ഇന്ത്യയുടെ സ്വന്തം നാവിക് : എന്താണു ജിപിഎസ്

HIGHLIGHTS
  • ഇന്ത്യയുടെ സ്വന്തം നാവിക്
  • നാവികിന്റെ ഘടന
navIC-gps-system-of-india
SHARE

ജിപിഎസിനെ കുറിച്ച് അറിയാത്തവർ ഇന്ന് വളരെ വിരളമായിരിക്കും. അറിയാത്തവർ പോലും GPS സേവനങ്ങൾ പലതരത്തിൽ  ഉപയോഗിക്കുന്നവരായിരിക്കും. നാവിക് എന്താണെന്ന് അറിയാമോ ?

ഭൂമിയിൽ സ്ഥിതിചെയ്യുന്ന ഒരു വസ്തുവിന്റെ സ്ഥാനം, ഗതി, കൃത്യമായ സമയം എന്നിവ കൃത്രിമോപഗ്രഹങ്ങളുടെ സഹായത്താൽ കണ്ടെത്തുന്ന സംവിധാനമാണ് ഉപഗ്രഹാധിഷ്ഠിത ഗതിനിർണയ സംവിധാനം (Global Positioning System). ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗതിനിർണയ സംവിധാനമാണ് യുഎസിന്റെ ജിപിഎസ്. ചൈനയുടെ Bei Dou, യൂറോപ്യൻ യൂണിയന്റെ ഗലീലിയോ, റഷ്യയുടെ ഗ്ലോനാസ്  എന്നിവ  രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന മറ്റു ഗതിനിർണയ സംവിധാനങ്ങളാണ്. തദ്ദേശീയമായ ഉപയോഗത്തിന് വികസിപ്പിച്ചെടുത്ത ഗതിനിർണയ സംവിധാനങ്ങളാണ് ജപ്പാന്റെ ക്വസ്സ്,  ഇന്ത്യയുടെ നാവിക് എന്നിവ.

ഇന്ത്യയുടെ സ്വന്തം നാവിക്

1999ലെ കാർഗിൽ യുദ്ധമാണ് ഇന്ത്യയ്ക്കു സ്വന്തമായി ഒരു ഗതിനിർണയ സംവിധാനത്തിന്റെ പ്രാധാന്യം  ബോധ്യപ്പെടുത്തിയത്. 2013 മേയിൽ ഇന്ത്യാ ഗവൺമെന്റ് ISRO യുടെ ബഹിരാകാശ പദ്ധതി അംഗീകരിച്ചു.  2013 ജൂലൈ ഒന്നിന് IRNSS 1A എന്ന ആദ്യത്തെ ഉപഗ്രഹം ഗതിനിർണയ സംവിധാനത്തിന്റെ ഭാഗമായി വിക്ഷേപിച്ചു. 2018 ഏപ്രിൽ 12ന് വിക്ഷേപിച്ച IRNSS 1I ആയിരുന്നു ഗതിനിർണയ സംവിധാനത്തിനായുള്ള അവസാന ഉപഗ്രഹം. ഭൂമിയിൽനിന്ന് ഏകദേശം 36000 Km ഉയരത്തിലാണ് അവ സ്ഥിതിചെയ്യുന്നത്. ഇത്തരത്തിൽ ഗതിനിർണയത്തിനായുള്ള 8 ഉപഗ്രഹങ്ങൾ ഉൾപ്പെടുന്ന സംവിധാനത്തെ Indian Regional Navigation Satellite System (IRNSS) എന്നാണ് ISRO നാമകരണം ചെയ്തിരിക്കുന്നത്. IRNSS ന്റെ മറ്റൊരു പേരാണ് നാവിക്. ഇതിന്റെ പൂർണരൂപം Navigation with Indian Constellation (Nav IC) എന്നാണ്. 

