മല തുളച്ച് സഞ്ചാരം; തുരങ്കങ്ങളുടെ അറിയാക്കഥകൾ

HIGHLIGHTS
  • എങ്ങനെയാണ് തുരങ്കങ്ങൾ കുഴിക്കുന്നത്
  • ഏതാണ് ലോകത്തെ പ്രശസ്തമായ തുരങ്കങ്ങൾ ?
Mountain Tunnels
SHARE

തുരങ്കങ്ങളെന്നു കേൾക്കുമ്പോൾ മലകളെ തുളച്ചുള്ള സഞ്ചാരപാതയെന്നാകും മനസ്സിൽ ആദ്യമെത്തുന്ന ചിത്രം. ട്രെയിൻ യാത്രയിലും മറ്റും നമ്മൾ ഇവയിലൂടെ സഞ്ചരിച്ചിട്ടുമുണ്ടാകും.എങ്ങനെയാണിവ നിർമിക്കുന്നതെന്ന് അറിയാമോ? ഏറ്റവും വലിയ എൻജിനീയറിങ് മികവ് ആവശ്യമുള്ള ഒന്നാണ് തുരങ്കനിർമാണം. ഇതിനായി പ്രത്യേക വൈദഗ്ധ്യം നേടിയ സംഘങ്ങളുണ്ട്.

തുരങ്കം

തുരങ്കങ്ങൾ പ്രധാനമായും 3 തരത്തിലുണ്ട്. ഖനനം നടക്കുന്നിടങ്ങളിലേക്ക് എത്താനും ഖനന വസ്തുക്കൾ പുറത്തേക്കു കൊണ്ടുപോകാനും ഉപയോഗിക്കുന്നവ. വെള്ളവും വാതകങ്ങളുമൊക്കെ കൊണ്ടുപോകാൻ നിർമിക്കുന്നവ. പിന്നെ നമുക്കേറെ പരിചിതമായ ഗതാഗത തുരങ്കങ്ങളും. ഗതാഗതതുരങ്കങ്ങൾ പ്രധാനമായും റെയിൽ, റോഡ് യാത്രയ്ക്കു വേണ്ടിയുള്ളതാണ്. പർവതങ്ങൾ, തിരക്കേറിയ നഗരങ്ങൾ, സമുദ്രം എന്നിവയ്ക്കടിയിലൂടെയൊക്കെ തുരങ്കങ്ങൾ നിർമിക്കാറുണ്ട്.

നിർമാണം 

തുരങ്കങ്ങൾ കടന്നുപോകുന്ന സ്ഥലത്തിന്റെ ഘടന തുരങ്കനിർമാണത്തിൽ വളരെ പ്രധാനമാണ്. സ്ഥലം മൃദുവാണോ അതോ കട്ടിയുള്ളതാണോ, പാറക്കെട്ടുകൾ നിറഞ്ഞതാണോ, അവിടെ ഭൂഗർഭജലം ഉണ്ടോ തുടങ്ങിയവയെല്ലാം പരിഗണിച്ചുവേണം തുരങ്കനിർമാണത്തിനു പദ്ധതിയിടാൻ. നീളമുള്ള തുരങ്കങ്ങളുടെ നിർമാണത്തിൽ മിക്കപ്പോഴും ഇത്തരം സാഹചര്യങ്ങളെല്ലാം ഒരുമിച്ചുണ്ടാകാറുണ്ട്.

Gottard-Tunnel
ഗോട്ടാർഡ് റെയിൽ തുരങ്കത്തിന്റെ ഉൾവശം

പദ്ധതി തയാറാക്കിയാൽ നിർമാണം തുടങ്ങും. ഡ്രൈവിങ് എന്നാണ് തുരങ്കനിർമാണത്തിന് എൻജിനീയർമാർക്കിടയിലുള്ള പേര്.

ഡ്രൈവിങ്

മാസങ്ങളും വർഷങ്ങളുമെടുത്താണ് നിർമാണം പൂർത്തീകരിക്കുക. പല രീതികളിലാണു നിർമാണം നടത്തുന്നത്. ചിലപ്പോൾ തുരങ്കത്തിന്റെ വ്യാസത്തിനനുസരിച്ചുള്ള മണ്ണ് ഒറ്റയടിക്കു നീക്കം ചെയ്യും. മറ്റു ചിലപ്പോൾ, ഘട്ടം ഘട്ടമായി നീക്കം ചെയ്യും. ചിലപ്പോൾ ഒരു മലയുടെ രണ്ടുവശത്തു നിന്നും തുരങ്കം കുഴിച്ച് മധ്യത്തിൽ കൂട്ടിമുട്ടുന്ന രീതിയാകും എൻജിനീയർമാർ സ്വീകരിക്കുന്നത്. നീളമുള്ള തുരങ്കങ്ങൾ കുഴിക്കുമ്പോൾ ചിലപ്പോൾ മുകളിൽ നിന്നു കുഴികൾ തുരങ്കത്തിലേക്കു നിർമിക്കാറുണ്ട്. 

Tunnel Boring Machine
തുരങ്കനിർമാണത്തിനുള്ള ബോറിങ് മെഷീൻ

 ഷാഫ്റ്റ് എന്നറിയപ്പെടുന്ന ഇവയിലൂടെയാകും മണ്ണും പാറയുമൊക്കെ നീക്കം ചെയ്യുക. അധികം നീളമില്ലാത്ത തുരങ്കങ്ങൾക്കായി മുകൾവശം മൊത്തത്തിൽ പൊളിച്ച ശേഷം മുകൾഭാഗം കോൺക്രീറ്റ് ചെയ്യുന്ന രീതിയും അവലംബിക്കാറുണ്ട്.

മൃദുവായ മണ്ണിലൂടെ തുരങ്കനിർമാണം എളുപ്പമാണെങ്കിലും ഇടിഞ്ഞുവീഴാനുള്ള സാധ്യത കൂടുതലായതിനാൽ അപകടകരമാണ്. പ്രത്യേക സുരക്ഷാസംവിധാനങ്ങൾ ഒരുക്കിയാണ് ഇതു ചെയ്യുന്നത്. കടുത്ത പാറകളിലൂടെയും മറ്റുമുള്ള തുരങ്കനിർമാണത്തിന് സ്ഫോടകവസ്തുക്കൾ ഉപയോഗിക്കാറുണ്ട്. പാറകളിൽ ചെറിയ കുഴികളുണ്ടാക്കി സ്ഫോടകവസ്തു നിറച്ചശേഷം പൊട്ടിക്കും. തുടർന്ന് അവശിഷ്ടങ്ങൾ നീക്കം ചെയ്യും. സ്ഫോടകവസ്തുക്കൾ എല്ലായിടത്തും പ്രാവർത്തികമല്ല. ബോറിങ് മെഷീൻ എന്ന യന്ത്രവും തുരങ്കനിർമാണത്തിലെ പ്രധാന സംവിധാനമാണ്.

വായുസഞ്ചാരം

നീളൻ തുരങ്കങ്ങളിൽ വായുസഞ്ചാരത്തിനുള്ള സംവിധാനങ്ങളും എൻജിനീയർമാർ ഉറപ്പുവരുത്തും. വാഹനങ്ങളും ട്രെയിനുകളും പുറന്തള്ളുന്ന വാതകങ്ങൾ പുറത്തെത്തിച്ച് ശുദ്ധവായു ഉറപ്പാക്കാനാണ് ഇത്.

തുരങ്കങ്ങളുടെ ഉള്ളറയിൽ ടൈലുകൾ പതിപ്പിക്കുന്നതും കാണാറുണ്ട്. വാഹനങ്ങളുടെ പുകയിൽ നിന്നു പറ്റിപ്പിടിക്കുന്ന മാലിന്യം എളുപ്പത്തിൽ കഴുകിക്കളയാനാണ് ഇതു ചെയ്യുന്നത്.

ഇന്ത്യയിലെ ‌വമ്പൻമാർ

ജമ്മു കശ്മീരിലെ പിർ പാഞ്ചാൽ ടണലാണ് ഇന്ത്യയിലെ ഏറ്റവും നീളമുള്ള ഗതാഗത തുരങ്കം. റെയിൽ തുരങ്കമായ ഇതിന്റെ നീളം 11 കിലോമീറ്ററാണ്. ജമ്മു കശ്മീരിലെ ചെനാനിയിൽ തുടങ്ങുന്ന ഡോ.ശ്യാമപ്രസാദ് മുഖർജി ടണലാണ് ഏറ്റവും നീളമുള്ള റോഡ് തുരങ്കം (9.28 കിലോമീറ്റർ) 

ഹിമാചൽ പ്രദേശിലെ റോത്താങ്ങിലുള്ള അടൽ തുരങ്കമാണ് റോഡ് തുരങ്കങ്ങളിൽ നീളത്തിൽ രണ്ടാമൻ. 9.02 കിലോമീറ്ററാണ് നീളം.

Atal Tunnel
പതിനായിരം അടി പൊക്കത്തിലുള്ള തുരങ്കമായ അടൽ ടണൽ.

തുരങ്കഭീമൻ ഗോട്ടാർഡ്

ലോകത്തിലെ ഏറ്റവും നീളമുള്ള റെയിൽ തുരങ്കം സ്വിറ്റ്സർലൻഡിലെ ഗോട്ടാർഡ് ബേസ് ടണലാണ്. 57 കിലോമീറ്ററാണ് ഇതിന്റെ നീളം.14 വർഷമെടുത്താണ് ഈ തുരങ്കം പൂർത്തിയാക്കിയത്. ജപ്പാനിലെ സെയ്കൻ ടണൽ (53.8 കിലോമീറ്റർ) റെയിൽ തുരങ്കങ്ങളിൽ രണ്ടാം സ്ഥാനത്താണ്.ചൈനയിലെ ഗ്വാങ്ചൗ ലൈൻ ത്രീയാണ് ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ റെയിൽ തുരങ്കം, നീളം 57.9 കിലോമീറ്റർ. നോർവേയിലെ ലേഡൽ ടണലാണ് ലോകത്തിലെ ഏറ്റവും നീളമുള്ള റോഡ് തുരങ്കം ( 24.5 കിലോമീറ്റർ). 

English Summary : Story Of Tunnels

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA