ADVERTISEMENT

ബെംഗളൂരുവിലെ ഗവിപുരം ഗുട്ടഹള്ളിയിലെ കോളനി. നിലത്തു കണക്കെഴുതി പഠിക്കുകയാണു ഹൈസ്കൂൾ കുട്ടികൾ. ഇതിനിടെ ഒരാൾ ഉറക്കെയൊരു ചോദ്യം. കൂട്ടുകാർ തലപുകയ്ക്കുന്നതിനിടെ ചടപടാ എന്ന് ഉത്തരമെത്തി; പറഞ്ഞതാരെന്നോ ഒരു മൂന്നു വയസ്സുകാരി; ശകുന്തളാ ദേവി. അതെ, ഇന്ത്യയുടെ മനുഷ്യ കംപ്യൂട്ടർ. 

മകൾക്ക് അക്കങ്ങളോടുള്ള അടുപ്പം, കൺകെട്ടുവിദ്യക്കാരനായ അച്ഛൻ എളുപ്പം മനസ്സിലാക്കി. ചില ചീട്ട് ട്രിക്കുകൾ പഠിച്ചെടുത്ത മൂന്നുവയസ്സുകാരി നമ്പറുകളെല്ലാം ഓർത്തെടുക്കുക കൂടി ചെയ്തതോടെ അച്ഛൻ ഉറപ്പിച്ചു. ഈ കഴിവ് നാലാളെ കാണിച്ചാൽ കാശ് കിട്ടും. അങ്ങനെ അദ്ഭുതക്കുട്ടി റോഡ് ഷോകൾക്കു പോയിത്തുടങ്ങി. കാണികളുടെ സൂത്രച്ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞ് പേരെടുത്തു. 

സ്കൂളിൽ പോകാതെ 

അഞ്ചാം വയസ്സിൽ ബെംഗളൂരു ചാമരാജ്പേട്ടിലെ സ്കൂളിൽ ചേർന്നെങ്കിലും മാസഫീസായ 2 രൂപ കൊടുക്കാൻ ഇല്ലാത്തതുകൊണ്ടു ദിവസങ്ങൾക്കകം പടിയിറങ്ങി. പഠിക്കാൻ പറ്റിയില്ലെങ്കിലും, സ്കൂളുകളിൽ കണക്ക് ‘പഠിപ്പിക്കാൻ’ ഗണിത ഷോകളുമായി അവളെ അച്ഛൻ എത്തിച്ചു. എന്തിന്, ആറാം വയസ്സിൽ മൈസൂരു സർവകലാശാലയിലെ വമ്പന്മാരുടെ ചോദ്യങ്ങൾക്കു വരെ ശകുന്തള ഉത്തരമേകി. 

‘‘റോഡ് ഷോകൾക്കു പോകാൻ മടിയായിരുന്നു. കൂട്ടുകാർക്കൊപ്പം കളിക്കാനുംസ്കൂളിൽ പോകാനുമായിരുന്നു ആഗ്രഹം. അതിനായി കരയുമ്പോൾ അച്ഛൻ ദേഷ്യത്തിൽ അമ്മയെ അടിക്കും. അപ്പോൾ അമ്മ എന്നെ തല്ലും. പക്ഷേ, പിന്നീട് ഞാൻ ആ ഷോകൾ ഇഷ്ടപ്പെട്ടു തുടങ്ങി. ഉത്തരം പറയുമ്പോഴുള്ള കയ്യടികളിൽ ഹരം കൊണ്ടു തുടങ്ങി’’ –  അവർ ഒരിക്കൽ പറഞ്ഞു.

ലണ്ടനിലേക്ക്

1944ൽ അച്ഛൻ ശകുന്തളയെയും കൊണ്ട് ബ്രിട്ടനിലേക്കു പോയി, അവിടെയും ഗണിത ഷോകൾ തന്നെയായിരുന്നു ലക്ഷ്യം. ഇംഗ്ലിഷ് അറിയാതെ, സാരിയുടുത്ത് മുടി പിന്നിക്കെട്ടി വേദികളിലെത്തിയ ശകുന്തളയെക്കണ്ട് കളിയാക്കിയവരെല്ലാം അവർ ഏതു കണക്കിനും ഉടൻ മറുപടി പറയുന്നതു കേട്ട് ആർത്തുവിളിച്ചു. സ്വയം ഇംഗ്ലിഷും മറ്റു വിദേശഭാഷകളും പഠിച്ചെടുത്ത ശകുന്തള, ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഇന്ത്യയുടെ മാത്‌സ് അംബാസഡർ ആയി. 

ഹ്യൂമൻ കംപ്യൂട്ടർ

201 അക്കങ്ങളുള്ള സംഖ്യയുടെ 23–ാം മൂലം 50 സെക്കൻഡിൽ കണ്ടെത്തി ഉത്തരം പറഞ്ഞത് 1977ൽ! കംപ്യൂട്ടർ ഇതിന് ഉത്തരം കണ്ടെത്താൻ എടുത്തതോ 62 സെക്കൻഡ്. 1980 ജൂണിൽ 13 അക്കങ്ങൾ വീതമുള്ള 2 സംഖ്യകൾ വെറും 28 സെക്കൻഡിൽ ഗുണിച്ച് ഉത്തരം പറഞ്ഞത് ലണ്ടനിലെ ഇംപീരിയൽ കോളജിൽ വച്ചാണ്. ഇതോടെ ഗിന്നസ് റെക്കോർഡ് സ്വന്തമായെങ്കിലും സർട്ടിഫിക്കറ്റ് ലഭിച്ചത് 40 വർഷത്തിനു ശേഷം ഈ  ജൂലൈയിൽ. സർട്ടിഫിക്കറ്റ് കൊടുക്കുന്നതു പതിവില്ലാതിരുന്ന കാലത്തെ നേട്ടത്തിന്റെ രേഖ, മകൾ അനുപമ ബാനർജിയെ തേടിയെത്തിയത് ശകുന്തളാ ദേവിയുടെ ജീവിതം സിനിമയാക്കിയ സംഘം ഗിന്നസ് റെക്കോർഡ് അധികൃതരെ സമീപിച്ചതോടെയാണ്. 

1950ൽ ബിബിസി ന്യൂസ് ചാനലിൽ അവർ നേരിട്ടത് തല പെരുപ്പിക്കുന്ന ചോദ്യങ്ങൾ. എല്ലാറ്റിനും കിറുകൃത്യം ഉത്തരം. അതിനിടെ, ഒരു ചോദ്യത്തിൽ തട്ടി നിന്നു. ഉത്തരം തെറ്റെന്ന് കംപ്യൂട്ടർ. ചോദ്യമാണു തെറ്റെന്നു ശകുന്തള. അവിടെയും അവർ തന്നെ ജയിച്ചു! അതോടെ, ലണ്ടനിലെ പത്രങ്ങൾ അവരെ ഹ്യൂമൻ കംപ്യൂട്ടർ എന്നു വാഴ്ത്തി. 

എന്നാൽ, ഈ വിശേഷണം അത്രയ്ക്ക് ഇഷ്ടമല്ലായിരുന്നു ശകുന്തളയ്ക്ക്. കാരണം, മനുഷ്യന്റെ തലച്ചോർ കംപ്യൂട്ടറിനെക്കാൾ ഏറെ മുകളിലാണെന്ന ഉറപ്പു തന്നെ. 

ഏതു വർഷത്തെ കലണ്ടറിലെ തീയതി ചോദിച്ചാലും ദിവസവും തിരിച്ചും കൃത്യമായി പറയാനാകുന്ന കഴിവും ഉണ്ടായിരുന്നു അവർക്ക്. ജ്യോതിശാസ്ത്രത്തിലും മിടുക്കു തെളിയിച്ചു. കണക്ക് ഇഷ്ടപ്പെട്ടു പഠിക്കുന്നതു ലക്ഷ്യമിട്ട് അവരുടെ പേരിൽ ട്രസ്റ്റും പ്രവർത്തിക്കുന്നു. ഇതിനിടെ, 1980ൽ മുംബൈയിലും മേദക്കിലും (ഇപ്പോൾ തെലങ്കാനയിൽ) പാർലമെന്റ് സ്ഥാനാർഥിയായി മത്സരിച്ചു തോറ്റു. മേദക്കിൽ ആരായിരുന്നെന്നോ എതിരാളി– സാക്ഷാൽ ഇന്ദിരാഗാന്ധി. 

ആ തലയിലെന്ത്?

വിദ്യാഭ്യാസമില്ലാത്ത ശകുന്തള എങ്ങനെ ഏത് കണക്കിനും ഉത്തരം പറയുന്നുവെന്ന ചോദ്യം ഇപ്പോഴും ബാക്കി. കാരണം, അവരുടെ തലച്ചോറിൽ ‘പ്രത്യേക’മായി എന്തെങ്കിലും നടക്കുന്നതായി കണ്ടെത്താൻ പരിശോധന നടത്തിയ മെഡിക്കൽ ടീമിനും കഴിഞ്ഞില്ല. ശകുന്തളയെക്കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ച കലിഫോർണിയ–ബെർക്‌ലി യൂണിവേഴ്സിറ്റി സൈക്കോളജിസ്റ്റ് ആർതർ ജെൻസൻ പറയുന്നു, ‘‘ ആ‘രഹസ്യം’ കണ്ടെത്താനായില്ല. അക്കങ്ങൾ കാണുമ്പോഴുള്ള മാറ്റം അവരിൽ ജന്മനാ ഉള്ളതാണ്.’’ ബുക് ഓഫ് നമ്പേഴ്സ്, മാതബിലിറ്റി: എവേക്ൻ ദ് മാത് ജീനിയസ് ഇൻ യുവർ ചൈൽഡ് തുടങ്ങി ഒട്ടേറെ പുസ്തകങ്ങൾ അവർ രചിച്ചു. സ്വവർഗസ്നേഹികളെക്കുറിച്ചുള്ള ഇന്ത്യയിലെ ആദ്യപുസ്തകങ്ങളിലൊന്നും അവരുടേതാണ്. ഒരു ക്രൈം ത്രില്ലറും എഴുതിയിട്ടുണ്ട്. എന്നാൽ അവരെ പ്രതിഭയായി കാണാനാകില്ലെന്നും ജന്മനാ ഗണിതബുദ്ധി കൂടുതലുള്ള ‘ഹൈപ്പർ കാൽകുലിയ’ എന്ന സിദ്ധി ആണിതെന്നും ചിലർ വാദിക്കുന്നുണ്ട്. 

sakuntala-devi-movie-poster

വിദ്യാ ബാലന്റെ ശകുന്തള

ആമസോൺ പ്രൈമിൽ ശകുന്തളാ ദേവി എന്ന ഹിന്ദി ജീവചരിത്രസിനിമ പുറത്തിറങ്ങിയത് അറി‍ഞ്ഞിട്ടുണ്ടാകുമല്ലോ. സംവിധാനം അനു മേനോൻ. ശകുന്തളയായി നടി വിദ്യാ ബാലൻ എത്തുന്നു. 

നീലകണ്ഠ ഭാനുപ്രകാശ്

മൈൻഡ് സ്പോർട്സ് ഒളിംപ്യാഡിൽ  അതിവേഗം ഗണിതപ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്തി സ്വർണം നേടിയ നീലകണ്ഠ ഭാനുപ്രകാശ് (20) ശകുന്തളാ ദേവിയുടെ റെക്കോർഡ് തകർത്ത് ഹ്യൂമൻ കാൽക്കുലേറ്റർ പദവി സ്വന്തമാക്കിയത് കഴിഞ്ഞമാസം. ലോക അബാക്കസ് ചാംപ്യൻഷിപ് ഉൾപ്പെടെ ഒട്ടേറെ ഗണിത മത്സരങ്ങളിൽ ഒന്നാമനാണ് ഭാനു. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജ് വിദ്യാർഥി. 

 English Summary : Human comupter Shakuntala Devi's life story 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com