ADVERTISEMENT

കാഴ്ച നഷ്ടപ്പെട്ടെങ്കിലും ആത്മവിശ്വാസവും കഠിനപ്രയത്നവും കൊണ്ടു ലോകത്തിന് വെളിച്ചമായ അസാധാരണ പ്രതിഭകളെ പരിചയപ്പെടാം.....

വൈറ്റ് കെയ്‍ൻ

ഒക്ടോബർ 15 വൈറ്റ് കെയ്‍ൻ ദിനം. കാഴ്ചപരിമിതരുടെ സ്വാതന്ത്യ്രബോധത്തിന്റെയും നിശ്‌ചയദാർഢ്യത്തിന്റെയും പ്രഖ്യാപനമാണ് വൈറ്റ് കെയ്‌ൻ ദിനം. ലോകത്തിന്റെ പല ഭാഗത്തും കാഴ്‌ചയില്ലാത്തവർ സഞ്ചാരസഹായിയായി കൊണ്ടുനടക്കുന്ന ഉപകരണമാണ് വൈറ്റ് കെയ്‌ൻ. ഒപ്പം അന്ധതയുടെ സൂചകവുമാണത്. കേവലമൊരു വെള്ള വടി മാത്രല്ല വൈറ്റ്‌ കെയ്‌ൻ. കാഴ്‌ചയില്ലാത്തവരുടെ കണ്ണും വഴികാട്ടിയും എന്നാണ് വൈറ്റ് കെയ്‌നിനെ വിശേഷിപ്പിക്കുന്നത്.

ഹെലൻ കെല്ലർ (1880–1968,യുഎസ്)

കുട്ടിക്കാലത്തു മസ്തിഷ്ക ജ്വരം ബാധിച്ച് കാഴ്ചയും കേൾവിയും നഷ്ടപ്പെട്ട ഹെലൻ കെല്ലർ എഴുത്തുകാരി, രാഷ്ട്രീയപ്രവർത്തക, അധ്യാപിക എന്നീ നിലകളിൽ പേരെടുത്ത വ്യക്തിയാണ്. ബ്രെയിൽ ലിപി പഠിച്ച് 24–ാം വയസ്സിൽ റാഡ്‍ക്ലിഫ് സർവകലാശാലയിൽനിന്നു ബിരുദം നേടി. 40 രാജ്യങ്ങൾ സന്ദർശിച്ച് മികച്ച പ്രഭാഷക എന്ന പേരു സമ്പാദിച്ച ഹെലൻ വനിതകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾക്കുവേണ്ടി പോരാടി. ദ് സ്റ്റോറി ഓഫ് മൈ ലൈഫ് എന്ന ആത്മകഥയടക്കം വിവിധ വിഷയങ്ങളിൽ 12 പുസ്തകങ്ങളും ഒട്ടേറെ ലേഖനങ്ങളും എഴുതി. ഹെലന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമകളും ഡോക്യുമെന്ററികളും പിറന്നു. കാഴ്ചപരിമിതർക്കുവേണ്ടി ഹെലൻ കെല്ലർ ഇന്റർനാഷനൽ എന്ന സംഘടന ആരംഭിച്ചു. അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയന്റെ പിറവിയിൽ നിർണായക പങ്കുവഹിച്ചു. 

ആനി സള്ളിവൻ (1866–1936,യുഎസ്)

ഹെലൻ കെല്ലറുടെ വഴികാട്ടിയും അധ്യാപികയും. ട്രക്കോമ എന്ന രോഗം മൂലം കുട്ടിക്കാലത്തു കാഴ്ചശക്തി ഭാഗികമായി നഷ്ടപ്പെട്ടു. ചെറുപ്പത്തിൽ അമ്മ മരിച്ചു, അച്ഛൻ ഉപേക്ഷിച്ചു. ബിരുദം നേടിയ സള്ളിവൻ, ഹെലൻ കെല്ലറുടെ പ്രിയ അധ്യാപികയായി. കൈവെള്ളയിൽ അക്ഷരങ്ങൾ എഴുതുകയും ഉച്ചാരണം ശബ്ദനാളിയിലൂടെ തരംഗങ്ങൾ വഴി ഗ്രഹിപ്പിച്ചും ഹെലനെ പഠിപ്പിച്ചു. 2003ൽ വനിതകളുടെ ഹാൾ ഓഫ് ഫെയിമിൽ അംഗത്വം നൽകി അമേരിക്ക ആദരിച്ചു. 

ലൂയി  ബ്രെയിൽ (1809-1852, ഫ്രാൻസ്)

കാഴ്ചയില്ലാത്തവരെ അക്ഷരങ്ങളുടെ വെളിച്ചത്തിലേക്കു നയിച്ച മനുഷ്യസ്നേഹിയാണ് ലൂയി ബ്രെയിൽ. കുട്ടിക്കാലത്തുണ്ടായ അപകടത്തെത്തുടർന്ന് കാഴ്ച നഷ്ടപ്പെട്ട കൊച്ചു ബ്രെയിൽ തനിക്കു ലഭിച്ച സ്കോളർഷിപ്പിലൂടെ വിദ്യാഭ്യാസരംഗത്തു തിളങ്ങി. വിദ്യാർഥിയായിരിക്കെ, 13–ാം വയസ്സിൽ തന്നെപ്പോലുള്ളവർക്ക് എഴുതാനും വായിക്കാനും സ്വന്തമായൊരു ലിപി സൃഷ്ടിച്ച്, ലക്ഷക്കണക്കിന് ആളുകൾക്കു വെളിച്ചമായി മാറി.  

1924ൽ താൻ സ്വയം വികസിപ്പിച്ചെടുത്ത ഈ ലിപി അദ്ദേഹം ലോകത്തിനുമുന്നിൽ അവതരിപ്പിച്ചു. കണ്ണു കാണാത്തവരെ വായിക്കാനും എഴുതാനും സഹായിക്കുന്ന ഈ ലിപിയെ ബ്രെയിൽ ലിപി എന്ന് വിശേഷിപ്പിക്കുന്നു.  കൈവിരലുകൾ കൊണ്ടു തൊട്ടറിയാൻ സാധിക്കുന്ന അൽപം പൊന്തിനിൽക്കുന്ന കുത്തുകളാണ് അക്ഷരങ്ങൾ. അദ്ദേഹത്തിന്റെ ജന്മദിനമായ ജനുവരി 4 ലോക ബ്രെയിൽ ദിനമായി ആചരിക്കുന്നു. 

ഹോമർ (ബിസി എട്ടാം നൂറ്റാണ്ട്)

ഇതിഹാസ ഗ്രീക്ക് കവി. ലോകം ആരാധനയോടെ കാണുന്ന ഇതിഹാസ രചനകളായ ഇലിയഡും ഒഡീസിയും രചിച്ചു  വിസ്മയിപ്പിച്ച  ഹോമർക്ക് ജന്മനാ കാഴ്ചയില്ലായിരുന്നു.  അദ്ദേഹം ജനിച്ച സ്ഥലമോ വ്യക്തിവിവരങ്ങളോ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. ഇപ്പോഴത്തെ തുർക്കിയിലെ ഇയോണിയയിൽ ജനിച്ചെന്ന് കരുതപ്പെടുന്നു. 

റേ ചാൾസ് (1930–2004, യുഎസ്)

ഗ്ലോക്കോമ മൂലം ഏഴാം വയസ്സിൽ കാഴ്ച നഷ്ടപ്പെട്ട റേ ചാൾസ് റോബിൻസൻ ഗായകൻ, ഗാനരചയിതാവ്, സംഗീതജ്ഞൻ, പിയാനോ വാദകൻ എന്നീ നിലകളിൽ പേരെടുത്ത വ്യക്തിയാണ്. 1950ൽ ‘ജോർജിയ ഓൺ മൈ മൈൻഡ്’ എന്ന പേരിൽ അദ്ദേഹം രചിച്ച ഗാനം ജോർജിയയുടെ ഔദ്യോഗിക ഗാനമായി സർക്കാർ അംഗീകരിച്ചു. 55 സ്റ്റുഡിയോ ആൽബവും 7 ലൈവ് ആൽബവും 127 സിംഗിൾസും ചാൾസ് റോബിൻസന്റെ പേരിലുണ്ട്. 12 ഗ്രാമി അവാർഡുകൾക്ക് അർഹനായി. 

എറിക് വെയ്‍ൻമെയർ (ജനനം:1968, യുഎസ്)

ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയ കാഴ്ചശേഷിയില്ലാത്ത ആദ്യ വ്യക്തിയാണ് എറിക് വെയ്‍ൻമെയർ.

പർവതാരോഹകൻ, ഗുസ്തിതാരം, സ്കൈ ഡൈവർ, അധ്യാപകൻ, മോട്ടിവേഷനൽ സ്പീക്കർ എന്നീ നിലകളിൽ പേരെടുത്തു  13–ാം വയസ്സിൽ കാഴ്ച പൂർണമായി നഷ്ടപ്പെട്ടു. അതിനു ശേഷമാണ് എറിക് വിധിക്കെതിരെ പോരാടി ലോകമറിയുന്നയാളായത്. 2001 മേയ് 25നാണ് അദ്ദേഹം എവറസ്റ്റ് കീഴടക്കിയത്. ‘ടച്ച് ദ് ടോപ് ഓഫ് ദ് വേൾഡ്’ എന്ന ആത്മകഥ ഏറെ പ്രശസ്തമാണ്. 

 ട്രിഷ സോൺ (ജനനം: 1964, യുഎസ്)

മൈക്കൽ ഫെൽപ്സാണ് ഒളിംപിക് മെഡൽ വേട്ടയിൽ മുന്നിലെങ്കിൽ അംഗപരിമിതരുടെ വിശ്വകായികമേളയായ പാരാലിംപിക്സിലും ഒരു നീന്തൽ താരമാണ് െമഡൽ വേട്ടയിൽ ഒന്നാമത്– അമേരിക്കയുടെ ട്രിഷ സോൺ. കാഴ്ചയില്ലാതെ  ജനിച്ച ട്രിഷ 7 മേളകളിൽനിന്നായി നീന്തിയെടുത്തത് 55 മെഡലുകൾ. ഇതിൽ 41 സ്വർണവും 9 വെള്ളിയും 5 വെങ്കലവും ഉൾപ്പെടും. 1980 മുതൽ 2004 വരെ എല്ലാ പാരാലിംപിക് മേളകളിലും പങ്കെടുത്ത ട്രിഷയുടെ പേരിലാണ് ഏറ്റവും കൂടുതൽ സ്വർണ മെഡലുകൾ എന്ന റെക്കോർഡും. 

English Summary : White cane day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com