ADVERTISEMENT

മലയാള മനോരമ നല്ലപാഠം സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ട്വന്റി 20 ചാലഞ്ച് മത്സരം പാതി വഴി പിന്നിട്ടു. എല്ലാ ആഴ്ചയും 3 ദിവസം – തിങ്കൾ, ബുധൻ, വെള്ളി ദിനങ്ങളിൽ മനോരമ ദിനപത്രത്തിലൂടെ പ്രമുഖ വ്യക്തികൾ നൽകുന്ന ടാസ്കുകൾ പൂർത്തിയാക്കുക എന്നതാണ് ചാലഞ്ച്.

പൂർത്തിയാക്കിയ ചാലഞ്ചുകളെക്കുറിച്ച് കുട്ടികൾ ഒരു നോട്ടുപുസ്തകത്തിൽ നമ്പറിട്ട് എഴുതണം. ഈ ചാലഞ്ച് ബുക്ക് പരിശോധിച്ചാണ് വിജയികളെ തിരഞ്ഞെടുക്കുക. 20 ടാസ്കുകളും പൂർത്തിയാക്കിയ ശേഷം ചാലഞ്ച് ബുക്ക് അയച്ചു തരേണ്ട വിലാസം മലയാള മനോരമയിൽ പ്രസിദ്ധീകരിക്കും. 12 –ാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികൾക്കും പങ്കെടുക്കാം. വിവരങ്ങൾക്ക് മനോരമയിൽ പ്രസിദ്ധീകരിക്കുന്ന നല്ലപാഠം കോ ഓർഡിനേറ്ററുടെ ഫോൺ നമ്പറിൽ വിളിക്കാം.

ഇതുവരെയുള്ള 10 ടാസ്കുകൾ ഇവയാണ്:

∙ ടാസ്ക് 1

വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്:

ചാലഞ്ച് ബുക്കിൽ മഹാത്മാഗാന്ധിയുടെ ഒരു ചിത്രം വരയ്ക്കൂ. ഒപ്പം ഗാന്ധിജിയുടെ സന്ദേശങ്ങളും എഴുതാം. അവിടെ നിർത്തരുത്. ഇന്ന് വീടു വൃത്തിയാക്കുന്ന ജോലി കൂടി കൂട്ടുകാർ ഏറ്റെടുക്കണം. വീട്ടിലെ മുതിർന്നവരുടെ ഉപദേശം തേടി, സുരക്ഷിതമായി വേണം ചെയ്യാൻ.

∙ ടാസ്ക് 2

പി.ടി. ഉഷ:

നിങ്ങളുടെ വീട്ടിലുള്ളവർക്കോ കൂട്ടുകാർക്കോ ബന്ധുക്കൾക്കോ അയൽക്കാർക്കോ ആർക്കെങ്കിലും കായിക താരങ്ങളുമായി സാമ്യമുള്ള പേരുണ്ടോ? ഉണ്ടെങ്കിൽ കായികതാരത്തിന്റെ പേരും പരിചയമുള്ള ആളുടെ പേരും ചാലഞ്ച് ബുക്കിൽ എഴുതൂ. എന്നിട്ട് ആ കായികതാരത്തെ സംബന്ധിച്ച പരമാവധി വിവരങ്ങളും ശേഖരിച്ച് എഴുതണം. ചിത്രം കിട്ടുമെങ്കിൽ അതും വെട്ടിയൊട്ടിക്കാം, അല്ലെങ്കിൽ വരയ്ക്കാം.

∙ ടാസ്ക് 3

വിക്രം സാരാഭായ് സ്പേസ് സെന്റർ ഡയറക്ടർ എസ്. സോമനാഥ്:

ഭൂമിയിൽനിന്നു മറ്റൊരു ഗ്രഹത്തിലേക്കു യാത്ര ചെയ്തു താമസിക്കാമെന്ന സ്വപ്നം യാഥാർഥ്യമാകാൻ അധികകാലം വേണ്ടി വരില്ലെന്നു ശാസ്ത്രലോകം ഉറച്ചു വിശ്വസിക്കുന്നു. ഏതെങ്കിലുമൊരു ഗ്രഹത്തിൽ നിങ്ങളുണ്ടാക്കാൻ പോകുന്ന താമസസ്ഥലത്തെക്കുറിച്ചു ചെറിയൊരു കുറിപ്പ് ചാലഞ്ച് ബുക്കിൽ എഴുതൂ, വരയ്ക്കൂ.

∙ ടാസ്ക് 4

മമ്മൂട്ടി:

നിങ്ങളുടെ വീടിനു ചുറ്റും നോക്കിയാൽ എത്ര പറവകളെ കണ്ടെത്താൻ കഴിയും? ചെറിയ തുമ്പികളും ചിത്രശലഭങ്ങളും മുതൽ വലിയ പക്ഷികൾ വരെ എല്ലാറ്റിനെയും ശ്രദ്ധിക്കണം. എല്ലാം ചാലഞ്ച് ബുക്കിൽ കുറിച്ചു വയ്ക്കണം. അവയെപ്പറ്റി നിങ്ങൾ ശ്രദ്ധിച്ച ഒരു കൗതുകം കൂടി ഒപ്പം എഴുതണം. ഫ്ലാറ്റുകളിലുള്ളവർ അകത്തും പുറത്തു ജനാലയിലൂടെയും കാണുന്ന പറവകളെ നോക്കൂ. ഇനി പക്ഷികളെയൊന്നും കാണാൻ കിട്ടുന്നില്ലെങ്കിൽ ഉറുമ്പു മുതൽ മറ്റു ജീവികളെയും നോക്കാം.

∙ ടാസ്ക് 5

ചിത്രകാരൻ ബോസ് കൃഷ്ണമാചാരി:

ഉപയോഗശൂന്യമെന്നു കരുതി നാം ഉപേക്ഷിക്കുന്ന ഒട്ടേറെ സാധനങ്ങളുണ്ട്. എന്നാൽ, അൽപം ഭാവനയും കരവിരുതും പരിശ്രമവുമുണ്ടെങ്കിൽ ഏതു പാഴ്‍വസ്തുകളിലും നമുക്കു കല കണ്ടെത്താം. ചിത്രമോ ശിൽപമോ കളിപ്പാട്ടമോ കരകൗശല വസ്തുവോ ഒക്കെ നിർമിക്കാം. വീട്ടിലെ ഉപയോഗശൂന്യമെന്നു കരുതുന്ന വസ്തുക്കളിൽനിന്നു കൂട്ടുകാർ നിർമിക്കുന്ന കലാവിസ്മയങ്ങളുടെ ഒരു പ്രദർശനം വീട്ടിൽ ഒരുക്കിയാലോ?

∙ ടാസ്ക് 6

ജയസൂര്യ:

പാഠപുസ്തകങ്ങളിൽനിന്നല്ലാതെ ഒരു കഥ തിരഞ്ഞെടുക്കൂ. മുതിർന്നവരുടെ സഹായവും തേടാം. വായിച്ചു തീരുമ്പോൾ അതെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം ചാലഞ്ച് ബുക്കിൽ എഴുതണം.

∙ ടാസ്ക് 7

വിജയ് യേശുദാസ്:

വീട്ടിലെ എല്ലാവരോടും അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് ഏതാണെന്നു ചോദിക്കണം. പാട്ടുകളുടെ ആദ്യത്തെ വരികൾ കുറിച്ചെടുക്കണം. അവരോടു പാടാനും പറയാം. അതെല്ലാം കേട്ടു കഴിഞ്ഞ് സ്വന്തമായി ഒരു പാട്ടെഴുതി നോക്കാൻ ശ്രമിക്കുകയും ചെയ്യാം. കുറച്ചു വരികൾ മതി. എല്ലാം ചാലഞ്ച് ബുക്കിൽ എഴുതണം. സ്വന്തം പാട്ട് പാടിയും നോക്കൂ.

∙ടാസ്ക് 8

ഗോപിനാഥ് മുതുകാട്:

ഓൺലൈൻ ക്ലാസുകളിൽ അധ്യാപകർ നമ്മളോടു സംസാരിക്കുകയാണല്ലോ. പകരം നമുക്ക് അധ്യാപകരോടു സംസാരിച്ചാലോ? പ്രിയപ്പെട്ട അധ്യാപകരിലൊരാളെ ഓൺലൈനായി ഇന്റർവ്യൂ ചെയ്യാം. ചുരുങ്ങിയത് 5 ചോദ്യങ്ങൾ ചോദിക്കണം. പത്രങ്ങളിൽ കാണുന്ന അഭിമുഖ സംഭാഷണം പോലെ ചാലഞ്ച് ബുക്കിൽ ചോദ്യോത്തരങ്ങൾ എഴുതാം.

∙ ടാസ്ക് 9

മഞ്ജു വാരിയർ:

സ്കൂൾ തുറക്കുമ്പോൾ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരന്/കൂട്ടുകാരിക്ക് എന്താണ് ഒരു സമ്മാനം കൊടുക്കുക? ഒരു കുഞ്ഞു തൈ ഇപ്പോൾ നട്ടാലോ? എന്നിട്ട് ഫ്രണ്ടിന്റെ പേരുമിടാം. അത് സ്കൂൾ തുറക്കുന്ന ദിവസം സമ്മാനിക്കാം. ഫ്ലാറ്റുകളിൽ താമസിക്കുന്ന കൂട്ടുകാർക്ക് വീട്ടിനുള്ളിൽ വളർത്താവുന്ന ചെടികൾ നട്ടുനനച്ച് ഒരുക്കി വയ്ക്കാം.

∙ടാസ്ക് 10

കവി റഫീക്ക് അഹമ്മദ്:

മുൻതലമുറയിലുള്ളവർ നിത്യജീവിതത്തിൽ പ്രയോഗിച്ചിരുന്ന എത്രയെത്ര വാക്കുകളാണ് പിന്നീട് ഉപയോഗമില്ലാതെ മാഞ്ഞുപോയിട്ടുള്ളതെന്നറിയാമോ? വീട്ടിലോ അയൽപക്കത്തോ ഉള്ള മുതിർന്ന ആളുകളോട് ചോദിച്ച് അത്തരം കുറെ മലയാളം വാക്കുകൾ നമുക്കു പഠിച്ചെടുത്താലോ? 10 വാക്കുകളെങ്കിലും പറഞ്ഞു തരാൻ അവരോടു പറയൂ. വാക്കുകളും അവയുടെ അർഥവും ചാലഞ്ച് ബുക്കിൽ എഴുതണം.

 English Summary : Nallapadam twenty 20 challenge tasks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com