നമ്മുടെ അടിത്തറ– നവംബർ 26 ഭരണഘടനാ ദിനം

Mail This Article
എഴുതപ്പെട്ട ഭരണഘടനകളിൽ ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനകളിലൊന്നാണ് നമ്മുടേത്. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും മറ്റു ജീവജാലങ്ങൾക്കും പ്രകൃതിക്കു പോലും ഉള്ള പ്രാധാന്യം ഏറ്റവും കുറ്റമറ്റ രീതിയിൽ ഉൾക്കൊള്ളുന്നതാകണം ഭരണഘടന എന്ന് ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കു നിർബന്ധമുണ്ടായിരുന്നു. നാനാത്വത്തിൽ ഏകത്വം ആണല്ലോ ഭാരത സംസ്കാരത്തിന്റെ അടിസ്ഥാനം. അതുകൊണ്ടുതന്നെ ഒട്ടേറെ രാജ്യങ്ങളുടെ ഭരണഘടനയിൽ നിന്നുള്ള പല ഉത്കൃഷ്ട ആശയങ്ങളും നമ്മുടെ ഭരണഘടന കടംകൊണ്ടിട്ടുള്ളതായി കാണാം.
2015 മുതൽ നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കുന്നു. ‘സംവിധാൻ ദിവസ്’ എന്നാണ് അറിയപ്പെടുന്നത്. മുൻപു ദേശീയ നിയമദിനമായിരുന്നു. ഭരണഘടനാ നിർമാണസഭ ഭരണഘടന അംഗീകരിച്ച 1949 നവംബർ 26ന്റെ ഓർമ പുതുക്കലാണിത്.
ഭരണഘടന പ്രാബല്യത്തിൽ വന്നത് 1950 ജനുവരി 26 ന് ആണ്. ഈ ദിവസം നമ്മൾ റിപ്പബ്ലിക് ദിനമായി ആചരിക്കുന്നു.
ഭരണഘടനയിൽ വരുത്തുന്ന കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളുമാണ് ഭേദഗതി എന്നറിയപ്പെടുന്നത്. ഭരണഘടനയെ സജീവമാക്കി നിർത്തുന്നതു ഭേദഗതികളാണ്. ഭരണഘടനയുടെ 368–ാം വകുപ്പിൽ ഭേദഗതിയെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നു. മൗലികാവകാശങ്ങൾ ഉൾക്കൊള്ളുന്ന ഭരണഘടനയുടെ ഭാഗം ഇന്ത്യയുടെ മാഗ്നകാർട്ട എന്നും ഭരണഘടനയുടെ ആണിക്കല്ല് എന്നും അറിയപ്പെടുന്നു.ഭരണഘടനയുടെ ആത്മാവ് എന്ന വിശേഷണം ആമുഖത്തിനാണ്.

നമ്മൾ
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത് ‘നമ്മൾ ഇന്ത്യയിലെ ജനങ്ങൾ ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതി സമത്വ, മതനിരപേക്ഷ, ജനാധിപത്യ, റിപ്പബ്ലിക്കാക്കി മാറ്റുന്നു’ എന്ന വാചകത്തോടെയാണ്. 1946 ഡിസംബർ 13–ാം തീയതി ജവാഹർലാൽ നെഹ്റു അവതരിപ്പിച്ച ലക്ഷ്യ പ്രമേയമാണ് (Objective Resolution) പിന്നീട് ആമുഖമായി മാറിയത്. ഭരണഘടനയുടെ തത്വങ്ങളും ആശയങ്ങളും ആമുഖത്തിൽ ചുരുക്കി അവതരിപ്പിച്ചിരിക്കുന്നു. 1976ലാണ് ആമുഖം ആദ്യമായി ഭേദഗതി ചെയ്യുന്നത്. 42–ാം ഭേദഗതിയിലൂടെ ആമുഖത്തിൽ സ്ഥിതി സമത്വം, മതനിരപേക്ഷത എന്നീ വാക്കുകൾ കൂട്ടിച്ചേർത്തു.
നാം സ്വീകരിച്ച ആശയങ്ങൾ
ബ്രിട്ടൻ: കേവല ഭൂരിപക്ഷ സമ്പ്രദായം, നിയമവാഴ്ച, പാർലമെന്ററി ഭരണ സമ്പ്രദായം, നിയമനിർമാണ നടപടിക്രമം, സ്പീക്കർ പദവി, ഏക പൗരത്വ സമ്പ്രദായം
യുഎസ്: മൗലികാവകാശങ്ങൾ, ആമുഖം, നീതിന്യായ സ്വാതന്ത്ര്യം, പുനരവലോകനാധികാരം, ജഡ്ജിമാരുടെ ഇംപീച്ച്മെന്റ്
കാനഡ: അർധ ഫെഡറൽ സംവിധാനം, അവശിഷ്ടാധികാരങ്ങൾ.
അയർലൻഡ്: നിർദേശക തത്വങ്ങൾ, രാഷ്ട്രപതി തിരഞ്ഞെടുപ്പ്
ജർമനി: അടിയന്തരാവസ്ഥ
ഫ്രാൻസ്: സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, റിപ്പബ്ലിക് എന്ന ആശയം.
ഓസ്ട്രേലിയ: കൺകറന്റ് ലിസ്റ്റ്
ദക്ഷിണാഫ്രിക്ക: ഭരണഘടനാ ഭേദഗതി.
ഭരണഘടന വന്ന വഴിയിങ്ങനെ
1946 ൽ കാബിനറ്റ് മിഷൻ പദ്ധതി പ്രകാരം ഭരണഘടനാ നിർമാണസഭ രൂപീകരിച്ചു. ജവാഹർലാൽ നെഹ്‌റു,
രാജേന്ദ്രപ്രസാദ്, സർദാർ വല്ലഭ് ഭായ് പട്ടേൽ, അബുൽ കലാം ആസാദ്, സരോജിനി നായിഡു തുടങ്ങിയവർ
അംഗങ്ങളായിരുന്നു. ആദ്യ സമ്മേളനം താൽക്കാലിക പ്രസിഡന്റ് സച്ചിദാനന്ദ സിൻഹയുടെ അധ്യക്ഷതയിൽ 1946
ഡിസംബർ 9ന് ചേർന്നു. ഡിസംബർ 11 ന് ഡോ. രാജേന്ദ്രപ്രസാദ് സ്‌ഥിരം അധ്യക്ഷനായി. 13 പ്രധാന കമ്മിറ്റികളുണ്ടായിരുന്നു.
രണ്ടുവർഷവും 11 മാസവും 17 ദിവസവും കൊണ്ട് 395 വകുപ്പുകളും 8 പട്ടികകളും ഉള്ള ഭരണഘടന തയാറാക്കി.
കരടുസമിതിയുടെ അധ്യക്ഷൻ ഡോ. ബി.ആർ.അംബദ്‌കർ ആയിരുന്നു. അദ്ദേഹം ഭരണഘടനാ ശിൽപി
എന്നറിയപ്പെടുന്നു. ആദ്യത്തെ നിയമ മന്ത്രിയും നിയമജ്ഞനും സാമ്പത്തിക ശാസ്ത്രജ്ഞനും സാമൂഹിക
പരിഷ്കർത്താവുമായിരുന്നു അംബേദ്കർ. തയാറാക്കിയ ഘട്ടത്തിൽ ഭരണ ഘടന ഇങ്ങനെ–ആമുഖം, 395
വകുപ്പുകൾ, 22 അധ്യായങ്ങൾ, 8 പട്ടികകൾ, 1,45,000 വാക്കുകൾ.
English summary : Constitution day