ADVERTISEMENT

‘വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം...’ പത്രവായനയിൽ മുഴുകിയിരിക്കുന്ന ചിന്നുമോൾ ഇങ്ങനെ പാടുന്നതു കേട്ട അച്ഛൻ ചോദിച്ചു... 

‘എന്താ ചിന്നു പത്രത്തിൽ നിന്നു കവിതയിലേക്കൊരു ചാട്ടം?’

‘അല്ലച്ഛാ... ഞാനീ ഉട്ക്യാഗ്വിക്കിലെ ജനങ്ങളെക്കുറിച്ച് ഓർത്തുപോയതാ. ഫെബ്രുവരിയിൽ മാത്രം തിരിച്ചെത്തുന്ന സൂര്യനെയോർത്ത് ഈ കവിതാശകലവും ചൊല്ലി അവർ കഴിയേണ്ടിവരുമല്ലോ... പാവങ്ങൾ... എന്താണച്ഛാ ഇങ്ങനെയൊക്കെ സംഭവിക്കുവാൻ കാരണം. അൽപംകൂടി ലളിതമായി പറഞ്ഞുതരാമോ...’

‘അടിസ്ഥാനപരമായ കാര്യങ്ങൾ പത്രത്തിൽ തന്നെയുണ്ടല്ലോ... എന്നാലും ഞാൻ അൽപംകൂടി വിശദമാക്കാം. ഭൂമിയുടെ പരിക്രമണവും (Revolution of the Earth) അച്ചുതണ്ടിന്റെ ചെരിവുമാണ് (tilt of the axis) സൗരോർജലഭ്യതയുടെ ഏറ്റക്കുറച്ചിലിനും വ്യത്യസ്ത ഋതുക്കൾ (Seasons) അനുഭവപ്പെടാനും കാരണം എന്നു നീ പഠിച്ചിട്ടില്ലേ...’ 

 ‘ഉണ്ട്... ദീർഘവൃത്താകൃതിയിലുള്ള സഞ്ചാരപഥ (Elliptical orbit) ത്തിലൂടെയാണ് ഭൂമി സൂര്യനെ വലംവയ്ക്കുന്നതെന്നും പരിക്രമണ വേളയിലുടനീളം ഭൂമി അതിന്റെ ചെരിവു നിലനിർത്തുമെന്നും പഠിച്ചിട്ടുണ്ട്. ഇതാണല്ലോ അച്ചുതണ്ടിന്റെ സമാന്തരത (Parallelism of axis).’ചിന്നു അറിയാവുന്ന കാര്യങ്ങളെല്ലാം ഒറ്റശ്വാസത്തിലങ്ങു പറഞ്ഞു നിർത്തി. 

‘അതെ... അപ്പോൾ മാർച്ച് 21, സെപ്റ്റംബർ 23 എന്നീ ദിവസങ്ങളിൽ സൂര്യന്റെ സ്ഥാനം ഭൂമധ്യരേഖയ്ക്കു നേർ മുകളിലായിരിക്കുമെന്നുകൂടി നീ പഠിച്ചുകാണുമല്ലോ? രണ്ട് അർധഗോളങ്ങളിലും പകലുകളുടെ ദൈർഘ്യം തുല്യമാകുന്നു. ഈ ദിനങ്ങൾക്കു പറയുന്ന പേര് ഓർമയുണ്ടോ ചിന്നുമോളെ...’ 

‘സമരാത്രദിനങ്ങൾ (Equinoxes)’ 

‘നൂറു ശതമാനവും ശരി. അങ്ങനെയെങ്കിൽ ശൈത്യ അയനാന്ത ദിന (winter solstice) ത്തിനുശേഷം സൂര്യൻ ഉത്തരായനരേഖയിലേക്കും ഗ്രീഷ്മ അയനാന്ത ദിന (summer solstice) ത്തിനുശേഷം സൂര്യൻ ദക്ഷിണായന രേഖയിലേക്കും അയനം ചെയ്യുന്നതായും പഠിച്ചിരിക്കും അല്ലേ...’ 

‘അവയാണല്ലോ ഉത്തരായനവും ദക്ഷിണായനവും.’ ചിന്നുവിന് ഉത്സാഹം വർധിച്ചു. 

‘അപ്പോഴിനി നിന്റെ സംശയത്തിനു കൃത്യമായ വിശദീകരണമായി. നീ പറഞ്ഞ ഉട്ക്യാഗ്വിക് എന്ന ഗ്രാമം ധ്രുവപ്രദേശത്തോട് അടുത്തു സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലൊന്നാണ്.

ധ്രുവരാത്രി  (Polar night) എന്നറിയപ്പെടുന്ന ഈ പ്രതിഭാസംമൂലം ഇവിടെ രണ്ടുമാസം സൂര്യൻ അവധി ആയിരിക്കും. 

നവംബർ 18ന് സൂര്യൻ അസ്തമിച്ചാൽ പിന്നീട്  ഉദിക്കുക 2021 ജനുവരി 22ന് ആയിരിക്കും. രണ്ട് മാസത്തിൽ  സൂര്യോദയം ഉണ്ടാകില്ലെങ്കിലും ദിവസങ്ങൾ പൂർണമായും ഇരുണ്ടതായിരിക്കില്ല. ഈ 2 മാസവും പ്രാദേശിക സമയം, ഉച്ചയ്ക്ക് 12:51ന് സൂര്യൻ ഉദിക്കുകയും ഉച്ചയ്ക്ക് 1:29 ന് അസ്തമിക്കുകയും ചെയ്യും.  ഉട്ക്യാഗ്വിക്കിന് സൂര്യൻ 38 മിനിറ്റ് പകൽ വെളിച്ചം നൽകും.

‘എന്നാലും കഷ്ടമാണ് അവിടത്തുകാരുടെ കാര്യം അല്ലേ അച്ഛാ...’ 

‘അങ്ങനെയങ്ങു വിചാരിക്കണ്ട... കാരണം സൂര്യന്റെ അയനംമൂലം കാര്യങ്ങൾ മാറിമറിയും.... ഇപ്പോൾ സംഭവിക്കുന്നതിന്റെ നേരെ വിപരീതമായി ഏതാനും മാസങ്ങളിൽ സൂര്യൻ അസ്തമിക്കാതെ ഇവിടെ നിലകൊള്ളും. അപ്പോൾ അവർക്കു പറ്റിയ കവിത ഏതായിരിക്കും?’ 

‘എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിർ, ഇന്നിത്ര ധന്യതയാർന്നോ...’ ചിന്നുവിന്റെ ഉത്തരം പെട്ടെന്നായിരുന്നു. 

English Summary : Sunrise and sunset times in Utqiagvik

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com