കൂട്ടുകാരേ, സന്തോഷത്തിന്റെ താക്കോൽ നമ്മുടെ കയ്യിലുണ്ട്!

HIGHLIGHTS
  • എല്ലാ പ്രയാസങ്ങൾക്കും ശേഷം ഒരു നല്ല കാലം ഉറപ്പായും വരാനുണ്ട്
  • വീട്ടിലെ പാചകത്തിലൊക്കെ പങ്കാളികളാവാം
tips-to-find-happiness-during-tough-time
Image Credits : Africa Studio / Shutterstock.com
SHARE

കലപില സ്കൂൾ നേരങ്ങളില്ല, പാർക്കുകളില്ല, യാത്രകളില്ല...  സങ്കടത്തിലാണോ കൂട്ടുകാർ! പക്ഷേ, വീട്ടിലെ ഇത്തിരി വട്ടത്തു പോലും സന്തോഷം കണ്ടെത്താൻ വഴികളുണ്ടെങ്കിലോ? ഇതാ വായിക്കൂ! 

നമ്മുടെ സെൽഫ് ടൈം

padhipura-actor-sijoy-varghese

സിജോയ് വർഗീസ് (നടൻ, മോട്ടിവേഷനൽ സ്പീക്കർ)

ഈ അവധി എന്നു തീരുമെന്നാണ് 6 വയസ്സുള്ള മകന്റെ സ്ഥിരം ചോദ്യങ്ങളിലൊന്ന്. നിങ്ങളുടെയും ചോദ്യം അതല്ലേ? കോവിഡ് നിയന്ത്രണങ്ങളും ബുദ്ധിമുട്ടുകളും ഓർത്ത് കൂടുതലൊന്നും വിഷമിക്കുകയേ അരുത്. കാരണം, എല്ലാ പ്രയാസങ്ങൾക്കും ശേഷം ഒരു നല്ല കാലം ഉറപ്പായും വരാനുണ്ട്. 

മടുപ്പ് മാറ്റാൻ വീട്ടിനുള്ളിൽത്തന്നെ ഒരുപാട് വഴികളുണ്ട്. എല്ലാവർക്കും പാചകം പഠിക്കുകയും പുസ്തകങ്ങൾക്ക് പുതിയ കവറുകൾ ഇടുകയും അടുക്കളത്തോട്ടം തുടങ്ങുകയുമൊക്ക ചെയ്യാം. സ്കൂളിൽ പോകുന്ന പോലെ തന്നെ കുളിച്ച് വൃത്തിയായി മിടുക്കരായി ഇരിക്കണം എപ്പോഴും. പഠനത്തിനും കളികൾക്കുമെല്ലാം സ്വയം ഒരു ചിട്ട കണ്ടെത്താൻ ഈ ‘സെൽഫ് ടൈം’ ഉപയോഗിക്കാം.

പങ്കുവയ്ക്കാം

padhipura-dr-zaileshia

ഡോ.ജി. സൈലേഷ്യ (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്)

വീട്ടിലെ പാചകത്തിലൊക്കെ പങ്കാളികളാവാം. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം. മീനോ കിളികളോ നായക്കുട്ടിയോ അങ്ങനെ എന്തെങ്കിലും ഒരു കളിക്കൂട്ട് ഉണ്ടാവുന്നതും നല്ലതാണ്. പുതിയ പുതിയ വസ്തുക്കൾ നിർമിക്കാൻ ഇഷ്ടമുള്ളവർക്ക് ക്രാഫ്റ്റ് മെറ്റീരിയൽസ് വീട്ടുകാരോടു ചോദിച്ചു വാങ്ങാം. ചെയ്തു പഠിക്കാൻ ധാരാളം വിഡിയോകളും ഇന്റർനെറ്റിലുണ്ട്. ചെറിയ നടത്തങ്ങളോ യാത്രകളോ ഒക്കെ നല്ലതാണ്. ഓൺലൈൻ പഠനത്തിന് ഇടവേളകൾ എടുക്കാൻ മറക്കരുത്. ആഴ്ചയിലൊരിക്കലെങ്കിലും വിശേഷം പറയാനായും കളറിങ് ബുക്കുകളും സ്വയം നിർമിച്ച വസ്തുക്കളും ഒക്കെ പങ്കുവയ്ക്കാനായി ഓൺലൈനിൽ ഒത്തുകൂടണം. പുതിയ ഏതെങ്കിലും ഒരു സംഗീതോപകരണമോ പുതിയൊരു ഭാഷയോ ഒക്കെ പഠിക്കാൻ ഈ സമയം ഉപയോഗിക്കാം.

ഒന്നും നഷ്ടപ്പെട്ടിട്ടില്ല

padhippura-k-anvar-sadath

കെ. അൻവർ സാദത്ത് (കൈറ്റ്, സിഇഒ)

പഠനം ശരിയാവുമോ എന്ന ആശങ്കയൊക്കെ നിങ്ങളിൽ പലർക്കുമുണ്ടാവാം. തിരിച്ചു പിടിക്കാൻ കഴിയാത്ത ക്ലാസുകളോ പാഠങ്ങളോ ഒന്നും നമുക്ക് നഷ്ടപ്പെട്ടിട്ടില്ല എന്നോർക്കണം. ഡിജിറ്റൽ ക്ലാസുകൾ ഒരു സഹായക സംവിധാനം മാത്രമാണ്. മനസ്സിലാകാത്തതോ  കാണാൻ കഴിയാത്തതോ ആയ ഭാഗങ്ങൾ തീർച്ചയായും നേരിട്ട് പഠിക്കാൻ ഇനിയും അവസരം ലഭിക്കും. ഏറ്റവും അടുത്ത ദിവസം നമ്മുടെ സ്കൂളുകളും തുറക്കും എന്ന പ്രതീക്ഷയോടെയാവണം ഓരോ ദിവസവും. ഇങ്ങനെയൊരു കാലത്തിന്റെ ഓർമകൾ ഭാവിയിലും പ്രതിസന്ധികളെ അതിജീവിക്കാനുള്ള ഊർജമാക്കി നമുക്ക് മാറ്റാം. പുതിയ കാര്യങ്ങൾ അറിയാനും നല്ല വായനശീലമുള്ളവരായി മാറാനും ഈ സമയം ഉപയോഗിക്കാം. ഒപ്പം വ്യായാമങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള കളികളിലും ഏർപ്പെടാനും മറക്കണ്ട.

സന്തോഷം കയ്യിലുണ്ട്!

padhipura-aswathy-sreekanth

അശ്വതി ശ്രീകാന്ത് (അവതാരക, എഴുത്തുകാരി)

എല്ലാ കുട്ടി കൂട്ടുകാരോടും പറയാനുള്ളതെന്താണെന്ന് വച്ചാൽ, നമ്മുടെ സന്തോഷത്തിന്റെ താക്കോൽ നമ്മുടെ കയ്യിൽത്തന്നെയാണ്. അതു നമ്മൾ കണ്ടെത്തണം. ഒരു കഴിവും ഇല്ലാത്തവരായി നമ്മളിൽ ആരുമില്ല. അങ്ങനെ, മറഞ്ഞു കിടക്കുന്ന കഴിവുകളെല്ലാം കണ്ടെത്താനുള്ള സമയമായി ഇതിനെ കാണണം. സ്കൂൾ തുറക്കുമ്പോഴേക്കും പാട്ടിലോ വരയിലോ അഭിനയത്തിലോ കഥ പറച്ചിലിലോ ഒക്കെ മിടുക്കരായി അങ്ങു ചെല്ലാം! വായനശീലം ഇല്ലാത്തവർക്ക് അത് തുടങ്ങാൻ പറ്റിയ സമയമാണിത്. വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ച് ചെറുകുറിപ്പുകളും തയാറാക്കാം. വീട്ടിലെ ഇത്തിരി സ്ഥലത്തും കുഞ്ഞിപ്പേരിട്ടു ചെടികളെ വളർത്തി നോക്കൂ. എല്ലാ ദിവസവും ഒരു കുഞ്ഞിലയെങ്കിലും നമ്മളെ സന്തോഷിപ്പിക്കും. ഒപ്പം മറ്റുള്ളവർക്ക് സർപ്രൈസ് നൽകാനുള്ള വഴികൾ ആലോചിക്കൂ, സന്തോഷം ഇരട്ടിയാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA