ADVERTISEMENT

മലയാള മനോരമ നല്ലപാഠം സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ട്വന്റി 20 ചാലഞ്ച് സമാപിച്ചു. ഇനി, കുട്ടികൾ പൂർത്തിയാക്കിയ ടാസ്കുകളെക്കുറിച്ച് എഴുതിയ ചാലഞ്ച് ബുക്ക് അയയ്ക്കേണ്ട സമയമാണ്. നവംബർ 30 വരെയാണ് മനോരമയിൽ ബുക്കുകൾ സ്വീകരിക്കുക. ബുക്കുകൾ അയയ്ക്കേണ്ട വിലാസം നവംബർ 16 തിങ്കളാഴ്ചത്തെ മനോരമ പത്രത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മനോരമ ഓഫിസുകളിൽ നേരിട്ടും എത്തിക്കാം. കവറിൽ നല്ലപാഠം ചാലഞ്ച് ബുക്ക് എന്നു വലുതായി എഴുതണം.

∙ ചാലഞ്ച് ബുക്കിന്റെ ആദ്യ പേജിൽ പേര്, ക്ലാസ്, സ്കൂൾ, പൂർണ വിലാസം, ഫോൺ നമ്പർ എന്നിവ വ്യക്തമായി എഴുതണം.

∙ രക്ഷിതാക്കളുടെ ഒപ്പ് ഒന്നാം പേജിൽ പേരു സഹിതം ചേർക്കണം.

മത്സരത്തിലെ 20 ടാസ്കുകൾ ഇവയായിരുന്നു:

∙ ടാസ്ക് 1

വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്:

ചാലഞ്ച് ബുക്കിൽ മഹാത്മാഗാന്ധിയുടെ ഒരു ചിത്രം വരയ്ക്കൂ. ഒപ്പം ഗാന്ധിജിയുടെ സന്ദേശങ്ങളും എഴുതാം. അവിടെ നിർത്തരുത്. ഇന്ന് വീടു വൃത്തിയാക്കുന്ന ജോലി കൂടി കൂട്ടുകാർ ഏറ്റെടുക്കണം. വീട്ടിലെ മുതിർന്നവരുടെ ഉപദേശം തേടി, സുരക്ഷിതമായി വേണം ചെയ്യാൻ.

∙ ടാസ്ക് 2

പി.ടി. ഉഷ:

നിങ്ങളുടെ വീട്ടിലുള്ളവർക്കോ കൂട്ടുകാർക്കോ ബന്ധുക്കൾക്കോ അയൽക്കാർക്കോ ആർക്കെങ്കിലും കായിക താരങ്ങളുമായി സാമ്യമുള്ള പേരുണ്ടോ? ഉണ്ടെങ്കിൽ കായികതാരത്തിന്റെ പേരും പരിചയമുള്ള ആളുടെ പേരും ചാലഞ്ച് ബുക്കിൽ എഴുതൂ. എന്നിട്ട് ആ കായികതാരത്തെ സംബന്ധിച്ച പരമാവധി വിവരങ്ങളും ശേഖരിച്ച് എഴുതണം. ചിത്രം കിട്ടുമെങ്കിൽ അതും വെട്ടിയൊട്ടിക്കാം, അല്ലെങ്കിൽ വരയ്ക്കാം.

∙ ടാസ്ക് 3

വിക്രം സാരാഭായ് സ്പേസ് സെന്റർ ഡയറക്ടർ എസ്. സോമനാഥ്:

ഭൂമിയിൽനിന്നു മറ്റൊരു ഗ്രഹത്തിലേക്കു യാത്ര ചെയ്തു താമസിക്കാമെന്ന സ്വപ്നം യാഥാർഥ്യമാകാൻ അധികകാലം വേണ്ടി വരില്ലെന്നു ശാസ്ത്രലോകം ഉറച്ചു വിശ്വസിക്കുന്നു. ഏതെങ്കിലുമൊരു ഗ്രഹത്തിൽ നിങ്ങളുണ്ടാക്കാൻ പോകുന്ന താമസസ്ഥലത്തെക്കുറിച്ചു ചെറിയൊരു കുറിപ്പ് ചാലഞ്ച് ബുക്കിൽ എഴുതൂ, വരയ്ക്കൂ.

