റോഡിലെ വിമാനം; വേഗത്തിന്റെ ഫോർമുല

HIGHLIGHTS
  • പ്രത്യേക സ്യൂട്ടും ഹെൽമറ്റും ഡ്രൈവർമാർക്കു നിർബന്ധമാണ്
  • സെബാസ്റ്റ്യൻ വെറ്റലിന്റെ പ്രതിഫലം 37 കോടിയോളം രൂപയാണ്
padhippura-formula-one-article-image-one
SHARE

കാറോട്ട മത്സരങ്ങൾ പലവിധം. കുട്ടിക്കാറുകളുടെ കാർട്ടിങ് അടിസ്ഥാന മത്സരം, ഫോർമുല വൺ മെഗാ മത്സരം. 

ഡ്രൈവിങ് സീറ്റ് മാത്രമുള്ള, തുറന്ന കോക്ക്പിറ്റുള്ള, ടയറുകൾക്കു കവചമില്ലാത്ത ഹൈ സ്പീഡ് കാറുകളാണു ഫോർമുല വൺ മത്സരങ്ങൾക്ക് ഉപയോഗിക്കുക.  മത്സരിക്കാൻ പത്തു ടീമുകളിലായി 20 ഡ്രൈവർമാർ. ഒരു ടീമിൽ രണ്ടു ഡ്രൈവർമാർ രണ്ടു കാറുകളിൽ.  

കാർ എൻജിൻ നിർമാതാക്കൾ പ്രധാനമായും നാലു കമ്പനികളാണ്– ഫെറാറി, മെഴ്സിഡീസ്, ഹോണ്ട, റെനോ. 

അതീവ സുരക്ഷാ സംവിധാനമുള്ള അപകടരഹിതമായ സർക്യൂട്ടുകളിലാണ് ഫോർമുല വൺ മത്സരങ്ങൾ നടക്കുക. അപകടത്തിൽപെട്ടാലും കാര്യമായി പരുക്കേൽക്കാതിരിക്കാൻ പ്രത്യേക സ്യൂട്ടും ഹെൽമറ്റും ഡ്രൈവർമാർക്കു നിർബന്ധമാണ്. എങ്കിലും അപകടങ്ങൾ കുറവല്ല.

padhippura-formula-one-article-image-three

കാർട്ടിങ്ങിലൂടെയും മറ്റു കാറോട്ട മത്സരങ്ങളിലൂടെയും പ്രാഗല്ഭ്യം തെളിയിച്ച ഡ്രൈവർമാരുമായി ടീമുകൾ വൻ തുകയ്ക്കു കരാർ ഉറപ്പിക്കുന്നു. നിലവിലെ ചാംപ്യൻ മെഴ്സിഡീസിന്റെ ലൂയിസ് ഹാമിൽട്ടന് സീസണിൽ (മാർച്ച് മുതൽ നവംബർ വരെയാണു സാധാരണ എഫ് വൺ സീസൺ) ലഭിക്കുന്ന വേതനം 42 കോടിയോളം രൂപയാണ്. ഏതാണ്ടു 30 കോടിയോളം രൂപ പോഡിയം ബോണസും (പ്രൈസ് മണി) മറ്റുമായി ലഭിക്കും. പരസ്യ വരുമാനം ഇതിനു പുറമേയാണ്. നാലു തവണ ചാംപ്യനായ ഫെറാറിയുടെ ജർമൻ ഡ്രൈവർ സെബാസ്റ്റ്യൻ വെറ്റലിന്റെ പ്രതിഫലം 37 കോടിയോളം രൂപയാണ്. പ്രൈസ് മണി വേറെ. 

ഒറ്റ ലക്ഷ്യം– വേഗം

റേസിങ് ചാംപ്യൻഷിപ്പുകളിലെ ഓട്ടത്തിനു വേണ്ടി മാത്രമാണു ഫോർമുല വൺ കാറുകൾ‌.  ഇവയുടെ ഷാസി പ്രത്യേക മിശ്രിതം കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. ഭാരം കുറച്ച്, വേഗം കൂട്ടാനുള്ള ശ്രമം. മണിക്കൂറിൽ 375 കിലോമീറ്റർ വരെ വേഗം കൈവരിക്കാൻ ഇവയ്ക്കു സാധിക്കും.

padhippura-formula-one-article-image-two

സാധാരണ ഇന്ധനം

നമ്മൾ യാത്രയ്ക്കുപയോഗിക്കുന്ന വാഹനങ്ങളിൽ സാധാരണ ഉപയോഗിക്കുന്ന ഇന്ധനം പെട്രോൾ, ഡീസൽ, എൽപിജി എന്നിവയാണ്. എഫ് വണ്ണിൽ ഉപയോഗിക്കുന്നതു പെട്രോൾ ആണ്. റോഡ് കാറുകളിൽ ഉപയോഗിക്കുന്ന ഇന്ധനം തന്നെ എഫ് വൺ കാറുകളിലും ഉപയോഗിക്കണമെന്നാണു മത്സരങ്ങൾ നിയന്ത്രിക്കുന്ന എഫ്ഐഎ നിർദേശിച്ചിട്ടുള്ളത്.

എൻജിൻ കരുത്ത്

എഫ് 1 കാർ

ഭാരം : 660 

കിലോഗ്രാം

നീളം:  5700 എംഎം

വീതി: 1800 എംഎം

ഉയരം:  950 എംഎം

മൈലേജ് :    0.7 കിമീ/ലീറ്റർ

വില:  91.5 കോടി രൂപ

(ഒരു കാറിന്റെ ശരാശരി

നിർമാണച്ചെലവ്)

സിലിണ്ടർ :6

വാൽവുകൾ: 24

2400 

സിസിയുള്ള വിഎയ്റ്റ് എൻജിനാണ് ഇവയിൽ ഉപയോഗിക്കുക. 900 ബിഎച്ച്പി പവർ ഉൽപാദിപ്പിക്കാൻ എൻജിനു കഴിയും. സാധാരണ കാറുകളെക്കാൾ പത്തിലേറെ മടങ്ങ് അധികമാണ് കരുത്ത്.

റോഡിലെ  വിമാനം

ചെറിയ ബോഡിക്കു പുറത്തേക്ക് തെറിച്ചു നിൽക്കുന്ന കൂറ്റൻ ചക്രങ്ങൾ. ഒരേ യൊരു സീറ്റ്. സ്റ്റിയറിങ് എടുത്തു മാറ്റിയാലേ ഡ്രൈവർക്ക് ആ സീറ്റിൽ കയറി ഇരിക്കാനാവൂ. സ്വിച്ച് കീ അമർത്തിയാൽ വെടിയുണ്ട പോലെ കുതിക്കും. ‌എഫ്‌വൺ കാറുകളെ സൂക്ഷിച്ചു നോക്കിയാൽ രൂപഘടനയിൽ വിമാനത്തിന്റെ ചെറിയ ഛായ കാണാം. മുൻപിലേക്കു കൂർത്തുവരുന്ന ബോഡി, പിറകിലെ ചിറകുകൾ തുടങ്ങിയവ വിമാനത്തെ അനുസ്മരിപ്പിക്കും. വായുവിന്റെ സമ്മർദം കഴിയുന്നത്ര കുറച്ച് വലിയ വേഗം കൈവരിക്കാനുള്ള ‘എയ്റോഡൈനമിക് ’ സൂത്രങ്ങളാണ് ഇവ. 

എഫ്1 സർക്യൂട്ട്

എഫ്1 സർക്യൂട്ടിന്റെ സാധാരണ നീളം 5.4 കിലോമീറ്റർ മുതൽ 5.8 കിലോമീറ്റർ വരെയാണ്. ഒരു സർക്യൂട്ട് മത്സരം പൂർത്തിയാകുന്നത് ചുരുങ്ങിയത് 350 കിലോമീറ്ററിലും. മണിക്കൂറിൽ 375 കിലോമീറ്റർ വേഗത്തിലാണു കാറുകൾ പറക്കുക. അതായത്, ഒരു മത്സരത്തിന്റെ ദൈർഘ്യം ഒരു മണിക്കൂറിനടുത്തു മാത്രം.

 English Summary : Formula one cars peculiarities

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA