ഡാർവിന്റെ പരിണാമ സിദ്ധാന്തവും ഡി വ്രിസിന്റെ ഉൽപരിവർത്തന സിദ്ധാന്തവും

HIGHLIGHTS
  • ജനിതകഘടനയും ഉൽപരിവർത്തനവും
  • കാൻസറും മ്യൂട്ടേഷനും
evolution-day
SHARE

1848 ഫെബ്രുവരി 16ന് നെതർലൻഡ്സിലെ ഹെർലിം എന്ന സ്ഥലത്തായിരുന്നു  ഹ്യൂഗോ ഡി വ്രിസിന്റെ (Hugo de Vries) ന്റെ ജനനം. സസ്യശാസ്ത്രത്തിൽ (Botany) അതീവ തൽപരനായിരുന്ന ഡി വ്രിസ്, സസ്യശാസ്ത്ര അധ്യാപകനായും ഗവേഷകനായും തന്റെ ഔദ്യോഗിക ജീവിതം നയിച്ചു. 1885ൽ ആംസ്റ്റർഡാമിലെ ഒരു ഉരുളക്കിഴങ്ങ് തോട്ടത്തിൽ അലക്ഷ്യമായി പടർന്നു പിടിച്ചിരുന്ന ഈവനിങ് പ്രൈംറോസ് (Evening - primrose) എന്ന ചെടികളിൽ (വടക്കേ അമേരിക്കയിൽ കണ്ടുവരുന്ന നാലുമണിച്ചെടി) ആകസ്മികമായി അദ്ദേഹത്തിന്റെ ശ്രദ്ധ ചെന്നെത്തി. തുടർച്ചയായ നിരീക്ഷണത്തിൽ നിന്ന് അദ്ദേഹത്തിന് ഒരുകാര്യം വ്യക്തമായി. ആദ്യം കണ്ടിരുന്ന ചെടികളിൽ നിന്ന് വ്യത്യസ്തമായി പുതിയ സ്വഭാവമുള്ള ചെടികൾ ഇടയ്ക്കു രൂപപ്പെടുന്നുണ്ട്. പൂക്കളുടെ നിറത്തിനും ഘടനയ്ക്കും വ്യത്യസ്തതയുള്ള പുതിയ ചെടികൾ ഇടയ്ക്കിടക്ക് പ്രത്യക്ഷമാകുന്നതായി അദ്ദേഹം നിരീക്ഷിച്ചു. 8 വർഷം  നീണ്ട ഗവേഷണങ്ങൾക്കൊടുവിൽ ഇത്തരം പുതിയ ചെടികൾ രൂപപ്പെടുന്നതിനുള്ള കാരണം ഉൽപരിവർത്തനം (Mutation) എന്ന ജനിതക പ്രതിഭാസമാണെന്ന് അദ്ദേഹം വിശദീകരിച്ചു. 1901ൽ തന്റെ കണ്ടെത്തലുകൾ  ക്രോഡീകരിച്ചു ‘The Mutation Theory’ എന്ന ഗ്രന്ഥം അദ്ദേഹം പ്രസിദ്ധീകരിച്ചു.

ഡി വ്രിസും ഡാർവിനും

ഒരു ജീവിയുടെ ജനിതകഘടനയിൽ പെട്ടെന്ന് ഉണ്ടാകുന്ന വലിയ തോതിലുള്ള വ്യതിയാനത്തിനെയാണു ഡി വ്രിസ് ഉൽപരിവർത്തനം എന്നു വിളിച്ചത്. ഇത്തരത്തിൽ ജനിതകഘടനയിൽ സംഭവിക്കുന്ന ഉൽപരിവർത്തനങ്ങൾ ജീവികളിൽ പ്രകടമായ ശാരീരിക മാറ്റങ്ങൾക്ക് കാരണമാകുകയും ചില മാറ്റങ്ങൾ അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നു. തുടർച്ചയായി പല ദിശയിൽ സംഭവിക്കുന്ന ഇത്തരം ഉൽപരിവർത്തനങ്ങൾ പുതിയ ജൈവ‌വർഗങ്ങളുടെ ഉദ്ഭവത്തിലേക്കു നയിക്കുന്നു എന്ന് ഡി വ്രിസ് പറഞ്ഞു. എന്നാൽ, ഡാർവിന്റെ പരിണാമ സിദ്ധാന്തവുമായി ഡി വ്രിസിന്റെ ഉൽപരിവർത്തന സിദ്ധാന്തം യോജിച്ചു പോകുന്നില്ല. കാരണം വളരെ പതുക്കെ പ്രകൃതി നിർധാരണത്തിന് വിധേയമായ പരിണാമ പ്രക്രിയയെയാണ് ഡാർവിൻ തന്റെ പരിണാമ സിദ്ധാന്തത്തിലൂടെ വിശദീകരിച്ചിരുന്നത്.

ജനിതകഘടനയും ഉൽപരിവർത്തനവും

മനുഷ്യന്റെ ജനിതക വസ്തു DNA തന്മാത്ര (Deoxyribonucleic acid)യാണ്. ഒരു കോശത്തിൽ നടക്കേണ്ട ജൈവിക പ്രവർത്തനങ്ങളുടെ അടിസ്ഥാനം രേഖപ്പെടുത്തിയിരിക്കുന്നത് DNA യുടെ ഭാഗമായ നൈട്രജൻ ബേസുകളുടെ ക്രമീകരണത്തിലൂടെയാണ്. മനുഷ്യശരീരത്തിന്റെ വ്യത്യസ്ത സ്വഭാവങ്ങൾ ഒരു തലമുറയിൽ നിന്ന് അടുത്തതിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത് DNA തന്മാത്രയിലൂടെയാണ്. DNA തന്മാത്രയുടെ ഘടനയ്ക്കു മാറ്റം വരുത്തുന്ന ഉൽപരിവർത്തനങ്ങൾ വ്യത്യസ്ത ജനിതക രോഗങ്ങളായി നമ്മളിൽ പരിണമിക്കുന്നു.

കാൻസറും മ്യൂട്ടേഷനും

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന് നിറവും, മണവും സ്വാദും ലഭിക്കുന്നതിന് അതിൽ ചേർക്കുന്ന രാസവസ്തുക്കൾ, പ്രിസർവേറ്റീവ്സ്, അമിതമായ പഞ്ചസാരയുടെ ഉപയോഗം, മദ്യം, പുകവലി സമയത്ത് രൂപപ്പെടുന്ന പുക, പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉൽപാദിപ്പിക്കപ്പെടുന്ന ഡയോക്സിൻ (Dioxins), UV പോലുള്ള വികിരണങ്ങൾ എന്നിവയ്ക്കെല്ലാം DNA തന്മാത്രയിൽ ഉൽപരിവർത്തനങ്ങൾ വരുത്തി, കോശങ്ങളുടെ അനിയന്ത്രിതമായ വിഭജനത്തിലേക്ക് (കാൻസർ) അവയെ തള്ളിവിടാനുള്ള ശേഷിയുണ്ട്.

വൈറസും ഉൽപരിവർത്തനവും

പ്രോട്ടീൻ നിർമിതമായ ആവരണത്തിനുള്ളിൽ, ജനിതക വസ്തുവായി DNA അല്ലെങ്കിൽ RNA യുടെ ചെറിയ തന്തു, ഇതാണ് വൈറസിന്റെ ഘടന. DNA വൈറസിനെക്കാൾ കൂടുതൽ ഉൽപരിവർത്തനം നടക്കുന്നത് RNA വൈറസിനാണ്. വളരെ വേഗം ഉൽപരിവർത്തനം നടക്കുന്നതുമൂലം വൈറസിന്റെ വ്യത്യസ്ത ടൈപ്പുകൾ ആവാസവ്യവസ്ഥയിൽ രൂപംകൊള്ളുന്നു. അവയുടെ നിയന്ത്രണവും അതുമൂലം സങ്കീർണമായിരിക്കും. SARS വൈറസ്, കൊറോണ വൈറസ്, നിപ്പ വൈറസ്, പോളിയോ വൈറസ് തുടങ്ങിയവയെല്ലാം RNA വൈറസുകളാണ്. 

ജനിതക രോഗങ്ങളിലൂടെ

മുറിവിൽ രക്തം കട്ടപിടിക്കാതെ തുടർച്ചയായ രക്തപ്രവാഹത്തിനു കാരണമാകുന്ന ഹീമോഫീലിയ, വയനാട്ടിലെ ചില ആദിവാസി സമൂഹങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട അരിവാൾ രോഗം എന്നറിയപ്പെടുന്ന സിക്കിൾ സെൽ അനീമിയ, ഡൗൺ സിൻഡ്രോം (Down syndrome), ടർണർ സിൻഡ്രോം (Turner syndrome), Cri du chat syndrome തുടങ്ങിയ രോഗങ്ങൾ മനുഷ്യന്റെ ക്രോമസോം ഘടനയിൽ ഉണ്ടാകുന്ന വ്യത്യസ്ത തരത്തിലുള്ള ഉൽപരിവർത്തനത്തിന്റെ ഫലമാണ്.

 English Summary : Evolution theory of Darwin and Hugo De Vries mutation theory

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA