ADVERTISEMENT

പരീക്ഷാ തീയതിയായി. പ്രത്യേക ശ്രദ്ധ കൊടുക്കേണ്ട പാഠങ്ങളും പാഠഭാഗങ്ങളും പ്രസിദ്ധീകരിച്ചു. ഇനി കാര്യമായി

പഠിച്ചു തുടങ്ങാം. ഇനിയുള്ള സമയം ഫലപ്രദമായി ഉപയോഗിച്ച് എങ്ങനെ മികച്ച ജയം നേടാം?

ജനുവരി ഒന്നുമുതൽ പത്ത്, പന്ത്രണ്ട് ക്ലാസുകാർ  വിദ്യാലയങ്ങളിലേക്കു തിരിച്ചെത്തി തുടങ്ങിയല്ലോ.

സ്കൂൾ അധികൃതരുടെയും പിടിഎയുടെയുമൊക്കെ ക്രമീകരണങ്ങൾ പാലിച്ച് ഊഴമനുസരിച്ചാണു  കുട്ടികൾ സ്കൂളി‌ലേക്ക് എത്തുന്നത്.  മാർച്ച് 17 മുതൽ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്കുള്ള തയാറെടുപ്പുകൾ എത്രമാത്രം ഭംഗിയായി ചിട്ടപ്പെടുത്താനാകുമെന്നാണ് ഇപ്പോൾ ചിന്തിക്കേണ്ടത്.

ഇനിയുള്ള സമയം മതി

സാധാരണഗതിയിൽ, ഇതേ സമയത്തുതന്നെയാണ് പഠന കലാ കായിക പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് പരീക്ഷയെ ലാക്കാക്കിയുള്ള പഠനം  ഗൗരവമായി തുടങ്ങാറുള്ളത്. അതുകൊണ്ടുതന്നെ ഇനിയുള്ള രണ്ടര മാസത്തെ ചിട്ടയായ പരിശീലനം ഏറ്റവും മികച്ചരീതിയിൽ പരീക്ഷയെ നേരിടുന്നതിനു സഹായിക്കും. 

വിക്ടേഴ്സ് ചാനലിലൂടെ ലഭ്യമായിരുന്ന ക്ലാസുകളെല്ലാം ആവർത്തിച്ച് കാണുവാനുള്ള സംവിധാനങ്ങൾ ലഭ്യമാണല്ലോ.  ജനുവരി 31നകം വിക്ടേഴ്സ് ക്ലാസുകളിലൂടെ പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കുകയും ചെയ്യും

ആശങ്കകൾക്കെല്ലാം പരിഹാരം

പഠനത്തെക്കാൾ പരീക്ഷകൾക്ക് പ്രാമുഖ്യം കൊടുക്കുന്ന രീതിയാണ് രക്ഷിതാക്കളിലും കുട്ടികളിലും കാര്യമായ ആശങ്കകൾക്കു കാരണമാകുന്നത്. കഴിഞ്ഞവർഷങ്ങളിലെ ചോദ്യക്കടലാസുകൾ നോക്കി, ചോദ്യബാഹുല്യവും വൈഷമ്യവുമൊക്കെ ആലോചിച്ച് ഉത്കണ്ഠപ്പെടേണ്ട കാര്യമേയില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. കൂൾ ഓഫ് ടൈമിലെ വർധന, ആവശ്യമായതിലും രണ്ടോ മൂന്നോ ഇരട്ടി ചോദ്യങ്ങളിൽ നിന്ന് അറിയാവുന്നവ തിരഞ്ഞെടുക്കുന്നതിനുള്ള അവസരം, മാതൃകാപരീക്ഷകൾ, ഏതൊക്കെ പാഠഭാഗങ്ങളാണ് കൂടുതൽ ശ്രദ്ധിക്കേണ്ടതെന്ന മുൻകൂട്ടിയുള്ള അറിയിപ്പ്, ആ പാഠങ്ങൾക്ക് മുൻതൂക്കം കൊടുത്തുള്ള സമഗ്രമായ റിവിഷൻ, സമാന ചോദ്യമാതൃകകൾ വെബ്‍സൈറ്റുകളിലൂടെ ലഭ്യമാക്കൽ... എന്നിങ്ങനെയുള്ള നടപടികളിലൂടെ മികച്ച വിജയം ഉറപ്പാക്കാം. ആശങ്കയില്ലാതെ പഠിക്കാം, പരീക്ഷയെഴുതാം.

പഠിപ്പുരയ്ക്കൊപ്പംപരീക്ഷയിലേക്ക്

മനോരമ 'പഠിപ്പുര'യിലൂടെ വർഷങ്ങളായി നൽകിപ്പോരുന്ന എസ്എസ്എൽസി പഠനസഹായി, ഈ മാറിയ സാഹചര്യം ഉൾക്കൊണ്ടുകൊണ്ട്, ഇത്തവണ കൂടുതൽ പ്രയോജനപ്രദമായി രീതിയിൽ തയാറാക്കുന്നുണ്ട്.   ഓരോ ലക്കത്തിലും നൽകുന്ന ക്യുആർ കോഡ് സ്കാൻ ചെയ്താൽ പ്രധാന ഭാഗങ്ങൾ ഇംഗ്ലിഷിലും വായിക്കാം. കൂടുതൽ പരിശീലന ചോദ്യങ്ങൾ ചെയ്യാനും അവസരമുണ്ട്.

രക്ഷിതാക്കൾ അറിയാൻ

രക്ഷിതാക്കളുടെ അമിതമായ ഉത്കണ്ഠകളാണ് പലപ്പോഴും സമ്മർദമായി കുട്ടികളിലേക്ക് പകരുന്നത്. എസ്എസ്എൽസി, പ്ലസ് ടു ക്ലാസുകളിലേക്കു പ്രവേശിക്കുമ്പോൾ തന്നെയുണ്ടാകുന്ന സ്വാഭാവിക സമ്മർദം, ട്യൂഷൻക്ലാസുകളിലെയും അധ്യാപകരുടെ അസൈമെന്റുകളുടെയും തീരെ പരിചിതമല്ലാതിരുന്ന ഡിജിറ്റൽ പഠനത്തിന്റെയും സമ്മർദം എന്നിവയൊക്കെ കൂടാതെയാണ് ഇതുകൂടി കുട്ടി അനുഭവിക്കുന്നത്.  കാര്യങ്ങൾ മനസ്സിലാക്കി കുട്ടികളോടൊപ്പംനിന്ന് അവരെ ആത്മവിശ്വാസത്തിലേക്ക് എത്തിക്കേണ്ട ചുമതല അധ്യാപകരോടൊപ്പംതന്നെ മാതാപിതാക്കൾക്കുമുണ്ട്. ഇക്കാര്യങ്ങളിൽ ബോധവൽക്കരണം നൽകുന്നതിനായി ക്ലാസ് അടിസ്ഥാനത്തിൽ രക്ഷിതാക്കളുടെ യോഗം സ്കൂളിൽ നടത്തുന്നുണ്ട്.

സിഇ മാർക്കുകൾ,  ഗ്രേസ് മാർക്കുകൾ...

സിഇ മാർക്ക് പതിവുപോലെ ലഭ്യമാകും. ഓൺ‍ലൈൻ പ്രവർത്തനങ്ങളാകും വിലയിരുത്തലിനും സിഇ സ്കോറുകൾ നൽകുന്നതിനും പരിഗണിക്കപ്പെടുക. വിവിധ ക്ലബ്ബുകൾക്കുള്ള ഗ്രേസ് മാർക്കുകളുടെയും സ്പോർട്‍സ്, ആർട്സ് മേഖലകളിലെ ഗ്രേസ്‍മാർക്കുകളുടെയും കാര്യത്തിൽ ഉചിതമായ തീരുമാനമുണ്ടാകുമെന്ന്  പ്രതീക്ഷിക്കാം.

പാഠങ്ങൾ കുറയ്ക്കാത്തതെന്തേ..?

പാഠഭാഗങ്ങൾ കുറക്കുകയെന്നത് ഈ അവസരത്തിൽ ഏറ്റവും എളുപ്പമുള്ള മാർഗമായി തോന്നിയേക്കാം. എന്നാൽ വരുംവർഷങ്ങളിൽ നമ്മുടെ അധ്യയനത്തെ അത് തീർച്ചയായും ബാധിക്കും, പ്രത്യേകിച്ച് സയൻസ്, ഗണിത വിഷയങ്ങളിൽ. ഓരോ ക്ലാസിലേയും പാഠഭാഗങ്ങളുടെ തുടർച്ചയാണ് അടുത്ത ക്ലാസുകളിൽ ഉള്ളത് എന്നതുതന്നെ കാരണം. അതുകൊണ്ടുതന്നെ‍, പാഠങ്ങൾ തീർത്തുകഴിഞ്ഞ്, പരീക്ഷയ്ക്ക് മുൻകൂട്ടി അറിയിച്ച ചുരുക്കം പാഠങ്ങളിൽനിന്നുമുള്ള ചോദ്യങ്ങൾ മാത്രം പരീക്ഷകളിൽ ഉൾപ്പെടുത്തുന്നതാണല്ലോ കൂടുതൽ നന്നാവുക.

English Summary : Preparation for final examination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com