ADVERTISEMENT

ലോക മനുഷ്യാവകാശ ദിനമാണ് ഡിസംബർ 10. സാർവദേശീയ മനുഷ്യാവകാശ പ്രഖാപനം യുഎൻ അസംബ്ലി അംഗീകരിച്ചതിന്റെ ഓര്‍മദിനം . പൗരാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ലോകമെങ്ങുമുള്ള മനുഷ്യരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും സാമൂഹികനീതിയിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാനുള്ള സന്ദർഭം

ഡിസംബർ 9 - രാജ്യാന്തര അഴിമതിവിരുദ്ധ ദിനം.  2003ലാണ് അഴിമതിവിരുദ്ധ ദിനം ആചരിക്കാന്‍ യുഎൻ തീരുമാനിച്ചത്. Recover with integrity  എന്നതാണ് ഇത്തവണത്തെ ദിനാചരണത്തിന്റെ സന്ദേശം. 

‘ഒരു മനുഷ്യൻ എങ്ങനെയാണ് അടിമയാകുന്നതെന്ന് നിങ്ങൾ കണ്ടുകഴിഞ്ഞു. അടിമ എങ്ങനെയാണ് മനുഷ്യനാകുന്നതെന്നും നിങ്ങൾ കാണുക തന്നെ ചെയ്യും’ എന്നുപറഞ്ഞത് ഫ്രെഡറിക് ഡഗ്ലസാണ്. അടിമജീവിതത്തിലേക്കു പിറന്നുവീണിട്ടും തീവ്രമായ ഇച്ഛാശക്തികൊണ്ട് സ്വാതന്ത്ര്യത്തിന്റെ പുതുലോകം നേടിയെടുത്ത, യുഎസിലെ മഹാനായ അടിമത്തവിരുദ്ധ നായകനായിരുന്നു അദ്ദേഹം. മാർട്ടിൻ ലൂഥർ കിങ് ജൂനിയറിനെപ്പോലുള്ളവർക്ക് അദ്ദേഹം പ്രചോദനമായി. മനുഷ്യാവകാശപ്പോരാട്ടങ്ങളുടെ ചരിത്രത്തിലെ ഒരേടു മാത്രമാണ് കറുത്തവംശജർ നടത്തിയ ചെറുത്തുനിൽപ്. നിങ്ങൾ ലോകമെമ്പാടും നിന്നു വരുന്ന വാർത്തകളിലേക്കു കണ്ണോടിക്കൂ. സാമൂഹികനീത‍ി നിഷേധിക്കപ്പെട്ട മനുഷ്യർ എല്ലായിടത്തുമുണ്ടെന്നു മനസ്സിലാകും. ക്രൂരമായ ബാലവേലയ്ക്കു വിധേയരാകുന്ന കോടിക്കണക്കിനു കുട്ടികൾ, ആവിഷ്കാരസ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിച്ചതിന്റെ പേരിൽ തുറങ്കിലേക്കോ തൂക്കുമരത്തിലേക്കൊ തള്ളിയെറിയപ്പെട്ട മനുഷ്യർ, ജനിച്ച മണ്ണുവിട്ട് പലായനം ചെയ്യേണ്ടി വരുന്ന അഭയാർഥികൾ, വിശ്വാസത്തിന്റെയും നിറത്തിന്റെയും രാഷ്ട്രീയത്തിന്റെയുമെല്ലാം പേരിൽ ക്രൂരമായ പീഡനങ്ങളേറ്റു വാങ്ങിയവർ, ലിംഗവിവേചനങ്ങൾക്ക് ഇരയാകുന്നവർ... ഇവരെല്ലാം മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ടവരാണ്. 

Minneapolis-Residents-React-In-The
Flowers and messages are placed at the memorial for George Floyd on June 9, 2020 in Minneapolis, Minnesota. Brandon Bell/Getty Images/AFP

വഴിത്തിരിവുകൾ

മനുഷ്യാവകാശ ചരിത്രത്തിലെ ഏറ്റവും ഉജ്വലമായ അധ്യായങ്ങളിലൊന്നാണ് 1215ൽ ഇംഗ്ലണ്ടിൽ ഒപ്പുവയ്ക്കപ്പെട്ട മാഗ്നാകാർട്ട. വ്യക്തിസ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിച്ച ആ പ്രമാണത്തെ ജനാധിപത്യസാമൂഹിക ക്രമത്തിലേക്കുള്ള നീണ്ട യാത്രയിലെ ആദ്യത്തെ ശ്രദ്ധേയ ചുവടുവയ്പായി കരുതാം. കടുത്ത സമ്മർദത്തിനൊടുവിലാണ് ജനകീയാവശ്യങ്ങൾക്കു വഴങ്ങാൻ ജോൺ രാജാവ് തയാറായത്. അതേ ഇംഗ്ലിഷ് ജനത തന്നെ 1688ൽ പൗരാവകാശ നിഷേധത്തിനെതിരെ മറ്റൊരു മഹത്തായ വിപ്ലവം നടത്തുകയുണ്ടായി. ഇംഗ്ലണ്ടിന്റെ അധികാരശക്തിയായി പാർലമെന്റിനെ സ്ഥാപിച്ചെടുത്തത് ഒരു തുള്ളി ചോരപോലും ചിന്താതെ നടത്തിയ ആ വിപ്ലവമാണ്.  1776ലെ അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനവും ‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്നീ ആശയങ്ങൾ ഉയർത്തിപ്പിടിച്ച ഫ്രഞ്ച് വിപ്ലവവും മനുഷ്യാവകാശ ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. 

Philonise-Floyd--brother-of-George
Philonise Floyd, brother of George Floyd, arrives for a House Judiciary Committee hearing to discuss police brutality and racial profiling on June 10, 2020 in Washington,DC. (Photo by Michael Reynolds /AFP)

രണ്ടാം ലോകയുദ്ധകാലത്ത് ഓഷ്‌വിറ്റ്സിലെയും ബുഹൻവാൾഡിലെയും ബെർഗൻ ബെൽസനിലെയും നാത്‌സി കോൺസൻട്രേഷൻ ക്യാംപുകളിൽ അരങ്ങേറിയത് സമാനതകളില്ലാത്ത മനുഷ്യാവകാശലംഘനങ്ങളായിരുന്നു. അഡോൾഫ് ഹിറ്റ്ലറുടെ വംശവെറി മൂലം എത്രയോ മനുഷ്യരുടെ ജീവിക്കാനുള്ള അവകാശം ഇല്ലാതായി. വിവിധ യുദ്ധഭൂമികളിൽ പതിനായിരക്കണക്കിനു മനുഷ്യർക്കു ജീവൻ നഷ്ടമായി. അതിലുമേറെപ്പേർ അംഗപരിമിതരായി. സമാനതകളില്ലാത്ത ആ ക്രൂരതകൾ ഉണ്ടായതുകൊണ്ടു കൂടിയാവണം 1948 ഡിസംബർ 10ന് യുഎൻ സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിന് അംഗീകാരം നൽകിയത്. ലോകമെമ്പാടും നടക്കുന്ന മനുഷ്യാവകാശ ദിനാചരണങ്ങളെ ഏകോപിപ്പിക്കുന്നത് യുഎൻ മനുഷ്യാവകാശ കമ്മിഷണറുടെ ഓഫിസാണ്. 

നീതിക്ക് ശ്വാസമുട്ടും കാലം

‘എനിക്കു ശ്വാസം കിട്ടുന്നില്ല..’ വെളുത്തവർഗക്കാരനായ പൊലീസ് ഓഫിസറുടെ ഇടതു കാൽമുട്ട് കഴുത്തിൽ അമരുമ്പോൾ, കറുത്തവർഗക്കാരനായ ജോർജ് ഫ്ലോയ്ഡ് പറഞ്ഞ വാക്കുകൾ. യുഎസിലെ മിനിയപ്പലിസിൽ അരങ്ങേറിയ ആ ദാരുണ സംഭവം ആരോ മൊബൈൽ ക്യാമറയിൽ പകർത്തിയതുകൊണ്ടാണു ലോകം അറിഞ്ഞത്. കറുത്തവരുടെ അവകാശപ്പോരാട്ടത്തിനു വീണ്ടും വീര്യം പകർന്നു അത്. ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ എന്ന മുദ്രാവാക്യമുയർത്തി ലക്ഷക്കണക്കിനു ജനങ്ങൾ യുഎസിലെ തെരുവിലേക്കിറങ്ങി. അവരിൽ പല നിറക്കാരുണ്ടായിരുന്നു, പല രാജ്യക്കാരുണ്ടായിരുന്നു, പല വംശക്കാരുണ്ടായിരുന്നു. സൈന്യത്തിനും പൊലീസിനും എന്തിനു കോവിഡ് മഹാമാരിക്കു വരെ പ്രതിരോധിക്കാനാകാത്ത വിധം ദൃഢനിശ്ചയത്തോടെയാണ് ജനം തെരുവിലേക്കിറങ്ങിയത്. ആ പ്രതിഷേധത്തിനു ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള തെരുവുകളിൽ മാറ്റൊലികളുണ്ടായി. 

protester-wears-a-face-mask-in-fron
A protester wears a face mask in front of the US embassy, during the Black Lives Matter protest rally in London, Sunday, June 7, 2020. (AP Photo/Frank Augstein)

മഹാമാരിക്കാലത്തെ മനുഷ്യാവകാശങ്ങൾ

കോവിഡ് മഹാമാരിയുടെ ദുരിതദിനങ്ങളിലൂടെയാണു ലോകം കടന്നുപോകുന്നത്. ലക്ഷക്കണക്കിനു മനുഷ്യരുടെ ജീവിതമാർഗം അടഞ്ഞിരിക്കുന്നു. സമ്പദ്‌വ്യവസ്ഥകൾ വൻ തകർച്ച നേരിടുന്നു. ദാരിദ്ര്യം കൂടുതൽ കരുത്തോടെ പിടിമുറുക്കുന്നു. ഇങ്ങനെയുള്ള കാലങ്ങളിൽ മനുഷ്യാവകാശങ്ങൾ കൊലചെയ്യപ്പെടാൻ സാധ്യതയേറെയാണ്. കോവിഡ് ഭീതിയുടെ മറവിൽ അടിസ്ഥാനപരമായ അവകാശങ്ങൾ പോലും കവർന്നെടുക്കപ്പെടാം. സമ്പന്നർക്കും ദരിദ്രർക്കുമിടയിൽ വർധിച്ചുവരുന്ന ജീവിതനിലവാര വിടവിനെ കോവിഡ് തുറന്നുകാണിച്ചു. ഇത്തവണത്തെ മനുഷ്യാവകാശദിനത്തിന്റെ പ്രമേയം തന്നെ ‘റിക്കവർ ബെറ്റർ–സ്റ്റാൻഡ് അപ് ഫോർ ഹ്യൂമൻ റൈറ്റ്സ്’ എന്നതാണ്. സാമൂഹികനീതി നിഷേധിച്ചുകൊണ്ടല്ല, ഉറപ്പാക്കിക്കൊണ്ടു വേണം കോവിഡിനെ അതിജീവിക്കാൻ.

English summary : International human rights day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com