ADVERTISEMENT

ലോകത്തെ ഏറ്റവും മൂല്യമേറിയ സമ്മാനമായി പരിഗണിക്കുന്ന നൊബേൽ പുരസ്കാരം 2020ൽ ആർക്കൊക്കെ ലഭിച്ചുഎന്താണ് അവരുടെ സംഭാവനകൾ?

Nobel Literature
Louise Gluck : AP Photo/Michael Dwyer

സാഹിത്യം

ഭാവകവിതകളുടെ ലൂയി ‘ട്രിക് ’

ലൂയി ഗ്ലിക് (യേൽ സർവകലാശാല പ്രഫസർ, യുഎസ്)

 

harvey-charles-michael
Charles M. Rice : Photo - AP/PTI, Dr. Harvey Alter : Photo - Chiachi CHANG, Dr. Michael Houghton. Photo - Richard SIEMENS

അമേരിക്കൻ കവയിത്രി ലൂയി ഗ്ലിക്കിനാണ് സാഹിത്യ നൊബേൽ. മനുഷ്യന്റെ അസ്തിത്വപ്രശ്നങ്ങളും ശിഥിലമാവുന്ന കുടുംബബന്ധങ്ങളും പ്രകൃതിയും സ്ത്രീജീവിതവും ഏകാന്തതയും മാനസിക സംഘർഷങ്ങളും  കുട്ടിക്കാലവും മിത്തുകളുമൊക്കെ പ്രതിഫലിക്കുന്ന കവിതകളാണു ഗ്ലിക്കിന്റേത്. ലളിതമായ ഭാഷയിൽ എല്ലാവർക്കും മനസ്സിലാകുംവിധം കവിത രചിക്കണമെന്ന് ഉറച്ചുവിശ്വസിക്കുന്ന ഈ കവയിത്രി ലിംഗനീതിക്കായും കവിതയിലൂടെ ശബ്ദമുയർത്തി. ദ് ഫസ്റ്റ് ബോൺ,  പുലിറ്റ്സർ പ്രൈസിന് അർഹമായ  ദ് വൈൽഡ് ഐറിസ്,  ഫെയ്ത്‌ഫുൾ ആൻഡ് വെർച്വസ് നൈറ്റ്, ദ് ട്രയംഫ് ഓഫ് അകിലസ്, അറരാത്,  അവർണോ എന്നിവ പ്രധാന കൃതികളാണ്.  സാഹിത്യ നൊബേലിന് അർഹയാകുന്ന പതിനാറാമത്തെ വനിതയാണ് ഗ്ലിക്.  

വൈദ്യശാസ്ത്രം

ഹെപ്പറ്റൈറ്റിസ് സി വൈറസ് പിടിയിൽ

Jennifer-and-Emmanuelle
Jennifer Doudna. Photo - Reuters, Emmanuelle Charpentier : Photo - Tobias

സിറോസിസിനും ലിവർ കാൻസറിനും കാരണമാകുന്ന ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തിയതിനാണ്  നൊബേൽ. ഹെപ്പറ്റൈറ്റിസ് എ വൈറസ് മലിനമായ ഭക്ഷണത്തിലൂടെയും ജലത്തിലൂടെയുമാണു പകരുന്നത്. രക്തത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ് ബി വൈറസിനെ കണ്ടെത്തിയ ബറൂച് ബ്ലുംബെർഗിനായിരുന്നു 1976ലെ വൈദ്യശാസ്ത്ര നൊബേൽ. എന്നാൽ  പരിശോധിച്ചു സുരക്ഷിതമെന്നുറപ്പിച്ച  രക്തം സ്വീകരിച്ച പലർക്കും  ഹെപ്പറ്റൈറ്റിസ് ബാധിച്ചു.  ഇതിന്റെ കാരണം തേടിയുള്ള അന്വേഷണത്തിനിടെ ആൾട്ടറുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘം ഈ രോഗികളിൽ നിന്നുള്ള രക്തം ചിമ്പാൻസികളിൽ രോഗമുണ്ടാക്കുന്നതായി കണ്ടെത്തി. വൈറസിന്റെ സവിശേഷതയുള്ള ഒരു ജീവിയാണ് രോഗത്തിനു കാരണമെന്നും തിരിച്ചറിഞ്ഞു. രോഗബാധയുള്ള ചിമ്പാൻസിയുടെ രക്തത്തിൽനിന്ന് ഡിഎൻഎ വേർതിരിച്ചു പരിശോധിച്ച് അതിൽ പുതിയൊരു വൈറൽ പ്രോട്ടീന്റെ സാന്നിധ്യം കണ്ടെത്തിയത് ഹാട്ടന്റെ ഗവേഷകസംഘമാണ്. ഫ്ലാവി വൈറസ് കുടുംബത്തിൽപെടുന്ന ഈ വൈറസിന് ഹെപ്പറ്റൈറ്റിസ് സി വൈറസ് എന്നു പേരും നൽകി. ജനിതക എൻജിനീയറിങ്ങിലൂടെ ഇതിന്റെ വൈറൽ ആർഎൻഎ കൃത്യമായി കണ്ടെത്തി, ഇത് മനുഷ്യരിലെ അതേ രോഗലക്ഷണങ്ങളും പ്രശ്നങ്ങളും ചിമ്പാൻസിയിലും ഉണ്ടാക്കുന്നുവെന്ന് ചാൾസ് എം.റൈസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥിരീകരിച്ചു. 

ജീൻ എഡിറ്റിങ്ങിന്റെ അദ്ഭുതലോകം

ജീവന്റെ കോഡുകൾ തന്നെ തിരുത്തിയെഴുതാൻ ശേഷിയുള്ള ക്രിസ്പർ കാസ്-9 എന്ന വിസ്മയ ജീൻ എഡിറ്റിങ് സങ്കേതം വികസിപ്പിച്ചെടുത്ത 2 വനിതകൾക്കാണു നൊബേൽ. രസതന്ത്ര നൊബേലിന് അർഹരാവുന്ന ആറാമത്തെയും ഏഴാമത്തെയും വനിതകളാണിവർ. ക്ലസ്റ്റേഡ് റഗുലേർലി ഇന്റർസ്പേസ്ഡ് ഷോർട്ട് പാലിൻഡ്രോമിക് റിപ്പീറ്റ്സ് എന്നാണ് ക്രിസ്പറിന്റെ (CRISPR) പൂർണരൂപം. ഈ തന്മാത്രാ കത്രികയുപയോഗിച്ച്  ഡിഎൻഎ തന്തുക്കൾ നിശ്ചിത സ്ഥാനത്ത് കൃത്യമായി മുറിക്കാം.

 സ്ട്രെപ്റ്റോകോക്കസ് പയോജൻസ് വിഭാഗത്തിൽപെട്ട ബാക്ടീരിയകളെക്കുറിച്ചുള്ള ഗവേഷണത്തിനിടെയാണ് ബാക്ടീരിയകളെ വൈറസ് ബാധിക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ അവ ഉപയോഗിക്കുന്ന വിദ്യയുടെ ജൈവരസതന്ത്രം ഷാപെന്റിയർ മനസ്സിലാക്കിയത്. തുടർന്ന് ജൈവരസതന്ത്രജ്ഞയായ ഡോഡ്‌നയുമായി ഗവേഷണത്തിൽ കൈകോർത്തു.  2012-ൽ ബാക്ടീരിയയിലെ ജീൻ എഡിറ്റിങ് വിദ്യ ഒരു ടെസ്റ്റ്ട്യൂബിൽ സാധ്യമാക്കാൻ ഇവർക്കു സാധിച്ചു.  ക്രിസ്പർ ജീൻ എഡിറ്റിങ്ങിൽ  ‘കാസ് 9’ എന്ന എൻസൈം  ഡിഎൻഎയെ മുറിക്കുന്ന തന്മാത്രാ കത്രികയായും  ഒരു ഗൈഡ് ആർഎൻഎ  ഡിഎൻഎയിൽ എവിടെ മുറിക്കൽ നടത്തണമെന്ന വഴികാട്ടിയായും പ്രവർത്തിക്കുന്നു.

അർബുദം, പാർക്കിൻസൺസ് തുടങ്ങിയ രോഗങ്ങളും ഒട്ടേറെ ജനിതകരോഗങ്ങളും ഭേദമാക്കുന്ന ചികിത്സാരീതികൾ, ആഗോളതാപനത്തെയും കാലാവസ്ഥാവ്യതിയാനങ്ങളെയും  അതിജീവിക്കാൻ ശേഷിയുള്ള കാർഷിക വിളകൾ, ഔഷധങ്ങളും പ്രോട്ടീനുകളും എൻസൈമുകളുമൊക്കെ സംശ്ലേഷണം ചെയ്യാൻ കഴിയുംവിധം പ്രോഗ്രാം ചെയ്തെടുത്ത ബാക്ടീരിയകൾ ഇങ്ങനെ നീളുന്നു ക്രിസ്പർ സാധ്യതകൾ. 

സമാധാനം

വിശന്നിരിക്കാത്ത ലോകത്തിനായി വേൾഡ് ഫുഡ് പ്രോഗ്രാം

rojer-Reinhard-Andrea
Reinhard Genzel : Photo - Christ of Stache / AFP, Andrea Ghez : Photo- Mike Blake, Roger Penrose : Photo - Frank Augstein

പട്ടിണിക്കെതിരെയുള്ള പോരാട്ടം, ഭക്ഷ്യസുരക്ഷയ്ക്കായി  നൽകിയ സംഭാവനകൾ എന്നിവ പരിഗണിച്ച് യുഎന്നിനു കീഴിലുള്ള വേൾഡ് ഫുഡ് പ്രോഗ്രാമിനാണ് (WFP) ഇത്തവണ സമാധാന നൊബേൽ. യുദ്ധങ്ങളിലും സംഘർഷങ്ങളിലും വിശപ്പിനെ ആയുധമാക്കുന്നതു തടയാൻ ഡബ്ല്യുഎഫ്പി നടത്തിയ ശ്രമങ്ങൾ ശ്രദ്ധേയമാണ്. കടുത്ത ഭക്ഷ്യ അരക്ഷിതത്വത്തിന്റെ നിഴലിലമർന്ന 88 രാജ്യങ്ങളിലെ പത്തുകോടിയോളം മനുഷ്യർക്കാണ് ഡബ്ല്യുഎഫ്പി കഴിഞ്ഞ കൊല്ലം താങ്ങായത്. റോം ആണ്  ഡബ്ല്യുഎഫ്പിയുടെ ആസ്ഥാനം. യുഎസിലെ സൗത്ത് കാരലൈന മുൻ ഗവർണർ ഡേവിഡ് ബീസ്‍ലി ആണ് 2017 മുതൽ മേധാവി.

ഭൗതികശാസ്ത്രം

തമോഗർത്തത്തിലേക്ക് വെളിച്ചം വീശി

തമോഗർത്ത (ബ്ലാക്ക് ഹോൾ) സമസ്യകൾ ചുരുൾ നിവർത്തി പ്രപഞ്ച രഹസ്യങ്ങളിലേക്കു ശാസ്ത്രലോകത്തെ നയിച്ച ഗവേഷകർക്കാണു പുരസ്കാരം. അതിശക്തമായ ഗുരുത്വാകർഷണം കാരണം പ്രകാശരശ്മിക്കുപോലും പുറത്തുകടക്കാൻ കഴിയാത്ത പ്രദേശമാണ് തമോഗർത്തം. 1915ൽ ആൽബർട്ട് ഐൻസ്റ്റൈന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തം തമോഗർത്തങ്ങൾക്ക് ഗണിതപരമായ അടിത്തറ നൽകിയെങ്കിലും ഇവ ശരിക്കും രൂപം കൊള്ളുന്നുണ്ടോ എന്ന ചോദ്യത്തിനു കൃത്യമായ ഉത്തരം കിട്ടിയിരുന്നില്ല. 1965ൽ സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തെ ആസ്പദമാക്കി റോജർ പെൻറോസ്,  തമോഗർത്തങ്ങളെ ഗണിതശാസ്ത്ര സഹായത്തോടെ കൃത്യമായി വിശദീകരിക്കുകയും തമോഗർത്തങ്ങൾ രൂപം കൊള്ളുന്നുണ്ടെന്ന് ഉറപ്പിക്കുകയും ചെയ്തു. പുരസ്കാരത്തിന്റെ നേർപകുതി പെൻറോസിനു ലഭിക്കും. ബാക്കി ഗെൻസലിനും ഗെസിനും  ലഭിക്കും.

paul-robert
Paul R. Milgrom: Reuters, Robert B Wlson

നമ്മുടെ ഗാലക്സിയായ ക്ഷീരപഥത്തിനു നടുവിൽ അത്യുന്നത മാസ് ഉള്ള ഒരു തമോഗർത്തമുണ്ട് എന്ന കണ്ടെത്തലാണ്  ഗെൻസലിനെയും ഗെസിനെയും നൊബേലിന് അർഹരാക്കിയത്. ഇവരുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘം 1990 മുതൽ വമ്പൻ ബഹിരാകാശ ടെലിസ്കോപ്പുകൾ ക്ഷീരപഥ കേന്ദ്രത്തിലുള്ള സാജിറ്റേറിയസ് എ എന്ന ഭാഗത്തേക്കു തിരിച്ചു നടത്തിയ ഗവേഷണങ്ങൾക്കിടെയാണ്  ഗാലക്സീകേന്ദ്രത്തിൽ, ദൃശ്യമല്ലാത്ത എന്തോ ഒന്നിനു ചുറ്റും നക്ഷത്രങ്ങൾ ചുറ്റിക്കറങ്ങുന്ന കാര്യം ശ്രദ്ധയിൽപെട്ടത്. ക്ഷീരപഥ കേന്ദ്രത്തിലെ ഈ അജ്ഞാത വസ്തുവിന്റെ മാസ് കണക്കാക്കിയപ്പോഴാവട്ടെ, സൗര മാസിന്റെ 40 ലക്ഷം മടങ്ങും. ക്ഷീരപഥ കേന്ദ്രത്തിൽ ഒരു സൂപ്പർ മാസീവ് തമോഗർത്തം ഉണ്ടെന്നതിന്റെ വ്യക്തമായ തെളിവായിരുന്നു അത്.  ഭൗതികശാസ്ത്ര നൊബേലിന് അർഹയാവുന്ന നാലാമത്തെ വനിതയാണ് ഗെസ്.

സാമ്പത്തികശാസ്ത്രം

ലേലങ്ങളെ നവീകരിച്ച സാമ്പത്തിക സിദ്ധാന്തം

ലേല വിപണിയെക്കുറിച്ചുള്ള ശ്രദ്ധേയമായ പഠനങ്ങൾക്കും സിദ്ധാന്തങ്ങൾക്കുമാണ് സാമ്പത്തിക നൊബേൽ പുരസ്കാരം. ചരക്കുകൾക്കും സേവനങ്ങൾക്കും പരമ്പരാഗത രീതിയിൽനിന്നു വിഭിന്നമായി നൂതന ലേല രൂപഘടന ഡിസൈൻ ചെയ്യാൻ ഇവരുടെ സിദ്ധാന്തങ്ങൾ സഹായിച്ചു. റേഡിയോ ഫ്രീക്വൻസി ലേലത്തിൽ ഈ ശാസ്ത്രജ്ഞർ രൂപകൽപന ചെയ്ത പുതിയ സംവിധാനം രാജ്യാന്തരതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. മോഹവിലയ്ക്കു വിളിച്ച് വസ്തുവിന്റെ യഥാർഥ മൂല്യത്തെക്കാളെറെ വില നൽകേണ്ടി വരുന്ന പഴയ ലേലവ്യവസ്ഥിതിക്കു പകരമാണ് ലോകവിപണിയെ ആകെ സ്വാധീനിച്ച മിൽഗ്രം– വിൽസൻ മാതൃക. 

English Summary : 2020 Nobel prize winners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com