മനസ്സിരുത്തി വായിച്ചാൽ പഠിക്കാം ദ്യോതകം

malayalam-grammer-lession
SHARE

കഴിഞ്ഞ ദിവസം വാചകം പഠിച്ചല്ലോ... വാചകത്തിന്റെ അത്ര എളുപ്പമല്ല ദ്യോതകം. എന്നാലും മനസ്സിരുത്തി വായിച്ചാൽ പഠിക്കാം... മാമനോടൊന്നും തോന്നല്ലേ മക്കളേ....!

ഉണ്ണി: ചേച്ചിയെന്താ ഈ വീണു കിടക്കുന്ന പൂവൊക്കെ പെറുക്കി നോക്കുന്നത് ?

അമ്മു: ഇന്നു ഞങ്ങളെ കുമാരനാശാന്റെ വീണപൂവ് എന്ന ഖണ്ഡകാവ്യം ടീച്ചർ പരിചയപ്പെടുത്തി. നമ്മൾ കാണാത്ത വിസ്മയങ്ങളാണ് ആശാൻ അവതരിപ്പിക്കുന്നത്.

ഉണ്ണി: ഇഷ്ടം പോലെ വീഴാത്ത പൂവുള്ളപ്പോൾ 

ചേച്ചിയെന്തിനാ ഈ വീണപൂവ് അന്വേഷിക്കുന്നത് ?

മാമൻ: എന്താ ചേച്ചിയും അനുജനും കൂടി 

പൂക്കളോടൊരു കിന്നാരം ?

അമ്മു: മാമാ, ഇന്ന് വീണപൂവ് പരിചയപ്പെടുത്തിയപ്പോൾ ടീച്ചർ പറഞ്ഞു, ഒരു വ്യാക്ഷേപകത്തിൽ   തുടങ്ങി മറ്റൊരു വ്യാക്ഷേപകത്തിൽ അവസാനിക്കുന്ന കവിതയാണ് വീണപൂവെന്ന്. എന്താ മാമാ ഈ വ്യാക്ഷേപകം?

മാമൻ: അതു പറയാം. പക്ഷേ, അതിനു മുൻപ് ചിലതു പറയാനുണ്ട്.

ഉണ്ണി: മുറ്റമാകുന്ന ശബ്ദത്തിലെ പച്ചക്കറിയാകുന്ന വാചകം പറഞ്ഞിട്ട് പൂച്ചെടിയാകുന്ന ദ്യോതകം പറയാൻ തുടങ്ങിയപ്പോഴാണ് കഴിഞ്ഞ ദിവസം മാമൻ പോയത്.

മാമൻ: ശരി കേട്ടോളൂ. പച്ചക്കറികൾ നമുക്ക് കഴിക്കാനുള്ള ഫലം തരുന്നെങ്കിൽ പൂച്ചെടികൾ കണ്ണിനും മൂക്കിനുമാണു സുഖം തരുന്നത്. രണ്ടു വാച്യാർഥങ്ങൾ തമ്മിലുള്ള ബന്ധത്തെ കുറിക്കുന്നതും വാചകം കൊണ്ട് പ്രത്യേക അർഥമൊന്നും കാണിക്കാത്തതുമായ ശബ്ദമാണ് ദ്യോതകം. കൊണ്ട്, ഉം, എങ്കിൽ, ഛേ ഇവയൊക്കെ ദ്യോതകങ്ങളാണ്.

ഉണ്ണി: ഛേ ! ഈ ഛേയൊക്കെ ദേഷ്യം വരുമ്പോൾ എത്ര തവണ പറഞ്ഞിട്ടുള്ളതാണ്. ഇപ്പോഴല്ലേ മനസ്സിലായത് ഇതിനൊക്കെ സ്വന്തമായി ദ്യോതകമെന്ന ഒരു പേരുകൂടി ഉണ്ടായിരുന്നെന്ന്.

അമ്മു: ഓ, അതെങ്കിലും പഠിച്ചല്ലോ.

ഉണ്ണി:  ചേച്ചി പറഞ്ഞ ഓ ദ്യോതകമല്ലേ മാമാ..?

മാമൻ: ദ്യോതകം രണ്ടു തരത്തിലുണ്ട്. ഒന്ന് നിപാതം മറ്റൊന്ന് അവ്യയം. ഉണ്ണി അമ്മു മിടുക്കരാണല്ലോ. ഉണ്ണിയും അമ്മുവും മിടുക്കരാണല്ലോ. ഇതിൽ ഏതാണ് ശരി ?

അമ്മു: ഉണ്ണി, അമ്മു എന്നതിനോടൊപ്പം ഉം വന്നത്.

മാമൻ: ആ ഉം ആണ് നിപാതം. സ്വഭാവത്താൽത്തന്നെ ദ്യോതകമാണ് നിപാതം. കേൾക്കുമ്പോൾ ഉം എന്നതിന്റെ ശക്തിയാണല്ലോ ഉണ്ണി, അമ്മു എന്ന നാമങ്ങൾക്ക് മിടുക്ക് എന്ന ഗണത്തിൽ ചേർന്നു നിൽക്കാൻ വഴിയുണ്ടാക്കുന്നത്.

അമ്മു: അവ്യയം എന്താണ് മാമാ ?

മാമൻ: തെച്ചി കണ്ടാൽ എന്തു പറയും ?

അമ്മു: തെച്ചി ഒരു കുറ്റിച്ചെടിയാണ്.

മാമൻ: അപ്പോൾ തെച്ചിയെക്കുറിച്ച് എന്തെങ്കിലും 

പറയുമ്പോൾ, തെച്ചി എന്ന കുറ്റിച്ചെടി എന്നു പറയാം.ഇപ്പോഴത്തെ കാലാവസ്ഥയെക്കുറിച്ച് 

എന്തു പറയാം?

ഉണ്ണി: മഴക്കാലമാണ്; എങ്കിലും നല്ല ഉഷ്ണമുണ്ട്.

മാമൻ: എന്ന, എങ്കിലും. ഇവയാണ് അവ്യയം. 

ഉണ്ണി: മനസ്സിലായില്ല മാമാ.

മാമൻ: എന്ന, എങ്കിലും എന്നീ ശബ്ദങ്ങൾ തെച്ചി, കുറ്റിച്ചെടി, മഴ, കാലം, ആണ്, നല്ല, ഉഷ്ണം, ഉണ്ട് എന്നീ ശബ്ദങ്ങളെപ്പോലെ സ്വതന്ത്രമായ ഒരർഥത്തെ കുറിക്കാതെ അവയെ ചേർക്കുന്ന അർഥത്തെ ദ്യോതിപ്പിക്കുക മാത്രമാണു ചെയ്യുന്നത്.

ഉണ്ണി: ഓ അങ്ങനെ.

അമ്മു:  ഓ കൊണ്ട് പിന്നേം ദ്യോതകം വന്നു.

മാമൻ: ഇതുതന്നെയാണ് അവ്യയം. വാചകം എന്ന വർഗത്തിൽ ജനിച്ചതാണെങ്കിലും ചില വൈകല്യം മൂലം വാചകത്വ ധർമം പോയി ദ്യോതകത്തിൽ ചേർന്ന പദങ്ങളാണിവ.

അമ്മു: വ്യാക്ഷേപകം എന്താണെന്നു പറഞ്ഞില്ല.

മാമൻ: ഞാൻ അതിലേക്കാണു വരുന്നത്.  ദ്യോതകത്തെ അതിന്റെ വ്യാപാരമനുസരിച്ചു മൂന്നായി തിരിക്കുന്നുണ്ട്. ഗതി, ഘടകം, വ്യാക്ഷേപകം. നമ്മൾ പൂന്തോട്ടത്തിൽ നിന്നു പറയുന്നു എന്നതിൽ പൂന്തോട്ടത്തിന്റെ കൂടെ എന്താണ് ചേർന്നിരിക്കുന്നത് ?

ഉണ്ണി: ൽ എന്ന ആധാരിക വിഭക്തി പ്രത്യയം.

മാമൻ: ഏതെങ്കിലും ഒരു വിഭക്തിയോടു ചേർന്നു നിന്ന് ആ വിഭക്തിയുടെ അർഥത്തെ പരിഷ്കരിക്കുന്ന ദ്യോതകമാണ് ഗതി.

അമ്മു: പൂന്തോട്ടത്തിൽ നിന്ന് പറയുന്നു എന്നതിലെ ഗതിയാണു നിന്ന് എന്നത്. അല്ലേ മാമാ?

മാമൻ: അമ്മു പറഞ്ഞതു ശരിയാണ്. നിന്ന്, കൊണ്ട്, വച്ച്, ഊടെ തുടങ്ങിയവയാണ് ഗതിയിൽ വരുന്നത്.

അമ്മു: പേന കൊണ്ട് എഴുതി, വഴിയിലൂടെ നടന്നു.

മാമൻ: രണ്ടു വാക്യാർഥങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഘടകം. അമ്മുവിന്റെയും ഉണ്ണിയുടെയും വീട്,അമ്മുവിന്റെയോ ഉണ്ണിയുടെയോ വീട്. ഈ വാചകം  കേട്ടിട്ട് എന്തു തോന്നുന്നു.

ഉണ്ണി: ആദ്യത്തേതിൽ വീട് അമ്മുവിന്റെയും ഉണ്ണിയുടേതുമാണ്. രണ്ടാമത്തേതിൽ വീട് ഒന്നുകിൽ അമ്മുവിന്റേത് അല്ലെങ്കിൽ ഉണ്ണിയുടേത്.

അമ്മു: ആദ്യത്തേതിൽ ഉം വന്നപ്പോൾ വീട് രണ്ടു പേരുടേതുമായി. രണ്ടാമത്തേതിൽ ഓ വന്നപ്പോൾ ആരുടെയെങ്കിലും ഒരാളുടേതായി.

മാമൻ: ഉം രണ്ടു പേരുടേതുമാക്കുന്നതിനാൽ സമുച്ചയം എന്നും ഓ ഒരാളുടേതു മാത്രം ആക്കുന്നതിനാൽ വികല്പം എന്നും പറയുന്നു.  ഉണ്ണീ, നീ കഴിഞ്ഞ ദിവസം പൂ പറിക്കാൻ വീട്ടിൽ വന്നോ?

ഉണ്ണി:  ഉവ്വ്, ഞാൻ വീട്ടിൽ വന്നിരുന്നു.

മാമൻ: എന്നിട്ട് ഓർക്കിഡിന്റെ പൂ പറിച്ചോ ?

ഉണ്ണി: അയ്യോ ! ഞാൻ പറിച്ചില്ല.

മാമൻ: ഉണ്ണി പറിച്ചില്ലെന്ന് എനിക്കറിയാം. വ്യാക്ഷേപകം  പഠിക്കാൻ വേണ്ടി വെറുതെ ചോദിച്ചതാണ്. അതേ, ഞാൻ വന്നിരുന്നു എന്നുള്ള വാക്യാർഥത്തെ ദ്യോതിപ്പിക്കുന്നതാണ് ഉവ്വ് എന്ന പദം. അതുപോലെ അയ്യോ എന്ന പദം ഓർക്കിഡ് പൂ പറിച്ചെന്നു ഞാൻ പറയുന്നത് ഉണ്ണിക്കു വലിയ സങ്കടമായി എന്ന വാക്യാർഥത്തെ ദ്യോതിപ്പിക്കുന്നു.

ഉണ്ണി: അപ്പോൾ വീണപൂവ് ?

മാമൻ: ഹാ! പുഷ്പമേ എന്ന  വ്യാക്ഷേപകത്തിൽ തുടങ്ങി കിനാവു കഷ്ടം! എന്ന വ്യാക്ഷേപകത്തിൽ അവസാനിക്കുന്നു.

English Summary : Malayalam grammer lession

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA