ADVERTISEMENT

57 വർഷങ്ങൾ മുൻപ് 1963ൽ ഇതു പോലൊരു നവംബർ അവസാനപാദം, അമേരിക്കൻ സംസ്ഥാനമായ ടെക്സസിലെ ഡാലസിൽ ഇലക്ഷൻ പ്രചരണ റാലി നടക്കുകയാണ്. അന്നത്തെ യുഎസ് പ്രസിഡന്റ് മുകൾ ഭാഗം തുറന്ന ലീമോസീൻ കാറിൽ നിന്നു നേരിട്ടു മോട്ടർ റാലി നയിക്കുന്നു. അദ്ദേഹത്തോടൊപ്പം ഭാര്യയുമുണ്ട്. ഡാലസിലെ ജനങ്ങളുടെ വരവേൽപ് ഏറ്റുവാങ്ങി ആ മോട്ടർറാലി ഡീലി പ്ലാസയിലെ ടെക്സസ് ബുക് ഡിപ്പോസിറ്ററി എന്ന കെട്ടിടത്തിനു സമീപമെത്തി. പെട്ടെന്നായിരുന്നു ആ വെടിവയ്പ്. ടെക്സസ് ബുക് ഡിപ്പോസിറ്ററിയുടെ തെക്കുകിഴക്കൻ മൂലയിലെ ആറു നില കെട്ടിടത്തിൽ നിന്ന് ഒരു അക്രമി മൂന്നു തവണ വെടിയുതിർത്തു.

തലയ്ക്കും പുറത്തും വെടിയേറ്റ് പ്രസിഡ‍ന്റ് പിന്നിലേക്കു വീണു. ഉടനടി അടുത്തുള്ള ആശുപത്രിയിലേക്ക് അദ്ദേഹത്തെ എത്തിച്ചെങ്കിലും രക്ഷയുണ്ടായില്ല. ഉച്ചയ്ക്ക് ഒരുമണിയോടെ ലോകമെമ്പാടുമുള്ള വാർത്താ ഏജൻസികൾ ആ വാർത്ത  ചെയ്തു തുടങ്ങി.. ‘പ്രസിഡന്റ് ജോൺ എഫ് കെന്നഡി വെടിയേറ്റു മരിച്ചു.’ലോകം നടുങ്ങിയ നിമിഷം. വിവിധ രാജ്യങ്ങളിൽ ആ വാർത്ത അലയൊലികൾ സൃഷ്ടിച്ചു.

വെറും 46 വയസ്സുള്ളപ്പോഴാണ് യുഎസ്സിന്റെ ചുറുചുറുക്കുള്ള പ്രസിഡന്റായ കെന്നഡി മരിക്കുന്നത്. കെന്നഡിയുടെ ഭാര്യ ജാക്വിലിൻ, ടെക്സസ് ഗവർണറായ ജോൺ ബി കോണെലി ജൂനിയർ എന്നിവർക്കും വെടിയേറ്റിരുന്നു. പരുക്കുകളോടെ അവർ രക്ഷപ്പെട്ടു.

കൊല്ലപ്പെടുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റായിരുന്നില്ല കെന്നഡി. ഏബ്രഹാം ലിങ്കൺ, ജെയിംസ് ഗാർഫീൽഡ്, വില്യം മക്കിൻലി എന്നിവരൊക്കെ നേരത്തെ വെടിയേറ്റു കൊല്ലപ്പെട്ടിട്ടുണ്ട്. എങ്കിലും അവരുടെ മരണത്തിനൊന്നും കിട്ടാത്ത രാജ്യാന്തര പ്രാധാന്യമാണു കെന്നഡി വധത്തിനു കിട്ടിയത്. കാരണമുണ്ടായിരുന്നു.

അന്ന് ശീതയുദ്ധ കാലമായിരുന്നു. അമേരിക്ക നയിക്കുന്ന മുതലാളിത്ത ചേരിയും സോവിയറ്റ് റഷ്യ നയിച്ച സോഷ്യലിസ്റ്റ് ചേരിയും തമ്മിൽ വലിയ കിടമത്സരവും സംഘർഷ മനോഭാവവും നില നിന്നു. മുതലാളിത്ത ചേരിയുടെ ഏറ്റവും പ്രമുഖ നേതാവും ചാമ്പ്യനുമായിരുന്നു കെന്നഡി. ക്യൂബയിലെ കാസ്ട്രോ ഭരണത്തെ അട്ടിമറിക്കാന്‍ നടത്തിയ ‘ബേ ഓഫ് പിഗ്സ്’ ആക്രമണം പോലുള്ള ശ്രമങ്ങളും, ക്യൂബയിൽ റഷ്യ മിസൈൽ താവളം സ്ഥാപിക്കുന്നതിനെതിരെ നാവിക ഉപരോധം ഏർപ്പെടുത്തിയതും മറ്റു നയങ്ങളുമൊക്കെ കെന്നഡിയെ രാജ്യാന്തര തലത്തില്‍ പ്രശസ്തനാക്കിയിരുന്നു.അതിനാൽ തന്നെ ശീതയുദ്ധം നിലനിൽക്കുന്ന സമയത്തു സംഭവിച്ച കെന്നഡി വധം ലോകം വീണ്ടും പ്രശ്നങ്ങളിലേക്കു പോകുമോയെന്ന ആശങ്ക ഉടനടി ഉ‌യർത്തി. ഒരു മൂന്നാം ലോക മഹായുദ്ധത്തിന്റെ സാധ്യത വരെ ചുരുങ്ങിയ സമയത്തിൽ പലരും ചർച്ച ചെയ്തു.

എന്നാൽ കുറച്ചു മണിക്കൂറുകൾക്കുള്ളില്‍ തന്നെ കെന്നഡിയുടെ കൊലയാളിയെ അറസ്റ്റ് ചെയ്തു. ലീ ഹാർവി ഓസ്‌വാൾഡ് എന്ന ഇരുപത്തിനാലുകാരനായിരുന്നു അത്. കെന്നഡിയുടെ നയങ്ങളോട് എതിർപ്പുള്ള ലീ, സോവിയറ്റ് യൂണിയനോടുള്ള താൽപര്യം മൂലം അവിടെ പോയി രണ്ടര വർഷം താമസിച്ചിരുന്നു. ലീയുടെ ഭാര്യയും ഒരു റഷ്യക്കാരിയായിരുന്നു.

എന്നാൽ മരണം കഴിഞ്ഞ് രണ്ടാം ദിവസമാണ് തികച്ചും നാടകീയമായ ഒരു സംഭവം നടന്നത്. ഡാലസ് പൊലീസ് ആസ്ഥാനത്തു നിന്നു ലീ ഓസ്‌വാൾഡിനെ ജയിലിലേക്കു മാറ്റുകയായിരുന്നു അധികാരികൾ. അമേരിക്കയിലെങ്ങും ലീയ്ക്കെതിരെ വെറുപ്പ് ഉയർന്നിരുന്നതിനാൽ അതീവ സുരക്ഷയോടെയായിരുന്നു ഈ മാറ്റം. എന്നാൽ ലീയുടെ ആയുസ്സ് അവിടെ തീരുകയായിരുന്നു. ജോൺ എഫ്. കെന്നഡിയുടെ ആരാധകനും ഒരു നിശാക്ലബ് ഉടമയുമായ ജാക്ക് റൂബി ലീയെ വെടിവച്ചു കൊന്നു.

യുഎസിലെ ആർലിങ്ടൻ ദേശീയ സെമിത്തേരിയിൽ കെന്നഡിയുടെ ശവസംസ്കാരച്ചടങ്ങുകൾ നടന്നു. കെന്നഡിയുടെ ഭാര്യ ജാക്വിലിൻ, അദ്ദേഹത്തിന്റെ അന്ത്യവിശ്രമ സ്ഥലത്തിനു സമീപം ‘അനശ്വരതയുടെ ദീപം’ തെളിച്ചു. അന്നു മുതൽ ഇന്നു വരെ അത് കെടാതെ കത്തിക്കൊണ്ടിരിക്കുന്നു. ഇതിനകം വൈസ് പ്രസിഡന്റ് ലിൻഡന്‍ ജോൺസൺ യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു.

എന്നാൽ മരണം സംബന്ധിച്ച വിവാദങ്ങളും കത്താൻ തുടങ്ങിയിരുന്നു. കെന്നഡിയുടെ കൊലപാതകത്തിനു പിന്നിൽ ഓസ്‌വാൾഡ് മാത്രമല്ലെന്നും മറ്റേതോ ശക്തികളുണ്ടെന്നും അഭ്യൂഹം ഉയർന്നു. സിഐഎ, അമേരിക്കൻ മാഫിയ, ലിൻഡന്‍ ജോൺസൺ, ഫിദൽ കാസ്ട്രോ, കെജിബി തുടങ്ങി പല ഉന്നതരും ഉന്നത സ്ഥാപനങ്ങളും സംശയനിഴലിലായി. ഇന്നും അമേരിക്കക്കാരുടെ പ്രിയപ്പെട്ട നിഗൂഢസിദ്ധാന്തങ്ങളിൽ പലതും കെന്നഡി വധവുമായി ബന്ധപ്പെട്ടതാണ്. 2017ൽ നടത്തിയ ഒരു അഭിപ്രായ സർവേയിലും യുഎസ്സിലെ 67 ശതമാനം പേർ കെന്നഡിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നു വിശ്വസിക്കുന്നതായി വെളിപ്പെട്ടു.

 English Summary : Assassination of John F. Kennedy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com