ADVERTISEMENT

തെക്കുകിഴക്കേ ഏഷ്യയിലെ ഒരു ഗോത്രമാണ് ബജാവു (Bajau). അവരുടെ ജീവിതം പൂർണമായും  കടലുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. കടൽ ജിപ്സികൾ എന്നാണ് ഇവർ അറിയപ്പെടുന്നത്. മുങ്ങാനും മുങ്ങാങ്കുഴിയിടാനുമെല്ലാം ഇവർക്കൊപ്പം നിൽക്കാൻ ഭൂമിയിൽ മറ്റാരുമില്ല. ദിവസേന അഞ്ചുമണിക്കൂറോളം ഇവർ വെള്ളത്തിനടിയിൽത്തന്നെയാവുമത്രേ ഉണ്ടാവുക. കടലിൽ മുങ്ങാനും വേട്ടയാടാനും സൗകര്യത്തിന് ചില ബജാവുക്കളുടെ കർണപുടം ചെറുപ്പത്തിൽത്തന്നെ പൊട്ടിച്ചുകളയാറുണ്ട്. അതിനാൽത്തന്നെ പ്രായമായ പല ബജാവുക്കൾക്കും ചെവി കേൾക്കുകയുമില്ല. 

വലിയ പ്ലീഹ

ആയിരത്തോളം വർഷങ്ങളായി ഇങ്ങനെ കടലിൽച്ചാടിച്ചാടി ബജാവുക്കൾക്ക് ജനിതകപരമായിത്തന്നെ അതിനോട് ഇണങ്ങിച്ചേരാനായിട്ടുണ്ട്. കരയിൽ ജീവിക്കുന്ന സമീപപ്രദേശത്തുള്ള ആൾക്കാരുമായി തട്ടിച്ചുനോക്കുമ്പോൾ ബജാവുക്കളുടെ പ്ലീഹകൾക്ക് 50 ശതമാനത്തോളം  വലുപ്പക്കൂടുതൽ കാണാനാവും. ഇതുകാരണം കൂടുതൽ ഹീമോഗ്ലോബിൻ അടങ്ങിയ രക്തം അവർക്കു ശേഖരിച്ചുവയ്ക്കാനാവുന്നു. ആഴത്തിലേക്ക് പോകവേ പ്ലീഹയുടെ വലുപ്പം കുറയുമ്പോൾ ഈ രക്തം ചംക്രമണവ്യവസ്ഥയിലേക്കു ലഭ്യമാവും. ബാക്കിയുള്ളവരെക്കാൾ ഏറെനേരം ഇവർക്ക് അതിനാൽ വെള്ളത്തിൽ മുങ്ങിക്കിടക്കാൻ കഴിയുന്നുണ്ട്. 

ശ്വാസം പിടിച്ച് 13 മിനിറ്റ്

വെള്ളത്തിലേക്കു മുങ്ങുമ്പോൾ മുങ്ങലിനോടുള്ള പ്രതികരണമായി ഹൃദയമിടിപ്പു നിരക്ക് കുറയും, രക്തധമനികൾ മർദത്താൽ ചുരുങ്ങും, പ്ലീഹയുടെ വലുപ്പം കുറയും. ലഭ്യമായ ഓക്സിജന്റെ അളവ് കുറയുന്നതു നേരിടാൻ ശരീരം സ്വീകരിക്കുന്ന വഴികളാണ് ഇതെല്ലാം. മിക്കവർക്കും ഏതാനും സെക്കൻഡുകൾ അല്ലെങ്കിൽ മിനിറ്റുകൾ മാത്രം ഇങ്ങനെ മുങ്ങിക്കിടക്കാനാവുമ്പോൾ ബജാവുക്കൾക്ക് 200 അടിവരെ ആഴത്തിൽ 13 മിനിറ്റു വരെ ശ്വാസമെടുക്കാതെ കഴിയാനാവും. ചില തൈറോയ്ഡ് ഹോർമോണുകളെ നിയന്ത്രിക്കാനാവുമെന്നു കരുതുന്ന PDE10A ജീൻ ഇവരിൽ കണ്ടെത്തുകയുണ്ടായി. ഈ ജീനിന്റെ സാന്നിധ്യം എലികളിൽ പ്ലീഹയുടെ വലുപ്പവുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഈ ഹോർമോൺ കുറച്ചപ്പോൾ എലികളുടെ പ്ലീഹയുടെ വലുപ്പം കുറയുന്നതായി മനസ്സിലായി. ആയിരക്കണക്കിനു വർഷങ്ങളിലെ ജീവിതരീതിമൂലം ഉണ്ടായ പ്രകൃതിനിർദ്ധാരണം ആവാം ബജാവുക്കളുടെ വലിയ പ്ലീഹകൾക്കു കാരണമെന്നു കരുതുന്നു. 

മുങ്ങുമോ അറിവുകൾ

ബജാവുക്കൾ പതിയെ അവരുടെ നായാട്ടു സ്വഭാവം ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയാണ്. കരയിൽ ജീവിക്കുന്നവർക്കുള്ള പൗരാവകാശങ്ങൾ ഒന്നും ബജാവുക്കൾക്ക് ഒരു സർക്കാരും നൽകുന്നില്ല. വ്യാവസായിക മത്സ്യബന്ധനത്തിന്റെ വർധന ഇവരുടെ ജീവിതമാർഗങ്ങൾ ഇല്ലാതാക്കുന്നുമുണ്ട്. അതിനാൽ പലരും കടൽ വിട്ട് കരയിലേക്കു ജീവിക്കാനായി ചേക്കേറുകയാണ്. 

വെള്ളത്തിൽ മുങ്ങുമ്പോൾ മനുഷ്യശരീരത്തിൽനിന്നു പെട്ടെന്ന് ഓക്സിജൻ നഷ്ടമാവും. വളരെപ്പെട്ടെന്നു മരണത്തിന് ഇതു കാരണമാവും. ബജാവുക്കളെപ്പറ്റി പഠിച്ചാൽ എങ്ങനെ കൂടുതൽ നേരം ഓക്സിജൻ ഇല്ലാത്ത അവസ്ഥയിൽ ജീവിക്കാം എന്നു മനസ്സിലാക്കാനായേക്കും. എന്നാൽ, നൂറ്റാണ്ടുകളായി ആർജിച്ചെടുത്ത ഈ ശേഷി ബാക്കിയുള്ളവർക്കു കൂടി എങ്ങനെ ഉപയോഗിക്കാനാവുമെന്നു നമ്മൾ പഠിക്കുന്നതിനു മുൻപേ ബജാവുക്കൾ കടൽവിട്ട് കരയിലേക്കെത്തിയേക്കും. അതോടെ മനുഷ്യകുലത്തിനാകെ സ്വായത്തമാക്കാൻ കഴിഞ്ഞേക്കാവുന്ന ഒരു അദ്ഭുതശേഷിയുടെ രഹസ്യങ്ങളും എന്നേക്കുമായി മൺമറഞ്ഞേക്കാം.  

പ്ലീഹ

പ്ലീഹ (spleen ) എന്നൊരു അവയവമുണ്ട് ശരീരത്തിൽ. ശരിക്കും പറഞ്ഞാൽ ജീവിക്കാൻ പ്ലീഹ വേണമെന്നുപോലുമില്ല, എന്നാൽ, രക്തത്തെ അരിച്ചെടുക്കുന്നത് പ്രധാന ധർമമായ പ്ലീഹ ശരീരത്തിന്റെ പ്രതിരോധശേഷിയെ സഹായിക്കാനും ചുവന്ന രക്താണുക്കളെ പുനരുപയോഗിക്കാനും കുറച്ചു രക്തത്തെ സൂക്ഷിച്ചുവയ്ക്കാനും ഉപകരിക്കുന്നുണ്ട്. 

വെള്ളത്തിൽ കൂടുതലായി കഴിയുന്ന ജീവികളിൽ പ്ലീഹയുടെ വലുപ്പം കൂടിയിരിക്കും. 

English summary : Unique facts of fhe Bajau, Indonesia sea gypsies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com