നാവികിന്റെ ഘടന

ഇന്ത്യൻ ഗതിനിർണയ ഉപഗ്രഹസംവിധാനത്തിൽ ഇപ്പോൾ  8 കൃത്രിമോപഗ്രഹങ്ങളാണ് പ്രവർത്തനക്ഷമമായിട്ടുള്ളത്. ഇതിൽ IRNSS 1C, 1F, 1G, എന്നീ ഉപഗ്രഹങ്ങൾ ജിയോസ്റ്റേഷനറി (Geostationary) ഭ്രമണപഥത്തിലൂടെ കടന്നു പോകുന്നവയും IRNSS-1B, 1D, 1E, 1I, 1A എന്നിവ ജിയോസിങ്ക്രോണസ് (Geosynchronous) ഭ്രമണപഥത്തിലൂടെ കടന്നു പോകുന്നവയുമാണ്. IRNSS-1A ഒഴികെയുള്ള 7 ഉപഗ്രഹങ്ങൾ ഗതിനിർണയ ആവശ്യങ്ങൾക്കും. IRNSS 1A ഭൂമിയിലേക്ക് സന്ദേശങ്ങൾ അയയ്ക്കുന്നതിനും ഉപയോഗിക്കുന്നു. ഇന്ത്യയുടെ അതിരുകൾക്കുമപ്പുറം ചൈന, പാക്കിസ്ഥാൻ ഉൾപ്പെടെ ഏകദേശം 1500 Km ദൂരം വരുന്ന പ്രദേശങ്ങളുടെ ഗതിനിർണയത്തിനുള്ള ശേഷി നാവികിന് സ്വന്തമാണ്. 

നാവിക് എന്തിന്

വലിയതോതിൽ കര, ജല, വായു, ഗതാഗതം നടക്കുന്ന രാജ്യമാണ് ഇന്ത്യ. കൃത്യതയാർന്ന സ്ഥാനനിർണയവും സമയവും ഗതാഗത പ്രക്രിയയുടെ സുഗമമായ പ്രവർത്തനത്തിന് അനിവാര്യമാണ്. 2019 മുതൽ വാണിജ്യ ആവശ്യങ്ങൾക്കായി സഞ്ചരിക്കുന്ന വാഹനങ്ങളിൽ നാവിക് അടിസ്ഥാനമാക്കിയുള്ള ട്രാക്കിങ് സിസ്റ്റം  ഗവൺമെന്റ് നിർബന്ധമാക്കിയിട്ടുണ്ട്. 

കടലിൽ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികൾക്ക് മത്സ്യത്തിന്റെ ലഭ്യതയെക്കുറിച്ചും കടലിലുണ്ടാകുന്ന മാറ്റത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചും സൂനാമി, ചുഴലിക്കൊടുങ്കാറ്റ് തുടങ്ങിയ ദുരന്തങ്ങളെക്കുറിച്ചുമുള്ള ശരിയായ വിവരങ്ങൾ അപ്പപ്പോൾ എത്തിക്കുന്നതിന് ഉതകുന്നതാണ് നാവിക് സംവിധാനം. ആഴക്കടൽ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് ഇന്റർനെറ്റിന്റെ ലഭ്യത ഇല്ലാതെ തന്നെ അപ്പപ്പോൾ വിവരങ്ങൾ അവരുടെ സ്മാർട് ഫോണിലേക്ക് കൈമാറാൻ നാവിക് സംവിധാനത്തിലെ ഉപഗ്രഹങ്ങളിലൂടെ സാധിക്കും. മത്സ്യബന്ധന ബോട്ടുകൾക്ക് ഇന്ത്യൻ അതിർത്തി കൃത്യമായി മനസ്സിലാക്കാനും നാവിക് സംവിധാനം സഹായിക്കുന്നു.

 മൊബൈൽ ഫോണുകൾ, കംപ്യൂട്ടർ ശൃംഖലകൾ തുടങ്ങിയവയ്ക്ക് നാവിക് ഉപയോഗിക്കുന്നതിനുള്ള അംഗീകാരം 3GPP പോലുള്ള രാജ്യാന്തര ഏജൻസികൾ 2019–ൽ തന്നെ നൽകുകയുണ്ടായി. ഇന്ത്യൻ കമ്പനികൾക്കും പുതിയ സ്റ്റാർട്ടപ്പുകൾക്കും നാവിക് അടിസ്ഥാനത്തിലുള്ള Integrated Circuit കളും ഉപകരണങ്ങളും രൂപകൽപന ചെയ്യാവുന്ന തലത്തിലേക്ക് കാര്യങ്ങൾ എത്തിനിൽക്കുന്നു. Qualcomm കമ്പനി ആൻഡ്രോയ്ഡ് സ്മാർട് ഫോണുകളിൽ നാവിക് ഗതിനിർണയ സംവിധാനം ഉപയോഗിക്കുവാൻ ഉതകുന്ന തരത്തിലുള്ള പുതിയ പ്രോസസറുകൾ നിർമിച്ചിട്ടുണ്ട്. നാവിക് നാവിഗേഷൻ സംവിധാനം ഉൾപ്പെടുത്തിക്കൊണ്ടുള്ള ലോകത്തെ ആദ്യത്തെ 5G സ്മാർട് ഫോൺ ആയ Realme x 50 Pro 5G ഈ വർഷം പുറത്തിറങ്ങി.

ദുരന്തനിവാരണ രംഗത്ത് നാവികിന്റെ സേവനം ഇന്ത്യയ്ക്കു രണ്ടു തരത്തിൽ പ്രയോജനം ചെയ്യുന്നു. ചുഴലിക്കൊടുങ്കാറ്റ്, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങൾ മുൻകൂട്ടി സന്ദേശങ്ങൾ വഴി ജനങ്ങളെ അറിയിക്കാൻ നാവിക് സംവിധാനത്തിലൂടെ സാധിക്കുന്നു. രക്ഷാപ്രവർത്തന വേളയിൽ വാർത്താവിനിമയ സംവിധാനങ്ങൾക്കുണ്ടാകുന്ന തകർച്ച ഏറ്റവും വലിയ പ്രതിസന്ധിയാണ്. നാവികിന്റെ സേവനം അത്തരം പ്രതിസന്ധിയിൽ നമുക്കു തുണയാകും.

നഗരാസൂത്രണം, രക്ഷാപ്രവർത്തനം, സൈനിക നീക്കങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് മാപ്പിങ് (ഭൂപടനിർമാണം) വളരെ പ്രാധാന്യമുള്ളതാണ്. IRNSS ഉപഗ്രഹങ്ങളിൽനിന്നു ലഭിക്കുന്ന കൃത്യതയുള്ള സ്ഥല, സമയ വിവരങ്ങൾ പ്രസ്തുത ഭൂപടങ്ങളുടെ കൃത്യത കൂട്ടുകയും വളരെ സമഗ്രമായ ആസൂത്രണം അധികാരികൾക്കു സാധ്യമാവുകയും ചെയ്യും.

നാവികിന് രാജ്യാന്തര അംഗീകാരം

രാജ്യാന്തര സേവനം നടത്തുന്ന കപ്പലുകളുടെ സുരക്ഷയ്ക്കും അവ തീർക്കുന്ന അന്തരീക്ഷ, സമുദ്ര ജല മലിനീകരണത്തിന്റെ നിയന്ത്രണത്തിനുമായി ഐക്യരാഷ്ട്ര സംഘടനയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന രാജ്യാന്തര സംഘടനയാണ് International Maritime Organization(IMO). ഐഎംഒയുടെ മാരിടൈം  സേ‌ഫ്റ്റി കമ്മിറ്റി നടത്തിയ 102–ാമത് മീറ്റിങ്ങിൽ World Wide Radio Navigation System ന്റെ ഭാഗമായി നാവികിനെ അംഗീകരിച്ചു. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ നാവിഗേഷൻ സംവിധാനങ്ങളാണ് ഇപ്പോൾ ഇൗ ശൃംഖലയിൽ ഉൾപ്പെടുന്നത്. രാജ്യാന്തര സർവേകൾക്കും, കപ്പൽ ഗതിനിർണയത്തിനും ഇനിമുതൽ നാവിക് ഉപയോഗിക്കാം.

English Summary : navIC-gps-system-of-india

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA