുത്തൽ, നിഗമനങ്ങൾ ഇവയൊന്നും 50 വർഷം കഴിയാതെ വെളിപ്പെടുത്തില്ല. വാതുവയ്പ് സ്ഥാപനങ്ങളും മറ്റും ഓരോ വർഷവും പുരസ്കാരത്തിനു പരിഗണിക്കപ്പെടുന്നവരുടെ പട്ടിക പുറത്തുവിടാറുണ്ട്. ഇത് ഒന്നുകിൽ വെറും ഊഹാപോഹം. അല്ലെങ്കിൽ, നാമനിർദേശം ചെയ്തവർ വെളിപ്പെടുത്തിയ വിവരങ്ങളിൽനിന്നു തട്ടിക്കൂട്ടിയതാകാം. 

ഡിസംബർ 10

നാമനിർദേശങ്ങളിൽ നിന്നു നൊബേൽ സമിതി ചുരുക്കപ്പട്ടികയുണ്ടാക്കും. ഇതിനായി ഓരോ വിഷയത്തിലും രാജ്യാന്തരതലത്തിലെ വിദഗ്ധരുടെ വിലയിരുത്തൽ തേടും. മൂല്യനിർണയം പൂർത്തിയായാൽ സമിതിയിൽ വിശദമായ ചർച്ചകൾ നടത്തും. ഐകകണ്ഠ്യേന ഒരാളെ കണ്ടെത്താനായില്ലെങ്കിൽ വോട്ടെടുപ്പു നടക്കും. ഒക്ടോബർ ആദ്യം പുരസ്കാരങ്ങൾ പ്രഖ്യാപിക്കും. ആൽഫ്രഡ് നൊബേലിന്റെ ചരമവാർഷികദിനമായ ഡിസംബർ 10ന് നോർവേയിലെ ഓ‌സ്‌ലോയിൽ നടക്കുന്ന ചടങ്ങിലാണു സമാധാന നൊബേൽ പുരസ്കാരം സമർപ്പിക്കുന്നത്; മറ്റു പുരസ്കാരങ്ങൾ സ്റ്റോക്കോമിൽ നടക്കുന്ന ചടങ്ങിലും. 

English Summary : History of nobel prize

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA