ADVERTISEMENT

ഫൈസർ കോവിഡ് വാക്സീൻ സൂക്ഷിക്കേണ്ടത് -70 (മൈനസ് 70) ഡിഗ്രി സെൽഷ്യസ് താപനിലയിലാണ് എന്ന വാർത്ത എല്ലാവരും കണ്ടിരിക്കും അല്ലേ? 

മൈനസ് 70 ഡിഗ്രി താപനിലയിൽ സൂക്ഷിച്ചില്ലെങ്കിൽ mRNA വാക്സീൻ  ആയ ഫൈസർ വിഘടിച്ച് ഉപയോഗശൂന്യമാവും. എന്നാൽ അൾട്രാ കോൾഡ് ഫ്രീസറിൽ -70 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിച്ചാൽ ഇത് ആറു മാസം വരെ കേടാകാതിരിക്കും. നമ്മൾ വീടുകളിൽ ഉപയോഗിക്കുന്ന ഫ്രീസറിന് -18 ഡിഗ്രി സെൽഷ്യസ് വരെയോ -20 ഡിഗ്രി സെൽഷ്യസ് വരെയോ മാത്രമേ തണുപ്പിക്കാൻ സാധിക്കൂ. 

അൾട്രാകോൾഡ് ഫ്രീസറിന്റെ വിലയാവട്ടെ  പതിനൊന്നു ലക്ഷം വരെയൊക്കെയാണ്.  ഊർജ ഉപഭോഗമാവട്ടെ വളരെക്കൂടുതലും. ഈ ഫ്രീസർ സൗകര്യം എല്ലാ ആശുപത്രികളിലും ഇല്ല എന്നുള്ളത് ഫൈസർ വാക്സീൻ എല്ലാവർക്കും ലഭ്യമാക്കുന്നതിലുള്ള വലിയൊരു പ്രശ്നമാണ്. 

ഇത്രയും താഴ്ന്ന താപനിലയിൽ സൂക്ഷിക്കാൻ കഴിയുന്ന ഫാർമസ്യൂട്ടിക്കൽ ഗ്രേഡ് ഗ്ലാസ് ഉപയോഗിച്ചു നിർമിക്കുന്ന വയൽസിന്റെ ദൗർലഭ്യമാണ് മറ്റൊരു വെല്ലുവിളി. ഫൈസർ വാക്സീൻ വിദൂരസ്ഥലങ്ങളിലേക്ക് വിതരണത്തിനായി കൊണ്ടുപോവുന്നതിനിടെ  ഡ്രൈ ഐസ് (ഖര കാർബൺ ഡൈ ഓക്സൈഡ്) ഉപയോഗിക്കുന്ന പ്രത്യേക സ്റ്റോറേജ് കണ്ടെയ്നറുകൾ ഉപയോഗിച്ചാൽ പത്തു ദിവസത്തോളം കേടാവാതെ ഇരിക്കും. -78.5 ഡിഗ്രി സെൽഷ്യസാണ് ഡ്രൈ ഐസിന്റെ താപനില. 

 പ്രതിരോധം ഒട്ടുമില്ലാത്ത വൈദ്യുത ചാലകതയാണ് അതിചാലകത (സൂപ്പർ കണ്ടക്റ്റിവിറ്റി). 1911ൽ കാമർലിങ് ഓൺസ് എന്ന ശാസ്ത്രജ്ഞനാണ്  ഇതു കണ്ടുപിടിച്ചത്. 

അതിശീത താപനിലയിൽ അതിചാലകത കാണിക്കുന്ന പല പദാർത്ഥങ്ങളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. സാധാരണ താപനിലയിൽ അതിചാലകത സാധ്യമാക്കാനുള്ള ഗവേഷണങ്ങൾ ഏറെ പുരോഗമിച്ചിട്ടുണ്ട്.

 അതിശീത താപനിലയിൽ ചില ദ്രാവകങ്ങൾ വിസ്കോസിറ്റി ഒട്ടുമില്ലാത്ത, ഒരു പാത്രത്തിൽ എടുത്താൽ സ്വയം പുറത്തേക്ക് ഒഴുകുന്ന അവസ്ഥയിൽ  എത്തിച്ചേരും. അതിദ്രവത്വം (സൂപ്പർ ഫ്ലൂയിഡിറ്റി) എന്നാണീ പ്രതിഭാസം അറിയപ്പെടുന്നത്. 4.2 കെൽവിൻ (-268.9 ഡിഗ്രി സെൽഷ്യസ്) താപനിലയിൽ ദ്രാവകമായി മാറുന്ന ഹീലിയം,  2.2 കെൽവിനിൽ സൂപ്പർ ഫ്ലൂയിഡിറ്റി കാണിക്കും. 

 ദ്രവ്യത്തിനു പിണ്ഡം എന്ന ഗുണം നൽകുന്ന, ദൈവകണം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഹിഗ്സ് ബോസോണുകളുടെ കണ്ടുപിടിത്തത്തിലേക്ക് നയിച്ച കണികാ പരീക്ഷണശാലയായ ലാർജ് ഹാഡ്രോൺ കൊളൈഡറിൽ (LHC) അതിചാലക കാന്തങ്ങളും ദ്രാവക ഹീലിയവും മറ്റും ഉപയോഗപ്പെടുത്തി -271 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്ന താപനില സാധ്യമാക്കാം.

ക്രയോജനിക് ഇന്ധനവും ക്രയോജനിക് പ്രൊപ്പല്ലന്റും ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോക്കറ്റ് എഞ്ചിനാണ് ക്രയോജനിക് എൻജിൻ .ഇതിൽ സാധാരണയായി ദ്രാവക ഹൈഡ്രജൻ ഇന്ധനമായും ദ്രാവക ഓക്സിജൻ പ്രൊപ്പല്ലന്റ് ആയും ഉപയോഗിക്കുന്നു. 

-162C

 ക്രയോജനിക് ഇന്ധനവും ക്രയോജനിക് പ്രൊപ്പല്ലന്റും ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോക്കറ്റ് എഞ്ചിനാണ് ക്രയോജനിക് എൻജിൻ .ഇതിൽ സാധാരണയായി ദ്രാവക ഹൈഡ്രജൻ ഇന്ധനമായും ദ്രാവക ഓക്സിജൻ പ്രൊപ്പല്ലന്റ് ആയും ഉപയോഗിക്കുന്നു. 

അവയവങ്ങളും മൃതദേഹങ്ങളും വംശനാശം സംഭവിച്ചതും കടുത്ത വംശനാശ ഭീഷണി നേരിടുന്നതുമായ ജീവജാലങ്ങളുടെ കോശങ്ങളും ജനിതക പദാർഥങ്ങളുമൊക്കെ വർഷങ്ങളോളം ദ്രാവക നൈട്രജനിൽ കേടാകാതെ സൂക്ഷിക്കാൻ സാധിക്കും. -196 ഡിഗ്രി സെൽഷ്യസ് ആണ് ദ്രാവക നൈട്രജന്റെ താപനില. ക്രയോ പ്രിസർവേഷൻ എന്നാണീ വിദ്യ അറിയപ്പെടുന്നത്.

ആർട്ടിക്കിലെ സ്പിറ്റ്സ്ബെർജൻ

ദ്വീപിൽ‌ ഒരു പർവതത്തിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന സ്വാൽബാഡ് ഗ്ലോബൽ സീഡ് വോൾട്ട് എന്ന വമ്പൻ വിത്തു പത്തായത്തിൽ -18 ഡിഗ്രി സെൽഷ്യസ് താപനിലയിൽ പത്തുലക്ഷത്തിലധികം വിത്തുകൾ നിലവിൽ സൂക്ഷിച്ചിട്ടുണ്ട്. തകരാറുകൾ സംഭവിച്ചതോ രോഗബാധിതമോ ആയ കോശങ്ങളെയും കലകളെയുമൊക്കെ, വളരെ താഴ്ന്ന താപനില പ്രയോജനപ്പെടുത്തി നീക്കം ചെയ്യാൻ ക്രയോ സർജറിയിലൂടെ സാധിക്കും. 

English summary : Reason to keep Pfizer Covid vaccine in -70 degrees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com