ADVERTISEMENT

അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലാണ്. ഇപ്പോഴത്തെ പ്രസിഡന്റ്  ഡോണൾഡ് ട്രംപിനോടു മത്സരിക്കുന്ന ജോ ബൈഡന്റെ ആത്മവിശ്വാസത്തിനു പിന്നിലൊരു കഥയുണ്ട് - കുട്ടിക്കാലത്തെ വിക്കിന്റെ കഥ.

 

വിക്കു കാരണം സ്കൂളിൽ പോകുന്നതിനെ പേടിച്ചിരുന്നു കുട്ടിക്കാലത്ത് ജോ ബൈഡൻ. ബൈഡന്റെ സംസാരം ക്ലാസിൽ ചിരിക്കും പരിഹാസത്തിനും കാരണമായിരുന്നു. എല്ലാവരും ചിരിച്ചു സന്തോഷിച്ചു സ്കൂളിൽ പോകുമ്പോൾ കുഞ്ഞു ജോ കരഞ്ഞുകൊണ്ടാണു പോയിരുന്നത്. അമ്മ വാത്സല്യത്തോടെ ജോയോടു  പറഞ്ഞു- നീ എത്ര സുന്ദരനാണ്, എത്ര കഴിവുള്ളവനാണ്. വിക്കു കൊണ്ടൊന്നും നീ തളരരുത്. മാതാപിതാക്കളും  കന്യാസ്ത്രീകളായ അധ്യാപകരും നൽകിയ സ്‌നേഹവും പിന്തുണയും കൊണ്ട് ജോ തന്റെ വിക്കു മാറ്റിയെടുക്കാൻ തീരുമാനിച്ചു. 

 

Joe Biden. Childhood Photo
ജോ ബൈഡന്റെ ബാല്യകാല ചിത്രം

വീട്ടിൽ കണ്ണാടിക്കു മുന്നിൽനിന്നു ഉറക്കെ സംസാരിച്ചു. നീണ്ട വാചകങ്ങൾ പറഞ്ഞു നോക്കി. എമേഴ്‌സന്റെയും യേറ്റ്‌സിന്റെയും കവിതകൾ ഉറക്കെയുറക്കെ വായിച്ചു. എന്നിട്ടും വിക്ക് പൂർണമായി മാറിയില്ല.  ലാറ്റിൻ ക്ലാസിൽ ജോയെ കളിയാക്കിയിരുന്നത് ലാറ്റിൻ ഭാഷയിലെ പദം പ്രയോഗിച്ചായിരുന്നു- ജോ ഇംപെഡിമെന്റ (ഭാരം വലിച്ച് ഇഴയുന്ന എന്ന അർഥത്തിലാണ്  impedimenta-എന്ന ലാറ്റിൻ വാക്ക് ഉപയോഗിച്ചത്). 

 

Jeo biden Illustration

അതൊന്നും കാര്യമാക്കാതെ ബൈഡൻ വീട്ടിൽ സംസാരപരിശീലനം തുടർന്നു. കഠിനശ്രമത്തിനൊടുവിൽ വിക്ക് പൂർണമായും മാറി. അന്നു കിട്ടിയ ആത്മവിശ്വാസമാണു തന്റെ ജീവിതം മാറ്റിമറിച്ചതെന്നു ജോ ബൈഡൻ എപ്പോഴും പറയാറുണ്ട്.  കോളജിൽ പഠിക്കുമ്പോൾ അറിയപ്പെടുന്ന പ്രസംഗ പരിശീലകനായി മാറി, പിന്നീടു പാർലമെന്റ് അംഗമായി, വൈസ് പ്രസിഡന്റായി. ഇപ്പോൾ യുഎസ് പ്രസിഡന്റ് പദവിക്കായി ഡോണൾഡ് ട്രംപിനോട് മത്സരിക്കുന്നു. 

 

 

ഐക്യുവുമായോ ബുദ്ധിയുമായോ വിക്കിന് ഒരു ബന്ധവുമില്ലെന്നും വിക്ക് മാറ്റിയെടുക്കാവുന്നതേയുള്ളൂ വെന്നും വിശ്വസിക്കുന്നയാളാണ് ജോ ബൈഡൻ. വിക്കിന്റെ പ്രശ്‌നമുള്ള ചെറുപ്പക്കാർക്ക് സ്വന്തം ഫോൺ നമ്പർ നൽകി, അവരോടു സംസാരിച്ച് ആത്മവിശ്വാസം പകരുന്നത് ഇദ്ദേഹത്തിന്റെ പതിവാണ്. ദ് കിങ്‌സ് സ്പീച്ച് എന്ന സിനിമ കാണാനും പ്രോത്സാഹിപ്പിക്കും. ഇനി ജോ ബൈഡന്റെ പ്രസംഗം കേൾക്കുമ്പോൾ ശ്രദ്ധിച്ചുനോക്കൂ, പഴയ വിക്കിന്റെ ശേഷിപ്പുകൾ എന്തെങ്കിലും തിരിച്ചറിയാനാകുന്നുണ്ടോ?

 

കേരളത്തിന്റെ ആദ്യത്തെ  മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടിനും വിക്കുണ്ടായിരുന്നു. അദ്ദേഹവും വലിയ പ്രസംഗകനായിരുന്നു. 

 

മുഴുവൻ പേര് 

ജോസഫ് റോബിനറ്റ് ബൈഡൻ.

ജനനം യുഎസിലെ  

പെൻസിൽവേനിയ 

സംസ്ഥാനത്തെ സ്‌ക്രാന്റനിൽ

1942 നവംബർ 20ന്

 

English Summary : How Joe Biden Overcoming His Stutter Inspirational Life Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com