∙ ടാസ്ക് 4

മമ്മൂട്ടി:

നിങ്ങളുടെ വീടിനു ചുറ്റും നോക്കിയാൽ എത്ര പറവകളെ കണ്ടെത്താൻ കഴിയും? ചെറിയ തുമ്പികളും ചിത്രശലഭങ്ങളും മുതൽ വലിയ പക്ഷികൾ വരെ എല്ലാറ്റിനെയും ശ്രദ്ധിക്കണം. എല്ലാം ചാലഞ്ച് ബുക്കിൽ കുറിച്ചു വയ്ക്കണം. അവയെപ്പറ്റി നിങ്ങൾ ശ്രദ്ധിച്ച ഒരു കൗതുകം കൂടി ഒപ്പം എഴുതണം. ഫ്ലാറ്റുകളിലുള്ളവർ അകത്തും പുറത്തു ജനാലയിലൂടെയും കാണുന്ന പറവകളെ നോക്കൂ. ഇനി പക്ഷികളെയൊന്നും കാണാൻ കിട്ടുന്നില്ലെങ്കിൽ ഉറുമ്പു മുതൽ മറ്റു ജീവികളെയും നോക്കാം.

∙ ടാസ്ക് 5

ചിത്രകാരൻ ബോസ് കൃഷ്ണമാചാരി:

ഉപയോഗശൂന്യമെന്നു കരുതി നാം ഉപേക്ഷിക്കുന്ന ഒട്ടേറെ സാധനങ്ങളുണ്ട്. എന്നാൽ, അൽപം ഭാവനയും കരവിരുതും പരിശ്രമവുമുണ്ടെങ്കിൽ ഏതു പാഴ്‍വസ്തുകളിലും നമുക്കു കല കണ്ടെത്താം. ചിത്രമോ ശിൽപമോ കളിപ്പാട്ടമോ കരകൗശല വസ്തുവോ ഒക്കെ നിർമിക്കാം. വീട്ടിലെ ഉപയോഗശൂന്യമെന്നു കരുതുന്ന വസ്തുക്കളിൽനിന്നു കൂട്ടുകാർ നിർമിക്കുന്ന കലാവിസ്മയങ്ങളുടെ ഒരു പ്രദർശനം വീട്ടിൽ ഒരുക്കിയാലോ?

∙ ടാസ്ക് 6

ജയസൂര്യ:

പാഠപുസ്തകങ്ങളിൽനിന്നല്ലാതെ ഒരു കഥ തിരഞ്ഞെടുക്കൂ. മുതിർന്നവരുടെ സഹായവും തേടാം. വായിച്ചു തീരുമ്പോൾ അതെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം ചാലഞ്ച് ബുക്കിൽ എഴുതണം.

∙ ടാസ്ക് 7

വിജയ് യേശുദാസ്:

വീട്ടിലെ എല്ലാവരോടും അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് ഏതാണെന്നു ചോദിക്കണം. പാട്ടുകളുടെ ആദ്യത്തെ വരികൾ കുറിച്ചെടുക്കണം. അവരോടു പാടാനും പറയാം. അതെല്ലാം കേട്ടു കഴിഞ്ഞ് സ്വന്തമായി ഒരു പാട്ടെഴുതി നോക്കാൻ ശ്രമിക്കുകയും ചെയ്യാം. കുറച്ചു വരികൾ മതി. എല്ലാം ചാലഞ്ച് ബുക്കിൽ എഴുതണം. സ്വന്തം പാട്ട് പാടിയും നോക്കൂ.

∙ടാസ്ക് 8

ഗോപിനാഥ് മുതുകാട്:

ഓൺലൈൻ ക്ലാസുകളിൽ അധ്യാപകർ നമ്മളോടു സംസാരിക്കുകയാണല്ലോ. പകരം നമുക്ക് അധ്യാപകരോടു സംസാരിച്ചാലോ? പ്രിയപ്പെട്ട അധ്യാപകരിലൊരാളെ ഓൺലൈനായി ഇന്റർവ്യൂ ചെയ്യാം. ചുരുങ്ങിയത് 5 ചോദ്യങ്ങൾ ചോദിക്കണം. പത്രങ്ങളിൽ കാണുന്ന അഭിമുഖ സംഭാഷണം പോലെ ചാലഞ്ച് ബുക്കിൽ ചോദ്യോത്തരങ്ങൾ എഴുതാം.

∙ ടാസ്ക് 9

മഞ്ജു വാരിയർ:

സ്കൂൾ തുറക്കുമ്പോൾ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരന്/കൂട്ടുകാരിക്ക് എന്താണ് ഒരു സമ്മാനം കൊടുക്കുക? ഒരു കുഞ്ഞു തൈ ഇപ്പോൾ നട്ടാലോ? എന്നിട്ട് ഫ്രണ്ടിന്റെ പേരുമിടാം. അത് സ്കൂൾ തുറക്കുന്ന ദിവസം സമ്മാനിക്കാം. ഫ്ലാറ്റുകളിൽ താമസിക്കുന്ന കൂട്ടുകാർക്ക് വീട്ടിനുള്ളിൽ വളർത്താവുന്ന ചെടികൾ നട്ടുനനച്ച് ഒരുക്കി വയ്ക്കാം.

∙ടാസ്ക് 10

കവി റഫീക്ക് അഹമ്മദ്:

മുൻതലമുറയിലുള്ളവർ നിത്യജീവിതത്തിൽ പ്രയോഗിച്ചിരുന്ന എത്രയെത്ര വാക്കുകളാണ് പിന്നീട് ഉപയോഗമില്ലാതെ മാഞ്ഞുപോയിട്ടുള്ളതെന്നറിയാമോ? വീട്ടിലോ അയൽപക്കത്തോ ഉള്ള മുതിർന്ന ആളുകളോട് ചോദിച്ച് അത്തരം കുറെ മലയാളം വാക്കുകൾ നമുക്കു പഠിച്ചെടുത്താലോ? 10 വാക്കുകളെങ്കിലും പറഞ്ഞു തരാൻ അവരോടു പറയൂ. വാക്കുകളും അവയുടെ അർഥവും ചാലഞ്ച് ബുക്കിൽ എഴുതണം.

∙ടാസ്ക് 11

സുരാജ് വെഞ്ഞാറമൂട്

വീട്ടിൽ ഒറ്റയ്ക്കായി പോകുന്ന ഒരു അച്ഛനാണ് ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’ എന്ന സിനിമയിൽ ഞാൻ അവതരിപ്പിച്ച കഥാപാത്രം. മകൻ എനിക്കു കൂട്ടിനായി ഒരു റോബട്ടിനെ വാങ്ങിത്തരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണു സിനിമയിലുള്ളത്. അതുപോലെ ഒറ്റയ്ക്കായി പോകുന്ന പ്രായമായവർ നിങ്ങളുടെ ചുറ്റിലും ഉണ്ടാകില്ലേ? ബന്ധത്തിലോ പരിചയത്തിലോ ഉള്ള മുതിർന്നവരെ വിളിച്ചു സംസാരിക്കാനും അവരുടെ വിശേഷങ്ങൾ ചോദിക്കാനും എല്ലാ കുട്ടികളും ശ്രമിക്കണം. ഫോണിൽ വിളിക്കാൻ കഴിയാത്തവർക്കു കത്തെഴുതുകയുമാകാം.

∙ടാസ്ക് 12

ഒളിംപ്യൻ അഞ്ജു ബോബി ജോർജ്

ഇന്നു മുതൽ നമുക്കു വ്യായാമം ശീലമാക്കാം. രാവിലെ വീട്ടു മുറ്റത്തു നടക്കൂ. വീട്ടിലെ മുതിർന്നവരോടു ചോദിച്ച് ചെറിയ വ്യായാമങ്ങളും ചെയ്യാം. മറ്റൊരു കാര്യം കൂടി, നിങ്ങൾക്കിഷ്ടപ്പെട്ട കളി ഏതാണോ അത് കളിക്കുകയാണെന്നു മനസ്സിൽ കരുതുക. അതനുസരിച്ചു കൈകാലുകൾ കൊണ്ടു സാങ്കൽപികമായി കളിച്ചു നോക്കൂ. ക്രിക്കറ്റാണെങ്കിൽ ബോൾ ചെയ്യുന്ന ആക്ഷൻ. ദിവസവും രാവിലെ ഇതു ചെയ്യണം. ആദ്യ ദിവസത്തെ അനുഭവം ചാലഞ്ച് ബുക്കിൽ എഴുതുക.

∙ ടാസ്ക് 13

എഴുത്തുകാരൻ ബെന്യാമിൻ

പത്തനംതിട്ട ജില്ലയിലെ കുളനടയാണ് എന്റെ നാട്. കുളവും നടയുമുള്ള പ്രദേശം കുളനടയായെന്നു പറയാറുണ്ട്. മറ്റു കഥകളും ഉണ്ടാകാം. നിങ്ങളുടെ നാടിന്റെ പേരിലുമുണ്ടാകില്ലേ ഇങ്ങനെയൊരു കഥ? മുതിർന്നവരോടും അധ്യാപകരോടും അന്വേഷിച്ച് അതൊന്നു കണ്ടെത്തിയാലോ? ശേഖരിക്കുന്ന വിവരങ്ങൾ ചാലഞ്ച് ബുക്കിൽ എഴുതണം.

∙ ടാസ്ക് 14

എഴുത്തുകാരൻ വിനോയ് തോമസ്

എന്റെ മനസ്സിൽ ഇടം പിടിച്ച കഥാപാത്രങ്ങൾ ഒട്ടേറെയുണ്ട്. ഏറ്റവും പ്രിയപ്പെട്ടൊരു കഥാപാത്രത്തെ നിങ്ങൾക്കും ഓർക്കാനുണ്ടാവില്ലേ. വായിച്ച കഥകളിലും നോവലുകളിലും നിന്നോ കണ്ട സിനിമയിൽ നിന്നോ അവരെ ഓർത്തെടുത്താലോ. ആ കഥാപാത്രത്തെക്കുറിച്ച് ചാലഞ്ച് ബുക്കിൽ എഴുതുമല്ലോ.

∙ ടാസ്ക് 15

സന്തോഷ് ജോർജ് കുളങ്ങര

കോവിഡ് 19 മിക്കവരെയും വീടുകളിലേക്കു ചുരുക്കി. എങ്കിലും കഴിയുന്നത്ര ആക്ടീവായിരിക്കാൻ നാം ശ്രമിക്കുന്നുണ്ട്. കോവിഡ് കാലം കഴിഞ്ഞാൽ യാത്ര പോകേണ്ട

സ്ഥലങ്ങളെക്കുറിച്ചുള്ള ആലോചനയിലാണു ഞാൻ.നിങ്ങൾക്കും ഉണ്ടാവില്ലേ, അങ്ങനെയൊരു മോഹം.പോകാൻ കൊതിക്കുന്ന ആ ഇടത്തെക്കുറിച്ച് ചാലഞ്ച് ബുക്കിൽ എഴുതുമല്ലോ. തൊട്ടടുത്ത നാട്ടിലെ കൂട്ടുകാരുടെ വീട്ടിലേക്കുള്ള യാത്ര മുതൽ ലോകയാത്രകൾ വരെ നിങ്ങളുടെ മനസ്സിലുണ്ടാകുമെന്നു പ്രതീക്ഷിക്കട്ടെ.

∙ ടാസ്ക് 16

എഴുത്തുകാരി അനിത നായർ

ഞാനെഴുതുന്നത് ഇംഗ്ലിഷിലാണെങ്കിലും മലയാളമാണ് എന്റെ സ്വന്തം ഭാഷ. ഒട്ടേറെ മലയാളം വാക്കുകളോട് എനിക്കു സവിശേഷമായ ഇഷ്ടമുണ്ട്. നിങ്ങൾക്ക് ഏറ്റവും ഇഷ്ടം തോന്നിയ മലയാള വാക്ക് ഏതാണ്? ആ വാക്ക് ഉപയോഗിച്ചിട്ടുള്ള ഒരു കവിത കണ്ടെത്താമോ? അതിലെ ഏതാനും വരികൾ ചാലഞ്ച് ബുക്കിൽ എഴുതിയാലോ...

∙ടാസ്ക് 17

പാചക വിദഗ്ധൻ സുരേഷ് പിള്ള

ഇന്നു നമുക്കു വീട്ടിലൊരു നാടൻ പലഹാരം ഉണ്ടാക്കിയാലോ. പലഹാരമേതു വേണമെന്നു വീട്ടിലെ മുതിർന്നവരോടു കൂടി ചോദിക്കാം. പാചകത്തിൽ നിങ്ങളും കൂടണം കേട്ടോ.പാചകാനുഭവം ചാലഞ്ച് ബുക്കിൽ എഴുതാൻ മറക്കല്ലേ. പലഹാരത്തിന്റെ ചേരുവകൾ എന്തൊക്കെയെന്ന് എഴുതിയാലും മതി.

∙ ടാസ്ക് 18

മാത്യൂസ് വർഗീസ് (മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ)

ഇന്നത്തെ (നവംബർ 11 ലെ) മനോരമ ദിനപത്രത്തിലെ ഒന്നാം പേജിലെയും കായികം പേജിലെയും 5 വാർത്തകൾ തിരഞ്ഞെടുത്ത്, അവയുടെ തലക്കെട്ടുകൾ നിങ്ങളുടേതായ ശൈലിയിൽ മാറ്റി ചാലഞ്ച് ബുക്കിൽ എഴുതൂ.

∙ ടാസ്ക് 19

എ. ഷാജഹാ‌ൻ (വിദ്യാഭ്യാസ സെക്രട്ടറി)

കോവിഡ് കാലം കഴിയുമ്പോൾ സ്കൂളുകൾ തുറക്കും. സ്കൂളുകളിലേക്കു തിരിച്ചു പോകുമ്പോൾ ക്ലാസ്മുറി എങ്ങനെ വേണം? സ്കൂളിൽ എന്തൊക്കെ മാറ്റം വേണം? എന്നൊക്കെ ഒന്നാലോചിക്കുമല്ലോ. മുതിർന്നവരോടും ചർച്ച ചെയ്യാം. നിങ്ങളുടെ ആശയങ്ങൾ ചാലഞ്ച് ബുക്കിൽ എഴുതണം.

∙ ടാസ്ക് 20

മോഹൻ ലാൽ

അമ്മയുടെ സ്നേഹമാണ് എന്റെ ജീവിതത്തിന്റെ തണൽ. നിങ്ങൾക്കും അങ്ങനെതന്നെയെന്ന് എനിക്കറിയാം. നല്ലപാഠത്തിന്റെ സമാപന ടാസ്ക് അമ്മയെക്കുറിച്ചായാലോ. അമ്മയോട് ഒരു മണിക്കൂർ സംസാരിക്കുക, 5 ഇഷ്ടങ്ങൾ ചോദിച്ചറിയുക. അമ്മയുടെ കുട്ടിക്കാലത്തെ 5 സന്തോഷങ്ങൾ ചോദിച്ചറിയുക. അമ്മ വീട്ടിലില്ലെങ്കിൽ, മുത്തശ്ശിയോടോ ചേച്ചിയോടോ ബന്ധുക്കളോ അയൽക്കാരായ മറ്റ് അമ്മമാരോടോ ചോദിക്കാം കേട്ടോ.

English Summary : Malayala Manorama Nallapadam Twenty Twenty  Challenge Tasks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com