കുമ്പിടിയാക്കും ടെക്നോളജി

HIGHLIGHTS
  • എആർ കാഴ്ചകൾക്ക് അത്തരം ആവശ്യങ്ങളൊന്നുമില്ല
  • മലയാളത്തിൽ വായിക്കാം തെലുങ്കിലെ ബോർഡ്
 augmented reality
SHARE

ഇവിടെ ചിക്കൻ കഴിച്ചുകൊണ്ടിരിക്കുന്ന ആൾ പെട്ടെന്ന് മറ്റൊരിടത്തു പ്രത്യക്ഷപ്പെടുന്ന വിദ്യ സിനിമയിൽ 

കണ്ടത് ഓർക്കുന്നില്ലേ....? കുറുക്കു വഴിയിലൂടെ ഓടിക്കിതച്ച് എത്തിയാണ് ഇവിടെ കാര്യം സാധിച്ചത്. 

എന്നാൽ ഒരിടത്ത് ഇരിക്കുന്ന ആൾ മറ്റൊരിടത്ത് പ്രത്യക്ഷപ്പെടുന്ന സാങ്കേതികവിദ്യ ഇപ്പോൾ ലഭ്യമാണ്

ചന്ദ്രയാൻ വിക്ഷേപിക്കുന്ന പിഎസ്എൽവി റോക്കറ്റിനു സമീപം നിന്ന്  വിവരങ്ങൾ നൽകുന്ന മാധ്യമപ്രവർത്തകനെ 

കണ്ടില്ലേ..? അപകടങ്ങളും വെള്ളപ്പൊക്കവും യുദ്ധരംഗങ്ങളും ഒക്കെ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമ പ്രവർത്തകർ അതതു സ്ഥലങ്ങളിൽ നിന്നു ചെയ്യുന്നതു പോലെ ടിവിയിൽ കാണാറില്ലേ..? 

‘തങ്കുപ്പൂച്ചേ.. മിട്ടുപ്പൂച്ചേ..’ ടീച്ചറുടെ നീട്ടിയുള്ള വിളി കേട്ട്  ‘മ്യാവൂ മ്യാവൂ’ എന്ന് കരഞ്ഞുകൊണ്ട്  പതുങ്ങി ക്ലാസ് മുറിയിലേക്ക് കയറി വരുന്ന തങ്കുപ്പൂച്ചയും മിട്ടുപ്പൂച്ചയും.   പുലി വരുന്നേ പുലി എന്ന ഗുണപാഠ കഥ പഠിപ്പിക്കുന്ന ക്ലാസിലേക്ക് ഓടിക്കയറി വരുന്ന പുലി,  സൗരയൂഥത്തെക്കുറിച്ചു പഠിപ്പിക്കുന്ന ക്ലാസിൽ അധ്യാപകനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന ഗ്രഹങ്ങളും ഉപഗ്രഹങ്ങളും. ഇത്തരത്തിൽ ഓഗ്‌മെന്റഡ് റിയാലിറ്റി എന്ന  സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഓൺലൈൻ ക്ലാസുകൾ കൂടുതൽ ആസ്വാദ്യകരവും ഫലപ്രദവുമാക്കുന്നത് നമ്മൾ കാണുന്നുണ്ടല്ലോ.

എആർ & വിആർ

യഥാർഥ ലോകത്തേക്ക് അല്ലെങ്കിൽ കാഴ്ചയിലേക്ക് കൃത്രിമമായി സൃഷ്ടിച്ചെടുത്ത മറ്റൊരു കാഴ്ചയോ വസ്തുവോ സന്നിവേശിപ്പിക്കുന്ന സാങ്കേതികവിദ്യയാണ്‌ ഓഗ്‌മെന്റഡ് റിയാലിറ്റി.  ഓഗ്‌മെന്റഡ് റിയാലിറ്റിയെ(എആർ) വെർച്വൽ റിയാലിറ്റി(വിആർ) എന്ന മറ്റൊരു സാങ്കേതികവിദ്യയായി തെറ്റിദ്ധരിക്കരുത്. ഓഗ്‌മെന്റഡ് റിയാലിറ്റിയിൽ ആസ്വാദകന്റെ ലോകത്തേക്ക്  കൃത്രിമരൂപങ്ങളും കാഴ്ചകളും വിരുന്നു വരുമ്പോൾ വെർച്വൽ റിയാലിറ്റിയിൽ ആസ്വാദകൻ മറ്റൊരു ലോകത്തേക്കു വിരുന്നുപോവുകയാണു  ചെയ്യുന്നത്. വിആർ അനുഭവിക്കാൻ പ്രത്യേകതരം കണ്ണടകളും മാസ്ക്കുകളും മറ്റ് ഉപകരണങ്ങളുമൊക്കെ ധരിക്കേണ്ടി വരുമ്പോൾ എആർ കാഴ്ചകൾക്ക് അത്തരം  ആവശ്യങ്ങളൊന്നുമില്ല. എആറും വിആറും കൂടിച്ചേർന്നുകൊണ്ടുള്ള മിക്സഡ്  റിയാലിറ്റി(എംആർ) സാങ്കേതിക വിദ്യകളും ഇപ്പോൾ പ്രചാരം നേടിക്കൊണ്ടിരിക്കുന്നു.

 augmented reality

2016ൽ പുറത്തിറങ്ങിയ പോക്കിമോൻ ഗോ എന്ന മൊബൈൽ ഗെയിമാണ് എആർ അനുഭവം സാധാരണക്കാരിലേക്ക് എത്തിച്ചു ശ്രദ്ധേയമാക്കിയത്.  നിരത്തിലും പാടത്തും പറമ്പിലുമെല്ലാം കളിക്കാർ പോക്കിമോൻ എന്ന വെർച്വൽ  അവതാരത്തിനു പിന്നാലെ സഞ്ചരിച്ചു.

മലയാളത്തിൽ വായിക്കാംതെലുങ്കിലെ ബോർഡ്

നമ്മുടെ മുഖത്ത് ഒറിജിനലിനെ വെല്ലുന്ന കണ്ണടയും വിഗ്ഗും മീശയും താടിയും ആഭരണങ്ങളുമൊക്കെ വച്ച് തരുന്ന, ഇൻസ്റ്റഗ്രാമിലും സ്നാപ്ചാറ്റിലും ടിക്ടോക്കിലുമൊക്കെയുള്ള വിവിധ ഫിൽറ്ററുകൾ,  ഫർണിച്ചർ വാങ്ങുന്നതിനും വീടിനു പെയിന്റടിക്കുന്നതിനും നിലത്തു ടൈൽസ് വിരിക്കുന്നതിനുമൊക്കെ മുൻപ് ഇവ നമ്മുടെ വീട്ടിൽ എങ്ങനെ ഇണങ്ങുമെന്നു മുൻകൂട്ടി കാണിച്ചുതരുന്ന മൊബൈൽ ആപ്ലിക്കേഷനുകൾ തുടങ്ങിയവയെല്ലാം ചില ഉദാഹരണങ്ങൾ മാത്രം.  ഫോണിലെ ഗൂഗിൾ ആപ്പിന്റെ ഭാഗമായുള്ള ഗൂഗിൾ ലെൻസ് എന്ന സംവിധാനം ഒരു എആർ ആപ്ലിക്കേഷനാണ്. ജർമനിയിലെ തെരുവിലൂടെ നടന്നുനീങ്ങുന്ന ജർമൻ ഭാഷ അറിയാത്ത ഒരാൾ ജർമൻ ഭാഷയിലുള്ള ബോർഡ് ഗൂഗിൾ ലെൻസ് ക്യാമറയിലൂടെ നോക്കിയാൽ ഇംഗ്ലിഷിലോ ഹിന്ദിയിലോ കാണുന്നത് എആറിന്റെ മികവാണ്. ജർമൻ ഭാഷയിലുള്ള അക്ഷരങ്ങളെ പരിഭാഷപ്പെടുത്തുന്ന ഗൂഗിൾ ബോർഡിലെ അക്ഷരങ്ങൾക്കു പകരം അതേ വലുപ്പത്തിലും നിറത്തിലും ഇംഗ്ലിഷ് അക്ഷരങ്ങൾ നമുക്കു മുന്നിൽ വെർച്വലായി അവതരിപ്പിക്കുകയാണ്.

പഠനമേശയിൽ ടോമും ജെറിയും

കലാകാരന്മാർക്കും ചലച്ചിത്രനിർമാതാക്കൾക്കുമൊക്കെ എആർ ഏറെ ഉപകാരപ്രദമാണ്. നിങ്ങളുടെ പഠനമേശയിൽ ടോമും ജെറിയും ഓടിക്കളിച്ചാൽ എങ്ങനെയുണ്ടാകും ? പഠനമേശയിൽ ഓടിക്കളിക്കേണ്ട ടോമിനെയും ജെറിയെയും അനിമേറ്റ് ചെയ്തെടുത്താൽ ആ കഥാപാത്രങ്ങളെ പഠമേശയിലേക്ക് സന്നിവേശിപ്പിക്കാൻ എആർ ആപ്പ് സഹായിക്കും. പുസ്തകക്കെട്ടിനു മറവിൽ ഒളിക്കുന്ന ജെറിയെയോ നിഘണ്ടു തലയിൽ വീണ് ബോധംകെടുന്ന ടോമിനെയോ ഒക്കെ ഇത്തരത്തിൽ ഭാവനയ്ക്കനുസരിച്ച് സൃഷ്ടിക്കാം. ഈ ഭാവനയെ യാഥാർഥ്യമാക്കാൻ എആർ ആപ്പുകൾക്കു സാധിക്കും. ഗൂഗിളിന്റെ എആർ കോർ, ആപ്പിളിന്റെ എആർ കിറ്റ് തുടങ്ങിയവയാണ് ഇതിനു സഹായിക്കുന്നത്. എആർ കോർ ആൻഡ്രോയ്ഡ് ഫോണുകളിലും എആർ കിറ്റ് ഐഫോണുകളിലും എആർ സൃഷ്ടിക്ക് അനിവാര്യമായി വേണ്ട പശ്ചാത്തലമാണ്. 

Vuforia, Adobe Aero, Augment, Artoolkit എന്നിങ്ങനെ എആർ പ്ലാറ്റ്ഫോമുകൾ വേറെയുമുണ്ട്. എല്ലാ ഫോണുകളിലും ഇത് സാധിക്കില്ല കേട്ടോ. എആർ പ്രോസസിങ്ങിനു പര്യാപ്തമായ പ്രോസസർ ഉള്ള ഫോണുകളിൽ മാത്രമേ ഈ ആപ്പുകൾ പ്രവർത്തിക്കൂ.

padhippura-augmented-reality-article-image

ഉപകാരങ്ങൾ ഒട്ടേറെ

കാലാവസ്ഥാ പ്രവചനം ഉൾപ്പെടെയുള്ള രംഗങ്ങളിൽ ഇന്ന് എആർ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഉദാഹരണത്തിന് 35 സെന്റിമീറ്റർ മഴ പെയ്താൽ നിങ്ങളുടെ പുഴയിൽ എത്രത്തോളം വെള്ളമുയരും എന്നു മുൻകൂട്ടി കാണാൻ കഴിയുമെങ്കിലോ? അപകടസാധ്യത മനസ്സിലാക്കാനും മുൻകരുതലെടുക്കാനും അതു സഹായകരമാകും. ഫോണിന്റെ സഹായത്തോടെ ചെറിയൊരു സർവേ നടത്തി അളവുകളും ദൂരവുമൊക്കെ മനസ്സിലാക്കിയാണ് എആർ ഇത്തരം മാതൃകകൾ തയാറാക്കുന്നത്. ഇത്തരത്തിൽ വിനോദത്തിനും വിജ്ഞാനത്തിനും ഒരുപോലെ സഹായകമായ സങ്കേതമാണ് എആർ.

ഓഗ്‌മെന്റഡ് റിയാലിറ്റിയുടെ പ്രവർത്തനം മനസ്സിലാക്കാൻ ഗൂഗിളിന്റെ ഈ വെബ്‌പേജ് നോക്കാം- arvr.google.com/ar/

English Summary : Augmented reality

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA